Thursday 23 May 2019 02:57 PM IST : By സ്വന്തം ലേഖകൻ

മഗ്ദെലെന നദിയില്‍ പൂവിട്ട അതിരുകളില്ലാത്ത പ്രണയം! ‘ലൗ ഇൻ ദ് ടൈം ഓഫ് കോളറയിലെ’ ഫ്രെയിമുകൾ

movie-cover

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ലവ് ഇൻ ദ് ടൈം ഓഫ്‌ കോളറ’ അഥവാ ‘കോളറ കാലത്തെ പ്രണയം’ എന്ന നോവലിനെ ആസ്പദമാക്കി ഹോളിവുഡ്ഡിൽ നിർമിച്ച അതേ പേരിലുള്ള ചലച്ചിത്രം. പല വീക്ഷണകോണുകളിൽ നിന്ന്‌ നിരൂപകർ സമീപിച്ച സിനിമയാണിത്. ‘അഴിയാത്ത നിർവ്യാജമായ പ്രണയത്തിന്റെ ഗാഥ, ഉദാത്തമായിരിക്കെതന്നെ അസാന്മാർഗികമായ പ്രണയത്തിന്റെ ആവിഷ്കാരം, വൈകാരികവും ശാരീരികവുമായ രോഗാവസ്ഥ’ എന്നിങ്ങനെ ചലച്ചിത്രം അനുവാചകരിൽ പ്രതികരണങ്ങൾ ഉളവാക്കുന്നു.

സ്പാനിഷ് ഭാഷയിൽ കോളറ അനിയന്ത്രിത വൈകാരികതയും മഹാമാരിയുമാണ്‌. ചലച്ചിത്രത്തിലെ ഒന്നിലധികം യാത്രകൾ പ്രണയാഭിമുഖ്യവും മരണാഭിമുഖ്യവും കൂടാതെ ഉടഞ്ഞുപോയ പ്രണയത്തെ തിരിച്ചെടുക്കാനുള്ളതുമായി പ്രത്യക്ഷമാകുന്നു. കാർട്ടെജിനയിൽ നിന്ന്‌ ജന്മഗ്രാമത്തിലേക്ക് ഫെർമിനയെന്ന യുവതിയെ അവളുടെ പ്രണയത്തെ നിഷേധിച്ചുകൊണ്ട് പിതാവ് നിർബന്ധപൂർവം പലായനം ചെയ്യുന്നതും, ഫെർമിനയെ തേടി കാമുകൻ ഫ്ളോറെന്റിനോ പിന്തുടരുന്നതും, ദാമ്പത്യജീവിതത്തിന്റെ സ്വസ്ഥതയിലേക്ക് ഫെർമിനയും ഭർത്താവ് ഡോ. അർബിനോയും തിരിച്ച് കാർട്ടെജിനയിലേക്ക് തന്നെ മടങ്ങുന്നതും അർബിനോയുടെ മരണശേഷം ഫെർമിനയും ഫ്ളോറെന്റിനോയും മഗ്ദെലെന നദിയിലൂടെ ഉൾനാടൻ നൗകയിൽ വാർധക്യത്തിന്റെ മണം ശ്വസിക്കുന്ന ശരീരങ്ങളിൽ വീണ്ടും പ്രണയത്തെ തളിർക്കാൻ വിടുന്നതും ആയി നാലു യാത്രകൾ ഈ ചലച്ചിത്രം ആവിഷ്കരിക്കുന്നതായി കാണാം.

ഈ ചലച്ചിത്രത്തിലെ സ്ഥലകാലങ്ങൾ ഓരോന്നും സൂക്ഷ്മമായ യാത്രാമുനമ്പായിത്തീരുന്നു. കരീബിയൻ കടലിൽ മഗ്ദെലെന നദി ചേരുന്ന ഇടത്ത് ഒരു നഗരത്തിലാണ്‌ ഈ പ്രണയത്തിന്റെ ചുഴലിക്കാറ്റ് ആരംഭിക്കുന്നത്. അത് കൊളംബിയയിലാണെന്ന്‌ എല്ലാവരും കരുതുന്നത് റാഫേൽ ന്യുനെസ് എഴുതിയ ദേശീയഗാനമെന്ന പരാമർശംകൊണ്ടാണ്‌. ഒട്ടേറെ പരാമർശങ്ങൾ നഗരം കാർട്ടെജിനയായി ഉറപ്പിക്കാൻ പ്രേരിപ്പിക്കുന്നു. പറയാതെ പറഞ്ഞ് ഒരു ഭൂവിടത്തെ മായികമായി നിർത്തുകയാണ്‌ മാർകേസ്. ആ മായികലോകത്തെ ദൃശ്യവൽക്കരിക്കാൻ സംവിധായകൻ മൈക് നന്നെ പാടുപെട്ടിരിക്കുന്നു. ഫ്ളോറെന്റിനോയുടെയും ഫെർമിന ഡാസയുടെയും അൻപതു വർഷം നീണ്ടു നിന്ന പ്രണയബന്ധം ഓരോ അനുവാചകനെയും എന്തെന്ത് വിചാരവികാരങ്ങൾക്കിടയിലൂടെയാണ്‌ നയിച്ചുകൊണ്ടു പോകുന്നത് എന്നനുഭവിപ്പിക്കാൻ ഈ ചലച്ചിത്രം മതിയോ എന്ന ചോദ്യത്തിന്‌ പോരാ എന്നു തന്നെ ആണ്‌ നോവൽ വായിച്ചവർ ഉത്തരം തരിക.

love-2

യാത്ര മരണതീരത്തേക്ക്

മരണം ഏതെല്ലാം വഴിയിലൂടെ വരുന്നു! തോട്ടത്തിൽ ഇ രുന്ന് സംഗീതം കേൾക്കവെ ഓമനയായ വളർത്തുതത്തയുടെ രൂപത്തിൽ മരണം മാടിവിളിച്ചത്‌ ജുവനൽ അർബിനോ എന്ന ജനസമ്മതനായ ഒരു പ്രഗത്ഭ ഡോക്‌ടറെ ആണ്. 1880-1930 കാലഘട്ടത്തിൽ കൊളംബിയയിലെ ഒരു തുറമുഖനഗരത്തിൽ ഒന്നാം ലോകയുദ്ധത്തോടടുപ്പിച്ച്‌ പകർച്ചവ്യാധി വ്യാപിച്ചപ്പോൾ സാമൂഹികപ്രതിബദ്ധതയോടേ ചികിത്സക്കിറങ്ങിയ ഡോ. അർബിനോ ജനമനസ്സിൽ ആരാധ്യനായി. അന്ത്യശ്വാസം വലിക്കുന്നതിനു മുൻപ് അദ്ദേഹം ഭാര്യ ഫെർമിനയോട് പറഞ്ഞു,

‘ഞാൻ നിന്നെ എത്രമാത്രം സ്നേഹിച്ചുവെന്നത് ദൈവത്തിന്‌ മാത്രമെ അറിയൂ’. അതു വാസ്തവമായിരുന്നോ? ആ സ്നേഹത്തിന് അതേ സ്ത്രീയെ മറ്റൊരാൾ സ്നേഹിച്ചപോലെ അത്മീയപരിശുദ്ധി അവകാശപ്പെടാനുണ്ടായിരുന്നോ? മാർകേസിന്റെ നോവൽ ഈ ചോദ്യം ഉന്നയിച്ചുകൊണ്ട്‌ ആ പ്രദേശത്തിന്റെ സാമൂഹികസ്വഭാവങ്ങളെ പരിശോധിക്കുന്നു. ആ കാലത്തിന്റെ എല്ലാ നന്മകളോടെയും കാപട്യങ്ങളോടെയും.

ഇതേ സമയം നാം കാണുന്ന മറ്റൊരു കാഴ്ച, പ്രായം എഴുപതുകളി ലെത്തിയ ഫ്ളോറന്റിനോഅരിസ, ഒരു 14 കാരിയുമായി സഹശയനം ചെയ്യുന്നതാണ്. അന്നേരം മരണം അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങിയപ്പോൾ ഫ്ളോറന്റിനോയ്ക്ക് തോന്നി ഇത് ഒരു അസാധാരണ മരണമാണ്. അല്ലെങ്കിൽ ഇങ്ങനെ മണികൾ മുഴങ്ങില്ല. അമേരികയെന്ന ആ പെൺകുട്ടിയെ എത്രയും വേഗം കോളജിലേക്കു പോകാൻ അനുവദിച്ച് ഫ്ളോറെന്റിനോ മരണവീടു തേടി ഇറങ്ങി.

love-4

ഡോ. അർബിനോയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയവർ അദ്ദേഹത്തെ ആത്മാർഥമായി പ്രകീർത്തിച്ചു, ഒരു പുണ്യവാളനു തുല്യം. അദ്ദേഹമില്ലായിരുന്നെങ്കിൽ നാട് മുഴുവൻ കോളറ പടർന്നേനെ. ഏകയായി ആ സങ്കടക്കടൽ നീന്തിക്കടക്കാൻ ശ്രമിക്കവെ ഡോക്‌ടറുടെ ഭാര്യ ഫെർമിന അർബിനോയെ കാണാൻ ഫ്ളോറന്റിനോ എത്തി. വിലാപത്തിന്റെ ആ നിമിഷങ്ങളിൽ പറയാൻ യോജ്യമായ വാക്കുകളായിരുന്നോ ഫ്ളോറന്റിനോ പറഞ്ഞത്? അനൗചിത്യം കാണിക്കാൻ തക്കവിധം അയാൾ സംസ്കാരശൂന്യൻ ആയിക്കഴിഞ്ഞിരുന്നുവോ? ഒരു പക്ഷേ, നാം കഥ അറിയുമ്പോൾ ഫ്ളോറന്റിനോയെ ന്യായീകരിക്കുമോ? അറിയില്ല.

‘ഞാൻ 51 വർഷവും ഒൻപതു മാസവും നാലു ദിവസവുമായി ഈ അവസരത്തിന്‌ കാത്തിരിക്കുകയായിരുന്നു’ എന്നല്ലേ അയാൾ പറഞ്ഞത്? ‘ആദ്യം കണ്ട അന്നു മുതൽ ഞാൻ നിന്നെ എത്രത്തോളം സ്നേഹിച്ചുവെന്നോ! നിന്നോടെനിക്കുള്ള പ്രതിജ്ഞ ഇതാണ്. അഴിയാത്ത സ്നേഹവും അന്ധമായ വിശ്വസ്ഥതയും എനിക്കുണ്ടാവും’.

‘ഫ്ളോറന്റിനോ’- സർവശക്തിയും സംഭരിച്ചുകൊണ്ട്‌ ഫെർമിന പൊട്ടിത്തെറിച്ചു. ‘കടന്നുപോകുന്നുണ്ടോ?

ശേഷിക്കുന്ന ജീവിതകാലം ഇനി നിങ്ങളുടെ മുഖം ഇവിടെ കാണരുത്’. നമ്മൾ അയാളെ ആഭാസനെന്നു വിളിക്കുമായിരുന്ന ഒരു കാര്യം കൂടി കണ്ടു. ശവസംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ ഫ്ളോറെന്റിനോ നിർന്നിമേഷനായി ഫെർമിനയെ തന്നെ നോക്കുകയായിരുന്നു.

ഫെർമിന അന്നു രാത്രി തന്റെ പഴയ കത്തുകൾ മുഴു വൻ പുറത്തെടുത്തു. ഫ്ളോറന്റിനോയെ കുറിച്ചുള്ള ഓർമകളിലേക്കു മനസ്സ്‌ വഴുതിവീഴാൻ തുടങ്ങുന്നതിനു മുൻപേ ഫെർമിന ആ കത്തുകളും ഫ്ളോറന്റിനോയുടെ ഫോട്ടോയും കീറിക്കളഞ്ഞു. പക്ഷേ, ഓർമ്മകൾ കീറിക്കളയാനായില്ല അത്‌ അതിശക്തമായി ഉയരുകയായി.

love-5

യാത്ര പ്രണയതീരത്തേക്ക്

(ഫ്ളാഷ് ബാക്ക്)

തപാൽ ഓഫിസിലെ ജീവനക്കാരനായ സുമുഖനായ ചെറുപ്പക്കാരന് തപാൽ മാസ്റ്റർ ഒരു കമ്പിസന്ദേശം ഏൽപ്പിച്ചുകൊടുത്തു പറഞ്ഞു: ‘ഇത് ലോറെൻസൊ ഡാസക്കുള്ള കമ്പിയാണ്. സ്ഥലമറിയാമല്ലോ? അയാൾ സമ്പന്നനായ മൃഗവ്യാപാരിയാണ്. മറുപടിയുണ്ടെങ്കിൽ വാങ്ങിവരണം’. ഫ്ളോറെന്റിനോ അരിസ അനുസരിച്ചു.

മണിമാളിക ആയിരുന്നു അത്. പരിചാരകരുടെ ഇടയിൽ ഡാസയുടെ അധികാരസ്വരം അവിടെയെങ്ങും മുഴങ്ങികേട്ടു. അവിടെ ഫ്ളോറെന്റിനോ, സുന്ദരിയും കുസൃതിയുമായ ഫെർമിനയെ കണ്ടു. ഫെർമിന ഇംഗ്ലിഷ്‌ ഭാഷ പഠിക്കുകയായിരുന്നു. യുഗയുഗാന്തരങ്ങളായി അന്യോന്യം കാത്തിരുന്ന പോലെ ആയിരുന്നു ആ ആദ്യസമാഗമം. പ്രണയത്തിന്റെ അപ്രതീക്ഷിതമായ മിന്നൽപ്രഹരവുമായിരുന്നു അത്. പിന്നെ നടന്നതോ? തെരുവിലൂടെ ഓടി വീട്ടിനുള്ളിൽ കയറി, അമ്മ പൂമുഖത്തിരിക്കുന്നതും തൂവാല തുന്നുന്ന തും ഒന്നും കാണാതെ എഴുത്തുമേശയ്ക്കരുകിൽ ചെന്ന് ഒരു കയ്യാൽ വയലിനിൽ വിരൽ കൊണ്ട്‌ മൃദുസ്വനം ഉണർത്തി, മറുകൈകൊണ്ട്‌ ഫ്ളോറെന്റിനോ ആദ്യപ്രണയ ലേഖനമെഴുതാൻ തുടങ്ങി.. എഴുതിയെഴുതി പ്രണയം ഒട്ടേറെ പേജുകളിൽ നിറഞ്ഞുകവിഞ്ഞു.

love-1

അമ്മ നിശ്ശബ്ദയായി വന്നു നിന്നു.

നിനക്കെന്താ പനിയുണ്ടോ?, തൊട്ടുനോക്കട്ടെ.

നി എന്താണെഴുതുന്നത്‌? പുസ്തകമാണോ?

അല്ല ഒരു കത്ത്‌!

ഒരു കത്തിന് ഇത്ര പേജുകളോ? എന്തു തരം കത്താണത്‌?

ഉത്തരമെന്നോണം ഫ്ളോറെന്റിനൊ വയലിൻ വായിക്കാൻ തുടങ്ങി.

Love-in-the-Time-of-Cholera-(2007)

‘ഓ എന്റെ പരിശുദ്ധമാതാവേ!’

‘ഇത് ഒരു പ്രണയലേഖനമാണല്ലോ.

മകന്റെ പ്രേമലേഖനം കണ്ട്‌ ഒരമ്മയുടെ മനസ്സും മുഖവും ഇത്രക്ക്‌ ആർദ്രവും പ്രസന്നവുമാവുമോ?

‘ആരാണവൾ?

ഒരു മന്ദഹാസത്തോടേ ഫ്ളോറെന്റിനോ പറഞ്ഞു, ‘ഫെർമിന ഡാസ’.പള്ളിയിലേക്ക്‌ ഫെർമിനയും അമ്മായിയും പോകും വഴി ഫ്ളോറെന്റിനോ കാത്തു നിന്നു. ‘അതാ അയാൾ’ - ഫെർമിന അമ്മായിയോട്‌ പറഞ്ഞു.

അമ്മായി ഫ്ളോറെന്റിനോയെ തിരിഞ്ഞുനോക്കി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പ്രാർഥനക്കിടയിലും ഫെർമിനയുടെ കണ്ണുകൾ ഫ്ളോറെന്റിനോയെ തിരഞ്ഞു. അൽപം സമയം കിട്ടിയപ്പോൾ ഫെർമിന പള്ളിവാതിൽക്കൽ വന്നു ഫ്ളോറെന്റിനോയെ നിമിഷനേരം കൊണ്ട്‌ സന്ധിച്ചു. കത്തു വാങ്ങി.രാത്രി ഫ്ളോറേന്റിനോ മടങ്ങിവന്നത്‌ പരവശനായാണ്‌. അമ്മക്ക്‌ പരിഭ്രമമായി, ‘നീ എന്താ ഛർദ്ദിക്കുന്നത്‌? എന്റെ മാതാവേ! ഇതു കോളറയുടെ കാലമാണല്ലോ’.

‘അതൊന്നുമല്ല ഫെർമിനയ്ക്ക്‌ കത്ത്‌ കൊടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാണിത്‌, മറുപടി എപ്പോൾ കിട്ടും, എന്തായിരിക്കുമെന്നുള്ള വെപ്രാളമാണ്‌ കൂടെ’. അമ്മ പറഞ്ഞു, ‘ഈ വിരഹവേദന ആസ്വദിക്കുക, ഈ യൗവനം അതിനുള്ളതാണ്‌’.

‘അവൾ മറുപടി തരുമോ?’ ഫ്ളോറെന്റിനോ ഉത്കണ്‌ഠാകുലനായി.

‘ഇല്ല’, മകന്റെ വിരഹം തീക്ഷ്ണമാക്കാനെന്നോണം അമ്മ പറഞ്ഞു: ‘ഇല്ല അവൾ മറുപടി തരില്ല.’

ഫ്ളോറിനോയുടെ മനം കീഴ്മേൽ മറിഞ്ഞിരിക്കയാണ്‌. തുറമുഖത്ത് ഒരു ബ്രിട്ടിഷ്‌ പായ്കപ്പൽ അടുത്തപ്പോൾ അവൻ ഉയർത്തിയത് അമേരിക്കൻ പതാകയാണ്. അവന്റെ പ്രണയവും തോരാമഴയും ഒരുപോലെ പെയ്യുന്നുണ്ടായിരുന്നു. തപാൽ മാസ്റ്റർ പറഞ്ഞു - ‘ഇതു പ്രണയമല്ല, ഭ്രാന്താണ്.’

ആ മഴയത്തുതന്നെ ഫെർമിനയുടെ അമ്മായി ഒരു കമ്പിസന്ദേശമയയ്ക്കാൻ എത്തി.

‘പെദ്രാസിലേക്ക്‌ സന്ദേശമയക്കാൻ എത്രയാവും?’

‘പെദ്രാസിലേക്ക്‌ സന്ദേശമയക്കാൻ കഴിയില്ല.’

‘ഇല്ലെ?,’ അമ്മായി മടങ്ങി.

വാസ്തവത്തിൽ അവർ വന്നത്‌ സന്ദേശമയയ്ക്കാനായിരുന്നില്ല.

ഫ്ലോറെന്റിനോ നോക്കിയപ്പോഴുണ്ട് അവന്റെ മുന്നി ൽ ഒരു കത്ത്‌.

ഫെർമിനയുടെ മറുപടി.

‘പ്രിയ ഫ്ളോറെന്റിനോ, കാത്തിരുത്തിയതിൽ, മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു. വീണ്ടും എഴുതു’. ഫ്ളോറെന്റിനോ മറുപടി നൽകി.

ഫെർമിന ക്ളാസിലിരുന്നു കത്തുകളെഴുതി, ‘ഞാൻ സ്നേഹിക്കുന്നു, എന്റെ പ്രണയം എന്നേക്കുമുള്ളതാണ്‌’.

ഒട്ടേറെ കത്തുകൾക്കു ശേഷം ഫ്ളോറെന്റിനോ ഫെ ർമിനയുടെ മാളികമുറ്റത്ത്‌ തോട്ടത്തിൽ വന്നുനിന്നു വയലിനിൽ ഒരു പ്രണയ ഗീതം വായിച്ചു-

‘നിനക്കുള്ള അനന്തമായ പ്രണയം എന്റെ പ്രതിജ്ഞയാണ്‌.

ഒരിക്കലുമഴിയാത്ത അലൗകിക പ്രണയം.’

love-3

‘എന്നെ വിവാഹം കഴിക്കുമോ?’

‘എനിക്ക്‌ സമയം വേണം.’

അമ്മായി പറഞ്ഞു, ‘ഞാൻ വിവാഹിതയല്ല. എന്നാൽ പ്രണയമെന്തെന്ന് എനിക്കറിയാം. ആരെ ഭയപ്പെട്ടാലും, പിന്നെ വ്യസനിക്കാനിടയായാലും, ഇപ്പോൾ ഇല്ല എന്നു പറഞ്ഞാൽ അതു കഠിനമായ ദുഃഖത്തിനിടയാകും, ജീവിതം മുഴുവൻ’. ആ സമയം ആശങ്കയുടെ മുൾമുനയിൽ നിന്നത് അമ്മായി ആണ്‌. അവൾ എന്തുത്തരം പറയുമെന്ന്‌ അമ്മായി ശങ്കിച്ചു. ഫെർമിന സമ്മതിച്ചു.

യാത്ര പ്രണയനിഷേധത്തിലേക്ക്

ഫെർമിനയുടേ പിതാവ്‌ ലോറെൻസൊ ഡാസയുടെ എ തിർപ്പിന്‌ ഇടിമുഴക്കത്തിന്റെ ശക്തിയായിരുന്നു. ‘ആരാണവൻ? ആരാണ്‌ ഈ ഫ്ളോറെന്റിനോ അരിസ? മദർ സുപ്പീരിയർ പറഞ്ഞുവല്ലോ നീ അവന്‌ കത്തെഴുതുന്നുവെന്ന്‌!’. ഫെർമിനയ്ക്ക് പ്രണയത്തിൽ ഇടനില നിന്ന അമ്മായിയെ ലോറെൻസൊ പുറത്താക്കി നാട്ടിലേക്കു തിരിച്ചയച്ചു.

മകളോട്‌ പറയാനുള്ളതെല്ലാം പറയാൻ ലോറെൻസൊ നന്നെ വിഷമിച്ചു, ശരിയായ വാക്കുകൾ വരുന്നില്ല. അവർ അത്താഴം കഴിക്കുകയായിരുന്നു. ‘നിന്റെ അമ്മ മരിച്ചതു മുതൽ ഞാൻ നിന്റെ അമ്മയുമായിരുന്നു. മകൾ മാതാപിതാക്കൾക്ക് തിളങ്ങുന്ന രത്നമാണ്‌. ഞാൻ വെറും കല്ലാവാം. എന്നാൽ നീ ശ്രേഷ്ഠമായ രത്നമാണ്‌. വെറുമൊരു ടെലഗ്രാഫ്‌ ഓപറേറ്റർക്കുള്ളവളല്ല നീ. പ്രണയം മരീചികയാണ്‌ മിഥ്യയാണ്‌’ ലൊറെൻസൊ കോപത്തിന്റെ തീരങ്ങളിൽ നിന്ന്‌ വിറച്ചുകൊണ്ടുപറഞ്ഞു.

ലോറെൻസൊയുടേ വാക്കുകൾ താങ്ങാൻ വയ്യാതായപ്പോൾ ഫെർമിന ഭക്ഷണമേശമേൽ നിന്ന്‌ കത്തിയെടുത്ത്‌ സ്വയം കഴുത്തിൽ ഭീഷണമായ വിധം കുത്തിയിറക്കാൻ ഒരു ശ്രമം നടത്തി. ‘ഇനി ഒരു വാക്കു പറഞ്ഞാൽ - വഴിയടഞ്ഞു പോയ കൊടുങ്കാറ്റ്‌ പോലെ കലിയൊതുങ്ങി ലോറെൻസൊ ആ വീട്ടിലെവിടെയോ മറഞ്ഞു.

സൂര്യ ചന്ദ്രൻമാരുടേ പ്രകാശവും സൗമ്യതയുമായി ഫ്ളോറെന്റിനോ തെരുവിലൂടെ നടന്നുവരുമ്പോഴാണ്‌ ലോറെൻസൊ വന്നത്‌, ‘എനിക്ക്‌ നിന്നോട്‌ സംസാരിക്കാൻ ഉണ്ട്‌, എന്റെ മകളെ ഞാൻ സാമൂഹികമായ ഉയരങ്ങളിലേക്കയയ്ക്കാനാണാഗ്രഹിക്കുന്നത്‌. എന്റെ വഴിയിൽ നിന്നു മാറുക’.

ഫ്ളോറെന്റിനോ അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി,

‘ഫെർമിനയുടെ മനസ്സറിയാതെ ഞാൻ പിന്മാറില്ല’.

ലോറെൻസൊ അരയിൽ കൊളുത്തിവച്ച തോക്ക് പുറത്തുകാണിച്ചു പറഞ്ഞു, ‘നിന്നെ കൊന്നുകളയാൻ എനിക്കിടയുണ്ടാക്കരുത്’.

ഫ്ളോറെന്റിനോ നെഞ്ചിൽ വിരൽ തൊട്ട്‌ ശാന്തനായി പറഞ്ഞു, ‘കൊല്ലുക, പ്രണയത്തിനു വേണ്ടി മരിക്കുന്നതിനേക്കാൾ ഉദാത്തമായി ഒന്നുമില്ല’. .

തയ്യാറാക്കിയത്;

എ. സഹദേവൻ
സീനിയർ ജേർണലിസ്റ്റ്
ടെലിവിഷൻ അവതാരകൻ
സിനിമ നിരൂപകൻ