Monday 19 October 2020 05:13 PM IST : By സ്വന്തം ലേഖകൻ

വഴിയരികിൽ പാചകം വേണ്ട: പൊതുസ്ഥലത്ത് മദ്യപാനം നിരോധിച്ചു: പുതിയ വിനോദ സഞ്ചാര നയം

goa tourism1

ചട്ടിയും കലവും പത്തു ദിവസത്തേയ്ക്കുള്ള അരിയുമായി ടൂറിനു വരുന്നവർ നാടിന്റെ സംസ്കാരം നശിപ്പിക്കുകയാണെന്നു ഗോവൻ ടൂറിസം വകുപ്പ്. ടൂറിസ്റ്റുകൾ വഴിയോരത്തു ഭക്ഷണം പാകം ചെയ്യുന്നതിനു നിരോധനം ഏർപ്പെടുത്തിയതായി ടൂറിസം മന്ത്രി മനോഹർ അജ്ഗോങ്കർ. വിനോദ സഞ്ചാര നയം ഭേദഗതി ചെയ്ത് നിയന്ത്രണം കർക്കശമാക്കുമെന്നും മന്ത്രി പറഞ്ഞു.

goa tourism3

ലോക്ഡൗണിനു ശേഷം സഞ്ചാരികൾക്കു പുന:പ്രവേശനം അനുവദിച്ച് മുഖം മിനുക്കുകയാണു ഗോവയിലെ ടൂറിസം കേന്ദ്രങ്ങൾ. പുരാതന ആരാധനാലയങ്ങൾ, ബീച്ച്, ദേശീയപാത, പുഴയോരം, നഗരം എന്നിവിടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. രാജ്യാന്തര വിമാന സർവീസ് ഉടൻ പുനരാരംഭിക്കും. ക്രിസ്മസ് – ന്യൂഇയർ ആഘോഷത്തിനു പതിവുപോലെ വിദേശികളുടെ ഒഴുക്കുണ്ടാകുമെന്നാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.

പൊതുസ്ഥലങ്ങൾ അണു മുക്തമാക്കുന്നതിനൊപ്പം സുരക്ഷിതമെന്നു സഞ്ചാരികൾക്കു തോന്നലുണ്ടാക്കുംവിധം മാറ്റം വരുത്തുന്നതായിരിക്കും പുതിയ നയം. പ്രകൃതിക്കു നാശം വരുത്താതെയുള്ള ടൂറിസത്തിനാണു മുൻതൂക്കം നൽകുന്നത്. ഗോവയുടെ സാംസ്കാരിക പൈതൃകം വെളിപ്പെടുത്തുന്ന രീതിയിൽ വിനോദസ‍ഞ്ചാരികളെ സ്വാഗതം ചെയ്യും. വഴിയോരത്തു ഭക്ഷണം പാകം ചെയ്യുന്നതും പൊതു സ്ഥലത്തു മദ്യപിക്കുന്നതും ഗോവയുടെ അന്തസ്സിന് യോജിക്കുന്നില്ല. ‘‘ബീച്ചുകളാണ് ഗോവയുടെ ആകർഷണം. നിലവാരമുള്ള വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. പൊതുസ്ഥലത്തു മദ്യപിക്കുന്നവരെയല്ല, വഴിയോരത്തു ഭക്ഷണം പാകം ചെയ്യുന്നവരെയല്ല’’ – ടൂറിസം മന്ത്രി വ്യക്തമാക്കി.

goa tourism2

കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഗോവയിൽ ‘ബജറ്റ് ടൂർ’ സമ്പ്രദായം പ്രചരിച്ചത്. ഇരുപതോ അതിൽ കൂടുതലോ ആളുകൾ വലിയ വാഹനത്തിൽ മഡ്ഗാവിൽ എത്തുന്നു. ഒരാഴ്ചത്തെ ടൂർ. കുളിയും പ്രാഥമിക കർമങ്ങളും പൊതു ശൗചാലയത്തിൽ. വഴിയോരത്ത് ഗ്യാസ് സ്റ്റൗ വച്ച് പാചകം, പാട്ട്, നൃത്തം. അന്തിയുറക്കം വാഹനത്തിനുള്ളിൽ.

പനാജി മുതൽ കലാങ്കുട്ട് വരെ ടൂറിസം സീസണിൽ ഹോട്ടൽ മുറി വാടക 1500രൂപ. ഊണിന് 150 രൂപ. നാല് ഇഡ്ഡലി, ചായ നൂറു രൂപ. അരിയും പലചരക്കു സാധനങ്ങളുമായി വണ്ടി കയറിയ മലയാളികൾ ചുരുങ്ങിയ ചെലവിൽ ഗോവ ട്രിപ്പ് ആഘോഷിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ‘ബജറ്റ് ടൂർ’ പിൻതുടർന്നു. ഇതു ഗോവയിലെ കച്ചവടക്കാർക്കു തിരിച്ചടിയായി. അതേസമയം, വഴിയോരത്തു താമസിക്കുന്നവർ നിക്ഷേപിച്ച മാലിന്യം നഗരസഭയ്ക്ക് അധിക ബാധ്യതയായി. പാർക്കിങ്ങിനെ ചൊല്ലി ടൂറിസ്റ്റുകൾ തമ്മിൽ സംഘർഷവും പോലീസ് കേസും പതിവായി. ടൂർ ഏജന്റുമാർ, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കാസിനോ, പബ്ബ് തുടങ്ങി ടൂറിസ്റ്റുകളെ ആശ്രയിച്ചു നിലനിൽക്കുന്ന സ്ഥാപനങ്ങൾ പരാതിപ്പെട്ടു. ‘ബജറ്റ് ടൂർ’ ഗോവയിലെ ടൂറിസത്തിന്റെ തകർച്ചയ്ക്കു വഴിയൊരുക്കുമെന്നു ടൂറിസം ബോർഡ് പരാതിപ്പെട്ടു. ഇതിനിടെയാണ് കോവിഡ് വ്യാപനവും തുടർന്നു ലോക്ഡൗൺ പ്രഖ്യാപനവും ഉണ്ടായത്.

ലോക്ഡൗണിനു ശേഷം വിനോദസഞ്ചാരത്തിന്റെ വാതിൽ തുറക്കുമ്പോൾ പഴയ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് സംസ്ഥാന സർക്കാർ ടൂറിസം നയം പുതുക്കിയത്. ഗോവ ടൂറിസം ബോർഡ്, ടൂറിസം മേഖലയിലെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചനയ്ക്കു ശേഷമാണ് വിനോദസഞ്ചാര നയം ഭേദഗതി ചെയ്തതെന്നു മന്ത്രി പറഞ്ഞു.

Tags:
  • Manorama Traveller
  • Travel India