Wednesday 03 March 2021 03:15 PM IST : By Anil T. Prabhakar

വാർഡനെ രക്ഷിക്കാൻ ഓടി എത്തിയ ഒറാങ് ഉട്ടാൻ, കാട്ടിൽ ഒരു വേറിട്ട അനുഭവം

wl1

ഇന്നു ലോക വനം–വന്യജീവി ദിനം. ഭൂമിയിൽ മനുഷ്യനോളം അവകാശം മറ്റു ജീവജാലങ്ങൾക്കും ഉണ്ടെന്ന് ഓർമപ്പെടുത്താനാണ് ഈ ദിവസം ആചരിക്കുന്നത്. ഭൂമിയുടെയും മനുഷ്യന്റെയും നിലനിൽപ്പിന് വനങ്ങളുടെയും വനത്തിലെ ജീവജാലങ്ങളുടെയും സംരക്ഷണ ആവശ്യകതയാണ് ഈ വർഷത്തെ വേൾഡ് വൈൽഡ്‌ലൈഫ് ദിനത്തിന്റെ പ്രമേയം. ഒരു വശത്ത് അപൂർവമായ ജൈവസമ്പത്ത് മൃഗീയമായ ശക്തിയോടെ മനുഷ്യൻ കയ്യേറുമ്പോൾ മറുവശത്ത് മനുഷ്യത്വത്തോടെ ഇടപെടുന്ന മൃഗങ്ങൾ... ഇന്തൊനീഷ്യയിലെ സംരക്ഷിത വനങ്ങളിൽ അപകടത്തിൽപെട്ട വാർഡനെ രക്ഷിക്കാൻ ഒറാങ് ഉട്ടാൻ ഓടി എത്തുന്നതിന് ദൃക്സാക്ഷിയായ അനിൽ റ്റി. പ്രഭാകർ തന്റെ അനുഭവം മനോരമ ട്രാവലറിനോടു പങ്കു വയ്ക്കുന്നു.

ഇന്തൊനീഷ്യയിലെ ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങൾ കാട്ടിലേക്കു സഞ്ചരിക്കുകയും കാടിന്റെയും മൃഗങ്ങളുടെയും ചിത്രങ്ങൾ പകർത്തുന്നതും ഒരു പാഷനാണ്. ബോർണിയോ ദ്വീപിലെ ബാലികാപനിലുള്ള സംബോജ ഒറങ് ഉട്ടാൻ സംരക്ഷണ വനത്തിൽ അത്തരമൊരു സഫാരിക്കിടയിൽ കാണാൻ ഇടയായ ദൃശ്യം എന്റെ ഉള്ളിലെ മനുഷ്യത്വത്തെയാണ് ചോദ്യം ചെയ്തത്.

മേ ഐ ഹെൽപ് യു വാർഡൻ...

wl2

ഒറങ് ഉട്ടാന് ഏറ്റവും പേടിയുള്ളതും കാട്ടിലെ അവയുടെ ഏറ്റവും വലിയ ശത്രുവും പാമ്പുകളാണ്. ഒറാങ് ഉട്ടാൻ കൺസർവേഷൻ ഫോറെസ്റ്റിലെ വാർഡന്റെ പ്രധാന ജോലി നദിക്കരകൾ വൃത്തിയാക്കുക, പാമ്പുകളെ കണ്ടാൽ അവയെ പിടിച്ചു വേറെ ദ്വീപിലേക്ക് മാറ്റുക എന്നിവയാണ്. യാത്രയ്ക്കിടയിൽ വളരെ അപ്രതീക്ഷമായിട്ടാണ് ആ സംഭവത്തിന് സാക്ഷിയായത്. നദീതീരം വൃത്തിയാക്കുന്നതിനിടയിൽ വെള്ളത്തിലേക്കു വീണ വൈൽഡ്‌ലൈഫ് ഗാർഡിന്റെ അടുത്തേക്ക് ഒരു ഒറാങ് ഉട്ടാൻ വന്നു സഹായഹസ്തം നീട്ടുന്നു... ഒരു നിമിഷത്തേക്ക് ഞാൻ ഫ്രീസായി, സമയം പാഴാക്കാതെ ഞാൻ ആ നിമിഷം ക്യാമറയിൽ പകർത്തി. മനുഷ്യത്വം വിട്ടുമാറിയ മനുഷ്യന്റെ അടുക്കലേക്ക് ഒറാങ് ഉട്ടാൻ വന്ന് ‘ഇതാ ഇങ്ങനെയാണ് ഞാനും നീയും മൃഗവും മനുഷ്യനും ആയിത്തീർന്നത്’ എന്നു പറയുംപോലെ. എന്റെ സുഹൃത്ത് ഹരി പറഞ്ഞപോലെ; “തന്റെ ഇടത്തിൽ നിന്നും തള്ളി അകറ്റുകയല്ല, സ്വന്തം ആവാസവ്യവസ്ഥയിലേക്ക് ജാതിയോ മതമോ വർഗ്ഗമോ നോക്കാതെ മനസ്സു തുറന്ന് കൈ നീട്ടിയുള്ള സ്നേഹക്ഷണം ആണ്... മനുഷ്യർ ഇതു കണ്ടു പഠിച്ചിരുന്നെങ്കിൽ” ....

കാട്ടിലെ മനുഷ്യർ

ഈ ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞുകൊണ്ടിരിക്കുന്ന കാട്ടിലെ മനുഷ്യന്മാരാണ് ഒറാങ് ഉട്ടാൻ. മനുഷ്യനോട് ഏറ്റവും സാദൃശ്യമുള്ളവ മാത്രമല്ല ഇവ, മനുഷ്യൻ കഴിഞ്ഞാൽ അതീവ ബുദ്ധിശാലിയും ഇവ തന്നെ.

ഗ്രേറ്റ് ഏപ്സ് വിഭാഗത്തിൽ ഏഷ്യയിൽ കാണപ്പെടുന്ന ഏക വർഗമാണ് ഇത്. വൻകുരങ്ങൻ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും (ചിമ്പാൻസി, ഗോറില്ല, ബോണബോ) ആഫ്രിക്കയിലാണ്. മൂന്ന് ഇനങ്ങളിലുള്ള ഒറാങ് ഉട്ടാനുകളാണ് ഏഷ്യയിൽ ഇന്ന് അവശേഷിക്കുന്നത്, ഇവയിൽ 90% ഇന്തൊനീഷ്യൻ ദ്വീപുകളായ ബോർണിയോ, സുമാത്ര, കലിമന്തൻ എന്നിവിടങ്ങളിലാണ്. 10% സബ, സരവാക് എന്നീ മലേഷ്യൻ ദ്വീപുകളിലും.

wl3

പുരുഷ ഒറംഗുട്ടാനുകൾ സ്ത്രീകളേക്കാൾ വളരെ വലുതാണ്, സാധാരണയായി രണ്ട് മുതൽ മൂന്ന് ഇരട്ടി വരെ ഭാരം വരും. ഒറങ് ഉട്ടൻ‌സ് പൊതുവെ മിതമായിട്ടാണ് ഭക്ഷിക്കുന്നത്, ഏങ്കിലും നൂറിൽപ്പരം ഇനത്തിൽ പെട്ട ഫലങ്ങൾ ഇവ കഴിക്കുന്നവയായി രേഖപ്പെടുത്തിയിട്ടുണ്ട്. പൂക്കൾ, ഇലകൾ, പുറംതൊലി; റാട്ടൻ‌സ്, പാണ്ടൻ‌സ്, ജിഞ്ചർ‌, ഈന്തപ്പന എന്നിവയും കീടങ്ങൾ, ഉറുമ്പുകൾ, തേൻ, ഫംഗസ്, വളരെ അപൂർവ സന്ദർഭങ്ങളിൽ ചെറിയ സസ്തനികൾ തുടങ്ങിയവയും ആഹാരമാക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണം ശേഖരിച്ചുവെക്കുന്ന ശീലവും ഇവയ്ക്കുണ്ട്.

wl4

ഒറാങ് ഉട്ടാനുകളിൽ മുതിർന്ന പുരുഷൻമാരും കൗമാരക്കാരും ഏറെക്കുറെ ഒറ്റയ്ക്കു കഴിയുന്നവരാണ്. മറ്റുള്ളവ പ്രായപൂർത്തിയായ പെൺ ഒറാങ് ഉട്ടാനുകളും അവയെ ആശ്രയിച്ചു കഴിയുന്ന ശിശുക്കളും കൗമാരത്തിലേക്കു കടക്കുന്നവരും അടങ്ങുന്ന കൂട്ടമായാണ് കാണുക. എട്ടരമാസമാണ് ഒറാങ് ഉട്ടാനുകളുടെ ഗർഭകാലം, ആദ്യത്തെ ശിശുവിന് 7 വയസ് പൂർത്തിയാകാതെ അടുത്ത കുട്ടി ജനിക്കുകയുമില്ല. രണ്ടു പ്രസവങ്ങൾക്കിടയിലുള്ള ഇടവേള മൃഗലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും വലുതാണ്. ഭക്ഷണങ്ങൾ തിരിച്ചറിയുക, വേട്ടക്കാരെയും അപകടങ്ങളെയും മനസ്സിലാക്കുക, ആവാസവ്യവസ്ഥയുടെ ഒരു ഭൂപടം മനസ്സിൽ ഉണ്ടാക്കുക തുടങ്ങിയ കഴിവുകൾ വളരുന്നതുവരെ കുട്ടികൾ അമ്മയ്ക്കൊപ്പം കഴിയുന്നു.

ബുദ്ധിശാലികളായ ഒറാങ് ഉട്ടാനുകൾക്ക് പ്രോബ്ലം സോൾവിങ് ഇന്റലിജൻസ് ഉണ്ടെന്നാണ് ശാസ്ത്രകാരൻമാർ കണക്കാക്കുന്നത്. ഉപകരണങ്ങൾക്കും മരുന്നുകൾക്കുമായി അവ തങ്ങളുടെ പരിസ്ഥിതിയിലുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നു. സാംസ്കാരിക സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നവയുമാണ് ഇവ. ഒരേ പ്രശ്‌നത്തെ വ്യത്യസ്ത ഒറാങ് ഉട്ടാൻ സമൂഹങ്ങൾ വ്യത്യസ്ത രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. അവ മറ്റ് ഒറാങ് ഉട്ടാനുകളിൽ നിന്ന് പഠിക്കുകയും കണ്ടുമുട്ടുമ്പോൾ കഴിവുകൾ കൈമാറുകയും ചെയ്യുന്നുണ്ടത്രേ, ഭക്ഷണ ലഭ്യത കൂടുതലുള്ളപ്പോൾ ഇത് പതിവായി കാണപ്പെടുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളുടെ പട്ടികയിൽ ആദ്യം വരുന്നതാണ് ഒറാങ് ഉട്ടാൻ. കുറച്ചു നാൾ മുൻപ് സംഭവിച്ച ഇന്തൊനീഷ്യൻ കാട്ടുതീയിൽ വളരെയധികം ഒറാങ് ഉട്ടാനുകൾ കത്തിച്ചാമ്പലായി. കൃഷിക്കുവേണ്ടി കാടു തീയിട്ട് സ്ഥലങ്ങൾ വെട്ടിപ്പിടിക്കുന്ന മനുഷ്യ തന്ത്രത്തിന്റെ ഭാഗമായിരുന്നു കാട്ടു തീ.

വിസ്മയജന്തുജാലം

ഭൂമിയിലെ ആകെ കരപ്രദേശത്തിന്റെ രണ്ടു ശതമാനത്തിൽ താഴെ മാത്രമേ ഇന്തൊനീഷ്യ എന്ന രാജ്യത്തിന്റെ വലിപ്പമുള്ളു എങ്കിലും ലോക ജീവജാലങ്ങളിൽ ഉദ്ദേശം 17% ഈ ഭാഗത്തു വസിക്കുന്നവയാണ്. ഭൂപ്രകൃതിയിൽ ഏഷ്യൻ വൻകരയോടും ഓസ്ട്രലേഷ്യൻ പ്രദേശത്തോടും സാമ്യതയുള്ള ഭാഗങ്ങളുള്ളതിനാൽ പല ഇനങ്ങളും ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. ലോകത്തിലെ ഏറ്റവും ചെറിയ കരടി ഇനമാണ് സൺ ബെയർ, ഗിബ്ബണുകൾ, പ്രോബോസ്സിസ് മങ്കി, ഉപ്പുവെള്ള മുതല, കടുവ മൂങ്ങ, വലിയ കൊമ്പുള്ള മൂങ്ങ എന്നൊക്കെ വിളിപ്പേരുള്ള ബൂബോ വിർജിനിയാനസ്, മൊളൂക്കൻ സ്കോപ്സ് ഔൾ, ടാർസിയേഴ്സ് എന്ന കുഞ്ഞിക്കുരങ്ങൻമാർ, ബയാവാക്ക്-മോണിറ്റർ പല്ലി തുടങ്ങി ചെറുജീവികൾ മുതൽ വലിയ മൃഗങ്ങൾ വരെ ഒരു ജീവലോകത്തിലെ ഒട്ടേറെ വിസ്മയക്കാഴ്ചകൾ ഇവിടെയുണ്ട്.

wl34

തോൽക്കുന്ന മനുഷ്യൻ

ഒറാങ് ഉട്ടാൻ‌ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് ഒരു കൈ നീട്ടിയപ്പോൾ തോറ്റുപോകുന്നത് മനുഷ്യരാണ്. കാടായ കാടുകൾ വെട്ടിയും തീയിട്ടും പിടിച്ചെടുക്കുമ്പോൾ നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട് പണ്ട് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ഒരു കാര്യം: "സർവശക്തനായ ദൈവം, ഒരു പ്രപഞ്ചം കൂടാതെ പ്രപഞ്ചത്തെ ഒന്നിച്ചുനിർത്തുന്നു, തന്റെ സൃഷ്ടികൾക്കായി പലതരം വസ്തുക്കൾ സൃഷ്ടിച്ചു - ഫലം, വേരുകൾ, പുല്ല്, ധാന്യം, പൂക്കൾ, വെള്ളം, വായു, ഊഷ്മളത, വെളിച്ചം എന്നിവ ഭക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് നിനക്ക് തോന്നുന്നില്ല." പക്ഷികൾക്കും വന്യമൃഗങ്ങൾക്കും പ്രാണികൾക്കും ഭൂമിയുടെ ഉൽപന്നങ്ങളിൽ‍ അർഹതയുണ്ടെന്ന് നമ്മൾ എല്ലായ്പ്പോഴും നമ്മെ ഓർമ്മിപ്പിക്കണമെന്ന് നിങ്ങൾ കരുതുന്നില്ലേ?

ദൈവമേ, നമുക്ക് ജീവിക്കാനായി എലികളെ കൊല്ലേണ്ടിവന്നത് എത്ര നിർഭാഗ്യകരമാണ്. ഭൂമിയിലെ മറ്റ് ജീവികളെ നശിപ്പിക്കാതെ മനുഷ്യർക്ക് നിലനിൽക്കാൻ കഴിയുന്നില്ലേ ....?

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Wild Destination