Friday 20 November 2020 03:48 PM IST : By കെ. ജെ സിജു

ലോനാർ ക്രേറ്റർ : ഇന്ത്യയുടെ ചാവുകടൽ

lonar lake1

പണ്ട് പണ്ട്, ഒരു അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് മധ്യശിലായുഗത്തിൽ ദിനോസറുകളും മാമത്തുകളും മറ്റും നാട് വാണിരുന്ന, നിയാണ്ടർത്താലും ഒരു പക്ഷെ ആധുനിക ഹോമോസാപ്പിയൻസും നിവർന്നു നടന്നു തുടങ്ങിയിരുന്ന കാലത്ത്, ഇന്നത്തെ മഹാരാഷ്ട്രയിലെ ലോനാർ എന്ന പ്രദേശത്ത് ഒരു ഉൽക്ക വന്നു വീണു. വെറുതെ അങ്ങു വീണു കത്തി തീരുകയല്ല ചെയ്തത്, രണ്ടു കിലോമീറ്ററോളം വ്യാസവും ആറു കിലോമീറ്ററോളം ചുറ്റളവും, നൂറ്റൻപത് മീറ്ററോളം താഴ്ചയുമുള്ള അഗാധമായ ഗർത്തം കൂടി അതു അവശേഷിപ്പിച്ചു. അങ്ങിനെ അവിടെ ഒരു ഭീമൻ കുളം ഉണ്ടായി. കടലിനേക്കാൾ ലവണ രസം നിറഞ്ഞ, ജീവജാലങ്ങൾ വാഴാത്ത, അപൂർവ്വ ഇനം ആൽഗകൾ നിറഞ്ഞ ഒരു ക്ഷാര ഉപ്പുകുളം. ഇങ്ങനെ സ്വാഭാവികമായും പ്രകൃതിദത്തമായും രൂപം കൊണ്ട വലിയ ആഴത്തിലുള്ള ഉപ്പുജല തടാകത്തിനെ ആണ് ക്രേറ്റർ എന്നു വിളിക്കുന്നത്. പ്രകൃതി തീർക്കുന്ന നിരവധി ദ്യശ്യവിസ്മയങ്ങളിൽ ഒന്നാണ് ലോനാർ ക്രേറ്റർ. അപൂർവങ്ങളിൽ അപൂർവമായ ഒരു കാഴ്ച. ഇത്തരമൊന്നു ഇന്ത്യയിൽ വേറേ ഇല്ല. ലോകത്തിലും. .

ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ഒന്നും കണ്ടു വരാത്ത ആൽഗകളും ബാക്റ്റീരിയകളും ലോനാറിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ അന്യഗ്രഹ പര്യവേഷണങ്ങൾക്ക് സഹായകമായ പലതും ലോനാറിന്റെ വിശദമായ പഠനത്തിലൂടെ ലഭിക്കാൻ ഇടയുണ്ടെന്നു ശാസ്ത്രലോകം കരുതുന്നു.ഔറംഗബാദിൽ നിന്നും ജാൽന സുൽത്താൻപൂർ സിന്ദ്‌ഖേത് രാജ വഴിയാണ് ലോനാറിലേക്ക് പോകുക. ചുറ്റിലും കൃഷിസ്ഥലങ്ങൾ പരന്നു കിടക്കുന്ന വിശാലമായ ഭൂമി. ഉള്ളിയും ഗോതമ്പും കാബേജും പരുത്തിയും മുന്തിരിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഔറംഗബാദിൽ നിന്നും 160 കിലോമീറ്റർ അകലെ ബുൽധാന ജില്ലയിലാണു ലോനാർ.

സീ ജീ അലക്‌സാണ്ടർ എന്ന പട്ടാള ഉദ്യോഗസ്ഥൻ 1823ൽ ആണ് ഈ ഉപ്പു തടാകം കണ്ടെത്തുന്നത്. എങ്കിലും 1973 ൽ ആണ് വാഷിങ്ടനിലെ സ്മിത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ ജിയോളജിക്കൽ സർവ്വെ വകുപ്പും ചേർന്നു നടത്തിയ ഗവേഷണത്തിൽ കൃഷ്ണ ശിലയിൽ(Basalt Rock)) ഉണ്ടായ ലോകത്തിലെ ഏക അതി പ്രവേഗ ഉൽക്കാ ആഘാതം(Hyper Velocity Meteorite Impact) ആയി ഇതിനെ സ്ഥിരീകരിക്കുന്നത്.

L crt 2

60 മീറ്റർ വ്യാസവും ഒരു ദശലക്ഷം ടൺ ഭാരവുമുള്ള ഉൽക്ക, സെക്കന്റിൽ 20 കിലോമീറ്റർ വേഗത്തിൽ വന്നിടിച്ചാണ് ഈ ഗർത്തം(ക്രേറ്റർ) ഉണ്ടായത് എന്നു ശാസ്ത്രജ്ഞർ കണക്കു കൂട്ടുന്നു. എകദേശം ആറ് മെഗാ ടൺ ബോംബിനു തുല്യമായ വിസ്‌ഫോടന ശേഷി. ഭൂമിയിൽ എകദേശം 600 മീറ്റർ ആഴത്തിൽ ഉൽക്കയുടെ അവശിഷ്ടം അടക്കം ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ നിരവധി സ്ഥലങ്ങളിൽ ക്രേറ്ററുകൾ ഉണ്ട്. അമേരിക്കയിലെ അരിസോണയിൽ ആണ് ലോകത്തിലെ ആദ്യത്തെ തിരിച്ചറിയപ്പെട്ട ക്രേറ്റർ ഉള്ളത്. ലോനാർ ആവട്ടെ വലുപ്പത്തിൽ ലോകത്തെ മൂന്നാമത്തെയാണ്. ബസാൾടിക് പാറകളിലെ ഏകവും. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഉപ്പുജല തടാകമാണ് ലോനാർ. പൊതുവേ വൃത്താകൃതിയിലുള്ള ഈ ക്രേറ്ററിന്റെ വടക്കു കിഴക്കൻ ഭാഗം മാത്രം അൽപ്പം ചെരിഞ്ഞു താണിരിക്കുന്നു. ഉൽകാ പതനത്തിന്റെ ദിശ സൂചിപ്പിക്കാനെന്നോണം. റിമ്മി(Rim)ൽ നിന്നും ജലനിരപ്പിലേക്കുള്ള ഉയരം 30 മീറ്റർ വരും.തെക്കു കിഴക്കൻ ഭാഗത്താണ് ചുമർ കൂടുതൽ ഉയർന്നു നിൽക്കുന്നത്. 1300 മീറ്റർ ആണ് തടാകത്തിന്റെ വ്യാസം. 10.5 ആണ് ഈ ഉപ്പുവെള്ളത്തിന്റെ പീ എച്ച് മൂല്യം.കടൽ വെള്ളത്തിന്റേത് വെറും 7.5 മാത്രവും.

lonar lake2

ഓക്‌സിജന്റെ അഭാവവും അടിത്തട്ടിലെഹൈഡ്രജൻ സൾഫൈഡ് ഗ്യാസിന്റെസാന്നിധ്യവും കാരണം ഈ വെള്ളത്തിൽ ജീവന്റെ സാന്നിധ്യമില്ല. ചാവുകടൽ പോലെ. പലപ്പോഴും ഹൈഡ്രജൻ സൾഫൈഡിന്റെ ഗ്യാസിന്റെ മണം ലോനാർ പട്ടണത്തിൽ എത്താറുണ്ടത്രെ. തടാകത്തിലെ സൾഫൈറ്റിന്റെയും ഉപ്പിന്റെയും സാന്നിധ്യവും പ്രാദേശികമായുള്ള പാറകളിൽ അവയുടെ അഭാവവും മറ്റും വന്നു വീണ ഉൽക്കയുടെ ലവണ സ്വഭാവത്തിലേക്ക് വിരൽചൂണ്ടുന്നു. തടാകത്തിനടിയിൽ ഉപ്പുവെള്ളത്തിന്റെ ഉറവകൾ ഉണ്ട് എന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.പുറത്തേക്കുള്ള ജലപ്രവാഹം ഒന്നും ഇതു വരെ കണ്ടെത്തിയിട്ടില്ല. തടാകത്തിലെ ജലത്തിൽ കാണപ്പെടുന്ന നീലയും പച്ചയും നിറമുള്ള ആൽഗയും, ബാക്റ്റീരിയയും ആണ് മറ്റൊരു ശ്രദ്ധേയമായ സവിശേഷത. മറ്റൊരു ജീവജാലവും വളരാൻ സാധിക്കാത്ത 10.5നു മേൽ പീ എച്ച് ഉള്ള ഈ തടാകത്തിൽ വളരുന്ന ഇവയെ ലോകത്ത് മറ്റൊരു സ്ഥലതും കണ്ടെത്തിയിട്ടും ഇല്ല.

L crt

ക്രേറ്ററിനു തൊട്ടുതാഴെ കാമാൽജ ദേവിയുടെ അമ്പലം. ഇടിഞ്ഞു പൊളിയാതെ ബാക്കി നിൽക്കുന്ന ഏക കെട്ടിടവും ഇതുമാത്രമാണ്. ധാർ അരുവി ഉദ്ഭഭവിക്കുന്നിടത്തെ പ്രധാന അമ്പലമായ ഗോമുഖിന്റെ അരികിലൂടെ ആണ് താഴേക്കുള്ള പ്രധാനവഴി. മറ്റൊന്നു ഗസ്റ്റ് ഹൗസിനു സമീപത്തുനിന്നും ഉണ്ട്. ധാർ അരുവിയിൽ നിരവധി തീർത്ഥാടകർ സ്‌നാനം ചെയ്യാറുണ്ട്. വിശാലമായ ഒരു േസ്റ്റഡിയത്തെ അനുസ്മരിപ്പിക്കും ലോനാർ. ഗാലറികൾ ഇല്ല എന്നു മാത്രം. പുൽ മൈതാനത്തിനു പകരം ഹരിത തടാകം.