Monday 04 May 2020 03:32 PM IST : By സ്വന്തം ലേഖകൻ

ഒരൊറ്റ പാറമേൽ 300ൽ അധികം വീടുകൾ. ഈ കൗതുകം കാണാൻ അധികം ദൂരമൊന്നും സഞ്ചരിക്കേണ്ട.

santhanpara

"പാറമേൽ ഞാനെന്റെ ഭവനം പണിയും" എന്ന് ബൈബിളിൽ എഴുതിയിട്ടുണ്ട്. എന്നാൽ, ഒരു പാറമേൽ എത്ര ഭവനങ്ങൾ പണിയാൻ പറ്റും.? ഒന്നല്ല, രണ്ടല്ല, പത്തുമല്ല, 300ൽ അധികം വീടുകൾ ഒരൊറ്റ പാറമേൽ പണിയാൻ പറ്റും. സംശയമുള്ളവർ ലോക് ഡൗൺ കഴിഞ്ഞ് നാടും നഗരവും പഴയപടി ആകുമ്പോൾ വണ്ടിയുമെടുത്ത് നേരെ ഹൈറേഞ്ചിലേക്ക് വിട്ടോളൂ. ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഗ്രാപഞ്ചായത്തിലെ പേത്തൊട്ടി എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുകക്കാഴ്ച.

വർഷങ്ങൾക്കു മുൻപ് കേരളത്തിന്റെയും തമിഴ്നാടിന്റെയും പലഭാഗങ്ങളിൽനിന്നുള്ള കുടിയേറ്റ കർഷകർ കൊടുങ്കാട് വെട്ടിത്തെളിച്ച് ഏലകൃഷി നടത്തിയ സ്ഥലമാണ് ഇവിടം. മനുഷ്യവാസം തീരെയില്ലാതിരുന്ന ഇവിടെ, ഏലത്തോട്ടത്തിലെ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നാണ് തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. നൂറു കണക്കിന് ആളുകളാണ് ദിവസക്കൂലിക്ക് തോട്ടങ്ങളിൽ പണിയെടുക്കാൻ ഇവിടെ എത്തിയത്. ചില തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കൂലിയായി കൊടുത്തിരുന്നത് ഭക്ഷണം പാകം ചെയ്യാനുള്ള അരി മാത്രമാണ്. 

4120b12c-29ab-4f48-9670-ce5a5a1ab40f

ഇന്നത്തെ കാലത്തെപ്പോലെ ഗതാഗത സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ കിലോമീറ്ററുകളോളം ദൂരം കാൽനടയായി സഞ്ചരിച്ച് തൊഴിലാളികൾ ഇവിടെയെത്തി ജോലി ചെയ്തിരുന്നു. തമിഴ്നാട്ടിലെ 'തേവാരം' പോലെയുള്ള അതിർത്തി ഗ്രാമങ്ങളിൽനിന്ന് മല കയറിയിറങ്ങി പേത്തൊട്ടിയിലെ തോട്ടങ്ങളിൽ ദിവസേന ജോലിയ്ക്കെത്തുന്നത് ദുസ്സഹമായപ്പോഴാണ് പലരും ഇവിടെത്തന്നെ ചെറിയ കുടിലുകൾ കെട്ടി താമസം തുടങ്ങിയത്. അങ്ങനെ ഏതാനും വർഷങ്ങൾക്കൊണ്ട് തൊഴിലാളികളുടെ ഒരു കോളനി തന്നെ ഇവിടെ രൂപപ്പെട്ടു.

കാട് കയറിക്കിടന്ന പ്രദേശത്ത് കാട്ടാനയും കാട്ടുപോത്തും പുളിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും കൂടുതലായിരുന്നു. ഇവയെ പേടിച്ചാവാം, തോട്ടം തൊഴിലാളികളെല്ലാം കുടിൽ കെട്ടാൻ സ്ഥലം കണ്ടെത്തിയത് പേത്തൊട്ടിയിലെ കൂറ്റൻപാറയുടെ.മുകളിലാണ്. ഏക്കറുകളോളം വ്യാപിച്ച് കിടക്കുന്ന പാറയിൽ കുടിലുകൾ ഓരോന്നായി ഉയർന്നു. കാലക്രമേണ വലിയൊരു കോളനിയായി ഇവിടം മാറി. ഇന്ന് ഏകദേശം നാന്നൂറോളം വീടുകൾ ഈ ഒരൊറ്റ പാറയുടെ മുകളിൽ ഉയർന്നു നിൽക്കുന്നു. തോട്ടം തൊഴിലാളികളായി എത്തിയ തമിഴർ മാത്രമാണ് ഇവിടുത്തെ താമസക്കാർ. തുടക്കത്തിൽ തനിയെ വന്ന് ഇവിടെ താമസമാക്കിയ പലരും പിന്നീട് മറ്റ് കുടുംബാംഗങ്ങളെയും കൊണ്ടുവന്നു. ഇവിടെ ഇവരിൽ പലർക്കും ഇന്ന് സ്വന്തമായി ഏലത്തോട്ടങ്ങളുമുണ്ട്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ അംഗങ്ങളുമാണ് ഇവരിൽ ഭൂരിഭാഗവും. കേരളത്തിൽ സ്വന്തമായി വോട്ടും റേഷൻ കാർഡും ഉള്ള സംപൂർണ കേരളീയർ എന്ന് വിളിക്കാം ഇവരെ.

ചെരിഞ്ഞുകിടക്കുന്ന പാറയിൽ നിരനിരയായി നിർമിച്ചിരിക്കുന്ന വീടുകളുടെ വിദൂരദൃശ്യം കൗതുകകരമാണ്. അവിടംകൊണ്ട് തീരുന്നില്ല വിശേഷങ്ങൾ. ഈ ഒരൊറ്റ പാറയിൽ നിർമിച്ചിരിക്കുന്ന അമ്പലങ്ങളുടെ എണ്ണം എത്രയാണെന്നോ.? ചെറുതും വലുതുമായ എട്ട് അമ്പലങ്ങളാണ് ഇവിടെ ഉള്ളത്. എല്ലാ അമ്പലങ്ങളിലും വർഷാവർഷം ആഘോഷപൂർണമായ ഉത്സവങ്ങളും ഇവർ നടത്തുന്നുണ്ട്. ഒരിക്കലും വറ്റാത്ത നീരുറവയാണ് പാറയുടെ മറ്റൊരു ഹൈലൈറ്റ്. പാറയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ചെറിയ നീരുറവയിലെ വെള്ളം എത്ര കടുത്ത വേനലിലും വറ്റില്ല. പല കുടുംബങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും ഈ ഉറവയെത്തന്നെ.

ഇടുക്കി ജില്ലയിലെ തേക്കടി-മൂന്നാർ റൂട്ടിൽ മൂന്നാറിൽനിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇവിടം കാണാൻ സ്വാഗതം, ലോക്ഡൗണിന് ശേഷം മാത്രം.

de642a16-5ffd-42d1-a10e-894be06d37c5