Tuesday 07 July 2020 03:09 PM IST : By സ്വന്തം ലേഖകൻ

അമേരിക്കയിലെ പൂന്തോട്ടങ്ങളുടെ തലസ്ഥാനം

Longwood Gardens1

അമേരിക്കയിലെ പൂന്തോട്ടങ്ങളുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ലോങ് വുഡ് ഗാർഡൻസ് രാജ്യാന്തര വിനോദ സഞ്ചാരികൾക്കായി വാതിൽ തുറന്നു. ലോകത്ത് ഏറ്റവും വലിയ ഉദ്യാനങ്ങളിലൊന്നാണു ലോങ് വുഡ് ഗാർഡൻ. അലങ്കാല പുഷ്പങ്ങൾ വിടർന്നു നിൽക്കുന്ന ലോങ് വുഡ് ഗാർഡൻസിൽ ഓരോ വർഷവും പത്തു ലക്ഷം സന്ദർശകർ എത്തുന്നു. 1077 ഏക്കർ സ്ഥലത്ത് പൂച്ചെടികളും മരക്കൂട്ടവും വാട്ടർ ഫൗണ്ടനുമെല്ലാം ഉൾപ്പെടുന്നതാണ് ഉദ്യാനം. വിർച്വൽ ടൂറിനെക്കാൾ മനോഹരമായ ഉദ്യാനം ഫിലാഡൽഫിയയിലാണ്.

മരക്കൂട്ടം, ഉദ്യാനം, ജലധാരാ യന്ത്രങ്ങൾ, തടാകം എന്നിവയാണ് പൂന്തോട്ടത്തിലെ പ്രധാന ആകർഷണം. വിടർന്നു നിൽക്കുന്ന പൂക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന ‘ഇറ്റാലിയൻ വാട്ടർ ഗാർഡൻ’ ഫോട്ടൊഗ്രഫിയിൽ കമ്പമുള്ളവരെ ആകർഷിക്കുന്നു. രാവിലെ മുതൽ സൂര്യാസ്തമയം വരെ നടന്ന് ആസ്വദിക്കാവുന്ന കാഴ്ചകൾ പൂന്തോട്ടത്തിലുണ്ട്. പിയർ എസ്. ഡ്യൂ പോണ്ട് എന്നയാളുടെ സ്വപ്നമാണ് ലോങ് വുഡ് ഗാർഡൻസ് എന്ന പേരിൽ ഫിലാഡൽഫിയയിൽ പടർന്നു പന്തലിച്ചത്.

കൃഷിഗ്രാമങ്ങൾക്കു പേരുകേട്ട സംസ്ഥാനമാണ് ഫിലഡൽഫിയ. കൃഷിക്കാരും ഗോത്രവാസികളുമാണ് ഗ്രാമത്തിലെ പൂർവികർ. പിൽക്കാലത്ത് ഉദ്യാനം പ്രശസ്തമായപ്പോൾ അമേരിക്കയിലെ പ്രശസ്ത വ്യക്തികൾ ഗ്രാമം സന്ദർശിച്ചു. സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ഈ സ്ഥലത്തിന് ‘പ്രിമിയർ പെർഫോമൻസ് വെന്യൂ’ എന്നു പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് ഔദ്യോഗിക കൂടിക്കാഴ്ചകൾ, സംഗീതനിശ, സാംസ്കാരിക മേള തുടങ്ങിയ പരിപാടികൾക്കായി ജനസാഗരം ഇവിടേക്ക് ഒഴുകി.

Longwood Gardens2

ഋതുഭേദങ്ങൾക്കൊപ്പം നിറം മാറുന്ന പൂക്കൾ

പന്ത്രണ്ടു മാസങ്ങളിലും സന്ദർശകർ വരുന്ന ഉദ്യാനമാണ് ഫിലാഡൽഫിയയിലേത്. ഋതുഭേദങ്ങൾക്കൊപ്പം നിറം മാറുന്ന പൂക്കളാണ് എല്ലാ മാസങ്ങളിലും അതിഥികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ലോങ് വുഡ് ഗാർഡൻസ് സന്ദർശിക്കുന്നവർ ട്രിപ്പിന്റെ ഭാഗമായി ഉൾപ്പെടുത്തുന്ന സമീപക്കാഴ്ചകൾ ഒട്ടേറെ. അതിലൊന്നാണ് ബാറ്റിൽ ഓഫ് ബ്രാൻഡിവൈൻ സ്മാരകം. ‘ബാറ്റിൽ ഓഫ് ബ്രാൻഡിവൈൻ’ (1777 സെപ്റ്റംബർ 11) സാക്ഷ്യം വഹിച്ച സ്ഥലം ഇപ്പോൾ സ്മാരകരമാണ്. വിപ്ലവത്തിന്റെ സ്മരണയ്ക്കായി മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. ബ്രാൻഡി വൈൻ ബാറ്റിൽ ഫീൽഡ് പാർക്ക് സന്ദർശിക്കുന്നവർക്ക് വിപ്ലവം എന്തായിരുന്നുവെന്നു മനസ്സിലാക്കി കൊടുക്കാൻ 20 മിനിറ്റ് വിഡിയോ പ്രദർശനം ഉണ്ട്.

ഇൻഡോർ പ്ലേകളുടെ സമ്പൂർണത

അമേരിക്കയുടെ ഈസ്റ്റ് കോസ്റ്റ് തീരത്ത് ഏറ്റവും വലിയ ഷോപ്പിങ് മാളുകൾ സ്ഥിതി ചെയ്യുന്നത് ലോങ് വുഡ് ഗാർഡനു സമീപത്താണ്. കിങ് ഓഫ് പ്രഷ്യ മാളിൽ ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്നു. ഏഴു ഡിപ്പാർട്മെന്റ് േസ്റ്റാറുകളും ആഡംബര വസ്തുക്കളുടെ ഷോറൂമുകളും പ്രവർത്തിക്കുന്ന ഷോപ്പിങ് മാൾ ആണ് കിങ് ഓഫ് പ്രഷ്യ. ഇവിടെയുള്ള പ്രാദേശിക ഭക്ഷണശാലകളും വിഭവങ്ങളും പ്രശസ്തം.

Longwood Gardens3

കുട്ടികളുടെ പ്രതിഭ വളർത്താൻ അവസരം നൽകുന്നു ലെഗോലാൻഡ്. ഇൻഡോർ പ്ലേകളുടെ സമ്പൂർണതയെന്നാണ് ഈ ഇൻഡോർ പ്ലേ ഏരിയ അറിയപ്പെടുന്നത്. തീം റൈഡ്, 4ഡി സിനിമ, ബ്രിക് ഗെയിം, പ്ലേ ഏരിയ തുടങ്ങി ക്രിയാത്മകതയുടെ ലോകമാണ് ലെഗോലാൻഡ്. അതുപോലെ അൽഭുതക്കാഴ്ചയാണ് 3500 ഏക്കർ വിസ്തൃതിയുള്ള വാലി ഫോർജ് നാഷനൽ ഹിേസ്റ്റാറിക്കൽ പാർക്ക്. മരക്കൂട്ടവും തടിയിൽ നിർമിച്ച കുടിലുകളും സന്ദർശകരെ വരവേൽക്കുന്നു. ദേശീയ പൈതൃകം വ്യക്തമാക്കാനായി ശിൽപങ്ങളും സ്മാരകളും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം ഫിലാഡൽഫിയയിൽ താമസിച്ചുകൊണ്ട് ആസ്വദിക്കാവുന്ന സ്ഥലമാണു ലോങ് വുഡ് ഗാർഡൻസ്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Travel Stories