Tuesday 07 July 2020 03:39 PM IST : By സ്വന്തം ലേഖകൻ

ഒരു ഫോട്ടൊഗ്രഫറുടെ കഴിവിൽ മുഖംമിനുക്കിയ നഗരം; ഇപ്പോൾ അവിടേക്ക് ജനപ്രവാഹം

traveler

‘‘ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ അവിടെയൊന്നു പോകണം. ബാങ്ക് വായ്പ എടുത്തിട്ടായാലും ഈ സ്വപ്നം സാക്ഷാത്കരിക്കും’’ – ബാഴ്സലോണ നഗരത്തിന്റെ ചിത്രങ്ങൾ കണ്ട് ഒരു യുവതി അഭിപ്രായം കുറിച്ചു. പ്രകൃതിഭംഗിയെ പുകഴ്ത്തുന്ന കവികൾ പോലും പ്രണയത്തിന്റെ വരികൾക്കായി ഇനി ബാഴ്സലോണ നഗരം സന്ദർശിക്കുമെന്ന് മറ്റൊരു അഭിപ്രായം. മനോഹരമായ ദൃശ്യം, അൽഭുതക്കാഴ്ച, പ്രണയം ഉണർത്തുന്ന നാട് എന്നൊക്കെ കമന്റുകൾ. സ്പെയിനിലെ ബാഴ്സലോണ നഗരത്തെ സഞ്ചാരികളുടെ മനസ്സിലേക്ക് പുതുമയോടെ കയറ്റി വിട്ടത് ഒരു ഫോട്ടൊഗ്രഫറാണ്. പേര് – സെർജി റെമലി. സഞ്ചാരികളുടെ സാന്നിധ്യമുള്ള റസ്റ്ററന്റുകളിലും ഹോട്ടലുകളിലും മോസ്റ്റ് വാണ്ടഡ് ചിത്രമായി മാറി സെർജിയുടെ ചിത്രങ്ങൾ. സെർജി പകർത്തിയ ഫോട്ടോകൾ അച്ചടിച്ചിട്ടുള്ളത് കോഫി ടേബിൾ ബുക്കിലാണ്. യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ നഗരത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളാണിതെന്ന് ചിത്രം പ്രസിദ്ധീകരിച്ച ടെന്യൂസ് വിശേഷിപ്പിച്ചു.

tr 2

ഒരു രാജ്യത്തിന്റെ ഭംഗിയിലേക്ക് മറ്റുള്ളവരെ എങ്ങനെ ആകർഷിക്കാമെന്നു കാണിച്ചു തരുകയാണ് ഫ്രഞ്ചുകാരനായ ഫോട്ടൊഗ്രഫർ. കെട്ടിടത്തിനെ അതേപടി ലെൻസിന്റെ സാധ്യതകൾ ഉപയോഗിച്ച് ഒപ്പിയെടുക്കുന്ന രീതിയല്ല സെർജിയുടേത്. കെട്ടിടങ്ങളെ പ്രകൃതിയിലേക്ക് ചായും വിധം ഫോക്കസ് ചെയ്താണ് ഫ്രെയിം ഒരുക്കിയിട്ടുള്ളത്. നഗരത്തിന്റെ ലാൻഡ് മാർക്കായി അറിയപ്പെടുന്ന ബിൽഡിങ്ങുകളെ ഫോട്ടോയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നു. യു ട്യൂബ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിൽ ഒട്ടേറെ ആരാധകരുള്ള ഫോട്ടൊഗ്രഫറാണ് സെർജി.

tr 3

സഗ്രദ ഫാമിലിയ, ബാരി, കോത്തിക്, റംബല തുടങ്ങിയ ഫോട്ടോകളുടെ പശ്ചാത്തലം അതിമനോഹരം. ആയിരം ലൈറ്റുകൾ ഒരുമിച്ച് ഓൺചെയ്താൽ കിട്ടുന്ന വെളിച്ചം അവെയ്ലബിൾ വെളിച്ചത്തിൽ ഫോട്ടൊഗ്രഫർ കണ്ടെത്തി. നീലാകാശത്തിന്റെ ഭംഗി കണ്ട് ഫോട്ടൊഗ്രഫിയിലെ മാന്ത്രികവിദ്യയെന്ന് ആളുകൾ പുകഴ്ത്തി.

കാത്തലൻ കത്തീഡ്രൽ എന്നറിയപ്പെടുന്ന ബാഴ്സലോണയിലെ പ്രശസ്തമായ പള്ളിയാണ് ചിത്രങ്ങളിലൊന്ന്. 1298 – 1448 വർഷങ്ങളിൽ നിലനിന്നിരുന്ന ഗോഥിക് ശൈലിയിൽ നിർമിച്ച പള്ളി സ്പെയിൻ സന്ദർശകരുടെ ഡെസ്റ്റിനേഷനാണ്. സെർജിയുടെ ഫോട്ടൊഗ്രഫി വൈദഗ്ധ്യം പള്ളിയുടെ പൗരാണികതയ്ക്ക് ആഡംബരം വർധിപ്പിച്ചിരിക്കുന്നു. ഫോട്ടോ കണ്ടവരെല്ലാം പള്ളി സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.

മന്ത്രിമന്ദിരം, പാലം, തടാകം തുടങ്ങി ബാഴ്സലോണയിലെ അറിയപ്പെടുന്ന നിർമിതികളെല്ലാം സെർജി തന്റെ ഫോട്ടൊഗ്രഫി പരീക്ഷണങ്ങൾക്ക് പശ്ചാത്തലമാക്കിയിട്ടുണ്ട്. ബാഴ്സലോണ മൗണ്ടൻ ഫോട്ടോ മേക്കോവർ ഗംഭീരം. ആരെയും ഭാവഗായകനാക്കും എന്ന പാട്ടിന്റെ ഈണം ഉണ്ടായത് ഇവിടെ നിന്നാണെന്നു തോന്നും. കാസ ബാറ്റ്ലോ ഇതിനു മുൻപൊരിക്കലും ഇതുപോലെ ഭംഗിയിൽ ചിത്രീകരിക്കപ്പെട്ടിട്ടില്ല. 1887ൽ നിർമിച്ച കാസ ബാറ്റ്ലോ പൈതൃകപ്പട്ടികയിൽ ഇടം നേടിയ കെട്ടിടമാണ്. ഓൾ‍ഡ് ബാഴ്സലോണയിലെ മ്യൂസിക്ക കാത്തലോണയുടേതാണ് മറ്റൊരു ഫോട്ടോ. യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ നിർമിതിതിയാണ് മ്യൂസിക്ക കാത്തലോണ. സാന്റ മരിയ ബസലിക്ക, പാസേജ് ഡെ ലൂയിസ് പ്രോമനേഡ് തുടങ്ങിയ നിർമിതികളും ചിത്രകൗതുകങ്ങളായി സെർജി അവതരിപ്പിച്ചിട്ടുണ്ട്.

അമേരിക്കയിലും യൂറോപ്പിലും പ്രശസ്തനാണ് ഫോട്ടൊഗ്രഫർ സെർജി റെമലി. ഗുരുനാഥനില്ലാതെ ക്യാമറയിൽ അൽഭുതം സൃഷ്ടിച്ച ഫോട്ടൊഗ്രഫർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫ്രാൻസിൽ ജനിച്ച സെർജി പിന്നീട് അമേരിക്കയിലെ ലോസ് ഏയ്ഞ്ചലസിലേക്ക് കുടിയേറി. അവിടെ സിനിമാ നിർമാണ രംഗത്ത് പ്രവർത്തിച്ചു. അതോടൊപ്പം സ്റ്റിൽ ക്യാമറയിൽ ഫോട്ടോ എടുത്ത് കഴിവു തെളിയിച്ചു. സെർജിയുടെ പ്രതിഭയെ ബാഴ്സലോണയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തിരിക്കുകയാണ് ടെന്യൂസ്.

സ്പെയിനിന്റെ വടക്കു കിഴക്കൻ നഗരമായ ബാഴ്സലോണ സഞ്ചാരപ്രിയരുടെ ശ്രദ്ധ ആകർഷിച്ച സ്ഥലമാണ്. സ്പെയിനിന്റെ തലസ്ഥാനമായ ബാഴ്സലോണ യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമെന്നും അറിയപ്പെടുന്നു. സ്മാരകങ്ങളുടെയും പൈതൃകങ്ങളുടെയും പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും പേരിൽ പ്രശസ്തമാണ് ബാഴ്സലോണയിലെ തെരുവുകൾ.

Tags:
  • Manorama Traveller