Monday 06 April 2020 05:09 PM IST : By Jithin Joshy

ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലം

poonch1

കശ്മീർ മലകൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു സുന്ദരിയാണ് പൂഞ്ച്. അധികമാരും ചെന്നെത്താത്ത സ്ഥലം. എന്നാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും തീർച്ചയായും പോവേണ്ട ഒരു സ്ഥലമാണിത്. ജമ്മു ടൗണിൽ നിന്നും ഏതാണ്ട് 8 മണിക്കൂർ ദൂരം. പകൽസമയം ഇഷ്ടംപോലെ ബസ്, ടാക്സികൾ ലഭിക്കും. രാത്രി യാത്ര ഒഴിവാക്കുക. ജമ്മുവിൽ ജോലിചെയ്യുമ്പോൾ ഇടയ്ക്കിടയ്ക്ക് കേൾക്കാറുള്ള ഒരു പേരായിരുന്നു ഈ പൂഞ്ച്. കൂടെ ജോലി ചെയ്യുന്നവരിൽ കുറച്ചുപേർ ആ ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു. അവരിൽ നിന്നും പറഞ്ഞും കേട്ടും ഒരിക്കലെങ്കിലും ആ വഴിക്കൊരു യാത്ര ഞാൻ മനസ്സിൽ കണ്ടിരുന്നു. അങ്ങനിരിക്കുമ്പോളാണ് നാട്ടുകാരിയായ ഒരു സിസ്റ്റർ ഇപ്പോൾ പൂഞ്ചിലാണ് സേവനം ചെയ്യുന്നത് എന്നൊരു വിവരം കിട്ടുന്നത്. അപ്പോ തന്നെ വിളിച്ചു. സംഗതി സത്യാണ്. അവർ അവിടെ ഒന്ന് രണ്ടു സ്കൂളും പള്ളിയും ഒക്കെയായി കുറെക്കാലമായിട്ടുണ്ട്. പിന്നെന്നാ നോക്കാനാ. വിളിച്ചുപറഞ്ഞു ഞാൻ അങ്ങ് പോരുവാ ഒരു 2 ദിവസം സഹിക്കാൻറെഡിയായിക്കോളാൻ..

അങ്ങനെ ഒരു ചെറിയ പ്ലാനിങ്ങിനു ശേഷം ജമ്മു സ്റ്റാൻഡിലേക്ക്. ടാക്സിയിൽ തിങ്ങിഞെരുങ്ങി ഇരുന്നു പോവേണ്ടിവരും എന്നോർത്താണ് ചെന്നത്. പക്ഷേ അത്‌ വേണ്ടിവന്നില്ല. ഒരു ബസ് പുറപ്പെടാൻ തയ്യാറായി നിൽപ്പുണ്ടാരുന്നു. അപ്പൊത്തന്നെ ചാടിക്കേറി സീറ്റ്‌ പിടിച്ചു. സൈഡ് സീറ്റ്‌ തന്നെ തിരഞ്ഞെടുത്തു കാഴ്ചകൾ കാണാൻ റെഡിയായിരുന്നു. കാരണം സുഹൃത്തുക്കൾ പറഞ്ഞിരുന്നു പൂഞ്ചിലേക്കുള്ള വഴി അതിമനോഹരവും അതേസമയം പേടിപ്പെടുത്തുന്നതും ആണെന്ന്. അഞ്ചു മിനിറ്റിനുള്ളിൽ ബസ് നിറഞ്ഞു. നിറയെ ഗ്രാമീണർ. ചിലരുടെ കയ്യിൽ അവരുടെ വളർത്തുമൃഗങ്ങളും ഉണ്ട്. കോഴി, ആട് മുതലായവ. ഇവയ്ക്കും ടിക്കറ്റ് വേണോ ആവോ. പുറത്ത് നല്ല വെയിലാണ്.

മീഠാ പാനി

ജമ്മു ഒരു വലിയ സിറ്റി ആണ്.. തവി നദി രണ്ട് ഭാഗമായി തിരിച്ചിരിക്കുന്ന ഒരു പട്ടണം.. ചൂട് കാലാവസ്ഥയാണ് ഇപ്പോൾ. ഒരുതരത്തിൽ പറഞ്ഞാൽ ഈ ചൂടിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയാണ് പൂഞ്ചിലേക്കുള്ള ഈ യാത്ര. ബസ് പട്ടണത്തിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നു. 255 km ആണ് പൂഞ്ചിലേക്കുള്ള ദൂരം. മലകയറ്റമാണ്. വർഷത്തിൽ എല്ലാ ദിവസവും കമ്പിളിയുടുപ്പ് ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് പൂഞ്ച്. ഏതാണ്ടു 7 -8 മണിക്കൂർ നേരത്തെ യാത്രയുണ്ട്. ഉറങ്ങില്ല എന്ന് നേരത്തെ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഈ ഗ്രാമീണരുടെ മനോഭാവമാണ്. 8 മണിക്കൂർ ഉറപ്പായും എടുക്കുന്ന ഒരു യാത്ര. (മിക്കപ്പോഴും ഇത് 10 മണിക്കൂറും ആകാറുണ്ട്. ) എന്നിട്ടും ആരും ഒരു വലിയ യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളുമായി വന്നത് ശ്രദ്ധയിൽപെട്ടില്ല. തികഞ്ഞ ലാഘവത്തോടെ ഒരു ദീർഘദൂര യാത്ര.

ബസിനു വേഗം കൂടിയിരിക്കുന്നു. പട്ടണക്കാഴ്ചകൾ പതുക്കെ ഗ്രാമക്കാഴ്ചകൾക്ക് വഴിമാറുന്നു. ബസിനുള്ളിൽ ഉറക്കെ വച്ചിരിക്കുന്ന ഡോഗിരി പാട്ടിന്റെ വേഗത്തിനൊത്തു സീറ്റിൽ താളം പിടിക്കുന്നു ചിലർ. (ജമ്മുവിലെ ഒരു പ്രാദേശിക ഭാഷയാണ് ഡോഗിരി. ലിപി ഇല്ലാത്തത്. )ജമ്മു പൂർണ്ണമായും പിന്നിട്ടുകഴിഞ്ഞു. ഇനി കാടാണ്. അത് കഴിഞ്ഞാൽ ചെങ്കുത്തായ മലകയറ്റം തുടങ്ങും. അടുത്തിരുന്ന ആൾ പഴത്തൊലി പുറത്തേക്കെറിഞ്ഞുകൊണ്ട് പറഞ്ഞു. മുഹമ്മദ് അലി. പൂഞ്ച് സ്വദേശി.. ഞങ്ങൾ പെട്ടെന്നടുത്തു. അതിർത്തി ഗ്രാമത്തിലെ താമസക്കാരനാണ്. ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു അലിക്ക്. ഗ്രാമങ്ങളിലെ അസഹിഷ്ണുതകളെക്കുറിച്ചു. ഇപ്പോളും നിലയ്ക്കാത്ത വെടിയൊച്ചകളെക്കുറിച്ചു. ആക്രമണകാരികൾ സമ്മാനിച്ച ശരീരത്തിലെ ഉണങ്ങിയ മുറിവുകളെക്കുറിച്ചും മനസിലെ ഇനിയും ഉണങ്ങാത്ത മുറിവുകളെക്കുറിച്ചും. പിന്നെ ഇന്നും നിലയ്ക്കാത്ത പലായനങ്ങളെക്കുറിച്ചു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ കണ്ടു അലിയുടെ കണ്ണുകളിൽ രണ്ടുതുള്ളി കണ്ണുനീരും പിന്നേ ഇനിയും നിർവചിക്കാൻ കഴിയാത്ത ഒരു പ്രത്യേക ഭാവവും.. അതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്ന മുസ്ലിം സഹോദരങ്ങളെക്കുറിച്ചു മനസ്സിൽ ഉണ്ടായിരുന്ന മങ്ങിയ ചിത്രം ഒന്നുകൂടി മാറ്റിവരച്ചു. ഒരുപിടി നല്ല നിറക്കൂട്ടുകൾ ചേർത്ത്..

അതേ. പിറന്നമണ്ണിനെ ഇത്രയും സ്നേഹിക്കുന്നതുകൊണ്ടാണ് അവരൊക്കെ ഇന്നും എല്ലാം സഹിച്ചു അതിർത്തിഗ്രാമങ്ങളിൽ അന്തിയുറങ്ങുന്നത്. ഈ അതിർത്തിഗ്രാമങ്ങളിൽ ആൾതാമസം ഉള്ളതുകൊണ്ട് മാത്രമാണ് ഇന്നും ഇന്ത്യയുടെ തല വെട്ടിമാറ്റപ്പെടാത്തത്. അലി എന്നോടും ചോദിച്ചു 'മദിരാശി' യെക്കുറിച്ച്...അവർക്കിപ്പോളും കേരളം മദ്രാസാണ്. മലയാളി മദ്രാസിയും. ഞാൻ പറഞ്ഞുകൊടുത്ത കേരളം അലിയുടെ മനസിലും പ്രതീക്ഷയുടെ വിത്തുകൾ പാകിയിട്ടുണ്ടാകാം. തന്റെ ഗ്രാമത്തിന്റെ നല്ല നാളെയിലേക്കുള്ള സ്വപ്നങ്ങളുടെ വിത്തുകൾ. സംസാരിച്ചു സമയം പോയതറിഞ്ഞില്ല. വണ്ടി രജൗരിയിൽ എത്തിയിരിക്കുന്നു.. ഇവിടെ നിന്നാണ് ഉച്ചഭക്ഷണം.

ഞാൻ ഇറങ്ങി ചുറ്റും ഒന്ന് നോക്കി. മനോഹരമായ സ്ഥലം. രജൗരി തടാകങ്ങളുടെ പട്ടണം എന്നാണ് അറിയപ്പെടുന്നത്. ഒരു മിലിറ്ററി ക്യാമ്പും ഉണ്ടിവിടെ. ധാരാളം മലയാളികളും. ഭക്ഷണം കഴിച്ചു ഒരു കുപ്പി വെള്ളം വാങ്ങാൻ പോയ എന്നെ അലി തടഞ്ഞു. അയാൾ പറഞ്ഞു. : "ആഗെ രാസ്തേ മേം മിൽജായേഗാ ആപ്കോ മീഡ പാനി. വോ ഭി പാഹട് ക പനി. " അങ്ങനെ വഴിയിൽ തേൻവെള്ളം കിട്ടുമെങ്കിൽ പിന്നേ എന്തിനാ അക്വാഫിന. ?? ഞാൻ മെല്ലെ വണ്ടിയിലേക്ക് തിരിച്ചുകയറി. അതിഗംഭീര ഡ്രൈവിംഗ് ആണ് ആശാന്റെ. എന്നും പോണ വഴി ആയോണ്ടാവാം. വളഞ്ഞു പുളഞ്ഞ ആ മലമ്പാതയിലൂടെ എത്ര വിദഗ്ധമായാണ് അയാൾ ബസ് പായിക്കുന്നത്. പക്ഷേ ഒന്ന് തെറ്റിയാൽ.. അതാണ്‌ അവസാനം. അലി പറഞ്ഞ സ്ഥലം എത്തി. ബസ് നിന്നതും ഡ്രൈവർ ഉൾപ്പെടെ എല്ലാരും ഓരോ കുപ്പിയും എടുത്ത് വെള്ളം നിറയ്ക്കാൻ ഇറങ്ങി. പിറകെ ഞാനും. സത്യാണ് അലി പറഞ്ഞത്. മധുരമെന്നു പറയാനാകില്ലെങ്കിലും സ്വാദുള്ള വെള്ളം. മുകളിൽ നിന്നും വരുന്നതുകൊണ്ടാവാം നല്ല തണുപ്പും. പിന്നെയും യാത്ര. അലി വീണ്ടും എന്തൊക്കെയോ സംസാരിച്ചു. അവസാനം അയാൾക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തി. ഇവിടെ ഇറങ്ങി ഇനിയും ഉള്ളിലേക്ക് പോണം അത്രേ. വീണ്ടും കാണാം എന്ന പതിവ് യാത്രാമൊഴി ചൊല്ലി അലി ഇറങ്ങി. ഞാൻ സിസ്റ്ററിനെ വിളിച്ചു. സ്ഥലം മനസിലാകാത്തതുകൊണ്ട് കണ്ടക്ടർ സംസാരിച്ചു ഫോണിൽ. ഇറങ്ങേണ്ട സ്ഥലം ആയപ്പോൾ കണ്ടക്ടർ കൃത്യമായി വന്ന് ഓർമിപ്പിച്ചു. സിസ്‌റ്റേഴ്സ് കാത്തുനിൽപ്പുണ്ടായിരുന്നു. അങ്ങനെ ഞാൻ പൂഞ്ചിൽ. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. കൂടാതെ തണുപ്പും. എങ്ങനെയെങ്കിലും റൂമിൽ എത്തിയാൽ മതിയായിരുന്നു എനിക്ക്. കാരണം തണുപ്പ് തന്നെ. നോക്കിനിൽക്കുമ്പോളാണ് തണുപ്പ് കൂടുന്നത്..

10 മിനിറ്റ് ഡ്രൈവ്. താമസസ്ഥലത്ത് എത്തി. സ്കൂളും കോൺവെന്റും ഒരേ കോംപൗണ്ടിലാണ്. ഞാൻ റൂമിലേക്ക്‌ കയറി. ഒന്ന് കുളിക്കണം എന്നുണ്ടാരുന്നേലും ആ തണുപ്പത്ത് ആ സാഹസം വേണ്ടാ എന്ന് വച്ചു.. ഒന്ന് മയങ്ങി. ഫോൺ അടിക്കുന്നത് കേട്ടാണ് എണീറ്റത്. സിസ്റ്റർ ആണ്. ഭക്ഷണം കഴിക്കാൻ.. മുഖം ഒക്കെ കഴുകി ഊണുമുറിയിലേക്ക്. സത്യത്തിൽ ഞെട്ടിപ്പോയി ആ മേശ കണ്ടപ്പോൾ. കാരണം ഒരു കൊച്ചു കേരളം ആണ് ഞാൻ അവിടെ കണ്ടത്.. നല്ല വിശപ്പുണ്ടാരുന്നത്കൊണ്ട് ആക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചു..ഭക്ഷണം കഴിഞ്ഞു സിസ്റ്റേഴ്സുമായി കുറച്ചു നാട്ടുകാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു. തികച്ചും സ്ത്യുത്യർഹമായ സേവനമാണ് ഈ സഹോദരിമാർ ഈ കൊച്ചുഗ്രാമത്തിൽ നടത്തുന്നത്. നാടും വീടും വിട്ട് ഈ അതിർത്തിഗ്രാമത്തിൽ തോക്കിന്റെ തുമ്പത്ത് ഒരു ജീവിതം. മനസുകൊണ്ട് ഒരു സല്യൂട്ട് കൊടുത്തുപോയി.

തണുപ്പ് അസഹനീയമായിത്തുടങ്ങി. മെല്ലെ റൂമിലേക്ക്‌ നടന്നു. എനിക്ക് വേണ്ടതെല്ലാം ഒരുക്കി വച്ചിരിക്കുന്നു..‌സന്തോഷംകൊണ്ട് മനസ്സുനിറഞ്ഞു. തണുപ്പിൽ കമ്പിളിയുടെ കവചത്തിൽ പൂഞ്ചിൽ ഒരു രാത്രി.സുഖനിദ്ര.

വേറിട്ട അതിർത്തി കാഴ്ചകൾ

പിറ്റേന്ന് നേരത്തെ തന്നെ എണീറ്റു. പള്ളിയിൽ പോണമെന്നു ഇന്നലെയെ പറഞ്ഞിരുന്നു.. സിസ്റ്റർ വന്ന് വിളിച്ചു. അവിടെനിന്നും ഒരു 7 km ദൂരമുണ്ട് പള്ളിയിലേക്ക്. കോൺവെന്റിലെ സുമോയിലാണ് പോവുന്നത്. ഇന്ന് എന്നും വണ്ടി ഓടിക്കുന്ന സിസ്റ്ററിനു അവധികൊടുത്തു ഞാൻ. ചെറിയ വഴിയാണ്. ഇടയ്ക്കിടെ വരുന്ന ഭീമൻ മിലിറ്ററി ട്രെക്കുകൾ. അപൂർവമായി മറ്റ് ചെറുവാഹനങ്ങൾ. പൂഞ്ച് ഉണർന്നിട്ടില്ല.. എല്ലായിടത്തും മഞ്ഞുനിറഞ്ഞ് നിൽക്കുന്നു. ഞാൻ ഇന്ന് പള്ളിയിൽ പോയില്ലാരുന്നെങ്കിൽ ഒരുപക്ഷെ ഈ മനോഹരമായ കാഴ്ചകൾ നഷ്ടമായേനെ.. പള്ളിയിൽ കുർബാനയ്ക്ക് ശേഷം കുറെ പേരെ പരിചയപ്പെട്ടു. എല്ലാർക്കും പറയാനുണ്ട് ഓരോ കഥകൾ. ഈ സ്വർഗ്ഗത്തെക്കുറിച്ചും ഇവിടെ നരകമാക്കാൻ ഇടയ്ക്ക് വരുന്ന ചെകുത്താന്മാരെക്കുറിച്ചും.

9. 30 ന് പൂഞ്ച് മൊത്തം ഒന്ന് കാണാൻ പോവാം ന്ന് പറഞ്ഞിരുന്നു. കൃത്യസമയത്തുതന്നെ ഡ്രൈവർ എത്തി. സ്കൂൾ ബസിലെ ഡ്രൈവർ ആണ്. ഒരുപാട് യുദ്ധസ്മാരകങ്ങൾ ഉള്ള സ്ഥലമാണ് പൂഞ്ച്. ചില വീടുകളിൽ ഇപ്പോളും ഭീകരാക്രമണത്തിന്റെ ഓർമ്മപ്പെടുത്തലുകൾ കാണാം. ഭിത്തികളിൽ വീണ തുളകളായും തകർന്നുവീണ മതിലുകളായും അവ ഇന്നും നിലനിൽക്കുന്നു. ഒരു മനോഹരമായ ചിത്രം വരച്ച ക്യാൻവാസിൽ ഏതോ വിഡ്ഢി അലക്ഷ്യമായി കുത്തിക്കോറിയിട്ട കറുത്ത വരകൾ പോലെ..പല അതിർത്തികളിലും കാണാൻ കഴിയാത്ത അപൂർവ കാഴ്ചകൾ പൂഞ്ചിൽ കാണുവാൻ സാധിക്കും. ഞാൻ ജമ്മുവിലും മറ്റ് സ്ഥലങ്ങളിലും കണ്ട അതിർത്തിഗ്രാമങ്ങളെക്കാൾ എന്തൊക്കെയോ സവിശേഷതകൾ എനിക്കിവിടെ കാണാൻ സാധിച്ചു.. പാക് ജനവാസപ്രദേശങ്ങളും പുഴ അതിർത്തിയാവുന്ന ഉൾനാടൻ പാക് അധീന ഗ്രാമവും ഒക്കെ പുതിയ കാഴ്ചകളായി..പലതും കണ്ടും കേട്ടും ഒരു ദിവസം കഴിഞ്ഞു.

നമ്മൾ ഭാഗ്യവാന്മാരാണ് സുഹൃത്തുക്കളെ.. ഒരുപാട് ഭാഗ്യം ചെയ്തവർ. അത് മനസിലാക്കാൻ ഒരിക്കൽ ഈ ഗ്രാമങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതി. ആരെയും മയക്കുന്ന ഈ പ്രകൃതിയും കണ്ണുനീർ ഒളിപ്പിക്കുന്നത് കാണാം..ഇവിടുത്തെ ജീവിതങ്ങളിൽ കറുത്ത അധ്യായങ്ങളാണ് കൂടുതൽ. തീവ്രവാദികളുടെ ആക്രമണത്തിൽ ഉറ്റവരും ഉടയവരും നഷ്ടമായ ഒരുപാടുപേർ. നാളെ എന്നത് ഇവർക്ക് ഒരു ചോദ്യചിഹ്നം മാത്രം.. കോൺവെന്റിലേക്ക് മടങ്ങാൻ സമയമായി. ഇരുൾവീണുകഴിഞ്ഞാൽ അതിർത്തിയിൽ ഒട്ടും സുരക്ഷിതമല്ല. മെല്ലെ റൂമിലേക്ക്‌ മടങ്ങി.  

poonch2

ശ്രീനഗറിലേക്ക്

രാവിലെ തന്നെ എണീറ്റു റെഡിയായി. മുഗൾറോഡിലൂടെ ഒരു യാത്ര.. ശ്രീനഗറിലേക്ക്. അതാണ്‌ ഇന്നത്തെ ലക്ഷ്യം. സിസ്റ്റേഴ്സ് തന്ന സ്നേഹത്തിനും കരുതലിനും നന്ദിപറഞ്ഞു.. വീണ്ടും ഒരു യാത്രപറച്ചിൽ. പൂഞ്ച് ബസ്സ്റ്റാൻഡിൽ. ഇവിടെ നിന്ന് 4-5 മണിക്കൂർ യാത്രയുണ്ട് ശ്രീനഗറിലേക്ക്. അതും പ്രസിദ്ധമായ മുഗൾ റോഡിലൂടെ. ഒരു ടവേരയാണ് കിട്ടിയത്. ആൾ ഫുൾ ആയാൽ പോകാം എന്ന് പറഞ്ഞു. 15 മിനുട്ടിന്റെ കാത്തിരിപ്പ്. വണ്ടി എടുത്തു. മനോഹരമായ വഴി. അല്ല. അതിമനോഹരം.. പലയിടത്തും മഞ്ഞുവീണുകിടക്കുന്നു.

എവിടെ നോക്കിയാലും മഞ്ഞുമലകളും താഴ്‌വരകളും.. കണ്ണിനും മനസിനും കുളിർമ്മ കിട്ടുന്ന കാഴ്ചകൾ. വണ്ടി ഓടി ഓടി പീർ -കി -ഗലി എത്തി.. മുഗൾറോഡിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമാണിത്. മഞ്ഞിൽ കളിക്കാൻ അവസരം ഉണ്ടിവിടെ. വലിയൊരു പട്ടാളക്യാമ്പും ഏതാനും മലയാളി സൈനികരെയും കണ്ടു.. വീണ്ടും യാത്ര.. വഴിയിൽ പലയിടത്തും മണ്ണിടിച്ചിൽ കണ്ടു. ചിലയിടത്തു മഞ്ഞുവീണും വഴി തടസപ്പെട്ടിരുന്നു. സ്വർഗ്ഗത്തിലൂടുള്ള യാത്രയ്ക്ക് ശേഷം ശ്രീനഗർ.. അവിടെ ഒരു പകൽ വെറുതെ കറങ്ങിയതിനു ശേഷം വീണ്ടും ജമ്മുവിലേക്ക്.. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലം.. പൂഞ്ചും മുഗൾ റോഡും. ജമ്മു വഴി ശ്രീനഗർ പോവുന്നവർ തീർച്ചയായും വരണം. വഴി ഒന്ന് മാറ്റിപിടിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു സ്വർഗമാണ്..