Friday 21 August 2020 03:13 PM IST : By സ്വന്തം ലേഖകൻ

ലോകപൈതൃകമായ് നെതർലഡ്സ് ശൈലി

kinderdijk1

നെതർലൻഡ്സിൽ ഒട്ടേറെ സഞ്ചാരികളെത്തുന്ന ഡെസ്‌റ്റിനേഷനുകളിൽ ഒന്നാണ് കിൻഡർ ഡെയ്ക് എന്ന ഗ്രാമം. ഒരു ചിത്രകാരന്റെ തൂലികയിൽ വിടർന്നതുപോലെ നദികളും ജലാശയങ്ങളും കൃഷിയിടങ്ങളും ഇടകലർന്ന പ്രകൃതി സുന്ദരമായ ഇടം. ലെക്, നൂർദ് എന്നീ നദികളുടെ സംഗമസ്ഥാനത്തുള്ള പോൾഡർ പ്രദേശമാണ് കിൻഡർ ഡെയ്ക്. സമുദ്രനിരപ്പിൽനിന്നു താഴ്ന്ന നിലയിലുള്ള പ്രദേശങ്ങളാണ് പോൾഡറുകൾ. കാലങ്ങളായി വെള്ളവുമായി പൊരുതുന്ന കിൻഡർ ഡെയ്ക്കുകാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജലനിയന്ത്രണരീതി യുനെസ്കോ മാനവരാശിയുടെ മഹത്തായ പൈതൃകങ്ങളിലൊന്നായി അംഗീകരിച്ചിട്ടുണ്ട്. മനുഷ്യനും സാങ്കേതികവിദ്യയും കൈകോർത്ത് പ്രകൃതിക്ക് ഇണങ്ങുന്ന വിധം ജലനിരപ്പു നിയന്ത്രിക്കുന്നതു കാണാൻ ഒ‍‍ട്ടേറെ സഞ്ചാരികൾ കിൻഡർ ഡെയ്ക്കിലെത്തുന്നു.

kinderdijk2

സമുദ്രനിരപ്പിനെക്കാൾ 22 അടി താഴ്ന്ന സ്ഥലം മുതൽ 1000 അടി ഉയർന്ന സ്ഥലം വരെയുള്ള നെതർലൻഡ്സിന്റെ മൂന്നിലൊന്ന് പ്രദേശം കടൽ നിരപ്പിലും താഴെയാണ്. അവിടുത്തെ ആദ്യകാല നിവാസികൾ മുതൽ ഇന്നുവരെയുള്ള എല്ലാവരും പ്രളയത്തോടു പൊരുതി ജലത്തോടൊപ്പം ജീവിച്ചവരാണ്. ഇക്കാലയളവിൽ കടലിൽനിന്നും നദികളിൽനിന്നും കരകവിഞ്ഞെത്തുന്ന വെള്ളത്തോടു പൊരുതി അതിജീവിക്കാനായി ലോകോത്തര നിലവാരമുള്ള ഒട്ടേറെ സങ്കേതങ്ങൾ അവർ വികസിപ്പിച്ചു. പ്രകൃതിയും മനുഷ്യനും സാങ്കേതികവിദ്യയും ഒരുമിക്കുന്നതാണ് നെതർലൻഡ്സുകാരുടെ ജല നിയന്ത്രണരീതികളെല്ലാം.

കിൻഡർ ഡെയ്ക്കിലെ വിൻഡ് മില്ലുകൾ

kinderdijk4

അധികമായെത്തുന്ന ജലത്തെ കോരിക്കളയുക എന്ന പ്രാഥമികമായ കാര്യം തന്നെയാണ് കിൻഡർ ഡെയ്ക്കില്‍ ചെയ്യുന്നത്. 19 വിൻഡ് മില്ലുകളുടെ ഒരു സെറ്റാണ് കിൻഡർ ഡെയ്ക്ക് പോൾഡറിലെ ജലനിരപ്പിനെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്. പടിഞ്ഞാറൻ നെതർലൻഡ്സിൽ നഗരങ്ങളുടെ എണ്ണം കൂടിയതോടെ കൃഷിസ്ഥലം തേടി രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് ആളുകൾ എത്തി. അന്ന് വേനൽക്കാലത്ത് ജലനിരപ്പ് കുറഞ്ഞിരിക്കുമ്പോൾ വേട്ടയാടലിനോ മീൻപിടിക്കാനോ മാത്രം ആളുകൾ എത്തുന്ന പ്രദേശമായിരുന്നു കിൻഡർ ഡെയ്ക്ക്. എന്നാൽ ഭൂമിയുടെ ഫലപുഷ്ടി തിരിച്ചറിഞ്ഞതോടെ ആളുകൾ മണൽക്കൂന കൂട്ടിയും മറ്റും വെള്ളത്തിൽനിന്നു കരഭൂമി വീണ്ടെടുക്കാൻ തുടങ്ങി. അതോടെ മഴക്കാലത്ത് ജലനിരപ്പുയർന്നാൽ‍ അധിക വെള്ളത്തെ നീക്കം ചെയ്യേണ്ട സ്ഥിതി വന്നു. ഒട്ടേറെ പ്രളയത്തിനും നാശനഷ്ടത്തിനും പരീക്ഷണത്തിനും ശേഷം വാട്ടർ ബോർഡ് (ജലനിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുന്ന സമിതി) വിൻഡ് മില്ലുകള്‍ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

kinderdijk3

1738 ൽ ആണ് കരിങ്കല്ലിൽ നിർമിച്ച കിൻഡർ ഡെയ്ക് വിൻഡ് മില്ലുകള്‍ സ്ഥാപിച്ചത്. കാറ്റാടിയുടെ 30 മീറ്റർ വരെ നീളമുള്ള ഇലകൾ കാറ്റിൽ ചലിക്കുമ്പോൾ ഇതുമായി ബന്ധിപ്പിച്ച ഒരു ജലചക്രം വെള്ളം നീക്കം ചെയ്യും. കിൻഡർ ഡെയ്ക് മില്ലുകൾ താഴ്ന്ന പോൾഡറുകളിലെ ജലത്തെ ഒരു സംഭരണിയിലേക്കു മാറ്റുന്നു. 1740 ൽ സ്ഥാപിച്ച തടികളാൽ നിർമിതമായ ഒരു സെറ്റ് വിൻഡ് മില്ല് (ഓവർബോർഡ് മില്ലുകൾ) ഉയർന്ന പോൾഡറുകളിലെ ജലത്തെ മറ്റൊരു സംഭരണിയിലേക്ക് നീക്കുന്നു. ലെക് നദിയിലെ ജലനിരപ്പു കുറയുന്ന അവസരത്തിൽ ഈ രണ്ടു സംഭരണികളും നദിയിലേക്കു തുറക്കുന്നു. 19ാം നൂറ്റാണ്ടിൽ നീരാവി എ‍ൻജിൻ കൊണ്ടു പ്രവർത്തിക്കുന്ന വിൻഡ് മില്ലും പിന്നീട് ഡീസൽ, വൈദ്യുതി മില്ലുകളും നിലവിൽ വന്നു. ഇന്നും പഴയ വിൻഡ് മില്ലുകളിൽ മിക്കതും പ്രവർത്തന ക്ഷമമാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ സൈന്യം പ്രദേശത്തെ മുഴുവൻ ഡീസൽ ശേഖരവും യുദ്ധാവശ്യങ്ങൾക്കായി എടുത്തപ്പോൾ പോൾഡറുകൾ വറ്റിക്കാൻ വിൻഡ് മില്ലുകളെ ആശ്രയിച്ച ചരിത്രവും ഗ്രാമത്തിനു പറയാനുണ്ട്.

സന്ദർശകരെ കാത്തിരിക്കുന്ന ഗ്രാമം

1993 മുതൽ പൗരാണിക വിൻഡ്മില്ലുകളുടെ ഭാഗം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. സാങ്കേതികവിദ്യയുടെ മികവു മാത്രമല്ല ഇവിടുത്തെ കാഴ്ച. തനത് ഡച്ചു ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനു മറ്റൊരു ഡെസ്റ്റിനേഷൻ തേടേണ്ടതില്ല. പൗരാണിക കാലത്ത് കെട്ടിയ കരുത്തുറ്റ മൺചിറകൾക്കുള്ളില്‍ പുൽമേടുകളും കൈത്തോടുകളും കൃഷിയിടങ്ങളും നിറയുന്ന അനുപമമായ പ്രദേശം ഏറെക്കാലമായി സഞ്ചാരികളുടെ പറുദീസയാണ്. പടിഞ്ഞാറൻ യൂറോപ്പിൽ പർപിൾ ഹെറോണുകളുടെ ഏറ്റവും വലിയ കോളനി ഈ പ്രദേശത്താണ്.

kinderdijk7

റോട്ടർഡാമിൽനിന്ന് 25 കിലോ മീറ്റർ അകലെയുള്ള കിൻഡർ ഡെയ്കിലേക്കു പൊതുഗതാഗത സംവിധാനത്തിൽ എളുപ്പം എത്തിച്ചേരാം. ബസുകൾ ഒട്ടേറെയുണ്ട്. നെതർലൻഡ്സിന്റെ സവിശേഷതയായ വാട്ടർബസ് എന്ന ജലഗതാഗത സംവിധാനത്തെയും ആശ്രയിക്കാം. ഗ്രാമത്തിൽ എത്തിയാൽ വഞ്ചിയിൽ കനാലുകളിലൂടെയോ സൈക്കിൾ സവാരി നടത്തിയോ ഗ്രാമക്കാഴ്ചകൾ ആസ്വദിക്കാം.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations