Wednesday 17 June 2020 03:33 PM IST : By Shihab ozhukur

കള്ളവും ചതിയും എള്ളോളമില്ലാത്ത നാട് , നീലക്കടൽ പെറ്റിട്ട ദ്വീപിൽ

l2


ചില സ്ഥലങ്ങള്‍ അങ്ങനെയാണ്, ആര്‍ക്കും പിടിതരാതെ അതങ്ങനെ തനിച്ച് അതിന്റെ സൗന്ദര്യം കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കും. ഒരു പാസ്‌പോര്‍ട്ടും കയ്യില്‍ പണവുമുണ്ടങ്കില്‍ ലോകത്തെവിടേയും നമുക്ക് സന്ദര്‍ശിക്കാം, എന്നാല്‍ എന്നാല്‍ പാസ്‌പോര്‍ട്ടിന്റെ ആവശ്യം പോലുമില്ലാത്ത ലക്ഷദ്വീപിലേക്ക് പോവാന്‍ പണം മാത്രം പോര, അല്പം ഭാഗ്യംകൂടി വേണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും നാം സന്ദര്‍ശിക്കേണ്ട സ്ഥലം ഏതെന്ന് ആരെങ്കിലും ചോദിച്ചാല്‍ നിസംശയം പറയാം അത് അറബിക്കടലിന്റെ മരതകമായ ലക്ഷദ്വീപായിരിക്കണം. ആഴക്കടലില്‍ ദൈവം സ്വന്തം ഭവനമായി പടുത്തുയര്‍ത്തിയ ആ കുഞ്ഞു മണല്‍ പരപ്പിന്റെ   സ്പന്ദനങ്ങളിലൂടെ നടത്തിയ ഒരു കൊച്ചുയാത്രയായിരുന്നു ഇത്. ലക്ഷദ്വീപ് യാത്ര ഏതൊരു സഞ്ചാരിയുടേയും സ്വപ്‌നമാണ്. പുസ്തകങ്ങളിലൂടെയും, സിനിമകളിലൂടെയുമെല്ലാം നാം അടുത്തറിഞ്ഞ ലക്ഷദ്വീപിന്റെ മനേഹാര്യത വാക്കുകളിലെ വര്‍ണ്ണനകള്‍ക്കതീതമാണ്. ഫാറൂഖ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എന്റെ സഹപാഠിയായിരുന്ന ഷമീനയിലൂടെയാണ് ദ്വീപിനെക്കുറിച്ചും ദ്വീപ് വിഭവങ്ങളെക്കുറിച്ചുമെല്ലാം വിശദമായി അറിയുന്നത്. വേനലവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന ദ്വീപുകാരില്‍ നിന്ന് ദ്വീപ് വിഭവങ്ങള്‍ വാങ്ങിത്തിന്നാന്‍ വന്‍ അടിയായിരുന്നു. ദ്വീപ് ഹല്‍വയും, മാസ്(പ്രത്യേകം വേവിച്ച ഉണക്കമീന്‍), മീന്‍ അച്ചാര്‍ തുടങ്ങിയവയെല്ലാമായിരുന്നു പ്രധാനമായും അന്ന് അവര്‍ കൊണ്ടു തന്നിരുന്നത്.

പിന്നിടാന്‍ കടമ്പകളേറെ...
ഒരു വാട്‌സ്ആപ്പ് സംഭാഷണത്തിനിടയ്ക്ക് വളരെ ലാഘവത്തോടെയായിരുന്നു സഹപാഠിയുടെ ചോദ്യം '' നമുക്ക് ലക്ഷദ്വീപില്‍ പോയാലോ?'' അതുവരെ മനസ്സിന്റെ ഏതോ ഒരറ്റത്ത് വെള്ളവും വളവും കിട്ടാതെ വളര്‍ച്ച മുരടിച്ച ഒരു ചെടിപോലെ കിടന്നിരുന്ന ലക്ഷദ്വീപ് യാത്രയെന്ന സ്വപ്‌നം വീണ്ടും തഴച്ച് തിളിര്‍ക്കുന്നത്. കൂട്ടിന് മൂന്നുപേരുടെ സപ്പോര്‍ട്ട് കൂടി കിട്ടിയതോടെ യാത്രക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവോടെയായിരുന്നു ആദ്യമൊക്കെ ശ്രമിച്ചതെങ്കില്‍ കവരത്തിയിലുള്ള ഷമീനയുടെ അങ്കിളായ ആലിക്കയുടെ( ആലിക്കോയ) വിശാലമനസ്സിന് മുന്നില്‍ ഞങ്ങള്‍ക്ക് യാത്രയ്ക്കുള്ള തടസ്സങ്ങളെല്ലാം എളുപ്പത്തില്‍ മാറിക്കിട്ടി. ദ്വീപിന് പുറത്തുള്ളവര്‍ക്ക് ദ്വീപ് സന്ദര്‍ശിക്കുന്നതിനാവശ്യമായ സ്‌പോണ്‍സര്‍ഷിപ്പ് ആലിക്ക ഏറ്റെടുക്കുകയും, അവിടത്തെ ഡിക്ലറേഷന്‍ ഫോം അയച്ചുതരുകയും ചെയ്തു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നേരിട്ട് എത്തിച്ച് കൊടുത്തു. ശേഷം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പോലീസുകാരനാണെന്ന പരിഗണനയില്‍ അതെല്ലാം വേഗത്തില്‍ പൂര്‍ത്തീകരിച്ചു കിട്ടി. പിന്നീട് പെര്‍മിറ്റ് അടിക്കലും, ഷിപ്പ് ടിക്കറ്റ് ബുക്ക് ചെയ്യലുമായിരുന്നു വെല്ലുവിളി. പെര്‍മിറ്റ് അടിച്ചു കഴിഞ്ഞാല്‍ 15 ദിവസത്തിനകം ലക്ഷദ്വീപില്‍പോയി തിരിച്ചുവരണം, ഈ സമയത്ത് ഷിപ്പ് ടിക്കറ്റ് ലഭ്യമാവുകയും ഡിപ്പാര്‍ട്ട്‌മെന്‍ില്‍ നിന്ന് ലീവ് പാസാവുകയും വേണം. ഈ മൂന്ന് കാര്യങ്ങള്‍ ഒരേ സമയത്ത് നടന്നാല്‍ മാത്രമേ യാത്ര സാധ്യമാകുകയുള്ളു. 6 മാസങ്ങള്‍ക്ക് മുമ്പുള്ള അപേക്ഷകള്‍പോലും ലക്ഷദ്വീപ് ഓഫീസില്‍ കെട്ടിക്കിടയ്ക്കുമ്പോള്‍ രണ്ടുമാസത്തെ പരിശ്രമം കൊണ്ട് ലക്ഷദ്വീപ് യാത്ര തരപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം.
ഫെബ്രുവരി 22നാണ് ഞങ്ങളുടെ സ്വപ്‌നയാത്ര ആരംഭിക്കുന്നത്. കൊച്ചിയില്‍ നിന്നും കവരത്തിയിലേക്കുള്ള 'അറേബ്യന്‍ സീ' എന്ന കപ്പലിലാണ് ഞങ്ങള്‍ അഞ്ചുപേര്‍ യാത്ര തിരിക്കുന്നത്. ഉച്ചക്ക് ഒരുമണിക്കാണ് കപ്പല്‍ സൈലിംങ് ആരംഭിക്കുന്നത്. അതിന്റെ മൂന്നു മണിക്കൂര്‍ മുമ്പ് ബോര്‍ഡിംങ് എല്ലാം തീര്‍ത്ത് കപ്പലില്‍ കയറിയിരിക്കണം. നീണ്ട സുരക്ഷാ പരിശേധനയ്ക്ക് ശേഷം കപ്പലിലേക്ക് കയറുമ്പേള്‍ ലക്ഷദ്വീപ് പോലീസിലെ രണ്ടു യുവാക്കള്‍ ഞങ്ങളുടെ ടിക്കറ്റ്, പെര്‍മിറ്റ് എന്നിവ പരിശോധിച്ചു ഉറപ്പ് വരുത്തി, ഞങ്ങളുടെ സീറ്റുകളില്‍ എത്തിച്ചതിന് ശേഷമാണ് അവര്‍ മടങ്ങിയത്.

കപ്പലിലെ ആഡംബരത്തില്‍...

 

l11

ലക്ഷദ്വീപ് യാത്രയുടെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കപ്പല്‍ യാത്ര. കപ്പലില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള സീറ്റുകളാണുള്ളത്, ബങ്ക്, ഡക്ക്( ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്)ഇതില്‍ ബങ്കാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ളത്. കൊച്ചി- കവരത്തി ടിക്കറ്റ് 380 രൂപയാണ്. ഫസ്റ്റ് ക്ലാസിന് 2800 ഉം, സെക്കന്റ് ക്ലാസിന് 980 രൂപയുമാണ് ചാര്‍ജ്ജ്്. ഷിപ്പ് മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. ഓരോര്‍ത്തര്‍ക്കും അനുവദിച്ച് സീറ്റുകളില്‍ ലെഗ്ഗേജെല്ലാം ഒതുക്കി വച്ച്ു കപ്പലില്‍ കറങ്ങാന്‍ പോയി. ശേഷം കപ്പലിന്റെ മട്ടുപ്പാവില്‍ കയറി കാറ്റു കൊള്ളുന്നതനിടയിലാണ് പഞ്ചാബി ഹൗസിലെ ഹരിശ്രീ കഥാപാത്രമായ രമണന്റെ ക്ലാസിക് ഡയലോഗിനെ അനുസ്മരിപ്പിച്ച് കൊണ്ട് ജെട്ടി പിറകോട്ട് പോവാന്‍ തുടങ്ങിയിരുന്നു..!! മിനിട്ടുകള്‍ക്കകം ആഴക്കടലിന്റെ ഓളങ്ങള്‍ കപ്പലിനെ താരാട്ടിത്തുടങ്ങി... ഉയര്‍ന്ന് പൊങ്ങിയും താഴേക്ക് പതിച്ചും കപ്പല്‍ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു. കപ്പലും കൂറ്റന്‍ തിരമാലകളും തമ്മിലുള്ള കടല്‍ യുദ്ധത്തിന്റെ പ്രതിഫലനം പതുക്കെ ഞങ്ങളിലേക്കെത്തി തുടങ്ങി, കപ്പല്‍ പതിനഞ്ച് ഡിഗ്രിയോളം ചെരിയുന്നുണ്ടായിരുന്നു( മണ്‍സൂണ്‍ സമയത്ത് ഇത് 30 ഡിഗ്രി വരെ ആകാറുണ്ടെ്) വൈകുന്നേരം ആറര മണിയോടെ രാത്രി ഭക്ഷണത്തിനുള്ള അറിയിപ്പ് കിട്ടി. അര മണിക്കൂറിനകം ഭക്ഷണം കഴിച്ചില്ലെങ്കില്‍ പിന്നെ അന്നത്തെ കാര്യം തഥൈവ!.. കപ്പലിനകത്ത് തന്നെ വിശാലമായ റസ്റ്ററന്റ് എല്ലാമുണ്ട്. സമയം പാഴാക്കാതെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.. തലേ ദിവസത്തെ ക്ഷീണം കാരണമാകാം വേഗത്തില്‍ ഉറങ്ങാനും സാധിച്ചു. പ്രഭാത ഭക്ഷണത്തിനുള്ള അറിയിപ്പ് കേട്ടാണ് പിറ്റേന്ന് ഉണര്‍ന്നത്. ഭക്ഷണമെല്ലാം കഴിഞ്ഞ് കപ്പലിന്റെ മട്ടുപ്പാവില്‍ കയറിയപ്പോള്‍ അങ്ങ് ദൂരെയായി ദീപിന്റെ പച്ചപ്പുകള്‍ കാണാന്‍ തുടങ്ങിയിരുന്നു... അടുക്കും തോറും തെങ്ങോലയുടെ പച്ചപ്പ്  മനസ്സില്‍ കുളിര്‍ മഴപ്പെയ്യിച്ചു.
ഒരു മണിക്കൂറോളമെടുത്ത് കപ്പല്‍ കവരത്തി ഈസ്റ്റേണ്‍ ജെട്ടിയില്‍ അടുപ്പിക്കുമ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സ്‌പോണ്‍സര്‍ ആലിക്ക ഞങ്ങളേയും കാത്ത് ജെട്ടിയില്‍ നില്‍ക്കുന്നുണ്ട്. കപ്പലില്‍ നിന്ന് പരിചയപ്പെട്ട പോലീസ് സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്ത് ഞങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്കിറങ്ങി.

ദ്വീപിലൂടെ...

l12

 

l2

കപ്പലിറങ്ങുമ്പോള്‍ ഞങ്ങളുടെ മുഖത്തെല്ലാം സ്വപ്‌നമോ യാഥാര്‍ത്യമോ എന്ന് തിരിച്ചറിയാനാവാത്ത ഒരു തരം അന്താളിപ്പായിരുന്നു. ആലിക്കതന്നെ നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍ മുറിയിലേക്ക് പോകാനായി ഞങ്ങള്‍ ഓട്ടോറിക്ഷയില്‍ കയറി. ഊടുവഴിപോലെ തോന്നിപ്പിക്കുന്ന കോണ്‍ക്രീറ്റ് റോഡുകളാണ് ദ്വീപിലെ പ്രധാന റോഡുകള്‍. നാട്ടിലെപ്പോലെ വാഹനങ്ങളുടെ ആധിക്യമൊന്നും ദ്വീപിനെ മലിനപ്പെടുത്താനില്ല, നിറഞ്ഞ ശാന്തതയില്‍ കേര വൃക്ഷങ്ങള്‍ മനോഹരമാക്കിയ കടല്‍ തീരത്ത്കൂടി ഞങ്ങളുടെ ഓട്ടോ യാത്ര തുടര്‍ന്നു. കവരത്തി വെസ്‌റ്റേണ്‍ ജെട്ടിക്ക് സമിപത്തുള്ള അല്‍ബെ' ഹോട്ടലിലായിരുന്നു ഞങ്ങള്‍ക്കുള്ള റൂം ഏല്‍പ്പിച്ചിരുന്നത്. വളരെ വൃത്തിയുള്ള വിശാലമായ താമസ സ്ഥലം കണ്ടതോടെ എല്ലാവരുടെ മനസ്സിലണ്ടായിരുന്ന ആധിയുടെ കാര്‍മേഘമെല്ലാം നീങ്ങി തുടങ്ങിയുിരുന്നു. കുളിച്ച് ഫ്രഷായി ഞങ്ങളുടെ വരവ് അറിയിക്കുന്നതിനായി പോലീസ് സ്‌റ്റേഷനിലേക്ക് പോയി. പെര്‍മിറ്റില്‍ അറൈവല്‍ ടിക് ചെയ്തു യാത്രയിലെ ഫോര്‍മാറ്റികള്‍ എല്ലാം ക്ലിയര്‍ ചെയ്തു.

അതിഥി ദേവോ ഭവ!!

l3
l6

അതിഥികള്‍ അത് എന്നും ലക്ഷദ്വീപുകാര്‍ക്ക് ദൈവങ്ങളാണ്. കേരളത്തിലെ ആതിഥ്യമര്യാദക്കും മുകളിലാണ് ദ്വീപുകാരുടെ മര്യാദ. ഞങ്ങള്‍ക്ക് അന്നത്തെ ഉച്ച ഭക്ഷണം നല്‍കിക്കൊണ്ട് അവരത് തെളിയിക്കുകയും ചെയ്തു. ആലിക്കയുടെ വീട്ടില്‍ ദ്വീപ് വിഭവങ്ങളാല്‍ സമ്പുഷ്ടമായ ഉച്ചഭക്ഷണം, ദ്വീപിലെ ഞങ്ങളുടെ ആദ്യ സത്കാരം.!! വൈകുനേരത്തോടെ ഞങ്ങള്‍ ദ്വീപ് കാഴ്ചകളുടെ മായാലോകത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. സാന്‍ഡി ബീച്ചും, ക്ലോക്ക് ടവറുമായിരുന്നു ആദ്യ ദിവസത്തെ സന്ദര്‍ശന കേന്ദ്രങ്ങള്‍, അനാര്‍ക്കലി സിനിമയിലെ ഓരോ ലൊക്കേഷനുകളില്‍ എത്തുമ്പോഴും കണ്ടു പരിചയിച്ച സ്ഥലത്തെത്തിയ പ്രതീതിയിലായിരുന്നു. 182 സ്റ്റെപ്പുകള്‍ കയരി ക്ലോക്ക് ടവറിന്റെ ഏറ്റവും മുകളില്‍ എത്തി കവരത്തിയുടെ വിശാലതീരം കണ്‍ കുളിര്‍ക്കെ കണ്ടു ഞങ്ങള്‍ അന്നത്തെ യാത്രക്ക് തിരശ്ശീലയിട്ടു.

 കടലും തീരവും...

l4
l5

 

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള ബീച്ചിലേക്ക് പോയി. സര്‍ക്കാര്‍ അധീനതയിലുള്ള ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള റിസോര്‍ട്ടും കടല്‍കാറ്റ് ആസ്വദിക്കാനുള്ള ബീച്ചുമെല്ലാം ഇവിടെയായിരുന്നു. ലക്ഷദ്വീപിലെത്തുന്ന അതിഥികള്‍ക്ക് മനം കുളിരുന്ന കാഴ്ച്ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെയിലിന്റെ ചൂട് കഠിനമാകുന്നത് വരെ ഞങ്ങള്‍ കടലിന്റെ നീലിമയില്‍ നീരാടി. പിന്നീട് കോസ്റ്റു ഗാര്‍ഡിന്റെ അധീനതയിലുള്ള ബീച്ചിലേക്കു പോയി. ലക്ഷദ്വീപ് നിവാസികള്‍ക്ക് മാരക രോഗങ്ങള്‍ വരുമ്പോഴും മറ്റു അടിയന്തര ഘട്ടങ്ങളിലും കരയെ ആശ്രയിക്കാനുള്ള ഏക മാര്‍ഗ്ഗമായ ഹെലികോപ്റ്ററും, ഹെലിപാടും ഈ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് വേലിയേറ്റ സമയത്ത് കരയിലേക്ക് കയറിയ ഒരു ചരക്ക്കപ്പലും അതേ തീരത്ത് ഇന്നും ഒരു സ്മാരകം പോലെ കിടക്കുന്നുണ്ട്. അവിടെ നിന്നും തിരിച്ച് വരുമ്പോഴാണ് ലക്ഷദ്വീപ് സെന്‍ട്രല്‍ ജയില്‍ ശ്രദ്ധയില്‍ പെട്ടത്, ഇക്കാലമത്രയും ഒരാളെപ്പോലും അതില്‍ പാര്‍പ്പിക്കേണ്ടി വന്നിട്ടില്ലായിരുന്നു. എന്നാല്‍ ഈ അടുത്തായി ചെത്ത്‌ലത്ത് ദ്വീപില്‍ നിന്നുള്ള 11 പേരെ ഒരു പീഡനവുമായി ബന്ധപ്പെട്ട് ഇതില്‍ അടക്കേണ്ടി വന്നിട്ടുണ്ട്. സൂര്യന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടതോടെ രണ്ടു ഭാഗത്തും കടലും മധ്യഭാഗത്ത് കൂടി റോഡുമുള്ള മനോഹര പാതയിലൂടെ ഞങ്ങള്‍ തിരിച്ച് ഞങ്ങളുടെ വാസ സ്ഥലത്തേക്ക് മടങ്ങി. കുളിച്ച് ഭക്ഷണമെല്ലാം കഴിച്ച് പഞ്ചാര മണല്‍ വിതറിയ ദ്വീപിന്റെ രാത്രി കാല കാഴ്ച്ചകള്‍ കാണാന്‍ വീണ്ടും കടല്‍ തീരത്തേക്ക് നീങ്ങി. കൂട്ടിനായി ആലിക്കയും കുടുംബവും, ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനിലെ ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.

മടക്കയാത്രക്കുള്ള ഒരുക്കത്തില്‍

l1

 

പിറ്റേന്ന് രാവിലെ കവരത്തിയിലെ പ്രസിദ്ധമായ ഹുജ്‌റ പള്ളിയിലേക്ക് പോയി. 400 വര്‍ഷം പഴക്കമുള്ള പള്ളി പ്രാജീന വാസ്തു ശില്പ കലയ്ക്കുള്ള മികച്ച ഉദാഹരണമായിരുന്നു. പള്ളിക്കകത്ത് ഒറ്റത്തടിയില്‍ തീര്‍ത്ത തൂണുകളും കൊത്തു പണികളും. തിരിച്ച് വരുമ്പോള്‍ കവരത്തിയുടെ പ്രധാന ജലവിതരണ മാര്‍ഗ്ഗമായ ഡിസാലിനേഷന്‍ പ്ലാന്റ് കണ്ടു. അവിടത്തെ ഉഗ്യോഗസ്ഥന്‍ അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം വിശദീകരിച്ചു തന്നു. കുറഞ്ഞചിലവില്‍ കടല്‍ ജലത്തെ ശുദ്ധജലമാക്കിമാറ്റുന്ന ഈ രീതി പക്ഷേ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. കടലിന്റെ പ്രത്യേക സ്വഭാവമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇനി അടുത്ത ലക്ഷ്യം ലക്ഷദ്വീപ് വിഭവങ്ങളുടെ ശേഖരണമാണ്. തിരിച്ച് വരുമ്പോള്‍ വീട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും നല്‍കാനായി മാസ്, മീന്‍ അച്ചാര്‍, ദ്വീപ് ഹല്‍വ എന്നിവയെല്ലാം വാങ്ങി ഭദ്രമായി സൂക്ഷിച്ചു വച്ചു. പിറ്റേന്ന് ഉച്ചക്കായിരുന്നു മടക്കയാത്രക്കുള്ള കപ്പല്‍ അന്നത്തെ പ്രഭാത ഭക്ഷണവും, ഉച്ച ഭക്ഷണവുമെല്ലാം ആലിക്കയുടെ വീട്ടില്‍ നിന്നായിരുന്നു. ദ്വീപിലെ പ്രധാന വിഭവങ്ങളായ തേങ്ങാചോര്‍, പത്തിരി എന്നിവയെല്ലാം തയ്യാറാക്കിയായിരുന്നു  ഞങ്ങളുടെ യാത്രയയപ്പ് ഗംഭീരമാക്കിയത്.
തിരിച്ച് വരുന്ന കപ്പല്‍ വലിയ കപ്പലായതിനാല്‍ ജെട്ടിയിലേക്ക് അടുപ്പിക്കാനാവാത്തതിനാല്‍ ഉല്‍ക്കടലില്‍ നങ്കൂരമിടുകയായിരുന്നു. അതിലേക്ക് പോകാനായി യാത്രാ ബോട്ടുകള്‍ ഉണ്ട്. മനസ്സില്ലാ മനസ്സോടെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി, ബോട്ടില്‍ കയറുമ്പോള്‍ എല്ലാം പരിചിത മുഖങ്ങള്‍, മൂന്ന് ദിവസമായി എല്ലാവരേയും കാണുന്നതല്ലേ...!! കൂട്ടിന് ആലിക്കയും ഞങ്ങളെ അനുഗമിച്ചിരുന്നു. ഓളങ്ങളില്‍ എടുത്തെറിയുന്ന കപ്പലിലേക്കുള്ള കയറ്റം രസകരമായിരുന്നു. അനാര്‍ക്കലി സിനിമ ഷൂട്ട് ചെയ്ത എം.വി കോറല്‍ എന്ന കപ്പലായിരുന്നു ഞങ്ങളുടെ യാത്ര എന്നത് അപ്പോഴാണ് അറിഞ്ഞത്. കപ്പലില്‍ ഞങ്ങളുടെ സീറ്റുകളെല്ലാം കാണച്ചു തന്നതിന് ശേഷമാണ് ആലിക്ക ഞങ്ങളോട് യാത്ര പറഞ്ഞത്.  നിറഞ്ഞ് വരുന്ന കണ്ണുനീരിനെ അടക്കി നിര്‍ത്താന്‍ പാടു പെടുന്നുണ്ടായിരുന്നു അദ്ദേഹം. മൂന്ന് ദിവസം ഞങ്ങളോടൊപ്പം ഞങ്ങളിലൊരാളായി എല്ലാത്തിനും കൂടെ നിന്ന ആലിക്ക തിരിച്ച് പോകുമ്പോള്‍ പിന്നോട്ട് തിരിഞ്ഞ് നോക്കിയത് പോലുമില്ല.!!