Friday 22 June 2018 12:04 PM IST : By സ്വന്തം ലേഖകൻ

മൂന്നാറിന്റെ മഞ്ഞും മധുരവും നുകരാം... ടീ കൗണ്ടി

tea-cover

മഞ്ഞും തണുപ്പും മലനിരകളും എന്നും യാത്രികരെ കൊതിപ്പിച്ച്,  മനസ്സിൽ നിറയുന്ന ചിത്രങ്ങളാണ്.  എത്ര കണ്ടാലും ക്യാമറയിൽ പകർത്തിയാലും  മടുപ്പില്ല. ഓരോ തവണയും കൊതിപ്പിക്കുന്ന അനുഭവം.  അലസമായ ഒരു പ്രഭാതത്തിൽ ജനാല വിരി മാറ്റുമ്പോൾ കാണുന്ന കാഴ്ച മഞ്ഞിൻ പാളികളിൽ നിന്ന് പച്ചവിരിച്ച മല നിരകൾ മെല്ലെ പ്രഭാതത്തിലേക്ക് വിരിയുന്ന കാഴ്ചയാണെങ്കിലോ. തിരക്കുപിടിച്ച യാത്രകളിൽ  മനസ്സ് ഇവിടെ രാപ്പാർക്കാൻ പലപ്പോഴും കൊതിക്കുന്നതും ഈ പ്രഭാതങ്ങളും മനോഹരമായ സായാഹ്നങ്ങളും പകരുന്ന ശാന്തവും മനോഹരവുമായ അനുഭൂതി തന്നെ. അത്തരം സ്വച്ഛ സുന്ദരമായ  ഒരു അന്തരീക്ഷത്തിൽ അവധിദിനങ്ങൾ ചെലവഴിക്കാൻ സ്വപ്നം കാണുന്നവർക്കു മൂന്നാർ തന്നെ ആദ്യത്തെ സ്വർഗം. എവിടെയും പ്രകൃതി ഒരുക്കിയ മനോഹരമായ ഫ്രെയിമാണ് മൂന്നാറിനെ ഇത്ര മനോഹരിയാക്കുന്നത്.  കണ്ട് മാത്രമല്ല രാവും പകലും മൂന്നാറിന്റെ ആ മനോഹാരിതയിൽ താമസിച്ച് ഓരോ  നിമിഷവും പകരുന്ന പുതുമ നുകരണം. മൂന്നാറിലെ മനോഹരമായ കാഴ്ചകൾക്ക് വിരുന്നൊരുക്കുകയാണ് മലനിരകളിലൊന്നിൽ തലയെടുപ്പോടെ നിൽക്കുന്ന ടീ കൗണ്ടി റിസോർട്ട്.  മൂന്നാറിന്റെ വ്യത്യസ്തത  എന്നും യാത്രാനുഭവങ്ങളിൽ കുറിച്ചിടാമെങ്കിൽ അതിലെവിടെങ്കിലും ടീ കൗണ്ടി എന്ന അവിസ്മരണീയ അനുഭവം ഉറപ്പ്.  

ഇത്തിരി ദൂരം മൂന്നാറിന്റെ സൗന്ദര്യത്തിലേക്ക്

മലമേട്ടിലേക്ക് മിഴി ചിമ്മി നിൽക്കുന്ന റാന്തൽ വിളക്കും ശാന്ത സുന്ദരമായ അന്തരീക്ഷവും കെടിഡിസി  ടീ കൗണ്ടി റിസോർട്ടിലേക്ക്്  ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നു. ടീ കൗണ്ടി ഇന്ന് മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഒരു  പ്രിയ സങ്കേതം തന്നെ. മഴയും മഞ്ഞും വെയിലും കണ്ണാരംപൊത്തി കളിക്കുന്ന മലമുകളിൽ സ്വച്ഛവും ശാന്തവുമായ ഒരു കൊട്ടാരം തന്നെ ടീ കൗണ്ടി.  ഏതൊരിടത്തു നിന്നു നോക്കിയാലും മൂന്നാറിന്റെ വശ്യ സൗന്ദര്യം ആവാഹിക്കാവുന്ന തരത്തിലാണ്  റിസോർട്ടിന്റെ ഘടന. മൂന്നാറിലെ പുലരികളും സന്ധ്യകളും മഞ്ഞിറക്കവും വെയിലും തണുപ്പും ചേരുന്ന മനോഹരമായ കാലാവസ്ഥ മറ്റൊരു മാധ്യമത്തിന്റെ  സാന്നിധ്യവുമില്ലാതെ ആവോളം ആസ്വദിക്കാം. ഇവിടത്തെ ഇടനാഴികളിലെ കാഴ്ചകളിൽ പോലും പ്രകൃതി അതിന്റെ മായാജാലങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു.

നീലക്കുറിഞ്ഞി പൂക്കുന്ന താഴവരകളും വരയാടുകൾ േമയുന്ന ഇരവികുളം ദേശീയോദ്യാനവും എണ്ണിയാൽ തീരാത്തത്ര തേയില തോട്ടങ്ങളും പച്ച പുൽമേടുകളും തുടങ്ങി മൂന്നാറിനെ  സഞ്ചാരികളുടെ പറുദീസയാക്കുന്ന എല്ലാ സ്ഥലങ്ങളും മൂന്നാർ ടൗണിൽ സ്ഥിതി ചെയ്യുന്ന ടീ കൗണ്ടിയിൽ നിന്ന് ഒരേ ദൂരത്തിലാണ്.  

നീലാകാശം  കുടവിരിക്കുമിടം

മൂന്നാറിലെ പച്ചപ്പിൽ മുകളിൽ കുടയായി വിരിയുന്ന മനോഹരമായ നീലാകാശവും ആ തെളിമ  പകർന്ന് തരുന്ന  ശാന്തതയും. ഏത് മെഡിറ്റേഷനും ഇത്രമേൽ മനസ്സിനെ സ്വാധീനിക്കാൻ കഴിയില്ല. മൂന്നാറിന്റെ ആകാശം അത്രമേൽ വ്യത്യസ്തമെന്ന് ഒരു യാത്രികന്റെ ബ്ലോഗിൽ വായിച്ചതുപോലെ ഇത്രയും മനോഹരമായ ആകാശത്തെ അതിന്റെ അനന്തതയിൽ തന്നെ ആസ്വദിക്കാം ടീ കൗണ്ടിയിൽ. നീലാകാശവും പച്ചക്കടലുപോലെ മലനിരയും സ്വച്ഛമായ ഭൂമിയും എന്നു പറഞ്ഞു പോകും ഇവിടെ എത്തിയാൽ.  അവധിക്കാല വസതിയായോ സുഹൃത്തിന്റെ വീട്ടിൽ വന്നതായോ ഒക്കെ തോന്നിപ്പോകും ടീ കൗണ്ടിയിൽ നിൽക്കുമ്പോൾ. നമ്മുടെ സമ്മർദങ്ങളും നിരാശകളും എന്തിന് വളരെക്കാലമായി ആഗ്രഹിച്ച ഒരു പുതു ജീവനത്തിന്റെ തുടക്കം പോലും ടീ കൗണ്ടി നിങ്ങളറിയാതെ നിങ്ങളിലേക്ക് നിറയ്ക്കും.

പനിനീർ പൂക്കൾ കഥ പറയും വീട്

ടീ കൗണ്ടി റിസോർട്ടിൽ താമസിച്ചവരാരും മനോഹരങ്ങളായ കാഴ്ചകൾക്കൊപ്പം  വൈവിധ്യമായ പൂക്കൾ നിരക്കുന്ന   പൂന്തോട്ടം വർണിക്കാതെ പോകില്ല. 150 വെറൈറ്റിയിൽ അറൂനൂറിലധികം റോസാ ചെടികളാണ് ഈ പൂന്തോട്ടത്തിൽ വച്ചു പിടിപ്പിച്ചിരിക്കുന്നത്.  ടീ കൗണ്ടി റിസോർട്ടിനെ അലങ്കരിക്കുന്നത് വിവിധ നിറത്തിലെ ആൻഡ്രീനിയം പുഷ്പങ്ങളാണ്. കാഴ്ചയുടെ മനോഹാരിത ഒരുക്കി ഫ്യൂസിയ, ഇംപേഷ്യൻസ് തുടങ്ങിയ പുഷ്പങ്ങളും ഇവിടെ നിരക്കുന്നു. കാട്ടിലെ മരങ്ങളെ നിലനിർത്തി തന്നെ പണികഴിപ്പിച്ച കെട്ടിടത്തിന് തണലും തണുപ്പും നൽകി   മരക്കൂട്ടങ്ങൾ  ചുറ്റും പന്തൽ വിരിക്കുന്നു.  ഈ മരങ്ങൾ ഇലകൾ പൊഴിച്ച മണ്ണിലൂടെ റിസോർട്ടിലെ ഒരിടത്തു നിന്നു മറ്റൊരു ഭാഗത്തേക്ക്  നടന്നു പോകുമ്പോൾ പ്രകൃതിയെ തന്നെയാണ് നേരിട്ട് തൊട്ടറിയുന്നത്.

പ്രകൃതിയുടെ മടിത്തട്ടിലെ രാജകീയത

എട്ട് ഏക്കറിൽ വിശാലമായി പ്രകൃതിയുമായി  ഇണങ്ങിയ താമസസ്ഥലങ്ങളൊരുക്കി നിൽക്കുന്ന ടീ കൗണ്ടിയിൽ ഡീലക്സ്, പ്രീമിയം സ്യൂട്ട്, റോയൽ സ്യൂട്ട് എന്നിങ്ങനെ രാജകീയതയിൽ രാപ്പാർ‍ക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. എല്ലാ റൂമിനും പ്രത്യേക ഭംഗി നൽകിയൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്.  36 ഡീലക്സ് മുറികളോടൊപ്പം തന്നെ 26 പ്രീമിയം റൂമുകളും നാല് സ്യൂട്ടുകളും ഒരു റോയൽ സ്യൂട്ടും നടുമുറ്റവും ചേർന്ന് മലനിരകളിൽ കൊട്ടാരം  തീർത്തിരിക്കുന്നു ടീ കൗണ്ടി.
ആഡംബരത്തിന്റെ രാജകീയ പ്രൗഢിയാണ് ഓരോ മുറിയിലെയും ഫർണിച്ചറുകളിൽ പോലും ദൃശ്യമാകുന്നത്. മലനിരകളിലെ മനം കുളിർപ്പിക്കും കാഴ്ചകളിലേക്ക് നയിക്കുന്ന ബാൽക്കണികൾ. മുറികൾ വ്യത്യസ്തമെങ്കിലും കാഴ്ചകളിൽ അവയെല്ലാം അപ്രസക്തം. സ്വച്ഛമായ കാലാവസ്ഥയിൽ കിളികളുടെ ശബ്ദവും കാറ്റിൽ ഇളകിയാടുന്ന മരങ്ങളുടെ മൂളലുമല്ലാതെ മറ്റൊരു ശബ്ദവും മുറിയിലെത്തില്ല.

tea-mid

നിങ്ങളുടെ മാത്രം ലോകം

ചിത്രം ‘നിശ്ശബ്ദ് ’ ചിത്രീകരിക്കാനായി മൂന്നാറിലെത്തിയ അമിതാഭ് ബച്ചൻ ടീ കൗണ്ടിയിലെ പ്രീമിയം റൂമിലാണ് താമസിച്ചത്.  മനോഹരമായ റോസാച്ചെടി പൂന്തോട്ടത്തിലേക്കാണ് ഇന്നാ മുറി തുറക്കുന്നത്.  അന്ന് താമസിച്ച് മടങ്ങുമ്പോൾ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ടീ കൗണ്ടി നൽകിയ  ശാന്തതയെക്കുറിച്ചായിരുന്നു. ‘നിശ്ശബ്ദ് ’  ചിത്രത്തിലെ ഏറ്റവും മനോഹരമായ ശാന്തത അനുഭവിച്ച നിമിഷങ്ങളെക്കുറിച്ച്.

ടീ കൗണ്ടിയിൽ എത്തുന്നവർക്ക് പറയാനും അതേ അനുഭവമുണ്ടാകും. അത്രയേറെ ശാന്തമായ അന്തരീക്ഷം. സ്വകാര്യവും സ്വച്ഛവുമായ മൂന്നാർ അനുഭവം. രാത്രിയുടെ നിശ്ശബ്ദതയ്ക്കു മിഴിവേകുന്നത്  ടീ കൗണ്ടിക്ക് ചുറ്റും കണ്ണു ചിമ്മുന്ന  അനേകം ദീപങ്ങളാണ്.  മികച്ചതായി ഒരുക്കിയ റസ്റ്ററന്റിന്റെ  നിനച്ചിരിക്കാതെ പെയ്തിറങ്ങുന്ന നനുത്ത മഴയും പെട്ടെന്നു വന്നു മൂടുന്ന മഞ്ഞും   മൂന്നാറിലെ പ്രത്യേകതയാണെന്ന് നിറയെ ജാലകളുള്ള ഈ  ഭക്ഷണശാലയിലിരുന്നാൽ നമുക്ക് തോന്നും.

കോടമഞ്ഞിൻ താഴ്‌വരയിൽ...

യാത്രകളിലെ  പ്രണയിക്കുന്നവർ പ്രകൃതി  ഒരുക്കി വച്ചിരിക്കുന്ന  സർപ്രൈസുകളും പ്രിയമാണ്.  ടീ കൗണ്ടിയിലെ ഓരോ നിമിഷവും  ഇതേ അനുഭവം പകരും. ഇവിടത്തെ കോടമഞ്ഞിറക്കവും  കണ്ട് വെറുതെ    മൂന്നാർ  കട്ടൻചായയും കുടിച്ച്  പിന്നെ എന്നും കൊതിപ്പിക്കുന്ന രുചിമേളങ്ങളും നുകർന്ന്  ഇഷ്ടപുസ്തകത്തിലെ വരികളും  വായിച്ച് ഒരായിരം നിമിഷങ്ങൾ മനസ്സിൽ നിറച്ച്  ഇവിടുത്തെ ഭക്ഷണപ്പുരയിൽ  വെറുതെ സമയം ചെലവഴിച്ചാൽ  പോലും മതി നിങ്ങളുടെ ഇനിയുള്ള ദിവസങ്ങളും ധന്യമാക്കാൻ.  ഇടയ്ക്ക്  ദൂരെ മലഞ്ചെരുവിൽകൂട്ടമായി വിഹരിക്കുന്ന ആന കാഴ്ചയും ഇവിടത്തെ സർപ്രൈസുകളാണെന്ന് മാനേജർ പറയുന്നു.

തനതു കൊളോണിയൽ ശൈലിയാണ് ഭക്ഷണപ്പുരയിൽ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് ചില സിനിമകളിൽ കണ്ടു മറന്ന ചില സീനുകൾ പോലെ പുതപ്പൊക്കെ പുതച്ചിരുന്ന് പുസ്തകം വായിച്ച് ഭക്ഷണം കഴിച്ചിരിക്കാം. ഭക്ഷണം കഴിക്കാൻ മാത്രമായി ആരും ടീ കൗണ്ടിയിൽ എത്താറില്ല.  ലോകത്തിന്റെ പല ഭാഗക്കാർ താമസിക്കാനെത്തുന്നത് കൊണ്ട് തന്നെ എല്ലാത്തരം ഭക്ഷണവും ഇവിടെ ലഭിക്കും. ഇവിടത്തെ ബുഫെ പോലും അത്രയേറെ വൈവിധ്യങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്. പ്രൗൺസ് ബിരിയാണിയും മീൻ കറിയും ഒരു ഗ്ലാസ് കട്ടൻ ചായയും  കഴിച്ചപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.

നീലക്കുറിഞ്ഞി പൂക്കുന്നതും  കണ്ട്...

നീലക്കുറിഞ്ഞി പൂക്കുന്നതും കാത്തിരിക്കുന്നവർക്ക്  പന്ത്രണ്ടു വർഷത്തിൽ മാത്രം വസന്തമെത്തുന്ന മലയാകുകയാണ് ഈ ജൂണിൽ ഇവിടം. നീലക്കുറിഞ്ഞി പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും സുഖമുള്ള അനുഭവങ്ങൾ പകരുമ്പോൾ നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികൾക്കായുള്ള പ്രതീക്ഷയിലാണ് ടീ കൗണ്ടിയും. പുതുജീവിതത്തിലേക്ക് കടന്നവരും വിദേശത്തു നിന്നു നാടുകാണാനെത്തുന്നവരും തിരക്കിൽ നിന്നും ഓടിയൊളിക്കാൻ  കൊതിക്കുന്നവരുമൊക്കെ  മൂന്നാറിലെത്തുമ്പോൾ ഇവിടെ തന്നെ താമസസ്ഥലമാക്കുന്നത്  കെടിഡിസി ടീ  കൗണ്ടിയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്നതുകൊണ്ടും ഒരിക്കൽ ഇവിടം പകർന്ന നവ്യാനുഭവം മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടുമാണ്.  

വരൂ പോയ് വരാം...

യാത്ര കഴിഞ്ഞ് മൂന്നാർ  വിടുമ്പോൾ  ഇവിടെ താമസിച്ച ഓരോരുത്തരുടെയും മനസ്സിൽ എത്തും മൂന്നാറിലെ യാത്ര  ഏറ്റവും ഹൃദ്യമാക്കി തന്ന ടീ കൗണ്ടിയും. വെള്ളച്ചാട്ടങ്ങളെ തൊട്ടുതലോടിയുള്ള മൂന്നാറിന്റെ ഹെയർ പിന്നുകൾ കടന്ന് കുഞ്ഞു കുഞ്ഞു മലമടക്കുകളും കണ്ട് എത്തുമ്പോൾ മൂന്നാർ ടൗണിൽ തന്നെയാണ് ടീ കൗണ്ടി. അത്രയേറെ ഭംഗിയുള്ള വഴികൾ. കുറച്ചു നേരം വിശ്രമിക്കാനും മൂന്നാർ കാണാൻ ഇറങ്ങാനും ക്ഷീണിക്കാതെ തിരികെ എത്താനും റിസോർട്ടിലെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ താമസിക്കാനുമൊക്കെ ടീ കൗണ്ടി യാത്രികരെ സ്വാഗതം ചെയ്യുകയാണ്.  

പനിനീർപുഷ്പങ്ങൾ നിറഞ്ഞ... കാടിന്റെ ശബ്ദം  ഉള്ളിലൊതുക്കി മരങ്ങൾ ഇലപൊഴിക്കുന്ന... കല്ലുപാകിയ നനുത്ത വഴികളിലൂടെ ക്യാമറയും തൂക്കി നടക്കാൻകൊതിക്കുന്നുവെങ്കിൽ ടീ കൗണ്ടി ബെസ്റ്റ് എന്നത് ഒരു യാത്രികന്റെ ഉറപ്പാണ്. രാത്രിയിൽ റാന്തലുകൾ കണ്ണു ചിമ്മുന്ന  തണുത്ത ചെറുകാറ്റിന്റെ മഞ്ഞിന്റെ തലോടലിൽ നിറഞ്ഞ ആകാശത്തിനു താഴെ  നിലാവ് പെയ്യുന്നതും കണ്ട് വെറുതെ ജനാലയ്ക്കരികിൽ ഇരിക്കണം. രാത്രിയുടെ ഏകാന്തതയ്ക്കുമപ്പുറം ദൂരെയെങ്ങോ ഒഴുകുന്ന അരുവിക്ക് കാതോർത്ത് വെറുതെ ഇറങ്ങി നടക്കണം. കുന്നിറങ്ങി വരുന്ന മഞ്ഞിനെ കൈവെള്ളയിൽ എത്തിപ്പിടിക്കണം. എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടെങ്കിലും വീടു പോലെ ലളിതവും എന്നാൽ രാജകീയതയുടെ തെളിമ ദൃശ്യമാകുന്നതുമായ  വ്യത്യസ്ത അനുഭവം. മൂന്നാർ ആണ് അടുത്ത ട്രിപ്പ് എങ്കിൽ മലമടക്കിലെ ടീ കൗണ്ടി എന്ന കൊട്ടാരത്തിലേക്ക് എത്താം.  മഞ്ഞു മഴയും മൂന്നാറിനെ മനോഹരിയാക്കുന്നത് കൺ നിറയെ കാണാൻ....

For Booking : 9400008631, Email: teacounty@ktdc.com

ta-mid-2