Wednesday 21 April 2021 12:12 PM IST : By എഴുത്ത്, ചിത്രങ്ങൾ: എബി സീതത്തോട്

‘ഞങ്ങൾ സന്തുഷ്ടരാണ്...’; 40 വർഷമായി കാട് വീടാക്കി കൃഷ്ണൻ കാണിയും ഭാര്യ രാജമ്മയും...

kaniii1 ആനത്തോട് അണക്കെട്ടിന്റെ ജല സംഭരണിയിലൂടെ ചെങ്ങാടത്തിൽ പോകുന്ന കൃഷ്ണൻ കാണിയും ഭാര്യ രാജമ്മയും. ചിത്രങ്ങൾ: എബി സീതത്തോട്

കാടിന്റെ കരുതലിൽ ജീവിതം തള്ളി നീക്കുകയാണ് കൃഷ്ണൻ കാണിയും ഭാര്യ രാജമ്മയും. കൊടും വനത്തിൽ കാടിനെ പ്രണയിച്ച് കഴിയുന്ന വൃദ്ധ ദമ്പതികൾക്കു കൂട്ടായി വന്യമൃഗങ്ങൾ. കാടിറങ്ങാൻ മനസുണ്ടെങ്കിലും ഈ കരുതൽ നാട്ടിൽ കിട്ടില്ലെന്ന് ഇരുവരും പറയുന്നു. വാർത്ത തേടിയുള്ള യാത്രകളിലാണ് ഇത്തരം ജീവിതങ്ങളെ കണ്ടുമുട്ടുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്ത് ഇളംപമ്പയാർ കക്കി ജല സംഭരണിയിലേക്കു സംഗമിക്കുന്ന സ്ഥലത്തു കല്ലുംകൂനയിലെ പാറ ഇടുക്കിലാണ് 40 വർഷമായി ഈ ദമ്പതികൾ താമസിക്കുന്നത്.

kanii222

കുളത്തൂപ്പുഴ പാലോട് സ്വദേശികളായ ഇരുവരും ഈറ്റ വെട്ടാനാണ് ആദ്യമായി കാട് കയറി ഇവിടെ എത്തുന്നത്. ആദിവാസി ‘അരയർ’ വിഭാഗത്തിലുള്ള ഇവർ പിന്നീടു വനവിഭവങ്ങൾ ശേഖരിച്ച് ഇവിടെ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണിയായ ആനത്തോട് അണക്കെട്ടിലൂടെ ഒന്നര മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചാൽ ഇവർ താമസിക്കുന്ന താവളത്തിൽ എത്താം.

kaniii555

മുള ചെങ്ങാടം വാഹനം

വനത്തിലൂടെ നടന്നും, മുള ചെങ്ങാടത്തിൽ സംഭരണികൾ താണ്ടിയും കക്കി അണക്കെട്ടുമായി ബന്ധപ്പെട്ട എർത്ത് ഡാം വഴിയാണ് ഇരുവരും പുറം ലോകവുമായി ബന്ധപ്പെടുന്നത്. മാസത്തിൽ ഒരു തവണ കാട് ഇറങ്ങും. കുന്തിരിക്കം, തേൻ എന്നിവയാണ് ഇവർ പ്രധാനമായും ശേഖരിക്കുന്നത്. ആങ്ങമൂഴിയിൽ എത്തി വനം വിഭവങ്ങൾ ശേഖരിക്കുന്ന സൊസൈറ്റിക്കു നൽകും. ആവശ്യമായ സാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷയിൽ എർത്ത് ഡാമിലെത്തി വീണ്ടും കാട് കയറുകയാണ് പതിവ്.

kaniiii333

പാറയുടെ അള്ള് വീട്

കൂറ്റൻ പാറയുടെ അള്ളിനുള്ളിലാണ് താമസം. ജല സംഭരണിയിലെ ജല നിരപ്പ് ഉയരുമ്പോൾ സമീപ ഷെഡിലേക്കു താമസം മാറ്റും. 2018ലെ വെള്ളപൊക്കത്തിൽ അള്ളിനുള്ളിൽ വെള്ളം കയറിയിരുന്നു.

kaniii999 സംഭരണിയുടെ തീരത്ത് നിൽക്കുന്ന കാട്ടുപോത്തുകൾ.

ഇത്രയും വർഷം ഇവിടെ കിടന്നിട്ടും ഒരിക്കൽ പോലും വന്യ മൃഗങ്ങളുടെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. കടുവ, പുലി, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ഇതു വഴി കടന്ന് പോകാറുണ്ട്. ഇരുവർക്കും കൂട്ടായി ‘വീരൻ’ എന്ന വളർത്തു നായ ഉണ്ട്. മൃഗങ്ങളെ കാണുമ്പോൾ വീരൻ കുര തുടങ്ങും. പിന്നീട് ഒരു മൃഗവും അടുക്കാറില്ല.

kanii666 കക്കി ഉൾവനത്തിൽ 40 വർഷമായി കഴിയുന്ന കൃഷ്ണൻ കാണിയും ഭാര്യ രാജമ്മയും റേഡിയോയിലൂടെ പുറംലോകത്തെ വിശേഷങ്ങൾ കേൾക്കുന്നു.

കാർഡുകളില്ലാത്ത മനുഷ്യർ

കാട് ഇറങ്ങണം എന്ന് ആഗ്രഹം ഉണ്ട് കൃഷ്ണൻ കാണിക്കും രാജമ്മയ്ക്കും. ‘‘സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ഞങ്ങൾ നാട്ടിൽ എത്തിയാൽ എങ്ങനെ ജീവിക്കും? ആദിവാസി വകുപ്പ് അധികൃതരുടെ ലിസ്റ്റിലും ഞങ്ങൾ ഇല്ല. ഇതു വരെ ഒരു സർക്കാർ ആനുകൂല്യങ്ങളും ലഭിച്ചിട്ടുമില്ല.’’ കൃഷ്ണൻ കാണി പറയുന്നു. തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ ഒരു സർക്കാർ രേഖകളും ഇവർക്കില്ല. ജീവിതത്തിൽ ആകെയുള്ള സമ്പാദ്യം 40000 രൂപയാണ്. ഇത് ആങ്ങമൂഴി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്.

kanii888 സംഭരണിയിൽ നിന്ന് വെള്ളം കുടിച്ച ശേഷം കാട് കയറുന്ന കാട്ടാന.

പുറം ലോകത്തെ വിശേഷം അറിയുന്നതിനു ഏക മാർഗം 15 വർഷമായുള്ള റേഡിയോ ആണ്. വ്യക്തമായി റേഡിയോ കേൾക്കാൻ ഈറ്റയിൽ ബന്ധിച്ച വയർ ഏരിയലായി ഘടിപ്പിച്ചിട്ടുണ്ട്. രാത്രി വെളിച്ചത്തിനു മണ്ണെണ്ണ വിളക്കാണ് ആശ്രയം. ഒരു സൗരോർജ വിളക്ക് കിട്ടിയാൽ നന്നായിരുന്നെന്ന് കൃഷ്ണൻ കാണി പറയുന്നു.

ഇടയ്ക്കു തങ്ങളുടെ വിശേഷങ്ങൾ അന്വേഷിച്ച് വനപാലകരും, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും എത്താറുണ്ട്. ഇവരെ കാണുന്നതു മാത്രമാണ് കഴിഞ്ഞ 40 വർഷത്തെ വനവാസത്തിലെ ഏക ആശ്വാസമെന്ന് ഇരുവരും പറയുന്നു.

kaniii678 ആനത്തോട് അണക്കെട്ടിന്റെ ജല സംഭരണിയിൽ വെള്ളം കുടിക്കാൻ എത്തിയ കാട്ടുപോത്തുകളുടെ കൂട്ടം.
Tags:
  • Travel Stories
  • Manorama Traveller