Monday 09 December 2019 11:48 AM IST : By Sreekala T. Menon

കഥ പറയും കരിങ്കല്‍ വിസ്മയം; ലേപാക്ഷി വീരഭദ്രക്ഷേത്രവും പെനുകൊണ്ടയും വീരാപുരവും ചേര്‍ന്നൊരു യാത്ര!

Nandi, Baby Bull Photo :Sreekala T. Menon

ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പ് കേരളത്തിൽ വച്ച് നടത്തിയൊരു എക്സിബിഷനിൽ നിന്നാണ് ആ പേര് ആദ്യമായി കേൾക്കുന്നത്, ലേപാക്ഷി! പറഞ്ഞുനോക്കിയപ്പോള്‍ നല്ല രസം. മാസങ്ങളെടുത്ത് പേരിനു പിന്നിലെ കഥകള്‍ തേടിപ്പിടിച്ചു. ആ കഥകള്‍ ചേർത്തുകെട്ടിയ പാളത്തിലൂടെയായിരുന്നു ആന്ധ്രയിലേക്കുള്ള യാത്ര. ലേപാക്ഷിയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് അനന്തപ്പൂര്‍ ജില്ലയിലെ ഹിന്ദുപ്പൂർ എന്ന നാട്ടിലാണ്. ഗൂഗിളില്‍ തപ്പിയാല്‍ പട്ടണമായി കാണിക്കുമെങ്കിലും അത്ര വലിയ പട്ടണമല്ല ഹിന്ദുപ്പൂർ. വൃത്തിയോ വെടിപ്പോ ഇല്ലാത്ത ഒരിടം. ഹിന്ദുപ്പൂരില്‍ ട്രെയിനിറങ്ങുമ്പോള്‍ സമയം നട്ടുച്ച. ഭക്ഷണം കഴിച്ച് പുറത്തിറങ്ങി യാത്രയ്ക്കായൊരു ഒാട്ടോ തിരഞ്ഞു.

‘‘ലേപാക്ഷി’’... ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞതും ഡ്രൈവർ കൊടും തെലുങ്കില്‍ എന്തൊക്കെയോ ചോദിച്ചു. ഒന്നും മനസ്സിലാകാതെ പകച്ചുനിന്നു. തിരിച്ച് ഇംഗ്ലിഷില്‍ പറഞ്ഞു നോക്കിയെങ്കിലും നോ രക്ഷ. മറുപടിയായി അയാള്‍ ഒന്നും പറഞ്ഞില്ല. പകരം ചിരിച്ചു കാണിച്ചു. പിന്നെ പറഞ്ഞതു മുഴുവന്‍ തെലുങ്ക്. അതോടെ ഒരു കാര്യം മനസ്സിലായി. അയാള്‍ക്ക് തെലുങ്ക് മാത്രമേ അറിയൂ! പക്ഷേ, വിട്ടുകളയാന്‍ പറ്റില്ലല്ലോ. യാത്രകള്‍ ഇങ്ങനെയൊക്കെയല്ലേ. പ്രത്യേകിച്ച് ടാക്സി ഒഴിവാക്കി യാത്ര ഒാട്ടോയിലും ബസിലുമാക്കുമ്പോള്‍. പക്ഷേ, ഒരു ഗുണമുണ്ട്.  പോകുന്ന നാടിന്‍റെ മുഴുവന്‍ തുടിപ്പുകളും അതേ അളവില്‍ അനുഭവിക്കണമെങ്കിൽ ഓട്ടോയും ബസും ഉൾപ്പെടുന്ന ലോക്കൽ യാത്രകളാണ് നല്ലത്.

വിസ്മയക്കാഴ്ചയിലേക്ക്

P_20171003_105726-copy

ഒാട്ടോ നീങ്ങിത്തുടങ്ങി. വഴിക്കിരുവശവും ക ണ്ണെത്തും ദൂരത്തു മലനിരകള്‍. അതിനുതാഴെ റോഡിനോടുചേര്‍ന്നുള്ള വയലുകള്‍ നിറയെ തുവരയും അരിച്ചോളവും. അരിച്ചോളം പകുതി പാകമായിട്ടുണ്ട്.  തുവര കായ്ച്ചുതുടങ്ങിയിട്ടില്ല. അതിന്‍റെ സീസണാകുന്നേയുള്ളൂവെന്ന് ഒാട്ടോെ‍ഡ്രെവര്‍. തനി ഗ്രാമീണനാണയാള്‍. ലേപാക്ഷിയിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞ കൂലി ഇത്തിരി കടുത്തുപോയി. പക്ഷേ, വഴിനീളെ കാഴ്ചകള്‍ കാണിച്ചുതരികയും ഞങ്ങള്‍ക്കായി തുവരയുടെ പയര്‍ തിരഞ്ഞ് വണ്ടി നിര്‍ത്തി പാടത്തേക്കിറങ്ങുകയും ചെയ്ത ആ ഗ്രാമീണ സ്നേഹത്തോട് തര്‍ക്കിക്കാന്‍ തോന്നിയില്ല.

ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള ഹരിത ഹോട്ടൽ നേരത്തെ ബുക്ക് ചെയ്തിരുന്നു. ഒന്നു ഫ്രെഷ് ആയി തൊട്ടടുത്തുള്ള നന്ദി പ്രതിമ കാണാനിറങ്ങി. ഒറ്റക്കല്ലില്‍ തീര്‍ത്ത ഇന്ത്യയിലെ ഏറ്റവും വലിയ നന്ദി പ്രതിമയാണ്. 4.5 മീറ്റര്‍ ഉയരം. 8.3 മീറ്റര്‍ നീളം! ചുറ്റും പുല്‍ത്തകിടിയും ചെറിയൊരു കുളവുമൊരുക്കി ടൂറിസം വകുപ്പ് നന്ദിയുടെ പരിസരവും മനോഹരമാക്കിയിട്ടുണ്ട്. നന്ദിയുടെ തല വീരഭദ്രക്ഷേത്രത്തിലെ നാഗലിംഗത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. നന്ദിയുടെ ആഭരണങ്ങളും മറ്റും എത്ര സൂക്ഷ്മമായാണ് കൊത്തിയിരിക്കുന്നതെന്ന് അദ്ഭുതപ്പെട്ട് ഫോട്ടോയ്ക്ക് പോസുചെയ്യുമ്പോഴേക്കും സന്ദര്‍ശകരുടെ തിരക്കായി.  കുറച്ചുസമയം കൂടി അവിടെ ചുറ്റി നടന്നു. ആറുമണി വരെയേ ഇവിടേക്ക് പ്രവേശനമുള്ളൂ. സെക്യൂരിറ്റിക്കാരന്‍ തിടുക്കം കൂട്ടുന്നു. പതുക്കെയിറങ്ങി ഹോട്ടലിലേക്ക് നടന്നു. പെട്ടെന്ന് ഇടി മുഴങ്ങി. അതുവരെ ഉണങ്ങി നിന്ന അന്തരീക്ഷം പെരുമഴയിലേക്ക്!

പേരു വന്ന വഴി

IMG_9726

ലേ, പക്ഷി എന്നീ രണ്ട് വാക്കുകളില്‍ നിന്നാണ് ലേപാക്ഷിയെന്ന വാക്കുണ്ടായതെന്നാണ് വിശ്വാസം. രാവണന്‍ തട്ടിക്കൊണ്ടുപോയ സീതാദേവിയെ രക്ഷിക്കാന്‍ പക്ഷിശ്രേഷ്ഠനായ ജടായു ശ്രമിച്ചു. കുപിതനായ രാവണന്‍ ജടായുവിന്‍റെ ചിറകരിഞ്ഞു. ജടായു വന്നുവീണത് ലേപാക്ഷിയിലെ കൂര്‍മ (ആമ) രൂപത്തിലുള്ള ഭീമന്‍ പാറക്കല്ലിലാണ്. ഇതിനിയില്‍ സീതയെ അന്വേഷിച്ച് അവിടെയെത്തിയ രാമലക്ഷ്മണന്മാര്‍ മുറിവേറ്റ ജടായുവിനെ കണ്ടു. ജടായുവില്‍നിന്നും വിവരങ്ങളറിഞ്ഞ രാമന്‍ ലേ പക്ഷി (ഉണരൂ പക്ഷി! Rise bird) എന്നു പറഞ്ഞ് ജടായുവിന് മോക്ഷം നല്‍കി എന്നുമാണ് െഎതിഹ്യം. ചരിത്രപരമായും ശില്‍പ്പകലാപരമായും ചരിത്രത്തിലിടം നേടിയ സ്ഥലമാണ് ലേപാക്ഷി.

തനി ഗ്രാമമാണ് ലേപാക്ഷി. താമസിക്കുന്ന ഹോട്ടലിനോടു ചേര്‍ന്നാണ് പുതുതായി നിർമിച്ച ബസ്‍സ്റ്റാന്‍റ്. ആന്ധ്രാ–കര്‍ണാടക ഗവണ്‍മെന്‍റ് ബസുകള്‍ ഇവിടെ കയറുന്നുണ്ട്. തൊട്ടപ്പുറത്ത് സ്കൂള്‍. എതിര്‍‍വശത്ത് നിറയെ ചെറിയ ചെറിയ കടകള്‍. നമ്മുടെ നാട്ടിലെ കടമുറികള്‍ രണ്ടായി പകുത്താലുള്ള  വീതിയേ എല്ലാ കടകള്‍ക്കുമുള്ളൂ.

വീരഭദ്രസന്നിധിയിലേക്ക്

P_20171003_174941_LL

പിറ്റേന്ന് രാവിലെ വീരഭദ്രക്ഷേത്രം കാണാനിറങ്ങി. 1540–ല്‍ വിജയനഗരരാജാവ് അച്യുതരായരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. തൂണുകളും മേല്‍ക്കൂരയും തറയും മുഴുവന്‍ കരിങ്കല്ല് തന്നെ.  ഇന്നിത് പുരാവസ്തു വകുപ്പിന്‍റെ കീഴിലാണ്. പ്രവേശനം സൗജന്യം.

 ഹോട്ടലില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്. റോഡരികില്‍തന്നെ ക്ഷേത്രത്തിലേക്കുള്ള കമാനം കാണാം. അവിടെനിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡിനിരുവശവും ചെറിയ ചെറിയ കടകള്‍. എല്ലാം വീടിന് മുന്‍‍വശം കടകളായി രൂപം മാറ്റിയവയാണ്.  കൂർമശിലയുടെ ഒാര്‍മയുണര്‍ത്തുന്ന ഗ്ലാസ് ആമയും നാഗലിംഗവും നന്ദിയും  മറ്റ് ദേവന്മാരും ചില്ലറ കളിപ്പാട്ടങ്ങളുമൊക്കെ ഈ കടകളില്‍ കിട്ടും. റോഡിനറ്റം ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകളാണ്. പടിക്കെട്ടു കയറി ചെന്നാല്‍ ഇടതുവശത്തൊരു ആലും ആല്‍ത്തറയില്‍ കക്കിരിക്കയും പേരയ്ക്കയും വില്‍ക്കുന്ന രണ്ട് സ്ത്രീകളും കുറേ കുരങ്ങന്മാരും നമ്മെ സ്വീകരിക്കാനുണ്ടാകും. കുരങ്ങന്മാര്‍ കുറച്ച് വികൃതികളാണ്. അതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ െ‍െകയില്‍ കരുതാതിരിക്കുക.

ചെരിപ്പുകള്‍ പുറത്തെ സ്റ്റാന്‍ഡില്‍ അഴിച്ചുവച്ച് അകത്തേക്ക് കടക്കാം. ദിവസവും രാവിലെ ആറുമുതല്‍ െ‍വെകിട്ട് ആറര വരെ പൂജയുള്ള ക്ഷേത്രമാണിത്.  

P_20171003_174635_LL

വാസ്തുപുരുഷന്‍റെയും (പൂര്‍ണനായ പുരുഷന്‍) പദ്മിനിയുടെയും (പൂര്‍ണയായ സ്ത്രീ) കരിങ്കല്‍ ശില്‍പ്പങ്ങളാണ് വാതില്‍ കടന്നാല്‍ നമ്മെ വരവേല്‍ക്കുക. ഇവിടെ നിന്നും പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നത് നാട്യമണ്ഡപത്തിലേക്കാണ്. 70 തൂണുകളിലാണ് നാട്യമണ്ഡപം. ഇതില്‍ 12 എണ്ണം നടുക്ക്. പേരുകേട്ട തൂങ്ങുംതൂണ്‍ (Hanging Pillar) നാട്യമണ്ഡപത്തിലാണ്. തറയെ സ്പര്‍ശിക്കാതെ മേല്‍ക്കൂരയെ താങ്ങുന്ന കൂറ്റന്‍ കരിങ്കല്‍ തൂണ്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്നു. പല യാത്രികരും തൂണിന്‍റെ അടിയില്‍ക്കൂടി തുണി കടത്തി വിടവ് പരിശോധിക്കുന്നത് കണ്ടു. മുകളിലേക്ക് നോക്കിയാല്‍ മേല്‍ക്കൂരയുടെ അടിവശം നിറയെ ചുവര്‍ചിത്രങ്ങള്‍, നൂറ് ഇതളുകളുള്ള താമര (ശതപത്രകമല്‍) എന്നിവ കാണാം. ശിവന്‍റെ 14 അവതാരങ്ങള്‍ കൊത്തിയ ചുവര്‍ചിത്രം ഏഷ്യയിലെ ഏറ്റവും വലുതാണ്. 7 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുണ്ടിതിന്.  ചുവര്‍ചിത്രങ്ങള്‍ക്ക് കാലപ്പഴക്കം കൊണ്ട് മങ്ങലേറ്റിട്ടുണ്ട്.  രാമായണത്തിലെയും മഹാഭാരതത്തിലെയും പല രംഗങ്ങളും ക്ഷേത്രനിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത വിരുപണ്ണയുടെയും സഹോദന്മാരുടെയും മക്കളുടെയുമെല്ലാം ചിത്രങ്ങള്‍ ചുവര്‍ചിത്രങ്ങളിലുണ്ട്.  താമര കൊത്തിയിരിക്കുന്നത് 12 കല്ലുകള്‍ ചേര്‍ത്തുവച്ചാണ്. ദേവനര്‍ത്തകിയായ രംഭയുടെ വിവിധ ഭാവങ്ങള്‍ നാട്യമണ്ഡപത്തിലെ തൂണുകളില്‍ കൊത്തിയിരിക്കുന്നു. മറ്റ് ദേവന്മാര്‍ വാദ്യങ്ങളുമായി നൃത്തം കാണുന്ന രീതിയിലാണ് ശില്‍പ്പങ്ങള്‍. നൃത്തം കാണുന്ന ശിവപാ‍ര്‍‍വതിമാര്‍, ഒാടക്കുഴല്‍ വായിക്കുന്ന സൂര്യന്‍,  തിമില കൊട്ടുന്ന  ബ്രഹ്മാവ്, തംബുരു മീട്ടുന്ന ചന്ദ്രന്‍ എന്നിവയെല്ലാം ഭംഗിയായി കൊത്തിയിരിക്കുന്നു.

P_20171003_173518_LL

നാട്യമണ്ഡപത്തിനു പിന്നില്‍ വീരഭദ്രപ്രതിഷ്ഠയുള്ള ശ്രീകോവില്‍. ഗണപതി, പാര്‍‍വതി, ഭദ്ര, ദുര്‍ഗ, വിഷ്ണു എന്നിവരുടെയെല്ലാം ഉപപ്രതിഷ്ഠകളുണ്ട്. ശിവലിംഗം കൂടാതെ ഹനുമാന്‍ ലിംഗം, പാപവിനാശീശ്വര്‍, രാമലിംഗം എന്നിവയും ക്ഷേത്രത്തിലുണ്ട്.ശിവന്‍റെ കോപത്തില്‍ നിന്ന് ഭദ്രകാളിക്കൊപ്പം ജനിച്ച ഉഗ്രമൂര്‍ത്തിയാണ് വീരഭദ്രന്‍. ശിവന്‍റെ സേനാപതി കൂടിയാണ് വീരഭദ്രന്‍. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം വീരഭദ്രന്‍ തന്‍റെ തേജസിന്‍റെ ഒരംശം തന്നില്‍ നിന്ന് വേര്‍പെടുത്തുകയും ആ അംശത്തില്‍ നിന്ന് ആദിശങ്കരന്‍ ജനിച്ചുവെന്നും ഒരു കഥ ഭവിഷ്യല്‍പുരാണത്തിലുണ്ട്.

ചെന്നകൃഷ്ണം, മത്തൂര്‍ കുടുംബങ്ങള്‍ക്കാണ് ക്ഷേത്രത്തിലെ പൂജയ്ക്കുള്ള അവകാശം. ക്ഷേത്രം വര്‍ഷങ്ങള്‍ പൂജയൊന്നുമില്ലാതെ കിടന്നിരുന്നു. പിന്നീട് പൂജ തുടങ്ങിയത് ഇപ്പോഴത്തെ പൂജാരിമാരില്‍ ഒരാളായ ലക്ഷ്മി നാരായണ ശര്‍മ്മയുടെ അമ്മയുടെ മുത്തച്ഛനാണ്. നൂറു വര്‍ഷത്തോളമായി നിത്യപൂജയുണ്ട്. സൂര്യപ്രകാശമാണ് മറ്റൊരു പൂജാരി. ലക്ഷ്മീ നാരായണ ശര്‍മ്മയ്ക്ക് ഇംഗ്ലിഷ് ഭാഷ വശമുള്ളതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാൻ എളുപ്പമായി.

P_20171003_175158_LL

വിസ്മയമായ നാഗലിംഗം

പ്രധാനക്ഷേത്രത്തിന് പിന്നിലേക്കിറങ്ങിയാല്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ നാഗലിംഗം. ഊണുകഴിക്കാനെത്തിയ കല്‍പ്പണിക്കാര്‍ ഭക്ഷണം തയാറാകാന്‍ താമസിച്ചതിനാല്‍ കുറച്ചുസമയം കാത്തിരുന്നെന്നും ആ സമയം കൊണ്ട് അവര്‍ കൊത്തിയുണ്ടാക്കിയതാണ് ഒറ്റക്കല്ലിലെ ഈ നാഗലിംഗമെന്നുമാണ് െഎതിഹ്യം. ഏഴ് തലകളും ദേഹത്തെ ശല്‍ക്കങ്ങളുമെല്ലാം വ്യക്തമായി കൊത്തിയിരിക്കുന്നത് കാണാം. 3.7 മീറ്റര്‍ ഉയരമുണ്ടിതിന്. നാഗലിംഗം കൊത്തിയ ശിലയുടെ വലതുവശത്ത് ശിവലിംഗത്തെ പൂജിക്കുന്ന ആന, സര്‍പ്പം, എട്ടുകാലി എന്നിവ കൊത്തിയിരിക്കുന്നു. ഇതേ വശത്തുതന്നെ കുറച്ച് മുന്നോട്ട് തള്ളിനില്‍ക്കുന്ന ശിലയില്‍ ഗണപതിയെ കൊത്തിയിരിക്കുന്നു. ഭക്തര്‍ വഴിപാടായി അര്‍പ്പിച്ച പൂക്കള്‍ വാടിയും വാടാതെയും കിടക്കുന്നു.

പാര്‍‍വതീപരിണയം...

നാഗലിംഗത്തിന് പിന്നില്‍ കല്യാണമണ്ഡപം. ഏറ്റവും ഒടുവില്‍ പണിതതും പണി പൂര്‍ത്തിയാക്കാത്തതുമാണിത്.  ശിവപാര്‍‍വതീപരിണയമാണ് ഇവിടുത്തെ സങ്കല്‍പ്പം. പാര്‍‍വതിയുടെ പാണിഗ്രഹണം നടത്തുന്ന  ഹിമവാനെ ഭംഗിയായി കൊത്തിയിരിക്കുന്നു. ചടങ്ങില്‍ സന്നിഹിതരായിരുന്ന ദേവന്മാരെല്ലാം സ്വന്തം വാഹനങ്ങളില്‍ എഴുന്നള്ളുന്നതായാണ് കൊത്തിയിരിക്കുന്നത്. രാജര്‍ഷി– ബ്രഹ്മര്‍ഷിമാരെയും കാണാം.

കല്യണമണ്ഡപത്തിന് പിന്നില്‍ ലതാമണ്ഡപം. നാലു വശങ്ങളുള്ള 36 തൂണുകളാണിത്. ഒാരോന്നിന്‍റെയും ഒാരോ വശത്തും ഒാരോ ഡി‍സൈന്‍. മൊത്തം 134 വ്യക്തമായ ഡിെ‍സെനുകള്‍. സൂക്ഷിച്ചുനോക്കിയപ്പോള്‍ കാര്യം പിടികിട്ടി. ഇന്ത്യന്‍ സാരികളില്‍ കാണുന്ന ഡിെസെനുകള്‍ വന്ന വഴി!

IMG_9696

സീതാപാദം

കല്യാണമണ്ഡപത്തില്‍ നിന്നും പുറത്തേക്കിറങ്ങിയാല്‍ അവിടെയുമൊരു ശിവലിംഗം. വീണ്ടും പുറത്തേക്ക് ഇറങ്ങുന്നത് കരിങ്കല്ലിലെ വലിയ കാല്‍പ്പാദത്തിനടുത്തേക്കാണ്. ഇത് സീതാദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്നു. എപ്പോഴും നല്ല തണുത്ത വെള്ളം ഈ കാല്‍പ്പാദം നിറഞ്ഞ് നില്‍പ്പുണ്ടാകും. കുറേ യാത്രികര്‍ െ‍കെക്കുമ്പിളില്‍ വെള്ളം കോരിമാറ്റുന്നത് കണ്ടു. പക്ഷേ, അതനുസരിച്ച് വെള്ളം നിറഞ്ഞുകൊണ്ടേയിരുന്നു. ക്ഷേത്രത്തിന് നാലുചുറ്റും നീണ്ട സത്രങ്ങളാണ്. ഇവയും കരിങ്കല്ലുകൊണ്ടുതന്നെ നിർമിച്ചതാണ്. പണ്ട് ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തിയിരുന്ന തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനായി പണിതതാണിത്.

സീതാദേവിയുടെ കാല്‍പ്പാദത്തിനടുത്തുനിന്നും വലത്തേക്ക് നടന്നാല്‍ ക്ഷേത്രത്തിന്‍റെ വലതുവശമാണ്. ഇവിടെ വലിയൊരു കൂവളം നല്ല ഉയരത്തില്‍ നിറയെ കായ്കളുമായി നില്‍പ്പുണ്ട്. ഒപ്പം അടുത്തൊരു തറയില്‍ വലിയൊരു ചെമ്പകവും. സഞ്ചാരികളിൽ കുറേപ്പേർ ചെമ്പകക്കൊമ്പുകളില്‍ കയറിയിരുന്ന് സെല്‍ഫിയെടുക്കുന്ന തിരക്കിലാണ്.

kapila5556

കണ്ണിന്‍റെ കഥ

ലേപാക്ഷിയുടെ കഥ പൂര്‍ണമാകണമെങ്കില്‍ വിരുപണ്ണയുടെ കഥ കൂടി അറിയണം. വിജയനഗരസാമ്രാജ്യത്തിലെ അച്യുതരായരുടെ മന്ത്രിയായിരുന്ന വിരുപണ്ണക്കായിരുന്നു ക്ഷേത്രനിർമാണത്തിന്‍റെ സാമ്പത്തികചുമതല. പക്ഷേ, കല്യാണമണ്ഡപത്തിന്‍റെ പണി തുടങ്ങിയപ്പോഴേക്കും ഖജനാവ് കാലിയായിത്തുടങ്ങി. രാജാവിന് വിരുപണ്ണയോട് അനിഷ്ടം തോന്നിത്തുടങ്ങി. ഏഷണി കൂട്ടാന്‍ കഥകളും കൂട്ടായി. അ തോടെ സമ്പത്ത് നശിപ്പിച്ചെന്ന തോന്നലില്‍ വിരുപണ്ണയുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ രാജാവ് ഉത്തരവിട്ടു. പക്ഷേ, ഇതറിഞ്ഞ നിമിഷം രാജഭക്തനായ വിരുപണ്ണ തന്‍റെ കണ്ണുകള്‍ രണ്ടും ചൂഴ്ന്നെടുത്ത് ക്ഷേത്രത്തിന്‍റെ ഇടതുവശത്തേക്ക് വലിച്ചെറിഞ്ഞെന്നാണ് െഎതിഹ്യം. രണ്ടു ദ്വാരങ്ങളും രക്തക്കറയുമുള്ള ഒരു കല്ല് ഇപ്പോഴും ക്ഷേത്രത്തിന്‍റെ ഇടതുവശത്തെ മതിലിലുണ്ട്. ഇത് വേലി കെട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ വിരുപണ്ണയുടെ തേങ്ങല്‍ കേട്ടുവോ? ഇല്ല, ഈ വിസ്മയം കണ്ട് മനം നിറഞ്ഞ സന്തോഷത്തില്‍ തോന്നിയതാണ്.

പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ കടകളില്‍ ചില്ലറ കൗതുകവസ്തുക്കള്‍ തിരഞ്ഞു. കടക്കാരില്‍ ആര്‍ക്കും ഇംഗ്ലിഷും ഹിന്ദിയും വശമില്ല. എല്ലാവരും കന്നഡയും തെലുങ്കും മാത്രം പറയുന്നവര്‍. ഒടുവില്‍ തമിഴ് വശമുള്ള ഒരു കടക്കാരനില്‍ നിന്ന് ചില്ലറ സാധനങ്ങള്‍ വാങ്ങി ആശ്വാസത്തോടെ തിരിയുമ്പോള്‍ തൊട്ടടുത്ത് നിന്ന് ഒരു ചോദ്യം. ‘‘നിങ്ങള്‍ മലയാളിയാ?’’

കട്ട തെലുങ്കിന്‍റെയും കന്നഡയുടെയും ഇടയില്‍ നിന്ന് മലയാളം കേട്ടപ്പോള്‍ എന്തൊരാശ്വാസം. ‘‘അതെ. നിങ്ങളും മലയാളിയാണോ?’’ കാഴ്ചയില്‍ മലയാളിയായി തോന്നാത്ത ചോദ്യകര്‍ത്താവിനോട് തിരക്കി. ‘‘അല്ല. ഞാന്‍ ഈ നാട്ടുകാരനാണ്. പക്ഷേ, കര്‍ണാടക പൊലീസ് സേനയിലായിരുന്നു ജോലി. അപ്പോള്‍ കേരളത്തില്‍ വന്നിട്ടുണ്ട്. ജ്ഞാനപ്പാനയൊക്കെ എനിക്ക് കാണാപ്പാഠമാണ്.’’ എഴുപതു വയസ്സ് തോന്നിക്കുന്ന ആ വൃദ്ധന്‍ പൂന്താനത്തിന്‍റെ വരികള്‍ ചൊല്ലാന്‍ തുടങ്ങി. നന്ദി പറഞ്ഞ് തിരിച്ചുനടക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ പേരു ചോദിച്ചില്ലല്ലോ എന്നോര്‍ത്തത്. ചിലര്‍ അങ്ങനെയാണ്. പേരില്ലാതെയും തങ്ങളുടെ ഇടം രേഖപ്പെടുത്തും.

ലേപാക്ഷിയുടെ കമാനം കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ മനസ്സില്‍ പുലിമുരുകനിലെ ഡയലോഗായിരുന്നു. കേട്ടറിവിനേക്കാള്‍ വലുതാണ് ലേപാക്ഷിയെന്ന വിസ്മയം. അത് കണ്ടുതന്നെ അറിയണം.

kapila_theertham

വര്‍ണക്കൊക്കുകളെ തേടി

ലേപാക്ഷി കണ്ടു കഴിഞ്ഞാല്‍ അടുത്ത ഇടം വീരാപുരം പക്ഷിസങ്കേതമാണ്. ലേപാക്ഷിയില്‍ നിന്നും െകാടികൊണ്ട ചെക്ക് പോസ്റ്റിലേക്കുള്ള വഴി 15 കിലോമീറ്റര്‍ പോയാല്‍ വീരാപുരമായി. പക്ഷിസങ്കേതമെന്നാണ് പേരെങ്കിലും വര്‍ണക്കൊക്കുകളെയും (Painted stork) ഏതാനും ചില നാട്ടു കിളികളെയും മാത്രമാണ് അവിടെ കണ്ടത്. വഴിയില്‍ വലതുവശത്ത് രണ്ട് വര്‍ണക്കൊക്കുകളുടെ വലിയൊരു ശില്‍പ്പമുണ്ട്. ഇതാണ് വീരാപുരത്തേക്കുള്ള പ്രവേശനകവാടം. ഡിസംബര്‍ മുതല്‍ ജൂെ‍ലെ വരെയുള്ള സമയം ഇവിടെ 1500 ല്‍ അധികം വര്‍ണക്കൊക്കുകളെക്കൊണ്ട് നിറയും. െ‍സെബീരിയയില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി ഇവിടെയെത്തുന്ന അവ കൂടുകൂട്ടി, മുട്ടയിട്ട്, കുഞ്ഞുങ്ങളുമായി തിരിച്ചുപോകും.

പെനുകൊണ്ട കോട്ട, പച്ചെ പാര്‍ശ്വനാഥസ്വാമി െ‍ജെന ക്ഷേത്രം, ഗൊല്ലപ്പള്ളി റിസര്‍‍വോയര്‍,കുംഭകര്‍ണ പാര്‍ക്ക് എന്നിവയാണ് ലേപാക്ഷിയുടെ തൊട്ടടുത്ത് കാണാനുള്ള മറ്റ് കാഴ്ചകള്‍. ഇവയെല്ലാം കണ്ട് തിരിച്ചുപോരുമ്പോള്‍ നല്ലൊരു സദ്യയുണ്ടെണീറ്റതുപോലെ തൃപ്തി തോന്നി.

നാലു നൂറ്റാണ്ടുകള്‍പ്പുറം പണിത വിജയനഗരസാമ്രാജ്യത്തിന്‍റെ ഈ വിസ്മയക്കാഴ്ചകൾ  കാലമെത്ര കഴിഞ്ഞാലും മനസ്സിെലപ്പോഴും പച്ച വിരിച്ചു നിൽക്കുമെന്ന് ഉറപ്പാണ്.

HOW TO REACH

െബംഗളൂരുവില്‍ നിന്ന് 101 കിലോമീറ്റര്‍ ദൂരമുണ്ട് ലേപാക്ഷിയുടെ ഏറ്റവും അടുത്ത  െറയില്‍‍വേസ്റ്റേഷനായ ഹിന്ദുപ്പൂരിലേക്ക്. മിക്ക ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പുണ്ട്.  അവിടെ നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് ലേപാക്ഷിയിലേക്ക്. ടാക്സിക്കാറുകള്‍ വിരലിലെണ്ണാനേയുള്ളൂ. ഒാട്ടോ ആശ്രയിക്കുന്നതാണ് നല്ലത്. ഹിന്ദുപ്പൂരില്‍ നിന്ന് ലേപാക്ഷിക്ക് ഇടവിട്ട് ബസുകളുണ്ട് . വിശദമായ കാഴ്ചയും താമസവും ആഗ്രഹിക്കാത്തവര്‍ക്ക് ഒറ്റദിവസം കൊണ്ട് െബംഗളൂരുവില്‍നിന്ന് കാറില്‍ ലേപാക്ഷിയില്‍ പോയിവരാം. െബംഗളൂരുവില്‍ നിന്ന് നേരെ െ‍ഹെദരാബാദ് എന്‍ എച്ച് 7 വഴി കൊടികൊണ്ട ചെക്ക് പോസ്റ്റിലെത്തുക. അവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ ലേപാക്ഷിയിലെത്താം. വീരാപുരം ഈ വഴിയിലാണ്. ചിലന്തൂര്‍ കഴിഞ്ഞാല്‍ വീരാപുരമായി.

Tags:
  • Manorama Traveller
  • Travel India