Monday 11 May 2020 05:10 PM IST : By സ്വന്തം ലേഖകൻ

കിരുന എക്സപഡിഷൻ, ഇഗ്ലുവിൽ ഒരു ക്രിസ്മസ് രാത്രി

kiruna1

2017 ഡിസംബർ 23. സ്വീഡൻ–നോർവെ അതിർത്തിയിലേവിടെയോ ഒരിടത്താണ് ‍ഞങ്ങൾ, ഞാനും എന്റെ നാലു സുഹൃത്തുക്കളും. അന്തരീക്ഷതാപനില –40 ഡിഗ്രി സെൽഷ്യസ്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഇവിടേക്കുള്ള റോഡ് അടച്ചിട്ടിരിക്കുന്നു. കാഴ്ചയിൽ ഇതൊരു പ്രേതനഗരം പോലെ തോന്നുന്നു. ‍ഞങ്ങളെത്തിച്ചേർന്നിരിക്കുന്നത് കിരുനയിലാണ്. കിരുന, പാതിരാസൂര്യന്റെ നാട്. സ്വീഡന്റെ വടക്കേ അറ്റത്ത് ജനവാസമുള്ള ഏകപ്രദേശം. ആർട്ടിക് വലയത്തോട് ചേർന്നു കിടക്കുന്ന സ്ഥലം. നോർതേൺ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി കാണാൻ സാധിക്കുന്ന അപൂർവ ഭാഗങ്ങളിലൊന്ന്. ഇങ്ങോട്ടേക്കുള്ള യാത്രയെ ഒരു റോഡ് യാത്ര എന്നല്ല പറയേണ്ടത്, ഒരു പര്യവേക്ഷണ പര്യടനം എന്നു വിളിക്കാം.

സുഹൃത്തുക്കളുടെ ഒത്തുകൂടൽ

ഞങ്ങൾ സുഹൃത്തുക്കളൊരുമിച്ച് ചേർന്ന് ഒരു റോഡ് ട്രിപ് നടത്തിയിട്ട് കാലം കുറച്ചായി. ക്രിസ്മസ് അടുത്തപ്പോൾ സ്വീഡനിലെ ടാലിനിൽ എല്ലാവരും ഒരുമിച്ചു കൂടിയതാണ്. ജോസ്, എഡ്വിൻ, ജിതിൻ, ഷൈൻ, അഖിൽ, ഷംനാദ്, സൗരഭ്, അർജുൻ എല്ലാവരും എത്തിച്ചേർന്നു. നിധിനാണ് ആതിഥേയൻ. സംഭാഷണം ചൂടുപിടിച്ചതോടെ വിഷയം റോഡ് ട്രിപ്പുകളിലെത്തി. ക്രിസ്മസ് കിരുനയിൽ ചെലവഴിച്ചാലോ എന്ന നിർദേശിച്ചതും നിധിൻ തന്നെ. പൊതുവെ ക്രിസ്മസ് കാലത്ത് സ്വീഡൻകാരുടെ ഇഷ്ടപ്രദേശങ്ങളിലൊന്നല്ല ആ സ്ഥലം. അതിശൈത്യമാണ് അവിടെ, എത്തിച്ചേരാനും വളരെ ബുദ്ധിമുട്ടായിരിക്കും. വിമാനത്തിൽ വടക്കൻ സ്വീഡനിലെ ലാപ്‌ലാൻഡ് പ്രവിശ്യയില്‍ ചെന്നിറങ്ങുന്നതാണ് ഒരു മാർഗം. അവിടെനിന്ന് ഒരു ഗൈഡിനെയും കൂട്ടി കിരുനയുടെ വന്യതയിലേക്ക് സഞ്ചരിക്കാം. എന്നാൽ ക്രിസ്മസിന് രണ്ടു ദിവസമേയുള്ളു, വിമാനങ്ങളിലൊന്നും ഒരു ടിക്കറ്റുപോലും കിട്ടാനില്ല. ഇനി കിരുനയിലേക്കു പോകണമെങ്കിൽ ഒരു സാഹസിക ഡ്രൈവ് മാത്രമേ പോംവഴിയുള്ളു.

സാമികളുടെ ഇഗ്ലു

ഓൺലൈനിൽ താമസസൗകര്യം പരിശോധിക്കവേ ബുക്കിങ് ഒഴിവുള്ള ഒരു ഇഗ്ലു ബാക്കിയുണ്ടെന്ന് കണ്ടു. അന്റാർട്ടിക്കിലെ നിവാസികളായ എസ്കിമോകളുടെ വാസസ്ഥാനമാണ് ഇഗ്ലു. തീർത്തും മോശം കാലാവസ്ഥ അവർ ഇഗ്ലുവിൽ താമസിച്ച് അതിജീവിക്കും. കിരുനയിൽ ജനിച്ച് ജീവിക്കുന്ന സാമികൾ എന്ന ഗോത്രവർഗക്കാർ തങ്ങളുടേതായ ഇഗ്ലുവിലാണ് വസിക്കുന്നത്. അത്തരത്തിലൊന്നിൽ ക്രിസ്മസ് ചെലവിടുന്നത് ഒരു പ്രത്യേക അനുഭവമായിരിക്കും..

അഞ്ചുപേർ പോകാൻ തയ്യാറായതോടെ ഒരു വണ്ടി വാടകയ്ക്ക് എടുക്കാമെന്ന് നിശ്ചയിച്ചു. ഞാൻ അപ്പോൾതന്നെ ഇഗ്ലുവിന്റെ ചുമതലക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. അവർക്ക് ഒരു ക്രിസ്മസ് പായ്ക്കേജ് ഉണ്ട്, കിരുനയുടെ അകത്തേക്ക് കുറച്ചധികം സഞ്ചരിച്ച് മഞ്ഞുറഞ്ഞ ഒരു തടാകത്തിൽ വരെ കൊണ്ടുപോകുന്ന ഒന്ന്. സാമി ജനങ്ങളും ആധുനികകാല എസ്കിമോകളെപ്പോലെ തന്നെയാണ്. ഇവർക്കും മഞ്ഞിൽ സഞ്ചരിക്കാൻ സ്വന്തമായ ഇലക്ട്രിക് വാഹനങ്ങളൊക്കെയുണ്ട്. ഇതിൽ റെയിൻഡിയറിനെ പിന്തുടർന്ന് വെടിവച്ച് വീഴ്ത്തും. ധ്രുവദീപ്തി കാണാൻ കൊണ്ടുപോകാമെന്നും തനതു സാമി ഭക്ഷണം വെച്ചുവിളമ്പാമെന്നുമൊക്കെ വാഗ്ദാനപ്പെരുമഴ.

അടുത്ത പ്രഭാതത്തിൽ നഗരത്തിലേക്കു പോയി വാടകയ്ക്ക് ഒരു വോൾവോ 90 സംഘടിപ്പിച്ചു. വണ്ടി ഫുൾ ടാങ്ക് പെട്രോൾ അടിച്ച് ബിയറും അത്യാവശ്യഭക്ഷണ സാധനങ്ങളും വാങ്ങി. ബാക്കി മൂന്നുപേരെയും അവരവരുടെ താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ട് യാത്ര ആരംഭിച്ചു.

കിരുനയിലേക്ക്

ഞങ്ങൾ താമസിക്കുന്ന ഷോങ്കോപിങ്ങിൽനിന്ന് കിരുനയിലേക്ക് 1600 കി മീ ദൂരമുണ്ട്. തെക്കൻ സ്വീഡനിൽനിന്ന് അങ്ങ് വടക്കേ അറ്റം വരെ 18 മണിക്കൂർ യാത്ര. എല്ലാവരും ഒരുമിച്ചശേഷം നിധിൻ ഡ്രൈവറായി, ജിതിൻ സഹായി ആയി മുൻസീറ്റിൽ ഇരുന്നു. അഖിലും ഷൈനും ഞാനും പിന്നിൽ. സ്‌റ്റോക്ഹോം വിട്ടതോടെ മഞ്ഞുവീഴ്ച തുടങ്ങി. ഡിസംബർ മാസത്തിൽ സ്വീഡനിൽ പൊതുവെ മഞ്ഞുവീഴ്ചയുണ്ട്. എന്നാൽ വടക്കോട്ട് ചെല്ലുന്തോറും അത് ഭീകരമായ അവസ്ഥയിലേക്ക് മാറും.

kiruna2

സുക്കസർവി എന്ന സ്ഥലത്താണ് പ്രശസ്തമായ ഐസ് ഹോട്ടൽ. ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനുഷ്യനിർമിത വിസ്മയങ്ങളിലൊന്നാണ് ഇത്. 5500 ചതുരശ്ര മീ വിസ്തൃതിയുള്ള ഹോട്ടൽ ടോൺ നദിയിൽനിന്നുള്ള ഐസ് കട്ടകളും മഞ്ഞും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഓരോ വർഷവും ഹോട്ടലിന്റെ ഘടനമാറിക്കൊണ്ടിരിക്കും. ഏകദേശം 1000 ടൺ ഐസാണത്രേ ഇതിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്.

‘സുക്കസർവിയിലേക്ക് സ്വാഗതം’ എന്നെഴുതിയ ബോർഡ് വഴിയിൽ കണ്ടപ്പോൾ സമയം പുലർച്ചെ നാലുമണി. തിരികെ വരുന്നവഴി ഐസ് ഹോട്ടലിൽ കേറാമെന്ന് തീരുമാനിച്ച് യാത്ര തുടർന്നു.

സൂര്യൻഉദിച്ചില്ല!

ജിപിഎസ്സ് നോക്കിയപ്പോൾ‍ 200 മീറ്ററിനുള്ളിൽ ഒരു പെട്രോൾ പമ്പുണ്ടെന്ന് കണ്ടു. സ്വീഡനിൽ എല്ലാ പെട്രോൾ പമ്പുകളോടും ചേർന്ന് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കോഫി ഷോപ്പുകളുണ്ട്. ഈ സമയത്തും ഇത്തരം സാഹചര്യങ്ങളിലുമുള്ള യാത്രകളിൽ കാപ്പി ഒഴിവാക്കാനാകില്ല.

ലക്ഷ്യസ്ഥാനത്ത് കാർ നിർത്തിയതും എല്ലാവരും ഉറങ്ങാനാണ് തീരുമാനിച്ചത്. വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്തു എന്ന് ഉറപ്പാക്കി. പുറത്ത് അതിശക്തിയായി തണുത്ത കാറ്റ് വീശുന്നു.

ഞാൻ കിരുനയിലെ സൂര്യോദയം കാത്തിരുന്നെങ്കിലും അതു സംഭവിച്ചില്ല. മേഘാവൃതമായ ഇരുണ്ട അന്തരീക്ഷത്തിൽ കാണാത്തതാകും എന്നു ഞാൻ കരുതി. ഒൻപതു മണിയായപ്പോൾ സാവധാനം എല്ലാവരും ഉണർന്നു. ഞങ്ങൾ ഗൈഡിനെ അന്വേഷിച്ച് പുറപ്പെട്ടു. ഒരു പ്രത്യേക മനുഷ്യനായിരുന്നു ഗൈഡ്. 60 വയസ്സുകാരൻ. രോമക്കുപ്പായവും വിചിത്രമായൊരു തൊപ്പിയുമാണ് വേഷം. താൻ ഉൾപ്പെടുന്ന സാമി ഗോത്രത്തെക്കുറിച്ചും താനും തന്റെ മക്കളുമൊക്കെ എങ്ങനെയാണ് കിരുനയിൽ കഴിച്ചുകൂട്ടുന്നതെന്നുമൊക്കെ വിശദമായി സംസാരിച്ചു തുടങ്ങി. മഞ്ഞുകാലത്ത് അവർ നഗരത്തിലേക്ക് കുടിയേറും, അവിടെ ഏതെങ്കിലും ഇരുമ്പയിര് കമ്പനിയിൽ താൽക്കാലിക ജോലി എടുത്ത് കഴിഞ്ഞുകൂടും. ഏതെങ്കിലും സന്ദർശകരുണ്ടെങ്കിൽ മാത്രം കിരുനയിലേക്ക് ഇടയ്ക്ക് മടങ്ങും. അവിടെ ജനിച്ചു വളർന്ന സാമി വിഭാഗക്കാരായതിനാൽ ആ പ്രദേശത്തോട് അവർ പൊരുത്തപ്പെട്ടുപോകുന്നു, കിരുനയിലെ വന്യമായ പ്രകൃതിയിലും മുഴുവൻ വഴിയും അവർക്കറിയാം. കിരുനയിലെ മഞ്ഞുകാലത്തിന്റെ മൂർധന്യത്തിൽ അവർക്കവിടെ സൂര്യപ്രകാശം ഉണ്ടാകില്ല, ഒന്നു രണ്ടു ദിവസമല്ല ആഴ്ചകളോളം. പകലുകളില്ലാതെ രാത്രിമാത്രമായി തുടരുന്ന അവസ്ഥ.

കിരുനയിലെ വേനൽക്കാലം ചിത്രങ്ങളിലേതുപോലെ മനോഹരമാണ്. അതീവ സുന്ദരമായ ഭൂപ്രകൃതി, എങ്ങോട്ടു നോക്കിയാലും മലകളും നദികളും. അക്കാലത്ത് ദിവസങ്ങളോളം സൂര്യൻ അസ്തമിക്കാറില്ല.പാതിരാത്രിപോലും നല്ല സൂര്യപ്രകാശം. അങ്ങനെയാണ് പാതിരാസൂര്യന്റെ നാട് എന്ന പേരു കിട്ടിയത്. ധ്രുവപ്രദേശത്തിനു സമീപമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഡുറ

ഡുറ എന്നായിരുന്നു ഗൈഡിന്റെ പേര്. തന്റെ ജീവിതം മുഴുവന്‍ കിരുനയിൽത്തന്നെ കഴിച്ചുകൂട്ടിയ ഒരാൾ. തണുപ്പിനെ കുറച്ചുകൂടി നന്നായി പ്രതിരോധിക്കുന്ന ജീൻസിലേക്ക് മാറിയശേഷം സ്നോമൊബൈലിൽ കാട്ടിനുള്ളിലെ താമസസ്ഥലത്തേക്ക് പോകാമെന്നാണ് ഡുറയുെട അഭിപ്രായം. പോകുംവഴിക്ക് മഞ്ഞുറഞ്ഞ തടാകത്തിനു മുകളിലൂടെ സഞ്ചരിക്കുമത്രേ. ഡുറ ഞങ്ങളെ സ്വാഗതം ചെയ്തു.

ചലച്ചിത്രത്തിലൊക്കെ കാണുന്ന സ്ഥലം പോലെയാണ് അവിടം അനുഭവപ്പെട്ടത്. അഞ്ച് ഇന്ത്യക്കാർ, അങ്ങേയറ്റം മോശമായൊരു കാലാവസ്ഥയിൽ. ഞങ്ങൾ ചെന്നപ്പോൾ കിരുനയിലെ താപനില -45. ഞങ്ങൾ തിരികെ എത്തുമ്പോഴേക്ക് കാർ മഞ്ഞിലുറഞ്ഞു പോകാതിരിക്കാൻ പ്രത്യേക പാർക്കിങ്ങിൽ സൂക്ഷിക്കേണ്ടിയിരുന്നു. ശരീരം മുഴുവനൊന്ന് ചൂടാക്കാനായി ഞങ്ങളഞ്ചുപേരും ഓരോ കവിൾ വിസ്കി കുടിച്ചു. ഫോട്ടോ എടുക്കാനായി കൈയിൽനിന്ന് ഗ്ലൗസ് ഊരിയാൽ അഞ്ചു സെക്കന്റിനുള്ളിൽ മരച്ചു പോകും. മുഖത്തും മറ്റും നന്നായി മറയാതിരിക്കുന്ന ഭാഗങ്ങൾ ഉറഞ്ഞു പോയതുപോലെ തോന്നുന്നു.

മഞ്ഞുവണ്ടി കാട്ടിനുള്ളിലേക്ക് നീങ്ങി. ഞങ്ങൾക്കൊപ്പം സാഹസികയാത്രയിൽ ജർമനിയിൽനിന്നുള്ള മറ്റൊരു കൂട്ടർ കൂടി ചേർന്നു. കാട്ടിലൂടെ കിലോ മീറ്ററുകളോളം താണ്ടി ഞങ്ങൾ തടാകക്കരയിൽ എത്തി. ആ പ്രദേശത്ത് ആകപ്പാടെ കാണാൻ സാധിക്കുന്നത് അന്തമില്ലാതെ പരന്നു കിടക്കുന്ന വെളുത്ത മഞ്ഞ് മാത്രം.

ഒരു നദിയുടെ മുന്നിലെത്തിയപ്പോൾ മഞ്ഞുവണ്ടി നിന്നു. നദിയുടെ മിക്കഭാഗവും ഉറഞ്ഞു കൂടിയിരിക്കുകയാണ്. തീരത്തോട് ചേർന്ന് കാറ്റടിച്ചു വീർപ്പിക്കുന്ന ബോട്ടിൽ രണ്ടുപേർ ഞങ്ങളെ കാത്തെന്നോണം നിൽക്കുന്നു, കിഴവൻ ഡുറയുടെ മക്കളാണ് അവർ. നദികടക്കാനാവശ്യമായ സഹായങ്ങളുമായി എത്തിയതാണ് അവർ. അസ്ഥിപോലും തണുത്തു വിറയ്ക്കുന്ന അവിടെ അൽപമെങ്കിലും ഊഷ്മളമായ ഒരിടത്ത് എത്തിയിരുന്നെങ്കിൽ എന്നു വിചാരിച്ച് എല്ലാവരും ഓടുകയാണ്. എല്ലാവരും ബോട്ടിലെത്തിയതോടെ ബോട്ട് എങ്ങനെ ബാലൻസു ചെയ്യണമെന്നും അത്യാവശ്യ ഘട്ടത്തിൽ ഗതി നിയന്ത്രണം എങ്ങനെ വേണമെന്നുമൊക്കെ ഡുറ വേണ്ട നിർദേശങ്ങൾ തന്നു. ഡുറ നിർദേശിച്ചതുപോലൊക്കെ ഞങ്ങൾ‍ ചെയ്തു, 15 മിനിട്ട് എടുത്തു ദ്വീപിലെത്താൻ.

മഞ്ഞുകടലിലെ ദ്വീപ്

ദ്വീപ് വളരെ മനോഹരമായി ഒരുക്കി എടുത്തിട്ടുണ്ട്. ഏതാണ്ട് മധ്യഭാഗത്തുതന്നെ മൂന്നു വലിയ ഇഗ്ലു കാണാം. ചുറ്റുപാടും നല്ല ഒന്നാന്തരം പ്രകൃതി ദൃശ്യങ്ങൾ. ‍ഡുറ ഞങ്ങളെ ഏറ്റവും വലിയ ഇഗ്ലുവിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഗുലാഷ് എന്ന വിഭവം കഴിക്കാനായി വിളമ്പി വച്ചിരുന്നു. കാട്ടിൽനിന്നു കിട്ടുന്ന കായ്കനികളും വേട്ടയാടിപ്പിടിച്ച റെയ്ൻഡിയറിന്റെ മാംസവും ചേർത്താണ് ഇതു തയ്യാറാക്കുന്നത്. തനതു ശൈലിയിൽ തയ്യാറാക്കുന്ന സാമി വീഞ്ഞിന്റെ രണ്ടു കുപ്പിയും മേശപ്പുറത്ത് ഞങ്ങളെ പ്രതീക്ഷിച്ച് ഇരുന്നിരുന്നു. ഇഗ്ലുവിനുള്ളിൽ ചൂടു പിടിപ്പിക്കുന്ന സംവിധാനം പഴയ രീതിയിലുള്ളതാണെങ്കിലും ചില കാര്യങ്ങളിൽ അത് പുതുമ അവലംബിച്ചു. വിറകിട്ട് തീ കൂട്ടിയാണ് മുറിക്കുള്ളിൽ ചൂടു നിലനിർത്തിയിരുന്നത്. മുറിയുടെ വശങ്ങൾ ചേർത്ത് കിടക്കകൾ. വിരിപ്പും പുതപ്പുമൊക്കെ മൃഗങ്ങളുടെ രോമംകൊണ്ടുള്ളതാണ്.

ആ സ്ഥലത്തെക്കുറിച്ചുള്ള കാര്യങ്ങളും അന്നത്തെ ബാക്കി പരിപാടികളെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞശേഷം ഡുറ ഞങ്ങളെ അവിടെ വിട്ടിട്ടു പോയി. ഇഗ്ലുവിനുള്ളിൽ വൈദ്യുതിയോ പൈപ് കണക്ഷനുകളോ ഇല്ല. പുറത്ത് ചില പ്രധാന കേന്ദ്രങ്ങളിൽ ടോർച് ലൈറ്റിന്റെയോ മറ്റ് അനിവാര്യ ഉപകരണങ്ങളുടെയോ ബാറ്ററി ചാർജ് ചെയ്യാനാവശ്യമായ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. മൊബൈൽ ടവറുകൾ ഇല്ലെന്നതിനാൽ ആരേയും ഫോണിൽ ബന്ധപ്പെടാനാകില്ല. ക്യാമറയിലെയും ഫോണിലെയും ബാറ്ററികളിലെ ചാർജ് പെട്ടന്നു കുറയും. മഞ്ഞിൽ സ്കീയിങ് നടത്തിയോ സ്കേറ്റ് ചെയ്തോ അല്ലങ്കിൽ സ്നോ ബൈക്കിലോ നമുക്ക് ആ പ്രദേശത്ത് നമുക്ക് കറങ്ങാനാകും. ഓരോരുത്തർക്കും സ്നോബൈക്ക് തന്നിട്ടുമുണ്ട്.

kiruna3

കുറച്ചു സമയത്തിനുശേഷം എല്ലാവരും ഒരുമിച്ച് ഇഗ്ലു വിട്ട് പുറത്തിറങ്ങി. മ‍ഞ്ഞിൽ ബൈക്കോടിക്കാം എന്നാണ് കരുതിയത്. മഞ്ഞിൽ മൂടിക്കിടക്കുന്ന അവിടെ ബൈക്കോടിച്ചാലും എവിടെയും ചെന്ന് ഇടിക്കാൻ പോകുന്നില്ല, അതിനാൽ മദ്യപിച്ച് ഓടിച്ചാലും പേടിക്കാനില്ല. മഞ്ഞ് ബൈക്കും സ്കേറ്റ്സും ഒക്കെ എടുത്ത് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. സ്കേറ്റിങ് എളുപ്പമല്ല, അതിന് നല്ല ശ്രദ്ധയും വേണം, ശരീരം നന്നായി ബാലൻസു ചെയ്യുകയും െചയ്യണം. ഞങ്ങൾ പലവട്ടം സ്കേറ്റിങ്ങിനു തുനിഞ്ഞ് മറിഞ്ഞടിച്ച് താഴെ വീണു.

അന്തരീക്ഷത്തിൽ‍ ഇരുട്ട് പരന്നതോടെ ഞങ്ങൾ ഇഗ്ലുവിലേക്ക് മടങ്ങി. ഡുറയുടെ മക്കളിലൊരാളായ ജെറോം ആയിരുന്നു അന്തിക്ക് ഞങ്ങളുടെ സഹായങ്ങൾക്കായി എത്തിയത്. ആദ്യം കുടിവെള്ളം ശേഖരിക്കുകയാണ് വേണ്ടതെന്ന് ജെറോം പറഞ്ഞ്. മഞ്ഞുറഞ്ഞ തടാകത്തിന്റെ മുകളിൽ ഒരു കുഴികുത്തി വേണം ശുദ്ധജലം ശേഖരിക്കാൻ. മഞ്ഞുരുകി കിട്ടുന്ന പുതുപുത്തൻ ജലം അതിനുള്ളിൽ കിട്ടും. ഞങ്ങളും ജെറോമിനൊപ്പം പോയി മഴുകൊണ്ട് മഞ്ഞ് വെട്ടി എടുത്ത് വെള്ളം കോരി ബാരലുകളിലാക്കി ഇഗ്ലുവിലെത്തിച്ചു.

പിന്നെ ഒരു ഊഷ്മളമായൊരു പ്രത്യേക മുറിയിൽ പാചകത്തിനായി ഒത്തുകൂടി. അന്നുവേട്ടയാടിക്കിട്ടിയ ഇറച്ചിയായിരുന്നു പാകം ചെയ്തത്. മസാലകൾ തയ്യാറാക്കി ചേർത്തതും പച്ചക്കറി കഴുകിയതുമൊക്കെ ജെറോമിന്റെ ചുമതലയിൽ ആയിരുന്നു. ഞങ്ങൾ കുറച്ച് വിസ്കി ജെറോമിന് നൽകി. സന്തോഷത്തോടെ അത് സ്വീകരിച്ച് തന്റെ കുട്ടികളെയും കുടുംബത്തെയും പറ്റിയുള്ള വിശേഷങ്ങൾ പങ്കുവച്ചു. ആ കഥകൾ കേട്ടിരിക്കവെ രാത്രി വളരെ സാവധാനമാണ് നീങ്ങിയത്. പുറത്ത് കൊടുങ്കാറ്റ് രൂപംകൊള്ളുന്നുണ്ടെന്നും എല്ലാവരും ഇഗ്ലുവിലേക്ക് മടങ്ങണമെന്നും ഡുറ പറഞ്ഞു. രാത്രി പുറത്ത് ഇറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും മുന്നറിയിപ്പു നൽകി.

ധ്രുവദീപ്തി

രാത്രിയിലെ ധ്രുവദീപ്തി പകർത്താനായി പകൽതന്നെ ക്യാമറ തയ്യാറാക്കി വച്ചിരിക്കുകയാണ്. അതേപ്പറ്റി അന്വേഷിച്ചപ്പോൾ ഇന്നു രാത്രി ആകാശം മുഴുവൻ മേഘാവൃതമാണെന്നും ധ്രുവദീപ്തി ഉണ്ടാകാനിടയില്ലെന്നും നിരാശപ്പെടുത്തുന്ന മറുപടിയാണ് ഡുറയിൽനിന്നു കിട്ടിയത്. ഇഗ്ലുവിലെ കിടക്കകൾ മണ്ണും മരവും ചേർത്ത് ഉണ്ടാക്കിയവയാണത്. പച്ചവെളിച്ചം പടർന്ന ആകാശം അടുത്ത രാത്രിയിൽ കാണാമെന്ന പ്രതീക്ഷയിൽ സ്വപ്നം കണ്ടുകിടന്ന ഞാൻ പെട്ടന്നു തന്നെ ഉറങ്ങിപ്പോയി. ഇടയ്ക്കെപ്പോഴോ ഷൈൻ ഉറക്കത്തിൽനിന്നെന്നെ വിളിച്ചുണർത്തി, ‘പ്രണോയ്, വെളിയിൽ ധ്രുവദീപ്തി ഉണ്ടെന്നു തോന്നുന്നു. ഞാൻ ഒരു സിഗററ്റ് വലിക്കാൻ ഇറങ്ങിയതാണ്. പുറത്ത് അതുപോലെന്തോ കാണാം. നീയൊന്ന് ഇറങ്ങിനോക്ക്.’ രണ്ട് കാര്യങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി, ഒന്ന് ധ്രുവദീപ്തിയുടെ അപ്രതീക്ഷിത വരവ്. മറ്റൊന്ന് ഡുറയുടെ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് സിഗററ്റ് വലിക്കാൻ പുറത്തിറങ്ങിയത്. ഞാൻ ഒന്നവനെ നോക്കി പുഞ്ചിരിച്ചു, അവൻ തിരിച്ചും.

kiruna4

ഞാൻ ബാക്കി എല്ലാവരെയും വിളിച്ചുണർത്തി ജാക്കറ്റും ധരിച്ച് പുറത്തേക്കിറങ്ങി. ക്യാമറയും ട്രൈപോഡും എടുക്കാൻ മറന്നില്ല. ഷൈനും എനിക്കൊപ്പം കൂടി. ഞങ്ങൾ മഞ്ഞുറഞ്ഞ തടാകത്തിന് അടുത്തെത്തിയപ്പോഴേക്കും ആകാശം നല്ല പച്ചനിറത്തിൽ തിളങ്ങി. തിരമാലകൾ പോലെ വാനിൽ ഇളകുന്ന പച്ചനിറത്തില്‍ കണ്ണുറപ്പിച്ച് ഞാൻ നിന്നു. ട്രൈപോഡിൽ ഉറപ്പിച്ച ക്യാമറയിൽ ഈ സുന്ദരപ്രതിഭാസം പകർത്താനും ഞാൻ മറന്നില്ല.

മണിക്കൂറുകൾ കടന്നുപോയി. അതിമനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ മഞ്ഞിൽ ഇരുന്നു. സമയം കടന്നുപോകുന്തോറും അവിടത്തെ ആളുകളുടെ എണ്ണം കുറഞ്ഞുവന്നു. പുതുതായി കിട്ടിയ കളിപ്പാട്ടം കൊണ്ടു കളിക്കുന്ന കുട്ടിയെപ്പോലെ ഞാൻ എല്ലാം മറന്ന് ആ കാഴ്ചകളിൽ മുഴുകിനിന്നു. ഏതാനം മണിക്കൂറുകൾക്കുശേഷം നോർതേൺ ലൈറ്റ്സ് ആകാശത്തുനിന്ന് മാഞ്ഞു, അവിടം മുഴുവൻ കട്ടപിടിച്ച ഇരുട്ട് പടർന്നു.

kiruna5

ഞാൻ ഇഗ്ലുവിലേക്ക് മടങ്ങി, അതിനുള്ളിൽ കൂട്ടുകാരുടെ കൂർക്കംവലി മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു. ഞാനും എന്റെ രോമപ്പുതപ്പിന്റെ അകത്തേക്ക് കയറി ഉറങ്ങാൻ ശ്രമിച്ചു. അടുത്ത പകൽ പെട്ടന്നു കടന്നുപോയി. ഞങ്ങൾ അധികസമയവും മഞ്ഞുവണ്ടിയിൽ പരിസരങ്ങളിലൊക്കെ ചുറ്റി നടന്ന് കാണുകയായിരുന്നു. സായാഹ്നത്തോടെ കറക്കം മതിയാക്കി മടങ്ങാൻ നിശ്ചയിച്ചു. കാണക്കാണെ താപനില താഴുകയും ഇരുട്ടു പരക്കുകയും ചെയ്യുന്നുണ്ട്. അധികനേരം അവിടെ നിൽക്കുന്നത് സുരക്ഷിതമായിരിക്കില്ല.

ഐസ് ഹോട്ടൽ

കിരുനയിൽനിന്നുള്ള മടക്കയാത്രയിൽ ഐസ് ഹോട്ടൽ കാണാനുള്ള ഞങ്ങളുടെ പദ്ധതി ഡുറയുമായി പങ്കുവച്ചു. താനും കൂടെ വരാമെന്നായി ആ വൃദ്ധൻ. അങ്ങനെ ഞങ്ങളുടെ വണ്ടി ഡുറയുടെ കാറിനെ പിന്തുടർന്നു.

സുക്കസർവിയിലെ ഐസ് ഹോട്ടൽ നമുക്ക് ഭാവനയിൽ കാണാനാകുന്നതിന് അപ്പുറമാണ്. ഐസുകട്ടകളുപയോഗിച്ച് നിർമിച്ച ഒരു പടുകൂറ്റൻ കൊട്ടാരം. പ്രവേശന ടിക്കറ്റു വാങ്ങി അകത്തു കടന്ന ഞങ്ങളെ ഒരു ഗൈഡും അനുഗമിച്ചു. 20 മുറികളും ഏതാനം ആഡംബര മുറികളും കേറിക്കാണാൻ സാധിച്ചു. വെറും മഞ്ഞും ഐസ് കട്ടകളും ഉപയോഗിച്ച് പൂർണതയുള്ള ഒരു വലിയൊരു കെട്ടിടം! അവിശ്വസനീയം, അത്യുജ്വലം, വർണിക്കാൻ വാക്കുകളില്ല.

kiruna6

ഐസ് ഹോട്ടൽ ചുറ്റിയടിച്ച് കണ്ടശേഷം ഹോട്ടലിനുള്ളിലെ ഐസ് ബാറിലേക്ക് ഞങ്ങൾ പോയി. പേരുപോലെ തന്നെ ഐസ് ഉപയോഗിച്ചുള്ള ബാർ. കണ്ണീർത്തുള്ളി പോലെ തെളിഞ്ഞ പച്ചവെള്ളം കൊണ്ടുള്ള ഐസ് കട്ട ഉപയോഗിച്ച് നിർമിച്ചതായിരുന്നു മദ്യം വിളമ്പുന്ന കപ്പുകൾ.  പിന്നെ അധികനേരം നിൽക്കാൻ കഴിഞ്ഞില്ല. കിരുനയിലേക്കുള്ള ഈ യാത്ര എന്നെന്നും മനസ്സിൽ പ്രത്യേക ഇഷ്ടത്തോടെ നിലനിൽക്കും എന്ന് ഉറപ്പിച്ചുകൊണ്ട് അർദ്ധമനസ്സോടെ മടക്കയാത്രയ്ക്ക് വണ്ടിയിൽ കയറി.