Saturday 08 June 2019 02:15 PM IST : By സ്വന്തം ലേഖകൻ

വയസ് 21, സന്ദർശിച്ചത് 196 രാജ്യങ്ങൾ! യാത്രകൾ ഹരമാക്കി ഒരു പെൺകുട്ടി, ലെക്സി അൽഫോൾഡിന്റെ കഥ ഇങ്ങനെ

laksi

കാലിഫോർണിയക്കാരിയായ ലെക്സി അൽഫോൾഡിന് 21 വയസാണ് പ്രായം. പക്ഷേ, ഈ ചെറു പ്രായത്തിനുള്ളിൽ ലെക്സി എന്ന കൊച്ചുമിടുക്കി ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചു കഴിഞ്ഞു എന്നറിഞ്ഞാലോ. സംശയിക്കുകയും ഞെട്ടുകയും വേണ്ട, സംഗതി സത്യമാണ്. നമ്മുടെ നാട്ടിൽ, പെൺകുട്ടികൾ പഠനമൊക്കെ കഴിഞ്ഞ്, ഒരു ജോലിക്കായി ശ്രമിച്ചു തുടങ്ങേണ്ട പ്രായത്തിലാണ് ലെക്സി ഈ അപൂർവ നേട്ടം സ്വന്തമാക്കിയതെന്നതാണ് മറ്റൊരു വിസ്മയം. 196 രാജ്യങ്ങൾ സന്ദർശിച്ച്, യാത്രക്കൊതിയുടെ തുമ്പത്തു കയറി നിന്ന്, അവൾ വീണ്ടും ലോകത്തെ നോക്കുകയാണ്, മറ്റൊരു യാത്രയുടെ തുടക്കം പോല...

മെയ് 31 ന് നോർത്ത് കൊറിയ സന്ദർശിച്ച്, തന്റെ സഞ്ചാരം പൂർത്തിയാക്കുമ്പോൾ 196 പരമാധികാര രാഷ്ട്രങ്ങളിലൂടെയാണ് ലെക്സിയുടെ യാത്ര കടന്നുപോയത്.

കാലിഫോർണിയയിൽ ട്രാവൽ ഏജന്‍സി നടത്തുകയാണ് ലെക്സിയുടെ മാതാപിതാക്കൾ. അതിനാൽ, ചെറിയ കുട്ടിയായിരുന്നപ്പോഴേ ലെക്സിയുടെ മനസ്സിൽ യാത്രകളോടുള്ള ഇഷ്ടം ലഹരി പോലെ നിറഞ്ഞു തൂവിയിരുന്നു. അതോടെ അവൾ യാത്രകളിലേക്കു മനസ്സിനെ പൂർണ്ണമായും ഇറക്കിവിട്ടു. മാതാപിതാക്കൾക്കൊപ്പമുള്ള കുഞ്ഞു യാത്രകളിൽ നിന്ന് ഒറ്റയ്ക്കുള്ള വലിയ യാത്രകളിലേക്ക് അവൾ സ്വയം പറിച്ചു നട്ടതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണം.

ആ സഞ്ചാരം 196 രാജ്യങ്ങൾ കടന്ന് നോർത്ത് കൊറിയയിൽ അവസാനിച്ചതോടെ, ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചയാൾ എന്ന ജെയിംസ് അസ്ക്വിതിന്റെ ഗിന്നസ് നേട്ടവും കടപുഴകി വീണു. ബ്രിട്ടീഷുകാരനായ ജെയിംസിൽ നിന്ന് ആ നേട്ടം ലെക്സിയിലേക്കെത്തുകയായിരുന്നു. എന്നാൽ ഇത്തരം പുരസ്കാരങ്ങൾ തന്നെ കൊതിപ്പിക്കുകയോ ഭ്രമിപ്പിക്കുകയോ ചെയ്യുന്നില്ല എന്നാണ് ലക്സി പറയുന്നത്. പുരസ്കാരങ്ങൾ സ്വന്തമാക്കാനല്ല താൻ യാത്രകൾ ചെയ്യുന്നതെന്നും സഞ്ചാരം തന്റെ ഹരമാണെന്നുമാണ് ഈ കൊച്ചുമിടുക്കി പറയുന്നത്.

അവസാനിക്കാത്ത യാത്രകളുടെ നീളൻ പാതകളിലൂടെ അവൾ വീണ്ടും നടന്നു തുടങ്ങിയിരിക്കുകയാണിപ്പോൾ...