Tuesday 08 June 2021 03:39 PM IST : By Text Aju Chirakkal Photo: Aswin Sree

ചിത്രം, നൃത്തം, താളം, മേളം തുടങ്ങി എല്ലാ കലകളും ഒത്തുചേരുന്ന പടയണി

padayani 3

ധനുമാസമാകുന്നതോടെ മധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ച് പമ്പയാറിന്റെയും മണിമലയാറിന്റെയും തീരപ്രദേശങ്ങളിൽ തപ്പുകൊട്ടിന്റെ താ‌ളം ഉണരുകയായി. അന്തി മയങ്ങിയാൽ എരിയുന്ന ചൂട്ടുകറ്റകളുടെ വെളിച്ചത്തിൽ പഞ്ചവർണങ്ങൾ ചാലിച്ചെഴുതിയ കോലങ്ങൾ ഉയരുകയായി. നാടൻ ശീലുകൾ കോർത്തിണക്കിയ പടയണിപ്പാട്ടുകൾ ഭദ്രകാളിക്കാവുകളെ നാട‌ിന്റെ ഉത്സവേകന്ദ്രമാക്കി മാറ്റും. ഇതു പടയണിയുടെ കാലം. തെള്ളിയൂർക്കാവിലും കോട്ടാങ്ങലും തുടങ്ങി കവിയൂരും പുല്ലാടും ഇലന്തൂരും വഴി വെൺപാല, ഓതറ, കുന്നന്താനം, ഇരവിപേരൂരും കടന്ന് കടമ്മനിട്ടയും പരുമലയും ആകുമ്പോൾ മകരവും കുംഭവും കടന്ന് മേടമാസത്തിലെത്തും. ഈ ഗ്രാമങ്ങളോരോന്നിനെയും ഉത്സവലഹരിയിൽ ആഴ്ത്തുന്ന പടയണിക്കാലം പ്രാചീനമായ ഒരു കാർഷിക സംസ്കൃതിയുടെ ഇടമുറിയാത്ത തുടർച്ചയത്രേ... പത്തനംതിട്ടജില്ലയുടെ സാംസ്കാരിക വൈശിഷ്ട്യങ്ങൾക്ക് തിലകക്കുറിയാകുന്നത് ചിത്രകലയും നൃത്തവും സംഗീതവും മേളവും ഒത്തൊരുമിക്കുന്ന പടയണിതന്നെ.

കാളിയെ ശാന്തയാക്കിയ കോലങ്ങൾ

padayani 5

പടയണിയുടെ ഐതിഹ്യപ്പെരുമ ഭദ്രകാളിയുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി സമ്പാദിച്ച വരബലത്താൽ ദാരികാസുരൻ ത്രിലോകങ്ങളിലും ഭീതിപരത്തി. ശല്യം സഹിക്കവയ്യാതെ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും നേതൃത്വത്തിൽ ദേവൻമാർ ഭഗവാൻ പരമശിവനെ അഭയം പ്രാപിച്ചു, ദാരികനെ പരാജയപ്പെടുത്താൻ സ്ത്രീകൾക്കുമാത്രമേ സാധിക്കൂ എന്നറിയാവുന്ന മഹാദേവൻ മകളായ കാളിയെ പോരിന് അയച്ചു. പാതാളലോകത്തു ചെന്ന് ദാരികനോടേറ്റ കാളി അസുരനെ നിഗ്രഹിച്ചു, തലയറുത്ത് രക്താഭിഷേകം നടത്തി. കോപമടക്കാനാകാതെ താണ്ഡവമാടിയ കാളി കൈലാസത്തിലെത്തിയിട്ടും ശാന്തയായില്ല.

ഭദ്രകാളിയുടെ കോപമടക്കി ദേവിയെ സന്തുഷ്ടയാക്കാനുള്ള ഒരു ഉപായമായിട്ടാണ് മഹാദേവൻ സുബ്രഹ്മണ്യനോട് പച്ചപ്പാളയിൽ പക്ഷികളുടെയും മാടൻ, യക്ഷി തുടങ്ങിയവയുടെയും രൂപങ്ങൾ വരയ്ക്കുവാൻ ആവശ്യപ്പെട്ടത്. ഗണപതിയും നന്ദികേശൻ, രുരു, കുണ്ഡോദരൻ തുടങ്ങിയ ഭൂതഗണങ്ങളും ഈ രൂപങ്ങൾ തലയിലേറ്റിയും ശരീരത്തിൽ ധരിച്ചും നൃത്തച്ചുവടുകൾ വച്ചു. ഇതുകൊണ്ടും കോപം പൂർണമായും മാറാതെ വന്നപ്പോഴാണ് സുബ്രഹ്മണ്യൻ ദേവിയുടെതന്നെ രൂപം ഭൈരവിക്കൊലമായി വരച്ചത്. ഇതുകണ്ട് ശാന്തയായ ദേവി പ്രസന്നവതിയായിത്തീർന്നു. ഇന്നും ദേവിയുടെതായ കാവുകളിലോ ക്ഷേത്രങ്ങളിലോ മാത്രമേ പടയണി അരങ്ങേറുന്നുള്ളു.

padayani 8

ഐതിഹ്യം വിട്ട് ചരിത്രത്തിലേക്ക് പോയാൽ കേരളത്തിലെ പ്രാചീന സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ കണ്ടെത്താവുന്ന ഒരു അനുഷ്ഠാന കലയാണ് പടയണി. ഗോത്ര, ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയം കാണപ്പെടുന്ന പടയണി കോലങ്ങൾ പുരാതന കാലത്ത് കാവുകളിൽ നടന്നു വന്നിരുന്നവയാണ്. കാവുകൾ ക്ഷേത്രങ്ങൾ ആയതോടു കൂടി പടയണിയും ക്ഷേത്രങ്ങളിലേക്ക് ആനയിക്കപ്പെട്ടു. ഭദ്രകാളീ ക്ഷേത്രങ്ങളിൽ മാത്രമാണ് പടയണി നടക്കുന്നത്. പക്ഷെ‌ കാലമെത്ര കഴിഞ്ഞിട്ടും വേഷത്തിലോ കെട്ടിയാടലുകളിലോ ഒരു വ്യത്യാസവുമില്ലാതെ പഴയ തനിമയോടെ പടയണി കൊണ്ടാടുന്നു. മധ്യകേരളത്തിലെ ഗ്രാമജീവിതവും അവരുടെ വിളവെടുപ്പുമായൊക്കെ കെട്ടുപിണഞ്ഞാണ് പടയണിയുടെ ചരിത്രം എന്നു കണക്കാക്കുന്നു.

പ്രകൃതിയിൽ ചാലിച്ചെഴുതുന്ന കോലങ്ങൾ

padayani 7

പടയണിയുടെ രണ്ടോ മൂന്നോ ദിവസം മുൻപേ അതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കോലം തയാറാക്കാൻ വേണ്ട വസ്തുക്കളൊക്കെ നാട്ടുകാർതന്നെ ശേഖരിക്കുന്നു. മുഴുവൻ‌ നാടിന്റെയും സഹകരണമുണ്ടാകും ഇതിനൊക്കെ. നമ്മുടെ പറമ്പുകളിൽ എന്നും സുലഭമായിരുന്ന സാധനങ്ങൾതന്നെയാണ് ഉപയോഗിക്കുന്നത്. പരമ്പരാഗതമായ രീതിയിൽതന്നെയാണ് ഇന്നും പടേനിക്കോലങ്ങൾ തയാറാക്കുന്നത്. കോലം എഴുതി തയാറാക്കാൻ ഉപയോഗിക്കുന്നത് കമുകിൻ പാളയും പച്ചീർക്കിലും പ്ലാവിലയും കമുകിൻ വാരികളും കുരുത്തോലകളും വാഴനാരും തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം. കോലങ്ങളെ ആകർഷകമാക്കുന്നത് പഞ്ചവർണങ്ങളുടെ മികച്ച ലയവിന്യാസമാണ്. ഇതിനുള്ള ചായങ്ങളൊക്കെയും ഇന്നും തികച്ചും പ്രകൃതിദത്ത വസ്തുക്കളിൽനിന്നുതന്നെ സൃഷ്ടിച്ചെടുക്കുന്നു. ചെങ്കല്ല് അരച്ചെടുക്കുന്ന ചുമലയും പച്ചമാവില വെയിലത്തു വാട്ടി വെണ്ണപ്പരുവത്തിൽ അരച്ചെടുക്കുന്ന കറുപ്പും മഞ്ഞൾ അരച്ചെടുക്കുന്ന മഞ്ഞയും കോലങ്ങൾക്ക് അഴകേറ്റുന്നു. പച്ചയും വെള്ളയുമാണ് മറ്റു രണ്ടു നിറങ്ങൾ. പച്ചപ്പാളയുടെ പുറത്തെ തൊലി ശ്രദ്ധയോടെ കനംകുറച്ച് ചീകി കളഞ്ഞ് എടുക്കുന്നതാണ് വെള്ളനിറം. പച്ചനിറം വേണ്ടിടത്ത് പാളയുടെ പുറന്തൊലി ചീകിക്കളയാതെ തന്നെ ഉപയോഗിക്കുന്നു.

padayani 6

ഈ പഞ്ചവർണങ്ങളെ ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങളുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. എത്രവലിയ കോലമായാലും ഈ അഞ്ചു നിറങ്ങളുടെ ലയമാണ് അതിനെ ആകർഷകമാക്കുന്നത്. നൂറും ആയിരവും പാളകൾ കൊണ്ടുള്ള വലിയ കോലങ്ങൾ പല ഭാഗങ്ങളായി എഴുതി തയാറാക്കി കമുകിന്റെ അലകുകളിൽ പച്ചീർക്കിൽ കുത്തി ഉറപ്പിച്ചും വാഴനാരുകൊണ്ടു കെട്ടി മുറുക്കിയും ആണ് തയാറാക്കുന്നത്. കോലങ്ങൾ ഉണ്ടാക്കുന്നതും വ്രതശുദ്ധിയോടെ കെട്ടിയാടുന്നതും നാട്ടുകാർ തന്നെയാണ്.പഴയകാല കാർഷിക സംസ്കൃതിയോട് ഏറെ ചേർന്നു കിടക്കുന്നതാണ് പടയണി.

കോലങ്ങളുടെ ലോകം

ഗണപതിക്കോലം, മറുത, യക്ഷി, മാടൻ, കാലൻ, രക്തചാമുണ്ഡി, ഗന്ധർവൻ, പക്ഷി, ഭൈരവി തുടങ്ങിയവയാണ് പ്രധാനപ്പെട്ട കോലങ്ങൾ. ആദ്യം ഇറങ്ങുന്ന കോലമാണ് ഗണപതിക്കോലം. സാധാരണ പിശാചുകോലങ്ങളാണ് ഗണപതിക്കോലമാകുന്നത്. പാടിപ്പതിഞ്ഞ നാടൻ കഥകളിലെ വില്ലത്തിയായ യക്ഷിയല്ല പടയണിയിലേത്, ഇവിടെ ആദരണീയായൊരു ദേവിയാണ് യക്ഷി. ‘‘ഒരു കാതം വഴിവിട്ട് ഇടംതന്നൊരെക്ഷിമാർക്ക്

padayani 2

ഒരു ബലി മാല തരാം വന്നു തുള്ളു ഇക്കളത്തിൽ...

ഇരുകാതം വഴിവിട്ട് ഇടം തന്നൊരെക്ഷിമാർക്ക്... ’’ എന്നിങ്ങനെ ഭക്ത്യാദരവോടെയാണ് യക്ഷിക്കോലങ്ങളെ കളത്തിലേക്ക് സ്വാഗതം ചെയ്യുന്നതു തന്നെ. തങ്ങളെ സംരക്ഷിക്കുന്നതും തങ്ങൾ സംരക്ഷിക്കേണ്ടതുമായ സർവതും മാതൃഭാവത്തിൽ സങ്കൽപിച്ചിരുന്ന ഒരു സമൂഹം ഒരു പക്ഷേ, ഈ പ്രകൃതിയെത്തന്നെ യക്ഷിക്കോലത്തിൽ കണ്ടിരുന്നിരിക്കാം. സുന്ദര യക്ഷി, അന്തര യക്ഷി, അംബരയക്ഷി, മായയക്ഷി, കോലയക്ഷി തുടങ്ങി ഒട്ടേറെ ഭാവങ്ങൾ യക്ഷിക്കോലത്തിനുണ്ട്.

കാലൻ കോലവും ഭൈരവിക്കോലവും പ്രാധാന്യംകൊണ്ട് മുൻപിൽ നിൽക്കുന്ന രണ്ടു കോലങ്ങളാണ്. ഭദ്രകാളിയുടെ പ്രതിരൂപംതന്നെയായ ഭൈരവിക്കോലത്തിന് ചുവപ്പ് രാശി വർണങ്ങളിൽ മുന്നിട്ടു നിൽക്കും. ഒന്നിനു മുകളിൽ ഒന്നായി അഞ്ച് തലയുള്ള ഈ കോലം ആകാരത്തിൽ വളരെ വലുതാണ്. കാലൻകോലം ശിവന്റെ പ്രതിരൂപമാണ് എന്നൊരു സങ്കൽപമുണ്ട്. കയ്യിൽ പന്തവും വാളുമായി എഴുന്നെള്ളുന്ന ഈ കോലത്തോട് ‘‘അൻപത്തൊന്നക്ഷരം കൂടുന്ന പന്തം, അൻപോടു വാങ്ങുന്നടിയൻ...’’ എന്നു മാർക്കണ്ഡേയ ബാലൻ അപേക്ഷിക്കുന്നത് ശ്രദ്ധേയമാണ്. ജ്ഞാനപ്രകാശമാകുന്ന വെളിച്ചം തന്നെയാണ് ഈശ്വരനിൽനിന്ന് നാം ഏറ്റുവാങ്ങേണ്ടതെന്ന് ഈ പ്രാചീന അനുഷ്ഠാനവും അടിവരയിടുന്നു.

പടേനിയുടെ ആചാരങ്ങൾ

പഴയകാലത്ത് 28 ദിവസം വരെ നീണ്ടുനിന്നിരുന്നതാണത്രേ പടയണി ഉത്സവങ്ങൾ. ഇന്നത് ലോപിച്ച് പത്തു ദിവസത്തേക്കും എട്ടു ദിവസത്തേക്കും ഒക്കെ ചുരുങ്ങിയിട്ടുണ്ട്. ആദ്യദിവസത്തെ പ്രധാന ചടങ്ങ് ചൂട്ടുവെപ്പാണ്. ചൂട്ടുകറ്റ കെട്ടി ദേവിയുടെ നടയ്ക്കൽ ചെന്ന് ശ്രീകോവിലിൽനിന്നു തീ കൊളുത്തി വാങ്ങി പടയണിക്കളത്തിലേക്കു കൊണ്ടുവരുന്നു. പിന്നെ പച്ചത്തപ്പുകൊട്ടി വിളിച്ചിറക്കൽ എന്ന ചടങ്ങിലൂടെ ദേവിയെ കളത്തിലേക്കു ക്ഷണിക്കുന്നു. അടുത്ത ദിവസം കാച്ചിക്കെട്ടാണ്, വിളക്കുവച്ച് അതിനുചുറ്റുമിരുന്നു മേളം മുഴക്കുന്നു. ഗണപതിക്കോലവും ചെറിയ കോലങ്ങളും എഴുന്നെള്ളും. തുടർന്ന് ഏഴാം ദിവസം വരെ ഇത് ആവർത്തിക്കും, ഒപ്പം കോലങ്ങൾ മാറി വരികയും ചെയ്യുന്നു. എട്ടാം ദിവസം വലിയപടയാണിയാണ്. അന്ന് ഭൈരവിക്കോലവും മറ്റു വലിയകോലങ്ങളും എഴുന്നെള്ളുന്നത്. പിറ്റേന്ന് പകൽ പടയണിയോടെ ഉത്സവം സമാപിക്കുന്നു. അടവി, പാന, പൂപ്പട തുടങ്ങി ആചാരപ്രധാനമായ പലേ ചടങ്ങുകളും പടയണിഉത്സവത്തിന്റെ ഭാഗമായി നടക്കും.

കടമ്മനിട്ട പടയണി

padayani 4

കടമ്മനിട്ട എന്ന കൊച്ചുഗ്രാമത്തെ കേരളത്തിൽ ഏറെ പ്രശസ്തമാക്കുന്ന വിശേഷങ്ങളിലൊന്ന് ഈ കലാരൂപം തന്നെയാണ്. എട്ടു ദിവസം നീളുന്നു ഇവിടത്തെ പടയണി ആഘോഷങ്ങൾ. പടയണിയുടെ വിവരം നാട്ടുകാരെ തപ്പുകൊട്ടി വിളിച്ചറിയിക്കുന്ന കാച്ചിക്കൊട്ടാണ് ആദ്യചടങ്ങ്. തുടർന്ന് ഇലകളോട് കൂടിയ മരച്ചില്ലകളോ വെള്ളതോർത്തോ വീശി ആർത്ത് വിളിച്ച് താളം ചവിട്ടുന്ന കാപ്പൊലിയും കൈമണിയുമായി താളം തുള്ളുന്ന താവടി തുള്ളലും. തപ്പും കൈമണിയും ചെണ്ടയുമുൾപ്പടെയുള്ള വാദ്യങ്ങൾ ഉപയോഗിക്കുന്നു.

അമ്പലങ്ങളിലാണ് പടയണി നടക്കുന്നതെങ്കിലും അഗ്നിക്ക് ഏറെ പ്രാധാന്യമുണ്ട് ചൂട്ടു കറ്റയുടെയും തീവെട്ടിയുടെയും വെളിച്ചത്തിലാണ് പടയണികൾ ഉറഞ്ഞു തുള്ളിയെത്തുന്നത്. ഗണപതിക്കോലവും, പക്ഷി, യക്ഷി, മറുത, മാടൻ, കാലൻ, ഗന്ധർവ്വൻ തുടങ്ങി നാൽപതിലധികം കോലങ്ങളും. എട്ടാം ദിവസമാണ് ദേവിയെ ആവാഹിച്ചു കൊണ്ടുള്ള നൂറ്റൊന്ന് പാള കൊണ്ടുണ്ടാക്കുന്ന ഭൈരവിക്കോലം എഴുന്നെള്ളുന്നത്. ദേവിയുടെ പ്രതിരൂപമാണ് ഈവലിയകോലം. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ തപ്പുകൊട്ടി താളമേളങ്ങളോടെ തുടങ്ങിയാൽ ഭൈരവിക്കോലത്തിന്റെ നൃത്തം അവസാനിക്കുമ്പോൾ ഏറക്കുറെ നേരം പുലരും. അതോടെ കടമ്മനിട്ട പടയണിക്ക് അവസാനമാകും. പിന്നെ നീണ്ട ഒരു വർഷത്തെ കാത്തിരിപ്പാണ്, അടുത്ത പടേനിക്കാലത്തിന്... കോലങ്ങൾ ഉണ്ടാക്കുന്നതും വ്രതശുദ്ധിയോട് കൂടി കോലങ്ങൾ കെട്ടുന്നതും നാട്ടുകാർ തന്നെ. കോലം തയ്യാറാക്കാനും കെട്ടാനും പുതുതലമുറയെ പഠിപ്പിക്കുന്ന കളരി കടമ്മനിട്ടയിൽ ഉണ്ട്. അത് കൊണ്ട് തന്നെ പടയണി എന്ന ഈ അനുഷ്ഠാന കല അന്യം നിന്ന് പോവുകയില്ല. ഇതുകൊണ്ടൊക്കെയാണ് കടമ്മനിട്ടയ്ക്ക് പടയണി ഗ്രാമം എന്ന പേര് കിട്ടിയത്.

padayani1

മലബാറിൽ തെയ്യംപോലെ പ്രധാനമാണ് മധ്യകേരളത്തിൽ പടയണി. അനുഷ്ഠാനത്തിലും അവതരണത്തിലും ചില സാമ്യതകളൊക്കെ കാണാം. ദേവീപ്രീതിക്ക് വേണ്ടി നടത്തുന്നതാണ് ഓരോ പടയണിയും എങ്കിലും സമൂഹത്തിൽ ബാധിച്ച ഇരുട്ടിനെ അകറ്റി വെളിച്ചം തെളിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പച്ചപ്പാളയിൽ പഞ്ചവർണ്ണങ്ങളിൽ കോലങ്ങളൊരുക്കി ചൂട്ടു വെളിച്ചത്തിൽ തപ്പുതാളമേളത്തോടെ കൊണ്ടാടുമ്പോൾ എങ്ങോ പറഞ്ഞുകേട്ട ഐതിഹ്യത്തിന്റെ പുതുക്കൽ മാത്രമല്ല നാടിന്റെ നന്മയ്ക്കും നല്ല കാലത്തിനും വേണ്ടി ജാതി മത ഭേദമന്യേ നാട്ടുകാരൊത്തുകൂടുന്ന അപൂർവ കാഴ്ച്ച കൂടിയാകുന്നു ഓരോ പടയണിക്കാലവും .