Tuesday 22 October 2019 06:48 PM IST : By സ്വന്തം ലേഖകൻ

സിയാച്ചിനിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വരൂ, യാത്ര പോകാം...

ciachen88

മഞ്ഞിന്റെ മനോഹര താഴ്‌വരയായ സിയാച്ചിനിലേക്ക് ഇനി സഞ്ചാരികൾക്കും പ്രവേശനം നൽകും. പട്ടാളക്കാരുടെ കർശന നിയന്ത്രണത്തിലുള്ള സിയാച്ചിന്‍ വിനോദസഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റെതാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

സിയാച്ചിന്‍ ബേസ് ക്യാമ്പ് മുതല്‍ കുമാര്‍ പോസ്റ്റ് വരെയാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. സൈന്യത്തിന്റെ നിയന്ത്രണത്തോടെയാകും സന്ദർശനം. യാത്രയിൽ സൈനിക പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും ഒരുക്കും. സൈനികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. 

കശ്മീരിലെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമാണ് സിയാച്ചിന്‍. സമുദ്രനിരപ്പില്‍ നിന്നും 5400 മീറ്റര്‍ ഓക്സിജന്‍ വളരെ കുറഞ്ഞ പ്രദേശം. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ നിന്ന് തണുപ്പിനോട് മല്ലിടുന്ന സൈനികരുടെയും ശത്രു സൈന്യത്തിന്റെ  ആക്രമണത്തിന്റെയും കഥകളാണ് നമ്മൾ കേട്ടിട്ടുള്ളത്. 

ജമ്മുകശ്മീരില്‍ നിന്നും വേര്‍പെടുത്തി ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണപ്രദേശമാക്കിയതിന് പിന്നാലെയാണ് സിയാച്ചിന്‍ ഗ്ലേഷ്യര്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ഓപ്പറേഷന്‍ മേഘ്ദൂതിലൂടെ 1984 ലാണ് ഇന്ത്യന്‍ സൈന്യം സിയാച്ചിന്‍ മഞ്ഞുമല പിടിച്ചെടുക്കുന്നത്. അന്നുതൊട്ട് സിയാച്ചിനിലേക്ക് ചുരുക്കം ചില പത്രപ്രവര്‍ത്തകര്‍ക്കും പര്യവേഷകര്‍ക്കും മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്.

Tags:
  • Manorama Traveller
  • Travel India