Monday 04 May 2020 11:56 AM IST : By സ്വന്തം ലേഖകൻ

കേരേ ബസദി : ജലത്തിനു നടുവിലെ മനോഹര ജൈന ക്ഷേത്രം

k b 1

തടാകത്തിനു നടുവിൽ മനോഹരമായി നിലകൊള്ളുന്ന ജൈന ക്ഷേത്രമാണ് കർണാടകയിലെ വാറങ്കയിലെ കേരേ ബസദി. ബസദി എന്നാൽ ക്ഷേത്രം എന്നാണ് അർത്ഥം. ഉഡുപ്പിയിൽ നിന്ന് 34 കിലോമീറ്റർ അകലെയാണ് കേരേ ബസദി. ജലമന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകൾക്ക് അഭിമുഖമായി സ്ഥാപിച്ച നാല് വിഗ്രഹങ്ങളുണ്ട് ക്ഷേത്രത്തിൽ. ഭഗവാൻ പാർശ്വനാഥൻ, നെമിനാഥ്‌, അനന്തനാഥ്‌, ശാന്തിനാഥ്‌ എന്നിങ്ങനെ നാല് തീർത്ഥങ്കരരുടെ വിഗ്രഹങ്ങൾ ആണിവ. ദേവി പത്മാവതിയുടെ ഒരു പ്രതിഷ്ഠയും ഇവിടെ കാണാം.

k b 4

ജൈനന്മാരുടെ ധ്യാനത്തിന്റെ ഒരു പ്രധാന ഭാഗമായ 'കായോത്സാഗര' ഘടനയിലാണ് ഈ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശരീരത്തെ തള്ളിക്കളയുക എന്നതാണ് ഇതിന്റെ അർത്ഥം. യോഗ ഘടനയിൽ ഇരിക്കുന്നതോ കായോത്സാഗര ഭാവത്തിൽ നിൽക്കുന്നതോ ആയ രീതിയിലാണ് തീർത്ഥങ്കരന്മാരുടെ പ്രതിഷ്ഠ. ഈ ഭാവത്തിൽ ധ്യാനിച്ചതിലൂടെയാണ് 21 ജൈന തീർത്ഥങ്കരന്മാർക്ക് മോക്ഷം ലഭിച്ചതെന്ന് ജൈനന്മാർ വിശ്വസിക്കുന്നു. ആഗ്രഹ സഫലീകരണത്തിനായാണ് ദേവി പത്മാവതിയെ പ്രാർത്ഥിക്കുന്നത്. വാറങ്കയിൽ നല്ലൊരു ശതമാനം ജൈന മതക്കാർ താമസിക്കുന്നു. കേരേ ബസദി കൂടാതെ മൂനേമിനാദ ബസദി, ചന്ദ്രനാദ ബസദി എന്നിങ്ങനെ രണ്ടു ക്ഷേത്രം കൂടി വാറങ്കലിലുണ്ട്. ഇവയ്ക്കെല്ലാം 1200 വർഷത്തെ പഴക്കം ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്.

k b 3