Tuesday 30 June 2020 03:24 PM IST : By Rajan Chungath

ഏഷ്യൻ കാട്ടാനകളുടെ അനാഥാലയം, പിന്നാവാല എലിഫന്റ് ഓര്‍ഫനേജ്

Pinw1

ശ്രീലങ്കന്‍ കാടുകളില്‍ അവശനിലയിലോ ഉപേക്ഷിക്കപ്പെട്ട നിലയിലോ കണ്ടെത്തുന്ന ആനകളെ സംരക്ഷിക്കാനുള്ള സങ്കേതം എന്ന നിലയിലാണ് 1975-ല്‍ ശ്രീലങ്കന്‍ വൈല്‍ഡ് ലൈഫ് കണ്‍സർവേഷന്‍ വകുപ്പ് (DWC) ഇങ്ങനെയൊരു ഓര്‍ഫനേജ് ആരംഭിച്ചത്. ആ സംരംഭം ഇന്ന് ലോകത്തിലെ ഏറ്റവും വ ലിയ നാട്ടാന (Captive Elephant) പരിപാലന കേന്ദ്രം എന്ന നിലയിലേക്ക് വളര്‍ന്നു വലുതായി. പിന്നാവാലയില്‍ ഇപ്പോള്‍ മൂന്നു തലമുറകളിലേതായി 93 ആനകളുണ്ട്.

ശ്രീലങ്കയുടെ പുന്നത്തൂർ കോട്ട’യിൽ

ശ്രീലങ്കയിലെ ‘കിഗാലെ’ (KEGALLE) പട്ടണത്തില്‍ നിന്നു 13 കിലോ മീറ്റർ വടക്കുപടിഞ്ഞാറ് ‘സാമ്പ്രുഗാമുവ’ (SABARAGAMUWA) പ്രവിശ്യയിലാണ് പിന്നാവാല ഗ്രാമം. അവിടെ, ‘മഹാഓയ’നദിക്കരയിലെ 25 ഏക്കർ തെങ്ങിന്‍തോപ്പിലാണ് ഈ അനാഥാലയം പ്രവര്‍ത്തിക്കുന്നത്. ആനകളുടെ എണ്ണം പെരുകിയതോടെ പിന്നാവാല എലിഫന്റ് ഓര്‍ഫനേജ് ലോകശ്രദ്ധ ആകർഷിച്ചു. അതോടെ സന്ദര്‍ശകരുടെ വരവേറി. ‘ഹൈവേ ആ199’ എന്നറിയപ്പെടുന്ന റാംബുക്കാന - കാന്‍ഡി റോഡിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തായി പിന്നാവാല എലിഫന്റ് ഓര്‍ഫനേജ് പരന്നുകിടക്കുന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍നിന്ന് പിന്നാവാലയിലേക്ക് 90 കിലോമീറ്റർ ദൂരമുണ്ട്. കാന്‍ഡിയിലേക്ക് 25 കിലോമീറ്ററും. റോഡിന്റെ കിഴക്കുഭാഗത്താണ് ഓര്‍ഫനേജിന്റെ മാനേജ്‌മെന്റ് കെട്ടിടങ്ങള്‍. വാഹനപാര്‍ക്കിങ്ങും അനാഥാലയത്തോടുചേര്‍ന്ന ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും മറ്റും ഈ ഭാഗത്താണ്.

ഒാർഫനേജിലേക്ക് കടക്കും മുമ്പ് അൽപം ചരിത്രം.

‘വില്‍പ്പാട്ടു’ നാഷനല്‍ പാര്‍ക്കിൽ 1975-ലാണ് ഈ അനാഥാലയം തുടങ്ങിയത്. ശ്രീലങ്കന്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ച് ആനക്കുട്ടികളെ പരിപാലിക്കാനായിരുന്നു അത്. 1975 ഫെബ്രുവരി 16 ന് ഇവിടെ എത്തിയ നീല, കുമാരി, വിജയ, കാതര, മതാലി എന്നിവരില്‍ മതാലിയും കുമാരിയും ഇപ്പോഴും ജീവനോടുണ്ട്, ഈ വലിയ ആനത്തറവാട്ടിലെ തറവാട്ടമ്മമാരായി. 1978-ല്‍ ശ്രീലങ്കന്‍ ഡിപ്പാർട്മെന്റ് ഓഫ് നാഷനല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍ ഈ ഓര്‍ഫനേജ് ഏറ്റെടുത്തു. പിന്നീട് ഓര്‍ഫനേജ് ‘ബിന്‍ടോട്ട’ (BENTOTA) ടൂറിസ്റ്റ് കോംപ്ലക്‌സിലേക്ക് മാറ്റി. 1995-ല്‍ അനാഥാലയം ‘ഡാവലാവ’ മൃഗശാലയിലേക്കും അവിടെ നിന്ന് പിന്നാവാലയിലേക്കും മാറ്റി സ്ഥാപിച്ചു. 1982-ല്‍ ഇവിടെ ആനകളുടെ ‘ബ്രീഡിങ്ങ് ’ ആരംഭിച്ചു.

Pinw2

മഹാഓയ’ നദിക്കരയിലേക്ക്

റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള ‘മഹാഓയ’ നദിക്കരയിലെ ആനത്താവളത്തിലേക്ക് കടന്നു. ആനകളുടെ പാര്‍പ്പിടങ്ങളും മേച്ചില്‍സ്ഥലവും ഇവിടെയാണ്. ആനത്താവളത്തിലെ തിരക്കൊഴിഞ്ഞ ഭാഗത്താണ് രോഗം കൊണ്ടും പ്രായാധിക്യത്താലും അവശരായ ആനകളെ സംരക്ഷിക്കുന്നത്. അവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശന നിയന്ത്രണമുണ്ട്. സുസജ്ജമായ മൃഗാശുപത്രിയും ഇവിടെയുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ വെറ്റിനറി ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാരോടൊപ്പം ഇവിടെ സൗജന്യ സേവനം നടത്തുന്നു.

ശ്രീലങ്കന്‍ ആന

അല്പം ഉയരക്കൂടുതല്‍ ഉണ്ടെങ്കിലും കേരളത്തിലെ ആനകളുടെ ആനച്ചന്തം ശ്രീലങ്കന്‍ ആനകള്‍ക്കില്ല. കൂടുതല്‍ കറുത്തവയാണ് ശ്രീലങ്കന്‍ ആനകള്‍. അതേസമയം ‘മദഗിരി’ (ചെവി, മുഖം, തുമ്പി എന്നിവിടങ്ങളിലെ DEPIGMETATION ) അവയ്ക്ക് കൂടുതലാണ്. ശ്രീലങ്കന്‍ ആനകളില്‍ കൊമ്പന്‍മാര്‍ കുറവാണ്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീലങ്കയില്‍ ആകെയുള്ള 5,879 ആനകളില്‍ വെറും രണ്ടു ശതമാനം മാത്രമാണ് കൊമ്പുള്ള കൊമ്പന്‍മാര്‍. ആനുപാതികമായി പിന്നാവാലയിലും കൊമ്പുള്ള കൊമ്പന്മാര്‍ കുറവാണ്. കൊമ്പില്ലാത്ത കൊമ്പന്‍മാരായ മോഴകളാണ് അധികവും. അതുകൊണ്ടുതന്നെ പിന്നാവാലയില്‍ ആനകളുടെ മദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറവാണ്.

ആന അനുഭവമാകുന്നതിങ്ങനെ.

Pinw3

തദ്ദേശീയരും വിദേശികളുമായ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പാകത്തിലാണ് പിന്നാവാല എലിഫന്റ് ഓര്‍ഫനേജിന്റെ രൂപകല്പന. സന്ദര്‍ശകര്‍ക്ക് ആനകളുമായി അടുത്ത് ഇടപെടാന്‍ സൗകര്യമുണ്ട്. പ്രത്യേകം പണം നല്‍കിയാല്‍ അവര്‍ക്ക് ആനയ്ക്ക് ഭക്ഷണം നല്‍കാം. ആനക്കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുക്കാം. മഹാഓയ നദിയില്‍ ആനകളെ കുളിപ്പിക്കാം. ഓര്‍ഫനേജ് സന്ദര്‍ശന ഫീസായി തദ്ദേശീയരിൽ നിന്ന് 110ശ്രീലങ്കന്‍ രൂപയും (LKR), വിദേശികളില്‍ നിന്ന് 3000 (LKR) ഉം ആണ് ഈടാക്കുന്നത്. സാർക് രാജ്യങ്ങളിൽനിന്നു വരുന്ന സന്ദർശകർക്ക് 800 ശ്രീലങ്കൻ രൂപയാണ് ടിക്കറ്റ് ചാർജ്. കുട്ടികള്‍ക്ക് ഇളവുണ്ട്. പ്രവേശനഫീസായി ഈടാക്കുന്ന പണം കൊണ്ടാണ് ഓര്‍ഫനേജ് പ്രവര്‍ത്തിക്കുന്നത്. പ്രവേശന ഫീസിനു പുറമെ ആന പിണ്ഡത്തില്‍ നിന്നും ഉണ്ടാക്കുന്ന കൊതുകുതിരി, ചന്ദനത്തിരി, ഹാന്‍ഡ്‌മെയ്ഡ് പേപ്പര്‍, മറ്റു അലങ്കാരവസ്തുക്കള്‍ എന്നിവയുടെ വില്പനയിലൂടെയും ഇവര്‍ നടത്തിപ്പിനുള്ള പണം സമാഹരിക്കുന്നു.

Pinw5

ആന പരിപാലനം.

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഒരാനയെ പരിചരിക്കാന്‍ മൂന്നു ജീവനക്കാരുണ്ട്. എന്നാല്‍ പിന്നാവാല എലിഫന്റ് ഓര്‍ഫനേജിലെ 95 ആനകളെ പരിചരിക്കാന്‍ ഉള്ളത് അഞ്ചു പാപ്പാന്മാര്‍ അടക്കം 48 പേരാണ്. അവരില്‍തന്നെ പകുതിയോളം പേര്‍ സ്ത്രീകളാണ്. പിന്നാവാലയില്‍ പകല്‍നേരത്ത് പിടിയാനകളെയും കുട്ടികളെയും ഓര്‍ഫനേജിലെ പുല്‍മേട്ടില്‍ സ്വതന്ത്രരായി മേയാന്‍ വിടും. അവയെ ദിവസം രണ്ടുനേരം പുഴ യിലിറക്കി കുളിപ്പിക്കും. അന്നേരം അവര്‍ക്ക് ഇ ഷ്ടം പോലെ വെള്ളം കുടിക്കാം. ആട്ടിന്‍പറ്റത്തെ തെളിച്ചുകൊണ്ടു പോകുന്നതിനേക്കാള്‍ ലാഘവത്തിലാണ് ജീവനക്കാര്‍ ഈ ആനകളെയെല്ലാം റോഡിലൂടെ പുഴയിലേക്ക് കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നത്. പണമടച്ച് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആ സമയം പാപ്പാന്മാരോടൊപ്പം പുഴയിലിറങ്ങി ആനകളെ കുളിപ്പിക്കാം. ഓര്‍ഫനേജില്‍ വോളന്ററി സേവനം നടത്തുന്ന വിദേശികള്‍ ആനയെ കുളിപ്പിക്കാന്‍ ജീവനക്കാരെ സഹായിക്കാറുണ്ട്.

രാത്രി കൊമ്പന്‍ന്മാരെയും പിടിയാനകളെയും പ്രത്യേകം കൂട്ടിലാക്കും. പെണ്ണാനകള്‍ക്ക് ഓര്‍ഫനേജില്‍ പ്രത്യേകം ജോലിയൊന്നുമില്ല. കൊമ്പന്‍മാര്‍ക്ക് മറ്റുള്ള ആനകള്‍ക്ക് ഭക്ഷണം കൊണ്ടുപോകുക തുടങ്ങിയ ചെറുജോലികളുണ്ട്. കുറുമ്പ് കാട്ടുന്ന കൊമ്പന്‍മാരെ പ്രത്യേകം ബന്ദവസ്സിലാക്കും.

Pinw4

സ്വതന്ത്രരായി മേഞ്ഞുനടന്നുള്ള തീറ്റയ്ക്കു പുറമെ ആവശ്യമുള്ള ഭക്ഷണം കൂടുകളില്‍ ല ഭ്യമാക്കിയിട്ടുണ്ട്. 250 കിലോ പച്ചപ്ലാവിലയും രണ്ടു കിലോ ഖരാഹാരവും (ചോറും ചോളവും) ആണ് റേഷന്‍. കേരളത്തില്‍ ആനകള്‍ക്ക് പനംപട്ട നല്‍കുമ്പോള്‍ പിന്നാവാലയില്‍ അത് പച്ചപ്ലാവിലയാണ്. അതുകൊണ്ടാണോന്നറിയില്ല പിന്നാവാലയില്‍ ആനകള്‍ക്ക് ‘എരണ്ടക്കെട്ട്’ എന്ന അസുഖം കുറവാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇണചേരല്‍

‘കാപ്റ്റീവ് ബ്രീഡിങ്ങ്’ (CAPTIVE BREEDING) എന്ന ഇണചേരല്‍ രീതിയാണ് പിന്നാവാലയില്‍. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ സ്വാഭാവികമായ ഇണചേരൽ. അതാണ് പിന്നാവാലയിലെ ആന പരിപാലനത്തിന്റെ വിജയം. അത്തരമൊരു സമ്പ്രദായത്തിന്റെ അഭാവമാണ് കേരളത്തിലെ ആനപരിപാലനം പലപ്പോഴും ക്രൂരതയുടെ പര്യായമാകുന്നത്. 1984-ല്‍ ആണ് പിന്നാവാലയിലെ ആനകള്‍ ഇണചേര്‍ന്നുണ്ടായ ആദ്യത്തെ കുഞ്ഞ് -‘സുകുമാലി’ പിറന്നത്. വിജയ എന്ന പിടിയാനയും, കുമാര്‍ എന്ന കൊമ്പനുമാണ് സുകുമാലിയുടെ മാതാപിതാക്കള്‍. വിജയ ഓര്‍ഫനേജില്‍ ആദ്യം വന്ന അഞ്ചുപേരില്‍ ഒരാളാണ്. തുടര്‍ന്ന് കൊമ്പന്‍മാരായ വിജയ്, നള എന്നിവര്‍ക്ക് കുമാരി, അനുഷ, മാതംഗി, കോമള എന്നീ പിടിയാനകളില്‍ രണ്ടും മൂന്നും കുട്ടികള്‍ പിറന്നിട്ടുണ്ട്. കഴിഞ്ഞ 42 വര്‍ഷത്തിനിടയ്ക്ക് ഇവിടെ 70 ആനക്കുട്ടികള്‍ പിറന്നു. എഴുപതാമത്തെ ആനക്കുട്ടി,‘അന്‍രാധ’ പിറന്നത് 2015 ജൂലൈ രണ്ടിന്. ശാന്തിയും വാഷബയുമായിരുന്നു മാതാപിതാക്കള്‍. 2015 ആഗസ്റ്റ് ആറിന് ആയിരുന്നു പേരിടല്‍. അതിനുശേഷം ‘അന്‍രാധ’യെ മറ്റു ആനക്കുട്ടികളോടൊപ്പം തുറന്നുവിട്ടു.

സുമന

‘സുമന’ എന്ന കൊമ്പനാണ് പിന്നാവാലയിലെ താരം. നിലവില്‍ ഏറ്റവും വലിയ കൊമ്പുള്ള ശ്രീലങ്കന്‍ ആന സുമനയാണ്. ശ്രീലങ്കയിലെ മറഡാന്‍കഡവാലല (MARADANKA DAWALA) കാട്ടില്‍ നിന്ന് 1997 മേയ് 19ന് ആണ് ഈ അനാഥനെ കണ്ടെത്തിയത്. അന്ന് അവന് മൂന്നര വയസ്സ് പ്രായമുണ്ടായിരുന്നു. പിന്നാവാല എലിഫെന്റ് ഓര്‍ഫനേജിന്റെ ഭാഗ്യം ആരംഭിക്കുന്നത് സുമനയുടെ വരവോടെയാണെന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. കാരണം പിന്നീടങ്ങോട്ട് പിന്നാവാല എലിഫന്റ് ഒാർഫനേജിന് വളര്‍ച്ചയുടെ നാളുകളായിരുന്നു. സന്ദര്‍ശകരുടെയും അധികാരികളുടെയും ജീവനക്കാരുടെയും ഓമനയാണ് ഈ 24 കാരന്‍ കൊമ്പന്‍.

Pinw7

ആന എഴുന്നള്ളിപ്പ്.

കാന്‍ഡി ‘ഡാലിഡ മാലിഗാവ’ ക്ഷേത്രത്തിലെ ‘എല്‍സ പെരഹാര’ ശ്രീലങ്കയിലെ ദേശീയ ഉ ത്സവമാണ്. ജൂലൈ 29 മുതല്‍ ഒാഗസ്റ്റ് എട്ടുവരെ നടക്കുന്ന ഉത്സവത്തില്‍ ബുദ്ധന്റെ പല്ല് ആനപ്പുറത്ത് എഴുന്നള്ളിക്കലാണ് പ്രധാന ചടങ്ങ്. അതിനാവശ്യമായ ആനകളെ പിന്നാവാലയില്‍ നിന്ന് നല്‍കും. ഇതിനും പുറമെ മറ്റു ശ്രീലങ്കന്‍ ക്ഷേത്രോത്സവങ്ങള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും പിന്നാവാലയിലെ ആനകളെ പാട്ടത്തിനു നല്‍കാറുണ്ട്. 2011ല്‍ 12 ആനകളെ അങ്ങിനെ പാട്ടത്തിനു നല്‍കി. എന്നാല്‍ പുറത്തു വിട്ട ആനകളെ ശരിയായ രീതിയില്‍ പരിപാലിക്കുന്നില്ലെന്ന് കണ്ട് കോടതി ഇടപെട്ട് അവയെ തിരിച്ചെത്തിക്കും.

Pinw6

രാജ്യാന്തര മൃഗക്ഷേമ സംഘടനയായ ‘Born Free Foundation’ന്റെ മേല്‍നോട്ടത്തിനു വിധേയമായാണ് പിന്നാവാല എലിഫന്റ് ഓര്‍ഫനേജിലെ പ്രവര്‍ത്തനങ്ങള്‍. പിന്നാവാലയിലെ ആനകള്‍ ഇവിടെ എല്ലാ അർഥത്തിലും സ്വതന്ത്രരാണ്, ആരോഗ്യമുള്ളവരും. അതേ സമയം രോഗബാധിതരേയും അംഗഭംഗം സംഭവിച്ചവരേയും 60 വയസ്സിനുമേല്‍ പ്രായം ചെന്നവരേയും പ്രത്യേകം പരിചരിക്കും. അവര്‍ക്കിടയിലെ കാഴ്ച നഷ്ടപ്പെട്ട ‘രാജ’ എന്ന കൊമ്പനും എൽടിടിഇ ആക്രമണത്തില്‍ മൈന്‍ പൊട്ടി വലതുകൈ അറ്റുപോയ ‘ശ്യാമ’ എന്ന പിടിയാനയും നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Wild Destination