Friday 07 June 2019 12:43 PM IST : By അഞ്ജലി തോമസ്

ഓൺലൈനിൽ അപേക്ഷിച്ചപ്പോൾ ലഭിച്ചത് വ്യാജ വിസ, താമസിച്ച ഹോട്ടലിൽ നിന്നു ചില്ലറ നൽകിയത് വ്യാജ ഡോളർ! മലയാളി യുവതി വിയറ്റ്നാമിൽ ജയിലിൽ നിന്നു രക്ഷപ്പെട്ടത് കഷ്ടിച്ച്

vietnam-t5

2019ന്റെ തുടക്കത്തിലാണ് 101 ദിവസം നീണ്ടുനിൽക്കുന്ന യാത്ര തുടങ്ങുന്നത്. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ കൂടുതൽ അറിയുക എന്ന ലക്ഷ്യത്തോടെ മ്യാൻമറിൽ തുടങ്ങി ഫിലിപ്പീൻസിൽ അവസാനിക്കുന്നതാണ് പദ്ധതി. യാങ്ഗോണിലേക്കുള്ള ടിക്കറ്റ് മുൻകൂട്ടി എടുത്തു, ബാക്കി യാത്ര പുരോഗമിക്കുന്നതിനനുസരിച്ച് എടുക്കാം എന്നാണു കരുതിയത്. പ്രതിദിനം 50 അമേരിക്കൻ ഡോളറിൽ കൂടുതൽ ചെലവാക്കരുതെന്ന് നിശ്ചയിച്ചിരുന്നു. മ്യാൻമർ പോലെ വിയറ്റ്നാമും എനിക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു. വിയറ്റ്നാമിലേക്ക് ഇലക്ട്രോണിക് വീസ ലഭിക്കും എന്ന അറിവ് സന്തോഷം ഇരട്ടിപ്പിച്ചു...

തുടക്കം മ്യാൻമറിൽ

നൂറ്റൊന്ന് ദിന യാത്രയുടെ ആദ്യ മൂന്നാഴ്ച മ്യാൻമറിൽ വളരെ സുഗമമായി കടന്നുപോയി. കബളിപ്പിക്കപ്പെടാനോ ചതിപറ്റാനോ ഉള്ള സാധ്യത അവിടെ വളരെ വിരളമാണ്. പിടിച്ചുപറിക്കാർ തീരെ കുറവ്. ഊഷ്മളമായ പെരുമാറ്റവും സൗഹൃദ സമീപനവുമുള്ള ആളുകൾ. മനോഹരമായ കാഴ്ചകൾ. മ്യാൻമർ നാണയമായ ക്യാറ്റ് കയ്യിൽനിന്ന് അധികം ഇറങ്ങുന്നുമില്ല. എന്റെ ബജറ്റിൽ ചെലവ് ഒതുങ്ങുന്നു. നല്ല അനുഭവം, സന്തോഷം.

എന്നാൽ തായ്‌ലൻഡിലെ ചിയാങ് മെ എത്തിയതോടെ കാര്യങ്ങളൊക്കെ മാറി. നല്ല ഗംഭീരൻ സ്ഥലം, പക്ഷേ, കുഴപ്പങ്ങളുടെ തുടക്കം ഇവിടെയായിരുന്നു. താമസസ്ഥലത്തു കിട്ടുന്ന ലോക്കറിൽ വിലപിടിച്ച സാധനങ്ങൾ പലപ്പോഴും ഞാൻ മറന്നു വച്ചിട്ടുണ്ട്. ലാപ്ടോപ്പ്, അധികമായി കയ്യിൽ കരുതുന്ന ഫോൺ, പാസ്പോർട്ടും പണവും അടങ്ങുന്ന പഴ്സ് അങ്ങനെ വിലപിടിച്ച പലതും. ഹോസ്‌റ്റലുകളിലെ ലോക്കറുകൾ സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഇപ്പോളിതാ... കംബോഡിയയിലെ സിയാം റീപിൽ എത്തി നോക്കിയപ്പോഴാണ് കയ്യിലെ പണം നഷ്ടമായതു മനസ്സിലാക്കുന്നത്. അതും ഉദ്ദേശം 1400 അമേരിക്കൻ ഡോളർ. എങ്കിലും യാത്രയിൽ നിന്ന് ഞാൻ പിന്നോക്കം പോയില്ല.

വിയറ്റ്നാമിന്റെ വ്യാജവീസ

vietnam-t6

യാത്ര ആറാമത്തെ ആഴ്ചയിലേക്കു കടന്നു. ക ം ബോഡിയയിലെ നോംപെൻ നഗരത്തിൽനിന്ന് വിയറ്റ്നാമിലെ സൈഗോൺ (ഹോ ചി മിൻ) നഗരത്തിലേക്ക് ബസിൽ കയറിയപ്പോൾ മുതൽ പ്രശ്നം തുടങ്ങി. വിയറ്റ്നാമിലേക്ക് എന്റെ വീസ അനുവദിക്കുന്നില്ല.

തായ്‌ലൻഡിൽ നിന്ന് വിയറ്റ്നാം വീസയ്ക്ക് ഓൺലൈനിൽ അപേക്ഷിച്ചതാണ്. ഔദ്യോഗിക വെബ്സൈറ്റ് എന്നു തോന്നിച്ച ഒരു സൈറ്റാണ് അപേക്ഷിക്കാൻ ഉപയോഗിച്ചത്, 25 ഡോളർ വീസ ഫീസ് ഓൺലൈനായി അടച്ചു. വിയറ്റ്നാമിലേക്ക് പ്രവേശിക്കുന്ന സ്ഥലം ഹോ ചി മിൻ സിറ്റി എന്ന് പൂരിപ്പിക്കുകയും അവിടത്തെ ഒരു ഹോട്ടലിന്റെ മേൽവിലാസം രേഖപ്പെടുത്തുകയും ചെയ്തു. വീസ ഇÐമെയിലിൽ കിട്ടി. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല.

ബസിൽ കയറാൻ ചെന്നപ്പോഴാണ് അറിയുന്നത്, വീസയിൽ പ്രവേശനസ്ഥലമായി ഡാ നാങ് എ ന്നൊരു സ്ഥലപ്പേരാണ് കൊടുത്തിരിക്കുന്നത്. ഹോ ചി മിൻ സിറ്റിയിൽനിന്ന് 1000 കി മീ അകലെയുള്ള ഈ സ്ഥലത്തിന്റെ പേരു കേൾക്കുന്നതുതന്നെ അപ്പോൾ ആദ്യമായിട്ടാണ്. അങ്ങനെ ആ ബസിൽ കയറാനായില്ല. ഒരു പോംവഴി കണ്ടെത്താൻ നോംപെൻ നഗരത്തിലെ വിയറ്റ്നാമീസ് എംബസിയിലേക്ക് ചെന്നു. അവിടെ സമാനമായ പ്രശ്നവുമായി നിൽക്കുന്ന ആളുകളുടെ ഒരു ചെറിയ നിരതന്നെ ഉണ്ട്. കൗണ്ടറിലിരിക്കുന്ന സ്ത്രീ എന്റെ വീസ മേടിച്ച് ഓടിച്ചൊന്നു നോക്കിയിട്ട് വീണ്ടും അപേക്ഷിക്കാൻ പറഞ്ഞു, അറുപത് ഡോളർ ഫീസ്, മൂന്നു മണിക്കൂറിനുള്ളിൽ വീസ കിട്ടും.

ഒരു വീസ ഉള്ളപ്പോൾ തന്നെ വേറൊന്നിന് അപേക്ഷിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ഞാൻ അന്വേഷിച്ചു. എന്നാൽ അവരുടെ ഉത്തരം എന്നെ ഞെട്ടിച്ചുകളഞ്ഞു, ‘നിങ്ങളുടേത് ഒരു വ്യാജവീസയാണ്. ഒരിക്കലും ഓൺ ലൈനിൽ അപേക്ഷിക്കരുത്. അങ്ങനെ ചെയ്ത് എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല.’

ഒടുവിൽ 60 ഡോളർ ചെലവാക്കിയപ്പോൾ മൂന്നു മണിക്കൂറിനു ശേഷം നോംപെനിലെ വിയറ്റ്നാം എംബസിയിൽനിന്ന് ശരിയായ വീസ ലഭിച്ചു. അതുകൊണ്ട് അന്നു വൈകിട്ടത്തെ ബസിൽ സൈഗോണിലേക്കു യാത്രതിരിച്ചു. സൈഗോൺ, മോട്ടോർ ബൈക്കുകളുടെ നഗരമാണ്. ഒരു പട്ടണത്തിൽ ഇത്രയധികം മോട്ടോർ സൈക്കിൾ, ഹാ! സൈഗോൺ.

vietnam-t2

കാഴ്ചയിൽ മനോഹരം, പക്ഷേ...

ഏതാനും ആഴ്ച വിയറ്റ്നാമിൽ കഴിഞ്ഞപ്പോൾ മനസ്സിലായി, മനോഹരമായ ഈ രാജ്യം ‘നിർദയം പെരുമാറുന്ന മനുഷ്യരുടെയും വ്യാജസാധനങ്ങളുടെയും’ സ്ഥലം കൂടിയാണെന്ന്. ഇവിടെത്തിയ ശേഷം മറഞ്ഞുകിടക്കുന്ന തുരങ്കങ്ങളും കുരങ്ങുകൾ നിറഞ്ഞ കാടുകളും സമുദ്രതീരങ്ങളും മലമേടുകളും ഒക്കെ കണ്ടറിഞ്ഞു, ഒരു മഴദിവസം ഹാലോങ് തീരത്തുകൂടി നടത്തിയ ജലയാത്രയാണ് ഏറ്റവും നല്ല അനുഭവം. പർവതച്ചെരിവുകളിൽ‍ തട്ടുതട്ടായി നെൽകൃഷി നടത്തുന്ന സപ എന്ന സ്ഥലത്തുവച്ച് വിയറ്റ്നാം പര്യടനം അവസാനിപ്പിക്കാം എന്നു നിശ്ചയിച്ചു. മൂന്നു ദിവസത്തിനു ശേഷം ഹനോയിയിൽനിന്ന് ലാവോസിലെ ലുവാങ് പ്രബാങ്ങിലേക്കു പോകേണ്ടതാണ്.

ഞാൻ തിരികെ ഹനോയിയിൽ എത്തി. ഇവിടെനിന്ന് 27 മണിക്കൂർ റോഡ് യാത്രയുണ്ട് ലുവാങ് പ്രബാങ്ങിലേക്ക്. ഒന്നര ലീറ്ററിന്റെ കുപ്പിയിൽ വെള്ളവും വണ്ടി നിർത്തുന്നിടത്ത് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ ഒക്കെ മേടിക്കാൻ ആവശ്യത്തിന് വിയറ്റ്നാമീസ് ഡോങ്ങുമായി രാത്രി ബസ്സിൽ കയറി. പത്തു മണിക്കൂർ കൊണ്ട് ഞങ്ങൾ അതിർത്തി പിന്നിട്ട് ലാവോസിലേക്കു പ്രവേശിക്കും.

അയല അടുക്കിയതുപോലെ കൊച്ചു സീറ്റുകളുള്ള ഒരു സ്ലീപർ ബസ്. ടിക്കറ്റിന് കൂടുതൽ തുക ഈടാക്കിയിട്ടും ‘ഞങ്ങൾ വിദേശീയരെ’ ബസിന്റെ പിന്നിലുള്ള സീറ്റുകളിലേക്ക് പറഞ്ഞുവിട്ടു. 27 മണിക്കൂർ യാത്ര മൂപ്പതു മണിക്കൂ ർ ആകുമോ എന്നായിരുന്നു എന്റെ ചിന്ത.

പത്തുമണിക്കൂറിനുള്ളിൽ വിയറ്റ്നാമിനും ലാവോസിനുമിടയ്ക്ക് ‘നം കാൻ’ അതിർത്തിയിൽ എത്തി. നേരം പുലരുന്നതേയുള്ളു. സമീപത്തുള്ള കാപ്പിക്കടയിൽ ഏതാനും നാട്ടുകാരും ഉദ്യോഗസ്ഥരും നല്ല കടുപ്പമുള്ള വിയറ്റ്നാമീസ് കോഫി കുടിച്ച് ഇരിക്കുന്നു. ഞാനും അവർക്കൊപ്പം ചേർന്നു, അൽപം ചില കുശലങ്ങൾ. അധികം താമസിയാതെതന്നെ വിയറ്റ്നാം വിടുന്നതിന്റെ സീൽ പാസ്പോർട്ടിൽ പതിഞ്ഞു. ബസിലുണ്ടായിരുന്ന ചെറുപ്പക്കാരായ ചില വിനോദസഞ്ചാരികൾക്കൊപ്പം രണ്ട് രാജ്യങ്ങൾക്ക് ഇടയിലുള്ള പാലത്തിലൂടെ ലാവോസ് ഇമിഗ്രേഷൻ ഓഫിസ് ലക്ഷ്യംവച്ച് സന്തോഷത്തോടെ നടന്നു.

വീണ്ടും വ്യാജൻ!

വീസയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് ഉദ്യോഗസ്ഥനു നൽകി. ചിരിച്ചുകൊണ്ട് അതു മേടിച്ച് അദ്ദേഹം പറഞ്ഞു, ‘43 ഡോളർ’. ഇതു കുറച്ച് കൂടിപ്പോയി എന്നു ചിന്തിച്ചുകൊണ്ട് ഒരു നൂറു ഡോളർ നോട്ട് ഉദ്യോഗസ്ഥനു കൊടുത്തു. ഇപ്പോൾ 800 ഡോളർ മാത്രമേ എന്റെ കയ്യിലുള്ളു, സപായിൽ മൂന്നു ദിവസം തങ്ങാൻ ആവശ്യമായ വിധം കുറച്ച് പണം മാറ്റി എടുത്തിരുന്നതിനാലാണ് എനിക്കു ബാക്കി തുക കൃത്യമായി ഓർമ വയ്ക്കാനായത്. എങ്കിലും ലാവോസിൽ കഴിച്ചുകൂട്ടാൻ ഇതു മതിയാകും.

vietnam-t3

‘മാഡം, മെഷിനിൽ ഈ നോട്ട് എടുക്കുന്നില്ല.’ അദ്ഭുതപ്പെട്ട് ഞാൻ മറ്റൊരു നോട്ട് നീട്ടി, അതും മെഷിൻ നിരസിച്ചു. മൂന്നാമത്തേത്, നാലാമത്തേത് എന്റെ കയ്യിലുള്ളതെല്ലാം ഞാൻ കൊടുത്തു. പക്ഷേ, ഫലം ഒന്നുതന്നെ.

‘ഇതൊക്കെ കള്ളനോട്ടുകളാണ്.’ ആ മുഖത്തെ ചിരി മാഞ്ഞു, അത് കോപംകൊണ്ടു ചുമന്നു. ഞാൻ തണുത്തുറഞ്ഞു, എന്നാലും അതെങ്ങനെ സംഭവിച്ചു... വീസയ്ക്ക് അടയ്ക്കാനായി കയ്യിൽ കാശില്ല... എറ്റിഎം, ക്രഡിറ്റ് കാർഡ് ഒക്കെ ഈ മലമൂട്ടിൽ വിദൂരസ്വപ്നം മാത്രം. ചെറുപ്പക്കാരായ സഹയാത്രികരിൽ ഒരാൾ 50 ഡോളറിന്റെ നോട്ട് നീട്ടി, ലുവാങ് പ്രബാങ്ങിലെത്തിയിട്ട് കടം വീട്ടിയാൽ മതി എന്നു പറഞ്ഞു. ഞാൻ നന്ദിയോടെ ആ നോട്ട് മേടിച്ച് ഉദ്യോഗസ്ഥനു നൽകി. അപ്പോൾ അയാൾ അടുത്ത പ്രശ്നമുന്നയിച്ചു, കള്ളനോട്ടുമായി വന്ന ഒരാളെ നിയമപ്രകാരം അതിർത്തി കടത്തി വിടാനാകുമോ? അതോ വന്ന രാജ്യത്തേക്ക് തന്നെ തിരിച്ച് അയയ്ക്കണോ? ഞാൻ ഇപ്പോൾ രണ്ടു രാജ്യങ്ങൾക്ക് ഇടയിലാണ്. വിയറ്റ്നാമിൽനിന്ന് എന്നെ സ്‌റ്റാംപ് ഔട്ട് ചെയ്തു, അവിടെ ഓൺ അറൈവ ൽ വീസ കിട്ടുകയുമില്ല. സംശയത്തിന്റെ നിഴലിലായ എന്നെ ലാവോസിലേക്കു പ്രവേശിപ്പിക്കുകയുമില്ല. ചോദ്യം ചെയ്യലിനായി മാറി നിൽക്കാൻ ആ ഉദ്യോഗസ്ഥൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ കുലീനമായൊരു മൗനം പാലിച്ചു. എനിക്ക് ഉറക്കെ കരയണമെന്നുണ്ട്, ഓടി രക്ഷപ്പെടണമെന്നുണ്ട്. ചെയ്യാത്ത തെറ്റിന് എന്നെ കുറ്റവാളിയായി സംശയിക്കുന്നു.

ആശങ്കയുടെ നിമിഷങ്ങൾ

അവർ ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്, ഒരക്ഷരം എനിക്കു മനസ്സിലാകുന്നില്ല. അൽപനേരം കഴിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥൻമാർ വന്നു. അവർ എന്നെ നോക്കി, എന്റെ പാസ്പോർട്ട് പരിശോധിച്ചു. രണ്ടു വലിയ പാസ്പോർട്ടുകൾ കൂട്ടി തുന്നിയ ഒന്ന്, നിറച്ചും വീസകളോടെ. എന്നോട് കുറെ ചോദ്യങ്ങൾ ചോദിച്ച് അവർ പോയി. അൽപനേരത്തിനുശേഷം ഉദ്യോഗസ്ഥർ തിരികെ എത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ എന്റെ ഓരോ നീക്കവും ഓർത്തെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. അവസാനം പണം കൈപ്പറ്റിയതും എണ്ണിയതും എവിടെ വച്ചായിരുന്നു? രണ്ടു ദിവസത്തിൽ കൂടുതൽ തങ്ങിയത് എവിടെ?

‘‘സപാ’’, ഞാൻ പറഞ്ഞു. നഗരമധ്യത്തിലെ ഹോട്ടലിന്റെ ചിത്രം എന്റെ ഫോണിലുണ്ടായിരുന്നു. അത് ഞാൻ കാട്ടിക്കൊടുത്തു. ഓരോ നിമിഷവും അനന്തമായി നീണ്ടുപോകുന്നതുപോലെ അനുഭവപ്പെട്ടു. അവർ എന്റെ നേരെ ഒരു കടലാസ് നീട്ടി അതിൽ ഒപ്പിട്ടു കൊടുക്കാൻ ആവശ്യപ്പെട്ടു.

അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാൻ ആകില്ലെങ്കിലും ഞാനത് ഒപ്പിട്ടു കൊടുത്തു. എന്താണ് സമ്മതിക്കുന്നതെന്നോ ഇനി എന്താണ് കാത്തിരിക്കുന്നതെന്നോ ഒന്നും അറിയില്ല. ലുവാങ് പ്രബാങ്ങിൽ എത്തിയാൽ ഉടൻതന്നെ കയ്യിലുള്ള കള്ളനോട്ടുകൾ അടുത്തുള്ള പൊലിസ് സ്‌റ്റേഷനിൽ കൊടുക്കാം എന്നാണ് ഉള്ളടക്കമെന്ന് ഒരു ഉ ദ്യോഗസ്ഥൻ പറഞ്ഞു. ആശ്വാസം, ജയിലഴികളിൽ പെടാതെ രക്ഷപ്പെട്ടു. എന്റെ വായ ഉണങ്ങി വരണ്ടു, ഒച്ച പുറത്തേക്കു വരാതായി.

വീണ്ടും കുറെ ചോദ്യങ്ങൾ. പിന്നീട് ലാവോസിലേക്കുള്ള വീസ പതിച്ചുതന്നു. എനിക്ക് എല്ലാറ്റിനോടും കോപം തോന്നി, എല്ലാവരും കൈവിട്ടതുപോലെ ഒരു അനുഭവം.

vietnam-t4

ഇനി 17 മണിക്കൂർ യാത്ര ബാക്കി. പരിചയക്കാരോട് ആരോടെങ്കിലും ഒന്നു സംസാരിക്കാനായെങ്കിൽ എന്നു ഞാൻ കരുതി. അതും നടന്നില്ല. എന്റെ കയ്യിൽ ലോക്കൽ സിംകാർഡ് ഇല്ല, മേടിക്കാൻ കാശുമില്ല.

അപകടകരമായ ഹെയർ പിൻ വളവുകളിലൂടെയും മലമ്പ്രദേശങ്ങളിലൂടെയും ബസ് അരിച്ച് നീങ്ങി. ഓരോ നാലുമണിക്കൂറിലും ഒന്ന് എന്ന കണക്കിൽ ചില ചെറുനഗരങ്ങളിലൂടെ കടന്നുപോയി. ഒടുവിൽ ലുവാങ് പ്രബാങ്ങിൽ എത്തി. ഒരു സ്‌റ്റേഷൻ കണ്ടുപിടിച്ച് ഈ കുഴപ്പങ്ങളൊക്കെ ഒന്ന് അവസാനിപ്പിക്കാൻ എനിക്ക് തിടുക്കമായി.

എന്നെ സഹായിച്ച ചെറുപ്പക്കാരന്റെ കടംവീട്ടിയ ശേഷം ഒരു പൊലിസ് സ്‌റ്റേഷനിലേക്കു ചെന്ന് ഞാൻ ഒപ്പിട്ട കത്ത് ഒരു ഉദ്യോഗസ്ഥനെ ഏൽപിച്ചു. ഊഷ്മളമായിട്ടാണ് അദ്ദേഹം പെരുമാറിയത്. അടുത്ത രണ്ടു മണിക്കൂർ സമീപകാലത്തെ എന്റെ യാത്രകളും താമസവും ഒക്കെയായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കടന്നുപോയി. പല ഉദ്യോഗസ്ഥൻമാരും വരുന്നു, ആ നോട്ടുകൾ എടുത്തു പരിശോധിക്കുന്നു, എന്റെ വിരലടയാളം എടുക്കുന്നു... ഒടുവിൽ ആരോ ഒരു ആശയം മുന്നോട്ടു വച്ചു. ഞാൻ എന്നെക്കുറിച്ച് പറഞ്ഞത് ശരിയാണെന്ന് അവർക്കു ബോധ്യപ്പെടണം. അതിന് ഗൂഗിളിൽ സെർച് ചെയ്തു നോക്കാം എന്നായിരുന്നു ആ ആശയം.

രാത്രി പത്ത് മണിക്ക്, അന്യനാട്ടിൽ, അവിടെ എത്തിയ ഉടനെതന്നെ ഒരു പൊലിസ് സ്‌റ്റേഷനിൽ ഇരുന്ന് ഗൂഗിളിൽ സ്വന്തം പേര് സെർച് ചെയ്യുക. ഇതിനെയാണോ വിധിവൈപരിത്യം എന്നു വിളിക്കുന്നത്... ഏതായാലും ഗൂഗിൾ ഉറപ്പിച്ചു പറഞ്ഞു, “Anjaly Thomas is a lawyer turned travel writer,” ഉദ്യോഗസ്ഥൻമാർക്കും ബോധ്യപ്പെട്ടു. അവർ പറഞ്ഞു, ‘തായ്‌ലൻഡിൽ അച്ചടിച്ച നോട്ടുകളാണ്, പക്ഷേ, അവ വ്യാപകമായി പ്രചരിച്ചിരിക്കുന്നത് വിയറ്റ്നാമിലാണ്. അവിടെ സഞ്ചരിക്കുമ്പോൾ സൂക്ഷിക്കണം.’

എനിക്ക് അവരോട് യോജിക്കാതിരിക്കാനാകില്ല. വിയറ്റ്നാമിനെപ്പറ്റി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വ്യാജവീസയും വ്യാജതുണിത്തരങ്ങളും വ്യാജ കറൻസികളും... അറിയാതെ കള്ളനോട്ട് കയ്യിൽ വച്ച് ജയിലിൽ പോകാതെ രക്ഷപ്പെട്ടത് ഭാഗ്യം. ഇതിന്റെയൊക്കെ ഓർമയ്ക്കായി അതിൽ ഒരു നോട്ടെങ്കിലും കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒരു ഫോട്ടോ എടുക്കാൻ മാത്രമേ സാധിച്ചുള്ളു..

vietnam-t1

Travel Info

വിയറ്റ്നാമിൽ (തെക്ക് കിഴക്കേ ഏഷ്യൻ‍ രാജ്യങ്ങളിൽ പൊതുവേ) യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ

വ്യാജ ടിക്കറ്റ് കൗണ്ടറുകൾ

വിചിത്രമെന്നോ അപ്രായോഗികമെന്നോ ഒക്കെ തോന്നിയേക്കാം. വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ബസ് സ്‌റ്റാൻഡുകളുടെയും സമീപത്ത് ഒൗദ്യോഗികമെന്നു തോന്നിക്കും വിധം കൗണ്ടറുകൾ തുറക്കുകയും അസ്സൽ പോലെ തോന്നുന്ന ഒപ്പോടുകൂടിയ ടിക്കറ്റുകൾ വിൽക്കുകയും ചെയ്യും.

ബസ്, ട്രെയിൻ വ്യാജടിക്കറ്റുകൾ വിൽക്കുന്ന വെബ്സൈറ്റുകൾ

ഏറ്റവും സാധാരണമായ തട്ടിപ്പാണ് ഇത്. അപേക്ഷിക്കുന്നവർക്ക് ടിക്കറ്റും (പ്രത്യേകിച്ചും റോഡ് മാർഗം അതിർത്തി കടക്കുന്നവർക്ക്) വീസയും (ഒരു ബുദ്ധിമുട്ടും ഇല്ലാതെതന്നെ) കിട്ടും. എന്നാൽ ബസ് ടെർമിനലിൽ ചെല്ലുമ്പോൾ ഇവയ്ക്കൊന്നും ഒരു വിലയും കാണില്ല.

വ്യാജ വീസ വെബ്സൈറ്റുകൾ

എംബസിയിലൂടെയേ വീസയ്ക്ക് അപേക്ഷിക്കാവൂ, അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ. (പേയൂ എന്ന പെയ്മെന്റ് ഇന്റർഫേസ് വഴി ബന്ധിപ്പിക്കുന്നതൊന്നും ഔദ്യോഗികമായിരിക്കില്ല) വീസ ഇÐമെയിലിൽ കിട്ടിയാൽ അപ്പോൾത്തന്നെ നിങ്ങൾ അപേക്ഷിച്ചതുപോലെ തന്നെയാണ് വീസ കിട്ടിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.

ഇന്നുതന്നെ ജൂൺ ലക്കം മനോരമ ട്രാവലറിന്റെ കോപ്പികൾ ഉറപ്പാക്കൂ...