Thursday 17 May 2018 05:20 PM IST : By സ്വന്തം ലേഖകൻ

കോട്ടയും നെൽപ്പാടങ്ങളും മാത്രമാണോ പാലക്കാട്? അല്ലേയല്ല, കാഴ്ചയുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല!

palakkad_paddy_fields

നെല്ലറയെന്നാണ് പാലക്കാടിന്റെ പഴയ വിശേഷണം. കോട്ടയുടെ നഗരമെന്നും ചിലർ പറയാറുണ്ട്. ഇപ്പോൾ കോട്ടയും നെൽപ്പാടങ്ങളും മാത്രമാണോ പാലക്കാട് കാണാനുള്ളത്...? അല്ല. കാഴ്ചയുടെ നെല്ലറയാണു പാലക്കാട്. മലമ്പുഴ, ടിപ്പു സുൽത്താന്റെ കോട്ട, കൊല്ലങ്കോട് കൊട്ടാരം, കൽപ്പാത്തി പൈതൃക ഗ്രാമം, കാഞ്ഞിരപ്പുഴ അണക്കെട്ട് – ഉദ്യാനം, നെല്ലിയാമ്പതി... അങ്ങനെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധി. ഇത്തവണ വേനലവധിക്ക് പാലക്കാട് എത്തിയാൽ മലമ്പുഴയുടെ ഉത്ഭവ സ്ഥാനത്തേക്കു പോകാം. കരിമ്പനകളും തടാകവും മനോഹരമായ തീരപ്രദേശവുമുള്ള ‘കവ’ എന്ന സ്ഥലം സംഗീതംപോലെ മനോഹരം. പാലക്കാട് – ഒലവക്കോട് റോഡിൽ പുതിയ പാലം കഴിഞ്ഞ് വലത്തോട്ടുള്ള വഴിയിലേക്കു തിരിഞ്ഞാൽ മലമ്പുഴ റോഡിലെത്താം. അഞ്ചു കിലോമീറ്റർ യാത്ര ചെയ്ത് ആനക്കൽ വഴിക്കു നീങ്ങിയാൽ കവയിലെത്താം.

siruvani_reservoir_palakkad

വനമേഖലയ്ക്ക് സമീപത്താണ് കവ. നെടുതായി നിൽക്കുന്ന കരിമ്പനകളും അണക്കെട്ടിന്റെ തീരവുമാണ് കാഴ്ചക്കാർക്കുള്ള വിരുന്ന്. മയിലാടും പാറ, കരുവാൻപേട്ട എന്നീ വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും വേനലിൽ ഇവിടെയെത്തുന്നവർക്ക് നീരൊഴുക്കിന്റെ ഭംഗി ആസ്വദിക്കാനാവില്ല. നിരന്തരം ബസ് സർവീസ് ഇല്ലാത്ത റോഡാണിത്. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നതാണ് നല്ലത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ : 0491 2538996.

പാറയിൽ വിരിഞ്ഞ പൂക്കൾ

യക്ഷിയും തൂക്കുപാലവും അണക്കെട്ടും പൂന്തോട്ടവും റോപ് വേയും എക്കാലത്തെയും പോലെ മലമ്പുഴയുടെ സ്ഥിരം സൗന്ദര്യമായി നിൽക്കുന്നു. പക്ഷേ, റോക്ക് ഗാർഡനാണ് ഇപ്പോൾ ദൂരദേശത്തു നിന്നുള്ള ‍സഞ്ചാരികളെ ആകർഷിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോക്ക്  ഗാർഡൻ മലമ്പുഴയിൽ ആരംഭിച്ചത്. പദ്മശ്രീ നെക് ചാന്ദ് സൈനിയാണ് റോക്ക് ഗാർഡനിലെ ശിലാശിൽപ്പങ്ങൾ ഒരുക്കിയത്. പാറ കൊണ്ടു നിർമിച്ച ശിൽപങ്ങളാണ് റോക്ക് ഗാർ‌ഡനിൽ കാണാനുള്ളത്.


വേടനും മാനും മീനും മനുഷ്യനും കൊക്കുമായി ശിൽപ്പങ്ങൾ നിരവധിയുണ്ട് റോക്ക് ഗാർഡനിൽ. കുപ്പി, ഓട്, ഗ്രാനൈറ്റ്, എന്നിവ ഉപയോഗിച്ചുള്ള  ശിൽപ്പങ്ങളാണ് ഏറെയും.  രാവിലെ 10 മുതൽ വൈകിട്ട് ആറു മണിവരെയാണ് പ്രവേശന സമയം. പ്രവേശനത്തിനും ക്യാമറയ്ക്കും ടിക്കറ്റ് ഏർപ്പാടാക്കിയിട്ടുണ്ട്. മലമ്പുഴ : 0491 2815295

പുഴ കടന്ന് കൽപ്പാത്തിയിലേക്ക്

അഗ്രഹാരവീഥികളാൽ പവിത്രമായ കൽപ്പാത്തി പൈതൃക ഗ്രാമത്തിലേക്കുള്ള യാത്രയ്ക്ക് തീർഥാടനത്തിന്റെ പരിവേഷമുണ്ട്. ഓടിട്ട വീടുകളും തമിഴ് ബ്രാഹ്മണ ചിട്ടവട്ടങ്ങളും അഗ്രഹാരത്തിന്റെ ഭംഗി കൂട്ടുന്നു. അരിപ്പൊടിക്കോലം വരച്ച വീട്ടുമുറ്റങ്ങളും വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രവുമാണ് കൽപ്പാത്തിയുടെ അലങ്കാരം. ഗ്രാമത്തിനു കുറുകെ ചുറ്റിയ പൂണൂൽ പോലെ അലങ്കാരം ചാർത്തിയൊഴുകുന്നു കൽപ്പാത്തിപ്പുഴ. പാലക്കാട് – ഒലവക്കോട് റോഡിൽ ചാത്തപുരം കഴിഞ്ഞാൽ വലതുഭാഗത്തേക്കുള്ള റോഡ് കൽപ്പാത്തിയിലേക്കുള്ളതാണ്.