Thursday 26 March 2020 12:17 PM IST : By സ്വന്തം ലേഖകൻ

'ഇരുട്ടിയശേഷം കോട്ടയ്ക്കുള്ളിൽ പോയവരാരും തിരികെ വന്നിട്ടില്ല'; പ്രേതാത്മാക്കൾ വസിക്കുന്ന രാജസ്ഥാൻ കോട്ടയിലേക്ക്...

shutterstock_729683008

നൂറ്റാണ്ടുകൾക്കു മുൻപ് ഉപേക്ഷിക്കപ്പെട്ട കോട്ടയും കൊട്ടാരവും. കോട്ടയ്ക്കുള്ളിലെ ഗ്രാമവാസികൾ അടക്കം എല്ലാവരും പ്രേതാത്മാക്കളായി ഇപ്പോഴും അവിടെ ഉണ്ടത്രേ. ഇന്ത്യയിലെ മോസ്റ്റ് ഹോണ്ട‍‍ഡ് പ്ലെയ്സ് എന്ന വിശേഷണത്തോടെ രാജസ്ഥാനിലെ ഒരു പുരാതന കോട്ട...

യാത്രകളിൽ സാഹസികത കണ്ടെത്താൻ താൽപര്യമുള്ളവരാണ് സഞ്ചാരികൾ പൊതുവെ. വലിയ കൊടുമുടികൾ കയറുന്നവരും നിബിഡവനങ്ങളിൽ ട്രെക്കിങ് നടത്തുന്നവരും ഒട്ടേറെ. ഭൂത, പ്രേത ബാധയുണ്ടെന്നു വിശ്വസിക്കുന്ന സ്ഥലങ്ങൾ തേടി കണ്ടെത്തി അത് തങ്ങളുടെ ഡെസ്റ്റിനേഷൻ ആക്കുന്ന മറ്റൊരു കൂട്ടരുണ്ട്.  ഇന്ത്യയിലെ ‘മോസ്‌റ്റ് ഹോണ്ടഡ് പ്ലെയ്സ്’ എന്ന് ലോകമെമ്പാടും പ്രശസ്തമായ സ്ഥലമാണ് ഭാൻഗഡ് കോട്ട.

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സരിസ്ക കടുവ സംരക്ഷണകേന്ദ്രത്തിനു സമീപമുള്ള ഒരു കൊച്ചു ഗ്രാമമാണ് ഭാൻഗഡ്. 16–ാം നൂറ്റാണ്ടിൽ പണിത ഒരു കോട്ടയുടെയും അനുബന്ധ നഗരത്തിന്റെയും സംരക്ഷിത അവശിഷ്ടങ്ങളാണ് ഇവിടത്തെ പ്രധാന കാഴ്ച. ആരാവലി പർവതനിരകളിൽ വളരെ തന്ത്രപ്രധാനമായൊരു സ്ഥലത്താണ് ഭാൻഗഡ് കോട്ടയും ആൾതാമസമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഗ്രാമവും . അംബറിലെ കഛ്‌വ ഭരണാധികാരിയായിരുന്ന ഭഗവന്ത് സിങ് ഇളയപുത്രനായ മാധോസിങ്ങിനു വേണ്ടി പണിതതാണ് ഈ കോട്ട. മാധോസിങ്ങിന്റെ സഹോദരനാണ് അക്ബറിന്റെ സേനാധിപനായി പ്രശസ്തനായ മാൻസിങ്. 

shutterstock_1538462456

മേൽക്കൂരകൾ വാഴാത്ത ശാപം

ഭാൻഗഡ് കോട്ടയിലെയും ഗ്രാമത്തിലെയും കെട്ടിടങ്ങൾക്ക് ശാപം കിട്ടിയതാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.  മാധോസിങ്ങിന്റെ മകൻ ഛത്രസിങ്ങിന്റെ മകൾ രത്നാവതിയെ ഒരു ദുർമാന്ത്രികൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെന്നും അത് നിറവേറാതെ കൊല്ലപ്പെട്ട മാന്ത്രികൻ മരിക്കും മുൻപ് ആ കോട്ടയിലുള്ളവരെ മുഴുവൻ ശപിച്ചത്രേ. താമസിയാതെ നടന്ന ഒരു യുദ്ധത്തിൽ രത്നാവതിയടക്കം കോട്ടയിലെ അന്തേവാസികൾ മുഴുവൻ കൊല്ലപ്പെടുകയും ശാപം കാരണം അവരുടെയൊക്കെ ആത്മാക്കൾ പ്രേതങ്ങളായി കോട്ടയിൽതന്നെ ഉണ്ടെന്നുമാണ് വിശ്വാസം. മറ്റൊരു ഐതിഹ്യം അനുസരിച്ച് ഭഗവന്ത് സിങ് കോട്ട പണിയുന്ന കാലത്ത് ഗുരു ബാലു നാഥ് എന്ന മഹർഷി ഈ കുന്നിൻമുകളിൽ തപസനുഷ്ഠിച്ചിരുന്നു.

shutterstock_1484935517

കോട്ട പണിയുവാൻ അനുവാദം അഭ്യർഥിച്ചപ്പോൾ ഒരു നിബന്ധനമാത്രമാണ് വച്ചത്, കോട്ടകൊത്തളങ്ങളുടെ നിഴലുകളൊന്നും തന്റെ ആശ്രമത്തിൽ പതിക്കാൻ പാടില്ല... ഭഗവന്ത് സിങ്ങിന്റെ കാലത്ത് ഈ നിബന്ധന പാലിച്ചെങ്കിലും പിന്നീട് കൊച്ചുമകൻ ഛത്രസിങ്ങിന്റെ കാലത്ത് പുതിയ എടുപ്പുകൾ കൂട്ടിച്ചേർത്തപ്പോൾ ഇക്കാര്യം മറക്കുകയും ഒരു സ്തംഭത്തിന്റെ നിഴൽ ആശ്രമകുടീരത്തിൽ പതിക്കുകയും ചെയ്തത്രേ... ക്രുദ്ധനായ ഗുരു ബാലു നാഥ് ഈ കോട്ടയിലെ ഗ്രാമത്തിലുള്ള കെട്ടിങ്ങൾക്കു മേൽക്കുരകൾ  വാഴാതെ പോകട്ടെ എന്നു ശപിച്ചത്രേ.

വിശ്വാസം ഇങ്ങനെയാണെങ്കിലും ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ഛത്രസിങ്ങിന്റെ മരണശേഷം മകൻ അജബ് സിങ് ഇന്ന് അജബ്ഗഡ് എന്നറിയപ്പെടുന്ന കോട്ട നിർമിച്ചുവെന്നും ഇവിടത്തെ ജനങ്ങൾ ഭൂരിപക്ഷവും അവിടേക്ക് താമസമാക്കി എന്നുമാണ്. 1783 ൽ  ഒരു വലിയ ക്ഷാമകാലം വന്നതോടെ അവശേഷിച്ച ജനങ്ങൾകൂടി ഭാൻഗഡ് കോട്ട ഉപേക്ഷിച്ചു പോകുകയായിരുന്നു. 

shutterstock_1625148043

ഭാൻഗഡിലെ കാഴ്ചകൾ

അഞ്ച് പടുകൂറ്റൻ വാതിലുകളുള്ള മൂന്നു കോട്ടമതിലുകൾ കടന്നുവേണം ഭാൻഗഡ് കോട്ടയുടെ ഉള്ളിൽ എത്താൻ. കോട്ടയ്ക്കുള്ളിൽ വിവിധ ഹവേലികളുടെയും ക്ഷേത്രങ്ങളുടെയും കച്ചവട കേന്ദ്രങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാം. ക്ഷേത്രങ്ങൾ ഒഴിച്ച് മറ്റ് കെട്ടിടാവശിഷ്ടങ്ങൾക്കൊന്നും മേൽക്കുര ഇല്ല, അത് ഈ കോട്ടയെ ‘മോസ്റ്റ് ഹോണ്ടഡ്’ ആക്കുന്ന കഥയിലെ ശാപം മൂലമാണെന്നാണ് വിശ്വസിക്കുന്നത്. കോട്ടയ്ക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഗ്രാമത്തിലെ വീടുകൾക്കും മേൽക്കുര കാണാനില്ല. മാത്രമല്ല ആരെങ്കിലും ഒരു കെട്ടിടം പണിതാൽ താമസിയാതെ തന്നെ അതിന്റെ മേൽക്കൂര നിഗൂഢമായ കാരണങ്ങളാൽ തകർന്നു വീഴുന്നതായിട്ടാണ് അനുഭവം എന്നും സമീപസ്ഥരായ ഗ്രാമീണർ പറയുന്നു. 

shutterstock_1643220688

ഗണേശ് മന്ദിർ, ഹനുമാൻ മന്ദിർ, ഗോപിനാഥ് മന്ദിർ, സോമേശ്വർ മന്ദിർ തുടങ്ങി ആറ് ക്ഷേത്രങ്ങളാണ് കോട്ടയിൽ ഉള്ളത്. 14 അടി ഉയരമുള്ള ഒരു തറയിലാണ് ഗോപിനാഥ് മന്ദിർ നിർമിച്ചിരിക്കുന്നത്. അക്കാലത്തെ ശിൽപകലയുടെ ഒന്നാന്തരം മാതൃക കൂടിയാണ് നാഗര ശൈലിയിലുള്ള ഗോപിനാഥ് മന്ദിർ. സോമേശ്വറിൽ മനോഹരമായൊരു സ്‌റ്റെപ് വെൽ കാണാം. കോട്ടയ്ക്കുള്ളിലെ രാജകൊട്ടാരത്തിന് ഏഴു നില ഉണ്ടായിരുന്നതായി പറയുന്നെങ്കിലും ഇപ്പോൾ നാല് നിലകളെ അവശേഷിക്കുന്നുള്ളു. പുരോഹിതൻമാരുടെയും നർത്തകിമാരുടെയും താമസസ്ഥലങ്ങളായ ഹവേലികളുടെ അവശേഷിപ്പുകളും ഭാൻഗ‍ഡ് ഫോർട്ടിൽ കാണാം.

shutterstock_1306963498

പോകാം ധൈര്യത്തോടെ 

ഭാൻഗ‍ഡ് ഫോർട് ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലമാണ്. ഇരുട്ടിയ ശേഷം കോട്ടയ്ക്കുള്ളിലേക്കു പോയവരാരും തിരികെ വന്നിട്ടില്ല എന്നാണ് നാട്ടൂകാർ പറയപ്പെടുന്നത്.  സാഹസികത അൽപം കൂടുതലുള്ളവർ ഇവിടത്തെ പ്രേതങ്ങളെ കാണാൻ രാത്രി തങ്ങാമെന്നു വിചാരിച്ചാൽ നിർവാഹമില്ല. ഇപ്പോൾ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ അധീനതയിലുള്ള ഭാൻഗഡ് കോട്ടയിലേക്ക് സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും സന്ദർശകർക്ക് പ്രവേശനമില്ല.  കോട്ടയ്ക്കുള്ളിലെ കെട്ടിടങ്ങൾ ശിൽപഭംഗിയിൽ എത്രമാത്രം മികച്ചവ ആയിരുന്നെന്ന് ഇപ്പോഴത്തെ എറെക്കുറെ തകർന്ന അവസ്ഥയിലും കാണാൻ സാധിക്കും.

ജയ്പുരിൽ നിന്ന് 83 കി മീ അകലെയുള്ള ഭാൻഗഡിൽ എത്താൻ ഏറ്റവും അടുത്ത റയിൽവേ സ്‌റ്റേഷൻ ഡൗസ ആണ്. ഡൗസയിൽനിന്ന് കോട്ടയിലേക്ക് 20 കി മീ. ദേശീയപാത 21 ൽ ജയ്പുർ–അൽവാർ റൂട്ടിൽ സഞ്ചരിച്ച് റോഡ് മാർഗവും ഇവിടെ എത്താം.  ഭാൻഗഡ് യാത്രയിൽ ഭക്ഷണവും വെള്ളവും കയ്യിൽ കരുതുന്നതാണ് നല്ലത്. വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഇന്നും വലിയ ജനവാസമില്ലാത്ത പ്രദേശത്താണ് കോട്ട നിൽക്കുന്നത്. ഏറ്റവും അടുത്ത് താമസ സൗകര്യം ഡൗസയിലോ അൽവാറിലോ മാത്രമേ ഉള്ളു. സരിസ്ക പാർക്ക്, അജബ് ഗഡ് കോട്ട എന്നിവ സമീപത്തുള്ള മറ്റ് ആകർഷണങ്ങളാണ്.

shutterstock_1625088025
Tags:
  • Manorama Traveller
  • Travel India