Tuesday 17 April 2018 05:12 PM IST : By സ്വന്തം ലേഖകൻ

കോട്ടകളും കുന്നുകളും നദികളും കടൽത്തീരങ്ങളും, കാസർകോട്ടെ കാഴ്ചകൾ കണ്ട്ക്കാ!

003bkl

കുറച്ചു വർഷം മുമ്പാണ് നല്ലൊരു നാടൻപാട്ട് കാസർകോട്ടെ ചൊങ്കത്തികൾ പാടിയത്. അന്ന് ആ നാട്ടിലെ കാഴ്ചകളെക്കുറിച്ച് പറയാൻ ആരും ഉണ്ടായിരുന്നില്ല. മനോരമ ട്രാവലറിന്റെ സഞ്ചാരം കേരളത്തിന്റെ കാണാക്കാഴ്ചകളിലേക്ക് ഇറങ്ങുമ്പോൾ നാട്ടുപാട്ടിന്റെ ഈണംപോലെ സംഗീതവും സംസ്കാരവും ജീവിതരീതികളുമൊക്കെ കൈകോർത്ത് ഒഴുകിയിറങ്ങുന്നു. പറഞ്ഞു വരുന്നത് കാസർകോടിന്റെ മൊത്തത്തിലുള്ള സൗന്ദര്യത്തെക്കുറിച്ചാണ്. കാസർകോട് – സംസ്കാരങ്ങളുടെയും ഭാഷയുടെയും സംഗമഭൂമി. മലയാളവും തുളുവും കന്നടയും കൊങ്കിണിയും തമിഴും സംസാരിക്കുന്ന നാട്ടുകാർ. തെയ്യവും ഉത്സവങ്ങളും നേർച്ചകളും ഉൾപ്പെടുന്ന വ്യത്യസ്തമായ ആചാരങ്ങൾ. കോട്ടകളും കുന്നുകളും നദികളും കടൽത്തീരങ്ങളുമൊരുക്കുന്ന കാഴ്ചകൾ..

chandragiri_fort_574

കായൽ കാറ്റേറ്റ്  ‘വലിയപറമ്പിൽ’

കാസർകോടിനുമുണ്ട് ‘വേമ്പനാട്’ എന്ന രഹസ്യം– ‘വലിയപറമ്പ് കായൽ’. കെട്ടുവള്ള യാത്രകളും ബോട്ട് യാത്രകളുമെല്ലാം ഇവിടെയുണ്ട്. ബേക്കലിൽ നിന്നു 30 കിലോമീറ്റർ അകലെയാണ് വലിയപറമ്പ് കായൽ. നാലു നദികൾ വന്നു ചേരുന്ന കായലിൽ നിരവധി ചെറുദ്വീപുകളുണ്ട്. തൊട്ടടുത്തായി കടപ്പുറവും. വലിയപറമ്പിൽ നിന്ന് ആരംഭിച്ച് ‘കൊറ്റി’യിലേക്കുള്ള ബോട്ട് യാത്ര വേറിട്ട അനുഭവമാണ്. കെട്ടുവള്ള സർവീസുകളും ലഭ്യം. കൂടുതൽ വിവരങ്ങൾക്ക് –  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കാസർകോട് DTPC – 04994 256450 ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപ്പറേഷൻ (BRDC) - 0467 2236580

ബേക്കല്‍ കോട്ട, റാണിപുരം

കടൽത്തീരത്ത് തലയുയർത്തി നിൽക്കുന്നു ബേക്കൽ കോട്ട. കോട്ടയോടു ചേർന്ന് ബീച്ചുമുണ്ട്. തെയ്യങ്ങളുടെ ചെങ്കൽ പ്രതിമകളും ‘റോക്ക്‌ ഗാർഡനും’ ബേക്കൽ ബീച്ചിനെ വ്യത്യസ്തമാക്കുന്നു. നടപ്പാതയും ‘ചിൽഡ്രൻസ് പാർക്കും’ ഇവിടെയുണ്ട്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് 5.30 വരെയാണ് കോട്ടയിലേക്കുള്ള പ്രവേശനം. ടിക്കറ്റ് നിരക്ക് അഞ്ചു രൂപ. ഫോൺ : – BRDC -0467 2236580

ബേക്കലിൽ നിന്നു നാലു കിലോമീറ്റർ അകലെയാണ് ചന്ദ്രഗിരി കോട്ട. 10 മണി മുതൽ 5 മണി വരെയാണ് പ്രവശനം. പ്രവേശനം സൗജന്യം. പട്ടണത്തിൽ നിന്നു 85 കിലോമീറ്റർ ദൂരത്തുള്ള ‘റാണിപുരം’ ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്. മനോഹരമായ മലനിരയാണ് റാണിപുരം. ഫോൺ: കാസർകോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) – 04994256450, www.dtpckasargod.com