Tuesday 01 September 2020 03:51 PM IST : By സ്വന്തം ലേഖകൻ

നോർമൻഡിയുടെ ലോകാദ്ഭുതം

st mi1

കടലിനു നടുവിലെ വലിയൊരു കുന്നിൻ മുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ട. കോട്ടയ്ക്കുള്ളിൽ ഐതിഹ്യകഥകൾ ഉറങ്ങിക്കിടക്കുന്ന ഒരു ദേവാലയം. ഇതൊരു കഥയുടെ തുടക്കമല്ല, ഫ്രാൻസിന്റെ വടക്കൻ പ്രവിശ്യയായ നോർമൻഡിയിലെ ഒരു യുനെസ്കോ പൈതൃക സ്ഥാനമായ മോണ്ട് സെന്റ് മൈക്കിളിന്റെ ആദ്യ കാഴ്ച മനസ്സിൽ ഉണർത്തുന്ന ചിന്തകളാണിത്. വേലിയേറ്റ വേലിയിറക്കങ്ങൾക്കനുസരിച്ച് വെള്ളത്തിലും കരയിലുമായി സ്ഥിതി ചെയ്യുന്ന ടൈഡൽ റോക്ക് വിഭാഗത്തിൽ പെട്ട പാറക്കെട്ടുകളിലാണ് യൂറോപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായ ഈ കോട്ട–പള്ളി സമുച്ചയം. വേലിയിറക്ക സമയത്ത് കടൽ തറയിലൂടെ ഒരു കിലോ മീറ്റർ നടന്ന് പള്ളിയിൽ എത്താം.

st mi4

കഥയും ചരിത്രവും

ഏതാനും ഹെക്ടർ വിസ്തീർണമുള്ള ഈ ദ്വീപ് ആദ്യകാല പരാമർശങ്ങൾ മുതൽ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. എട്ടാം നൂറ്റാണ്ടിൽ സമീപ പട്ടണമായ അവ്‌റാഞ്ചസിലെ ബിഷപ്പാണ് തനിക്കു കടലിലെ പാറക്കെട്ടിനു മുകളിൽ ഒരു ദേവാലയം നിർമിക്കാൻ നേതൃത്വം വഹിച്ചത്. ദൈവദൂതൻ തന്നോട് ആവശ്യപ്പെട്ട പ്രകാരമാണ് ദേവാലയം നിർമിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാലാഖയുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്നു വിശ്വാസം. പത്താം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഫ്രഞ്ചു ഭരണാധികാരികളും ദേവാലയത്തെ പിന്തുണച്ചതോടെ യൂറോപ്പിലെ ഒരു പ്രധാന ബനഡിഷ്യൻ മഠവും ദേവാലയവും ഇവിടെ രൂപപ്പെട്ടു. നാടിന്റെ നാനാഭാഗത്തു നിന്നും ഒട്ടേറെ ആളുകൾ പഠിക്കാനും അറിയാനും ഇവിടെ എത്തിച്ചേർന്നു.

st mi2

പത്താം നൂറ്റാണ്ടോടെ തന്നെ നോർമൻഡിയിലെ വില്യം പ്രഭു ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം മനസ്സിലാക്കി ശക്തമായൊരു കോട്ട നിർമിച്ച് സുരക്ഷ ഏർപ്പെടുത്തി. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള യുദ്ധം പതിവായതോടെ ഇംഗ്ലണ്ട് പലപ്പോഴും ഈ ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ശക്തമായ പ്രതിരോധവും കോട്ടയും മറികടക്കാൻ അവർക്ക് ഒരിക്കൽപോലും സാധിച്ചില്ല. ഫ്രഞ്ചു വിപ്ലവ കാലത്ത് ഈ കോട്ട ഒരു തടവറയായി ഉപയോഗിക്കപ്പെട്ടു. 1863 ൽ തടവറ ഇവിെട നിന്നു മാറ്റി സ്ഥാപിച്ച ശേഷം 1874 ൽ മോണ്ട് സെന്റ് മൈക്കിളിനെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. 1979 ൽ‌ ആണ് യുനെസ്കോയുടെ സാംസ്കാരിക പൈതൃകസ്ഥാനങ്ങളിലൊന്നായി ഈ ദ്വീപിനെ തിരഞ്ഞെടുത്തത്.

വാസ്തുശിൽപ കലകളുടെ മേളനം

മോണ്ട് സെന്റ് മൈക്കിൾ ദേവാലയത്തിന്റെ നിർമാണം പത്താം നൂറ്റാണ്ടിൽ തുടങ്ങി എങ്കിലും അത് പല കാലങ്ങളിലേക്കു നീണ്ടു. അതിനനുസരിച്ച് വേറിട്ട പല നിർമാണശൈലികളും ഇവിടെ കൂടിച്ചേരുന്നതു കാണാം. എങ്കിലും പൊതുവെ ഗോഥിക് ശൈലിയിലുള്ള നിർമാണത്തിനാണ് പ്രാധാന്യം. പാറക്കെട്ടിന്റെ ഉച്ചിയിൽ 80 മീറ്റർ നീളത്തിലുള്ള ഒരു തറകെട്ടി അതിനു മുകളിലാണ് ദേവാലയം നിർമിച്ചിരിക്കുന്നത്. 80 അടി ഉയരത്തിലുള്ള പാറക്കെട്ടിന്റെ പല ഭാഗത്തും നിരപ്പൊപ്പിക്കാൻ നിലവറകളും വമ്പൻ കരിങ്കൽ തൂണുകളും മുറികളും ഒക്കെ പണിതിട്ടുണ്ട്. ഗോഥിക് ശൈലിയുടെ മികച്ച മാതൃകയായ മെർവിൽ കെട്ടിടത്തെ മോണ്ട് സെന്റ് മൈക്കിളിന്റെ ശിരോരത്നം എന്നാണ് വിളിക്കുന്നത്. പൗരാണിക ഗ്രന്ഥങ്ങളുടെ കയ്യെഴുത്തു ശേഖരം യൂറോപ്പിൽ ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളതും മോണ്ട് സെന്റ് മൈക്കിൾസിൽനിന്നു തന്നെ.

ആദ്യകാലം മുതൽക്കെ യൂറോപ്പിലെ ഒരു പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമായിരുന്നു മോണ്ട് സെന്റ് മൈക്കിൾ. വേലിയിറക്ക സമയത്ത് കരയിൽനിന്നു കാൽനടയായി സഞ്ചരിക്കുന്നതായിരുന്നു അക്കാലത്തെ രീതി. വേലിയേറ്റ സമയത്ത് ഭീകരമായ തിരമാലകളിൽ ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടുകപോലും ചെയ്തിരുന്നു അന്നൊക്കെ. പിൽക്കാലത്ത് ഒരു പാലം നിർമിച്ചതോടെ അൽപം ദ്വീപിൽ എത്തിച്ചേരുക അൽപം എളുപ്പമായി.

st mi3

മധ്യകാല നഗരത്തിന്റെ പ്രതീതി

നോർമൻഡിയിൽനിന്നു ഷട്ടിൽ സർവീസ് നടത്തുന്ന ബസിലോ ടാക്സിയിലോ ദ്വീപിനു സമീപം എത്താം. കോട്ടയ്ക്കുള്ളിലെ കരിങ്കൽ പാകിയ ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുമ്പോൾ ഏതോ മധ്യകാല നഗരത്തിൽ എത്തിയ പ്രതീതി. ഇവിടുത്തെ പല കെട്ടിടങ്ങളും ഇപ്പോൾ ഹോട്ടലുകളും മ്യൂസിയങ്ങളും ആക്കി മാറ്റിയിട്ടുണ്ട്. വേലിയേറ്റ–വേലിയിറക്ക സമയങ്ങളിൽ വളരെ വ്യത്യസ്തമായ അനുഭവമാണ് മോണ്ട് സെന്റ് മൈക്കിൾസ് നൽകുന്നത്. അതേപോലെ പകലും രാത്രിയും.

വർഷം മുഴുവൻ വലിയ ജനത്തിരക്ക് അനുഭവപ്പെടുന്ന മോണ്ട് സെന്റ് മൈക്കിൾസിൽ എത്തിച്ചേരുന്നവർ അധികവും പകൽ സഞ്ചാരികളാണ്. പാരീസിൽനിന്നു ടാക്സിയിലോ സൈക്കിളിലോ പൊതുഗതാഗത സർവീസിലോ ദ്വീപിലെത്തി സന്ദർശിച്ചു മടങ്ങുന്നവർ. രാത്രി ദ്വീപിൽ താമസിക്കുന്നതിനു പരിമിതമായ ചില സൗകര്യങ്ങൾ ലഭിക്കും. കോട്ടമതിൽക്കുള്ളിൽ പടവുകൾ കയറി ദേവാലയത്തിൽ എത്താം. പൂർണചന്ദ്രനുദിക്കുന്ന രാത്രി ദ്വീപിൽ തങ്ങുന്നത് ഏറെ കാൽപനികമായ അനുഭവമായിട്ടു പങ്കുവയ്ക്കുന്നു സഞ്ചാരികൾ.

st mi5
Tags:
  • World Escapes
  • Manorama Traveller
  • Travel Destinations