Thursday 22 August 2019 02:48 PM IST : By Text | Photo : Abdul Rasheed

ഇരുപതു നിലകളില്‍ മാനം തൊടുന്ന രാജഗോപുരം; വിസ്മയങ്ങളുമായി പരമശിവന്റെ തീരം കാത്തിരിക്കുന്നു...

shiva-p4 Photo : Abdul Rasheed

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പരമശിവ പ്രതിമ, ഇരുപതു നിലകളില്‍ മാനംതൊടുന്ന രാജഗോപുരം, ഉല്ലാസങ്ങളുടെ നേത്രാണിദ്വീപ്... വിസ്മയങ്ങളുമായി മുര്‍ദേശ്വര്‍തീരം കാത്തിരിക്കുന്നു...

മുര്‍ദേശ്വര്‍ ക്ഷേത്രത്തിന്റെ 249 അടി ഉയരമുള്ള രാജഗോപുരത്തിനു മുകളിലേക്ക് ലിഫ്റ്റ് കുതിച്ചുയര്‍ന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞ രൂപം പരമശിവന്‍റേതായിരുന്നില്ല, ശിവഭക്തനായ ആര്‍.എന്‍ ഷെട്ടിയുടേതായിരുന്നു. വ്യവസായപ്രമുഖനായ അദ്ദേഹമാണ് ഇന്നത്തെ മുര്‍ദേശ്വറിന്റെ സൃഷ്ടാവ്. മാനംമുട്ടുന്ന ഈ രാജഗോപുരവും അഭിമുഖമായുള്ള കൂറ്റന്‍ ശിവപ്രതിമയുമെല്ലാം ആര്‍.എന്‍ ഷെട്ടിയുടെ മനസ്സില്‍ വിരിഞ്ഞ ആശയങ്ങളാണ്. 

രാമനാഗപ്പ ഷെട്ടിയെന്ന ആര്‍.എന്‍ ഷെട്ടിയുടെ പിതാവ് മുര്‍ദേശ്വര്‍ ക്ഷേത്രത്തിന്റെ കാര്യക്കാരനായിരുന്നു. കര്‍ഷകകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷെട്ടി പിന്നീട് കണ്‍സ്ട്രക്ഷൻ രംഗത്തെ പ്രമുഖ വ്യവസായി ആയി വളര്‍ന്നു. ശിവഭഗവാനുള്ള കാണിക്കയായാണ് മുര്‍ദേശ്വര്‍ രാജഗോപുരവും ശിവപ്രതിമയും അദ്ദേഹം നിർമിച്ചത്.

അധികമാരും അറിയാതിരുന്ന മുര്‍ദേശ്വര്‍ എന്ന കടലോരഗ്രാമത്തെ ഇന്ന് പ്രധാനപ്പെട്ട വിനോദസഞ്ചാര–ആത്മീയ കേന്ദ്രമാക്കിയത് ഷെട്ടിയുടെ ആര്‍.എന്‍.എസ് ഗ്രൂപ്പാണ്. പടുകൂറ്റന്‍ ശിവപ്രതിമയ്ക്കു മാത്രം ആര്‍.എന്‍.എസ് ഗ്രൂപ്പ് ചിലവിട്ടത് അഞ്ചു കോടി. രാജ്യത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാക്കി മുര്‍ദേശ്വരാലയത്തെ മാറ്റാന്‍ ആര്‍.എന്‍ ഷെട്ടിക്കു കഴിഞ്ഞു.

shiva-p5

249 അടിയുള്ള മുര്‍ദേശ്വര്‍ രാജഗോപുരം രാജ്യത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരങ്ങളിലൊന്നാണ്. 1990–ല്‍ നിർമാണം തുടങ്ങി, അടുത്തകാലത്തു പൂര്‍ത്തിയാക്കപ്പെട്ടതാണ് ഈ ഗോപുരം. പക്ഷേ, ഏതു പൗരാണികക്ഷേത്രത്തോടും കിടപിടിക്കുന്ന സൂക്ഷ്മമായ കൊത്തുപണികളാണ് ഗോപുരത്തിന്റെ മുകളറ്റംവരെ. ‘ഗോപുരങ്ങളുടെ രാജാവ്’ എന്ന അര്‍ഥത്തില്‍ ഇതിനെ ‘രാജഗോപുരം’ എന്ന് വിളിച്ചതും ആര്‍. എന്‍. ഷെട്ടി തന്നെ.

123 അടി ഉയരത്തില്‍ ഗോപുരത്തിന് അഭിമുഖമായി നിർമിച്ചിരിക്കുന്ന ശിവപ്രതിമ ഉയരത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ശിവരൂപമാണ്. (നേപ്പാളിലുള്ള െെകലാസനാഥ മഹാദേവപ്രതിമയാണ് ഉയരത്തില്‍ ഒന്നാമന്‍, ഉയരം 144 അടി. പക്ഷേ, ശിവന്റെ നില്‍ക്കുന്ന രൂപമാണ് നേപ്പാളില്‍. മുര്‍ദേശ്വറിലാകട്ടെ ശിവന്‍ ആസനസ്ഥനാണ്.)

മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ട കാണ്ടുകഗിരി മലയുടെ മുകളിലാണ് മുര്‍ദേശ്വര്‍ ശിവപ്രതിമയും രാജഗോപുരവും ക്ഷേത്രവും. യഥാര്‍ഥ ആനയുടെ അതേ വലിപ്പത്തില്‍ തീര്‍ത്ത രണ്ട് ആനശിൽപങ്ങളാണ് ക്ഷേത്രസമുച്ചയത്തിലേക്ക് ഭക്തര്‍ക്ക് സ്വാഗതമോതുന്നത്. ആദ്യംതന്നെ പ്രവേശനം രാജഗോപുരത്തിലേക്കാണ്. പത്തു രൂപ നല്‍കിയാല്‍ 238 അടി ഉയരമുള്ള രാജഗോപുരത്തിന് മുകളിലേക്ക് ലിഫ്റ്റിലെത്താം. കടല്‍ക്കാറ്റ് കടന്നെത്തുന്ന വിശാലമായ ജനാലകളിലൂടെ ഗോപുരമുകളിൽ നിന്ന് തീരം കാണാം. മാനംതൊടുന്ന ഉയരത്തില്‍നിന്നുള്ള മുര്‍ദേശ്വര്‍തീരത്തിന്റെ ആ കാഴ്ച അതിമനോഹരമാണ്.

shiva-p6

െഎതീഹ്യങ്ങളുടെ തീരം

മിക്ക ക്ഷേത്രനഗരികളെയുംപോലെ മുര്‍ദേശ്വറിനുമൊരു കഥയുണ്ട്. പരമശിവനിൽ നിന്ന് ആത്മലിംഗം നേടിയാല്‍ മരണമില്ലാത്തവനാകാമെന്ന് അറിഞ്ഞ ലങ്കേശാധിപന്‍ രാവണന്‍ അതിനായി തപസ്സു തുടങ്ങി. ലങ്കയിലെത്തുംവരെ താഴത്തുവയ്ക്കാന്‍ പാടില്ലെന്ന വാക്കില്‍ ശിവന്‍ രാവണന് ആത്മലിംഗം നല്‍കി. ലങ്കാധിപന് ആത്മലിംഗം ലഭിച്ചാലത് പ്രപഞ്ചത്തിനാകെ അപകടമാകുമെന്നറിഞ്ഞ നാരദന്‍ ഗണപതിയുടെ സഹായം തേടി.

ആത്മലിംഗവുമായി രാവണന്‍ ഗോകർണത്തിനു സമീപമെത്തിയപ്പോള്‍ മഹാവിഷ്ണു സുദര്‍ശനചക്രത്താല്‍ സൂര്യനെ മറച്ചു. സന്ധ്യയായെന്നു കരുതി പൂജയ്ക്ക് ഒരുങ്ങിയ രാവണന്‍ അവിടെക്കണ്ട ബ്രാഹ്മണബാലന്റെ ൈകയില്‍ ആത്മലിംഗം നല്‍കി.  പൂജ കഴിഞ്ഞു താന്‍ വന്ന് വാങ്ങുംവരെ ആത്മലിംഗം താഴത്തുവയ്ക്കാതെ സൂക്ഷിക്കണമെന്ന് രാവണന്‍ ബാലനോട് ആവശ്യപ്പെട്ടു.

‘മൂന്നു തവണ വിളിച്ചിട്ടും എത്തിയില്ലെങ്കില്‍ മാത്രമേ ആത്മലിംഗം താഴത്തുവയ്ക്കൂ’വെന്ന് ബാലന്‍ മറുപടി പറഞ്ഞു. രാവണന്‍ സന്ധ്യാപൂജ തുടങ്ങിയതും ബാലന്‍ മൂന്നു തവണ പതിയെ പേരു വിളിച്ച് ആത്മലിംഗം താെഴവച്ചു. വേഷംമാറിയെത്തിയ ഗണപതിയായിരുന്നു ബാലന്‍.  മഹാവിഷ്ണു സുദര്‍ശനചക്രം മാറ്റുകയും സൂര്യന്‍ പ്രത്യക്ഷമാവുകയും ചെയ്തു. താന്‍ ചതിക്കപ്പെട്ടുവെന്നു മനസ്സിലാക്കിയ ലങ്കാധിപന്‍ ആത്മലിംഗം വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അതവിടെ ഉറച്ചുപോയിരുന്നു. ലങ്കേശന്‍ ശക്തിയില്‍ വലിച്ചെടുത്തപ്പോള്‍ ഉടഞ്ഞുപോയ ആത്മലിംഗം പല കഷ്ണങ്ങളായി ചിതറി വീണു. ആത്മലിംഗം പൊതിഞ്ഞിരുന്ന തുണി വീണത് കാണ്ടുകമലയിലാണ്. അന്നു മുതല്‍ അവിടം മുര്‍ദേശ്വര്‍ എന്നറിയപ്പെടുന്നു.

shiva-p2

കഥ പറയും മ്യൂസിയം

മഹാഗോപുരം കടന്നാല്‍, മുഖ്യക്ഷേത്രങ്ങളിലേയ്ക്കും ഉപക്ഷേത്രങ്ങളിലേയ്ക്കും പ്രവേശിക്കാം. മൃഡേശ്വരനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ശ്രീകോവിലിന് മുന്നിലായി നന്ദി മണ്ഡപം. ക്ഷേത്രം സ്ഥിതിചെയ്യുന്ന കാണ്ടുകഗിരി മലയുടെ പല ഭാഗത്തായി അതിമനോഹര ശിൽപങ്ങള്‍ കാണാം. ബാലന്റെ വേഷത്തിലെത്തിയ ഗണപതിക്ക് ആത്മലിംഗം െെകമാറുന്ന രാവണന്റെ പ്രതിമയും സൂര്യഭഗവാന്റെ ശിൽപവും ആരെയും ആകര്‍ഷിക്കും. കുന്നിന്‍റെ ഒരു വശത്ത് അര്‍ജുനന് ഗീതോപദേശം നല്‍കുന്ന ഭഗവാന്‍ കൃഷ്ണന്‍റെ കൂറ്റന്‍ രൂപം. ഏറ്റവും മുകളില്‍ കുന്നിന്‍റെ നെറുകയിലാണ്  ശിവരൂപം. കാശിനാഥ് എന്ന ശിൽപിയാണ് അതുല്യമായ ഈ മഹേശ്വരരൂപം തീര്‍ത്തത്. ശിൽപത്തിനു ചുവട്ടിലായി മുര്‍ദേശ്വറിന്റെ ചരിത്രം പറയുന്ന വിശാലമായ മ്യൂസിയമാണ്. പത്തുരൂപയുടെ പാസെടുത്ത് ഗുഹാകൃതിയിലുള്ള മ്യൂസിയത്തിലേക്ക് പ്രവേശിക്കാം. ശബ്ദവും വെളിച്ചവും ചിത്രങ്ങളും രൂപങ്ങളുമൊക്കെ ഉപയോഗിച്ച് മുര്‍ദേശ്വറിന്റെ കഥ മനോഹരമായി വിവരിച്ചുതരും ഈ മ്യൂസിയം. ഒരു െെലറ്റ് ആന്‍ഡ് സൗണ്ട് ഷോപോലെ മനോഹരമാണ് മ്യൂസിയത്തിലെ കാഴ്ചകള്‍.

വിസ്മയങ്ങളുടെ നേത്രാണി

shiva-p3

ക്ഷേത്രഗ്രാമമാണെങ്കിലും തീര്‍ഥാടകര്‍ മാത്രമല്ല, മുര്‍ദേശ്വറിലെത്തുന്നത്. വിശാലവും മനോഹരവുമായ മുര്‍ദേശ്വര്‍ ബീച്ച് സായാഹ്നങ്ങളില്‍ ഉല്ലാസസംഘങ്ങളാല്‍ സജീവമാണ്. പലതരം വിനോദസൗകര്യങ്ങള്‍ ഈ തീരത്തുണ്ട്. പീജന്‍ െഎലൻഡ് എന്നറിയപ്പെടുന്ന നേത്രാണി ദ്വീപ് മുര്‍ദേശ്വറില്‍നിന്ന് വെറും 19 കിലോമീറ്റര്‍ അകലെയാണ്. അറബിക്കടലിലെ ഈ  ഇത്തിരിക്കുഞ്ഞന്‍ ദ്വീപിലേക്ക് മുര്‍ദേശ്വറില്‍നിന്ന് ബോട്ടില്‍ എത്താം. സ്കൂബ െെഡവിങ് അടക്കമുള്ള സാഹസിക കടൽ വിനോദങ്ങളുടെ കേന്ദ്രമാണ് നേത്രാണി ദ്വീപ്.

സഞ്ചാരികളെ  നേത്രാണി ദ്വീപിലെത്തിച്ച് കടൽ വിനോദങ്ങളില്‍ പങ്കെടുപ്പിച്ച് മുര്‍ദേശ്വര്‍തീരത്ത് തിരികെയെത്തിക്കുന്ന ഏജന്‍സികള്‍ ധാരാളമുണ്ട്. മുംെെബ, മംഗലാപുരം, ഗോവ എന്നിവിടങ്ങളില്‍നിന്നുപോലും നേത്രാണി ദ്വീപിലേക്ക് സഞ്ചാരികള്‍ എത്താറുണ്ട്. അദ്ഭുതകരമായ സസ്യ–ജീവി സമ്പത്തുള്ള ഈ ചെറുദ്വീപിന്റെ ഉള്ളിലേക്ക് സഞ്ചാരികളെ അധികം കടത്തിവിടാറില്ല. ഇന്ത്യന്‍ െെസന്യം പലപ്പോഴും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ദ്വീപായതിനാലാണിത്.  ബോട്ടില്‍ നിന്നുതന്നെ സ്കൂബ ഡൈവിങ്ങിനും മറ്റും സൗകര്യമൊരുക്കുകയാണ് സാധാരണ ചെയ്യുന്നത്.

ധാരാളം തട്ടിപ്പുകാര്‍ ഉള്ളതിനാല്‍ കടൽ വിനോദങ്ങള്‍ക്കു പോകുന്നവര്‍ വിശ്വസ്തരായ ഏജന്‍സികളുടെ സഹായം തേടണം. സുരക്ഷാ ഉപകരണങ്ങളുടെയും പരിശീലകരുടെയും കാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തുക. 

shiva-p1
Tags:
  • Manorama Traveller
  • Travel India