Thursday 14 November 2019 06:39 PM IST : By സ്വന്തം ലേഖകൻ

സഞ്ചാരികൾക്ക് ഒത്തൊരുമിക്കാൻ തിരുവനന്തപുരത്ത് മനോരമ ട്രാവലർ എക്സ്പോ!

travel-expo-trivandrum

വിനോദയാത്ര മലയാളികൾ ജീവിതശൈലിയുടെ ഭാഗമാക്കിയിരിക്കുന്നു. സോളോ ട്രിപ്പ്, ഗ്രൂപ് ടൂർ, ബുള്ളറ്റ് റൈഡ്, ഓഫ് റോഡ് ട്രെക്കിങ്, ടെന്റ് ക്യാംപ് തുടങ്ങി സഞ്ചാര സങ്കൽപങ്ങൾ ഉയർന്നു. ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും അവധിക്കാല യാത്ര നടത്തുന്ന മലയാളികളുടെ എണ്ണം ഇരട്ടിയായി. അതേസമയം, വ്യക്തമായ ധാരണയില്ലായ്മയും സാമ്പത്തിക പരിമിതിയും കാരണം യാത്ര ചെയ്യാനുള്ള മോഹം മാറ്റിവയ്ക്കുന്നവരുണ്ട്. അവർക്ക് പുതിയ യുഗത്തിന്റെ വിനോദസഞ്ചാര സാധ്യകൾ തുറക്കുകയാണ് മനോരമ ട്രാവലർ എക്സ്പോ 2019.

‘മനോരമ ട്രാവലര്‍ എക്സ്പോ’ നവംബർ 23, 24 തിയതികളില്‍ തിരുവനന്തപുരത്തു കവടിയാർ ഗോൾഫ് ലിങ്ക്സിന് അടുത്തുള്ള ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ പതിനൊന്നു മുതൽ രാത്രി എട്ടു വരെയാണ് എക്സിബിഷൻ. എക്സ്പോയുടെ ഭാഗമായുള്ള സെമിനാറിൽ സഞ്ചാര ലോകത്തെ പ്രമുഖർ പങ്കെടുക്കും.

മലയാളികളെ യാത്ര ചെയ്യാൻ പരിശീലിപ്പിച്ച സന്തോഷ് ജോർജ് കുളങ്ങര, യാത്ര ചെയ്ത് വിവിധ സ്ഥലങ്ങളിലെ രുചിഭേദങ്ങൾ അവതരിപ്പിച്ച് പ്രശസ്തയായ ലക്ഷ്മി നായർ, ലോകത്ത് ഏറ്റവും വലിയ പക്ഷി ശിൽപ്പം ചടയമംഗലത്തു സ്ഥാപിച്ച ശിൽപ്പിയും സംവിധായകനുമായ രാജീവ് അഞ്ചൽ തുടങ്ങിയവർ സെമിനാറിൽ മുഖ്യാഥിതികളായി എത്തും.

ബിബിസി മാസ്റ്റർ ഷെഫ് സുരേഷ് പിള്ള, ഫൂഡി വ്ലോഗർ മൃണാൾ ദാസ്, പ്രശസ്ത വന്യജീവി ഫോട്ടൊഗ്രഫർ ബാലൻ മാധവൻ, കപ്പിൾ റൈഡേഴ്സ് എന്നറിയപ്പെടുന്ന സച്ചിൻ – ജിക്സി ദമ്പതികൾ, സോളോ യാത്രികരായ സജ്ന അലി, അസ്മിന എന്നിവർ സെമിനാറിൽ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കും.

മേളയിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. ആകര്‍ഷകമായ ഓഫറുകളൊരുക്കി ടൂര്‍ ഓപ്പറേറ്റേഴ്‌സ്, റിസോര്‍ട്ടുകള്‍, ട്രാവൽ ഏജൻസികൾ തുടങ്ങി യാത്രാ മേഖലയിലെ മികച്ച സേവനദാതാക്കൾ ഒരു കുടക്കീഴില്‍ എത്തുന്നു. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏവരെയും ആകര്‍ഷിക്കുന്ന രീതിയില്‍ ട്രാവല്‍ മേഖലയിലെ വിവിധ സേവനങ്ങള്‍ മേളയിൽ അണിനിരത്തുന്നു.

ഫോർച്ച്യൂൺ ടൂർസ്, യാത്രി ടൂർസ്, അൽഹിന്ദ്, തോമസ് കുക്ക്, ടൂർ മീ ടൂർ, കേരള ട്രാവൽസ്, ഹോളിഡേ ഷോപ്പ്, ഡ്രീംകാസ്റ്റർസ് ഹോളിഡേയ്സ്, എസ്ഒടിസി, ബോണിഫെയ്‌സ്‌ ടൂർസ് ആൻഡ് ട്രാവൽസ്, എസ്ടിഎസ് ട്രാവൽസ് എന്നിവയുടെ സ്റ്റാളുകളും കൂടാതെ മറ്റനവധി സ്റ്റാളുകളും ട്രാവൽ എക്സ്പോയുടെ ഭാഗമായിട്ടുണ്ട്. 

Tags:
  • Manorama Traveller