Friday 26 February 2021 01:18 PM IST : By സ്വന്തം ലേഖകൻ

ഉത്തരവാദിത്ത ടൂറിസം: കേരളത്തിനു ദേശീയ പുരസ്കാരം

kerala13

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ കേരളത്തിനു ദേശീയ പുരസ്കാരം. ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് േസ്റ്ററ്റ് കാറ്റഗറിയില്‍ സുവര്‍ണ പുരസ്കാരമാണു കേരളത്തിനു ലഭിച്ചതെന്നു വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ഒറീസയിലെ കൊണാര്‍ക്കില്‍ സംഘടിപ്പിച്ച ആറാം ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഈ വിഭാഗത്തിൽ സിൽവർ പുരസ്കാരം ഒറീസയ്ക്കാണ്. ജനകീയ ടൂറിസത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

2017 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ച ശേഷം കേരളത്തിനു ലഭിക്കുന്ന പതിനൊന്നാമത്തെ പുരസ്കാരമാണിത്. ഡബ്ല്യുടിഎം ഗോള്‍ഡ്, ഗ്രാൻഡ്, ഹൈലി കമന്റഡ്, പേറ്റാ ഗോള്‍ഡ് ഉള്‍പ്പെടെ 5 രാജ്യാന്തര അവാര്‍ഡുകളും ആറു ദേശീയ അവാര്‍ഡുകളും മിഷന്‍ രൂപീകരിച്ച് 4 വര്‍ഷത്തിനുള്ളില്‍ കേരളം സ്വന്തമാക്കി. സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് ലഭിച്ച വേള്‍ഡ് സൈസ്റ്റനബിള്‍ ടൂറിസം അവാര്‍ഡ്, ഡബ്ല്യുടിഎം ഔട് സ്റ്റാൻഡിങ് അച്ചീവ്മെന്‍റ് അവാര്‍ഡ്, ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ലീഡര്‍ എന്നീ പുരസ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

kerala14

സുസ്ഥിര ടൂറിസം വികസനത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്നു ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് പ്രതികരിച്ചു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ അംഗങ്ങളായ ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഈ പുരസ്കാരം കൂടുതല്‍ കരുത്താകുമെന്നു ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ ഐഎഎസ് ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ മധ്യപ്രദേശില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണാപത്രം ഒപ്പിട്ടതായി ടൂറിസം വകുപ്പ് അറിയിച്ചു. ഉത്തരവാദിത്ത ടൂറിസത്തിന് ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ ഗുണഭോക്താക്കളായുണ്ട്. ആകെയുള്ള 20,019 യൂണിറ്റുകളില്‍ എണ്‍പത്തിയഞ്ചു ശതമാനവും വനിതകള്‍ നയിക്കുന്ന യൂണിറ്റുകളാണ്. തദ്ദേശീയ യൂണിറ്റുകള്‍ക്ക് 38 കോടി രൂപയുടെ വരുമാനം നേടാനായെന്നും ടൂറിസം വകുപ്പ് അറിയിച്ചു.