മനോഹരമായ കാട്ടുപൂക്കൾ പോലെയാണ് ചില സ്ഥലങ്ങള്‍. പച്ചവിരിച്ച ചോലകളും മൂടൽ മഞ്ഞു പെയ്യുന്ന ഉയരങ്ങളും തേടുന്ന യാത്ര ഇത്തവണ മലബാറിന്റെ തണുപ്പിടങ്ങളിലേക്കാണ്. വയലട, കക്കയം, കരിയാത്തുംപാറ, തോണിക്കടവ് തുടങ്ങി നിത്യഹരിതവനങ്ങൾ മോടിചാർത്തുന്ന കോഴിക്കോടൻ മലയോരമേഖലയിലേക്ക്...
വയലട, പേരിനിതെന്തിത്ര ചന്തം
"വെള്ളിവെയിൽ ഊർന്നിറങ്ങുന്ന പ്രഭാതത്തിലും, സൂര്യൻ മേഘക്കെട്ടുകൾക്കിടയിൽ മറയാനൊരുങ്ങുന്ന ചുവന്ന സായന്തനത്തിലും വയലടയുടെ മുകളിലുള്ള ഒറ്റപ്പാറയിൽ കൈവിരിച്ച് നിൽക്കണം. എന്നിട്ട്, കാറ്റിന്റെ മൂളിപ്പാട്ടിന് ചെവിയോർക്കണം. കൂടെ പാടണം, പ്രകൃതീശ്വരീ ഞാനൊരാരാധകൻ...പിന്നെ ചുറ്റിലുള്ളതൊക്കെ പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചകളായിരിക്കും, ശരിക്കും അദ്ഭുതം തോന്നും.” വയലടയിലേക്കുള്ള വഴി ചോദിച്ചെത്തിയത് ബാലുശ്ശേരിക്കാരൻ ‘അസ്സലൊരു സഞ്ചാരി’യുടെ മുന്നിൽ, ജോബിൻ. വയലടയുടെ സൗന്ദര്യവർണന ഒരുപാടു നീണ്ടപ്പോൾ പിന്നീടങ്ങോട്ടുള്ള യാത്രയ്ക്ക് വഴികാട്ടിയായി ജോബിനെയും കൂടെ കൂട്ടി. ബാലുശ്ശേരിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് വയലട മല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലെ കാണാക്കാഴ്ചയായിരുന്നു ഇതുവരെ ഈ സ്ഥലം. എന്നാലിപ്പോൾ പലരും പറഞ്ഞറിഞ്ഞ് സഞ്ചാരികൾ ഇവിടം തേടിയെത്തുന്നുണ്ട്.
വയലട കവല, ശരിക്കും സിനിമയ്ക്ക് സെറ്റിട്ട പോലൊരിടം. വീതി കുറഞ്ഞ റോഡ്. ഇരുവശത്തും നിരപ്പലക പീടികകൾ. കടകളുടെ വരാന്തയിലായി ബീഡിപ്പുകച്ചുരുളിൽ മറഞ്ഞിരിക്കുന്ന ഒന്നുരണ്ടു മുഖങ്ങൾ. ഓലമേഞ്ഞ പൊട്ടിവീഴാറായൊരു ബസ് വെയിറ്റിങ് ഷെഡ്. നാട്ടിൻപ്പുറം ഉണരുന്നതേയുള്ളൂ. ഇത്ര രാവിലെ ഇതാരാ എന്ന ഭാവത്തിൽ കാപ്പിത്തോട്ടത്തിലെ പെണ്ണുങ്ങൾ കണ്ണെടുക്കാതെ ഞങ്ങളെ നോക്കി നിൽപ്പാണ്. ചുറ്റിലും തിങ്ങിനിൽക്കുന്ന കാപ്പിത്തോട്ടങ്ങളും റബർ മരങ്ങളും. കുത്തനെയുള്ള കയറ്റത്തിൽ പകുതിവരെ ടാറിട്ട റോഡുണ്ട്. അവിടുന്നങ്ങോട്ട് വണ്ടി പോകില്ല. കല്ലുനിറഞ്ഞ കാട്ടുപാതകളിലൂടെ നടന്നാണ് മലകയറ്റം. കാട്ടുവള്ളികളിൽ പിടിച്ച് കുത്തനെയുള്ള വഴികയറാൻ നന്നേ പ്രയാസം. സഞ്ചാരികൾ നടന്നു തെളിഞ്ഞ വഴിയാണിത്. യാതൊരു വിധ സുരക്ഷാസംവിധാനങ്ങളോ പ്രാഥമികസൗകര്യങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല. കേരളടൂറിസത്തിന്റെ മാപ്പിൽ ഈ പേര് ഉണ്ടോ എന്നു പോലും സംശയം.
വയലട മലയുടെ മുകളിൽ പരന്നുകിടക്കുന്ന മുള്ളുകൾ നിറഞ്ഞ ഒറ്റപ്പാറ. അവിടെ നിന്നു താഴേക്കു നോക്കിയാൽ കക്കയം, പെരുവണ്ണാമൂഴി തുടങ്ങിയ ഡാമുകളുടെ വിദൂരദൃശ്യം. ഡാമിനിടയിലായി പച്ചനിറഞ്ഞ തുരുത്തുകൾ. പച്ചയും നീലയും നിറങ്ങൾ ചാലിച്ചെടുത്ത് ആരോ വരച്ചുവച്ച ചിത്രം പോലെ... കൈ ഒന്നുയർത്തിയാൽ തൊടാവുന്നത്ര അടുത്ത് വെളുത്ത മേഘക്കെട്ടുകൾ. എത്ര നേരം നോക്കിനിന്നാലും മനസ് മടുക്കാത്ത അനുഭൂതി. എങ്കിലും പെട്ടെന്ന് തിരിച്ചിറങ്ങി. മുള്ളൻപാറയ്ക്കു മുകളിൽ നിന്ന് അങ്ങു ദൂരെ കണ്ട ആ സൗന്ദര്യം തേടി വീണ്ടും യാത്ര തുടർന്നു.
പച്ചക്കടൽ പോലെ കരിയാത്തുംപാറ
വയലടയിൽ നിന്നു തലയാട്, മണിചേരിമല റോ ഡു വഴി 14 കിലോമീറ്റർ ദൂരമുണ്ട് കരിയാത്തുംപാറയ്ക്ക്. ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടം തേടിയെത്തുന്നത്. അവധി ദിവസമാണെങ്കിൽ എണ്ണം കൂടും. കൂറ്റൻ പാറക്കെട്ടുകളും അതിനിടയിലൂടെ കുത്തിയൊഴുകുന്ന ചെറിയ വെള്ളച്ചാട്ടവുമാണ് കരിയാത്തുംപാറയിലെ ആദ്യ ആകർഷണം. ആഴമില്ലാത്ത, ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടത്തിൽ നീന്തി രസിക്കുന്ന സഞ്ചാരികൾ. വയനാടിനോട് അതിർത്തിപങ്കിടുന്ന കൂറ്റൻ മലനിരകളാണ് ചുറ്റിലും. വഴി പിന്നെയും പിന്നിട്ടു. ആരോ നട്ടുപിടിപ്പിച്ച പോലെ പുല്ലുനിറഞ്ഞ പ്രദേശം, അതിനിടയിലൂടെ ഒഴുകുന്ന അരുവി. ഇരുകരയിലുമായി വെള്ളത്തിലേക്കു മുഖം നോക്കുന്ന അക്വേഷ്യമരങ്ങൾ... ഹൈഡൽ ടൂറിസത്തിന്റെ കീഴിൽ ആരംഭിച്ച കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം മേഖല വികസന പരിപാടി ഇന്നും തുടങ്ങിയിടത്തു തന്നെ നിൽപ്പാണ്. കരിയാത്തുംപാറയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് തോണിക്കടവ്.
ഹൃദയം കവർന്ന് കക്കയം
മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിച്ച അണക്കെട്ടാണ് കക്കയം. കരിയാത്തുംപാറയിലെത്തുന്ന സഞ്ചാരികളുടെ അടുത്ത താവളമാണിത്. കക്കയം ടൗൺ കഴിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടാൽ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ കാണാം. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. വളവും തിരിവും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചു വേണം ഡാം സൈറ്റിലെത്താൻ. ഉയരങ്ങളിലേക്കു പോ കുന്തോറും കാണുന്ന പെരുവണ്ണാമൂഴി ഡാമിന്റെ അതിസുന്ദര ദൃശ്യം. അധികം വൈകാതെ ആ കാഴ്ചയ്ക്കു മേൽ കോടമഞ്ഞിന്റെ പുതപ്പ് വീണു. കാറ്റേറ്റ് പാടുന്ന കാടിന്റെ താളത്തിനൊപ്പം പിന്നെയും വണ്ടി മുന്നോട്ട് നീങ്ങി.
പറഞ്ഞുകേട്ട കഥകളില്‍ നിറഞ്ഞു നിന്ന അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാംപ്, ഇവിടുത്തെ കാടിനും കാറ്റിനും മാത്രമറിയാവുന്ന ഒരു രഹസ്യം. ഇന്നും കക്കയം തേടി വരുന്ന സഞ്ചാരികളുടെ നാവിൽ നിന്ന് ഒരു തവണയെങ്കിലും ആ പേര് ഉയർന്നുതാഴുന്നുണ്ട്, പി. രാജൻ. കക്കയം ഡാമിലേക്കുള്ള വഴിതുടങ്ങുന്നിടത്ത് രാജൻ സ്മാരക പ്രതിമ കാണാം. ഒരു ഇരുണ്ടകാലത്തിന്റെ ഓർമകളും പേറി നിലക്കൊള്ളുന്ന കക്കയം ഇപ്പോൾ സഞ്ചാരികളുടെ പറുദീസയാണ്. കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസത്തിനുകീഴിലാണ് കക്കയം ഡാം.
ഇവിടുത്തെ റിസർവോയറിലൂടെയുള്ള 15 മിനിറ്റ് നീളുന്ന സ്പീഡ് ബോട്ട് യാത്രയാണ് പ്രധാന ആകർഷണം. അഞ്ച് പേർക്ക് 750 രൂപയാണ് നിരക്ക്. കൂടാതെ ഉരക്കുഴി വെള്ളച്ചാട്ടത്തിനടുത്തേക്ക് ജീപ്പ് സവാരിയും കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. കക്കയം റിസർവോയറിനെ മൂടിപ്പുതപ്പിച്ചിരുന്ന മൂടൽമഞ്ഞ് പതിയെ നീങ്ങിത്തുടങ്ങി. റിസർവോയറിലൂടെയുള്ള ബോട്ട് യാത്രയ്ക്കിടെ മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങൾ കാണാം. നിത്യഹരിതവനങ്ങളാണ് കക്കയത്തിന്റെ മറ്റൊരു പ്രത്യേകത. സഞ്ചാരികളുടെ മനം കവരുന്ന കക്കയം കൂടുതൽ സുന്ദരിയാകുന്നത് മൺസൂണിലാണ്. ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കെഎസ്ഇബിയും വനംവകുപ്പും തമ്മിൽ നടക്കുന്ന അഭിപ്രായവ്യത്യാസവും പ്രശ്നങ്ങളും കക്കയം ടൂറിസത്തിന്റെ നട്ടെല്ലൊടിക്കുന്നു.
ഉരൽക്കുഴികൾ തീർത്ത വെള്ളച്ചാട്ടം
കക്കയം ഡാമിലെ കാഴ്ചകളുടെ ഒരു ഭാഗം മറഞ്ഞിരിക്കുന്നത് കാടിനുള്ളിലാണ്, ഉരക്കുഴി വെള്ളച്ചാട്ടം. ഡാമിന് ഏതാനും മീറ്ററുകൾ താഴെയാണ് ഈ വെള്ളച്ചാട്ടം. കാട്ടുപാതകൾ പിന്നിട്ട് ഉരക്കുഴിയിലെത്തി. നല്ല തിരക്ക്. അവരെ നിയന്ത്രക്കാൻ ആകെ മൂന്ന് ഗാർഡുകൾ മാത്രം. യാതൊരു വിധ സുരക്ഷാസംവിധാനങ്ങളും ഇവിടെയില്ല. കുത്തിയൊലിച്ചുവന്ന നീരുറവയാണ് ആദ്യ കാഴ്ച. ഉരൽക്കുഴി വെള്ളച്ചാട്ടം കാണാനായി സഞ്ചാരികൾക്കു വേണ്ടി നിർമിച്ച തൂക്കുപാലം ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ഒരു സ്മാരകം പോലെ നിലകൊള്ളുന്നു. സഞ്ചാരികളെ നിയന്ത്രിക്കുന്നതിനിടെ ഗാർഡ് സലോമി ചേട്ടൻ ഉരക്കുഴി വെള്ളച്ചാട്ടത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി. “കാടിനുള്ളിൽ മറഞ്ഞിരുന്ന ഈ മനോഹര വെള്ളച്ചാട്ടം തേടി സഞ്ചാരികൾ എത്താൻ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. കുത്തിയൊഴുകി വരുന്ന വെള്ളം ഏകദേശം 600 മീറ്റർ താഴ്ചയിലേക്കാണ് പതിക്കുന്നത്. ശക്തിയിൽ വെള്ളം വീണ് ഇരുഭാഗത്തുമുള്ള പാറയിൽ രൂപം െകാണ്ട ഉരലിലേതു പോലുള്ള ചെറിയ കുഴികളാണ് ഉരക്കുഴി എന്ന പേരിനു കാരണം. അപകടസാധ്യത ഏറെയുള്ള ഈ ഭാഗത്ത് ഞങ്ങൾ മൂന്ന് ഗാർഡുമാരല്ലാതെ മറ്റ് യാതൊരു വിധ സുരക്ഷാസംവിധാനങ്ങളും ഇല്ല.
തൂക്കുപാലത്തിനു മുകളിൽ നിന്നാൽ മാത്രമേ വെള്ളച്ചാട്ടം മുഴുവനായും കാണാനാകൂ. വെള്ളച്ചാട്ടത്തിന്റെ പൂർണ കാഴ്ച കാണാനായി സഞ്ചാരികൾ മുകളിലെ പാറയിൽ നിന്ന് താഴേയ്ക്ക് എത്തി നോക്കേണ്ട അവസ്ഥ. ഏറെ സാഹസികമായ ഈ കാഴ്ചകാണൽ പലപ്പോഴും നിയന്ത്രണാതീതമാകുന്നു. എന്തെങ്കിലും അപകടം ഉണ്ടായാൽ തന്നെ അത് അധികൃതരെ അറിയിക്കണമെങ്കിൽ രണ്ടു കിലോമീറ്റർ അകലെയുള്ള ഫോറസ്റ്റ് ഓഫീസിലെത്തണം.” പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടും അധികൃതരുടെ അവഗണനയാൽ കക്കയത്തിന്റെ സൗന്ദര്യം പുറംലോകം അറിയാതെ പോവുകയാണ്.
ഉരക്കുഴി വെള്ളച്ചാട്ടത്തിനു താഴെ മഴവില്ലു വിരിയുന്ന അപൂർവ കാഴ്ച കണ്ടുകൊണ്ടായിരുന്നു മടക്കം. കാട് പെട്ടെന്ന് മൗനം പാലിച്ചു. ഓരോ സഞ്ചാരിയും തിരിച്ചുപോകുമ്പോഴും വീണ്ടും വരും എന്ന പ്രതീക്ഷയിലാണെന്നു തോന്നുന്നു, പ്രകൃതിയുടെ കാത്തിരിപ്പിനെപ്പോഴും മൗനത്തിന്റെ ഭാഷ!
GETTING THERE
കോഴിക്കോട് നിന്നും 50 കിലോമീറ്റർ അകലെയാണ് കക്കയം. ബാലുശ്ശേരി, എേസ്റ്ററ്റ്മുക്ക്, തലയാട് വഴി. അല്ലെങ്കിൽ പേരാമ്പ്ര, കൂരാച്ചുണ്ട്, കല്ലാനോട് വഴിയോ കക്കയത്തേക്ക് എത്തിച്ചേരാം. തലയാട് നിന്ന് കക്കയം പോകുന്ന വഴി 13 കിലോമീറ്റർ പിന്നിട്ടാൽ കരിയാത്തുംപാറയെത്താം. കക്കയം ടൗണിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഡാംസൈറ്റും ഉരക്കുഴി വെള്ളച്ചാട്ടവും. ബാലുശ്ശേരിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് വയലട വ്യൂ പോയിന്റ്. സഞ്ചാരികൾ ഭക്ഷണവും വെള്ളവും കയ്യിൽ കരുതണം.
∙വയലട വ്യൂപോയന്റ് കാണാൻ ധാരാളം സഞ്ചാരികൾ എത്താറുണ്ടെങ്കിലും പ്രാഥമിക സൗകര്യങ്ങളോ, ഗതാഗത മാർഗങ്ങളോ, സുരക്ഷാസംവിധാനങ്ങളോ നിലവിൽ ഇവിടെയില്ല. ഇവ കാര്യക്ഷമമായി ഒരുക്കിയാൽ ഭാവിയിലെ നല്ലൊരു വിനോദസഞ്ചാരകേന്ദ്രമായി വയലടയെ ഉയർത്തിക്കൊണ്ടുവരാൻ കഴിയും.
∙കക്കയം കേന്ദ്രീകരിച്ച് നിലവിൽ സ്പീഡ് ബോട്ട് സർവീസും ജീപ്പ് സവാരിയും മാത്രമേയുള്ളൂ. കുട്ടികളുടെ പാർക്ക്, റോപ്പ് വേ സൗകര്യം, സന്ദർശകർക്ക് താമസിക്കാനുള്ള ടെന്റ് തുടങ്ങിയവ ഒരുക്കിയാൽ കക്കയത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തും.
∙ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ അപകട സാധ്യത കണക്കിലെടുത്ത് കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുക. കൂടുതൽ ഗാർഡുകളെ നിയമിക്കുക. അവർക്ക് അധികൃതരുമായി ബന്ധപ്പെടാൻ വാക്കി ടോക്കി സംവിധാനം ഏർപ്പെടുത്തുക.
∙ഡാം നിർമാണക്കാലത്ത് ഉണ്ടാക്കിയിട്ടുള്ള കോട്ടജുകൾ പുതുക്കി പണിതെടുത്താൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കാൻ കഴിയും
∙ശ്രദ്ധിക്കുക: വയലടമലയുടെ മുകളിൽ ബാരിക്കേഡില്ല. സെൽഫിയെടുക്കുന്നവർ അതീവ ജാഗ്രത പുലർത്തുക.