Friday 26 February 2021 03:31 PM IST : By Text, Photo: Dr. Mithra Satheesh

ഗർഭിണിയായ ശേഷം കല്യാണം; തലയിൽ കാലു വച്ച് അനുഗ്രഹം; ‘മനോഹരമായ’ ആചാരങ്ങൾ കോത്തഗിരിയിൽ

thoda-marr433sfgg Dr. Mithra Satheesh (right)

കേരളത്തിന്റെ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലെ ഊട്ടിയുടെ സമീപ സ്ഥലമാണു കോത്തഗിരി. തോടർ, ഇരുളർ, കോട്ടർ, ബഡിഗാസ്, കുറുമ്പർ എന്നീ ഗോത്രവർഗക്കാരാണ് കോത്തഗിരിയിലെ ആദിമനിവാസികൾ. കൈകാട്ടി എന്ന സ്ഥലം മുതൽ കോത്തഗിരി വ്യൂ പോയിന്റ് വരെയുള്ള പ്രദേശത്ത് പ്രമുഖ ഗോത്രം തോടരാണ്. ‘തോടാസ്’ എന്ന് അവർ സ്വയം വിശേഷിപ്പിക്കുന്നു. തോടരുടെ ഗ്രാമങ്ങൾ ‘മന്ദ് ’ എന്നാണ് അറിയപ്പെടുന്നത്. അവരുടെ വിവാഹ ചടങ്ങിൽ ഗോത്രവാസികളല്ലാത്തവരെ പങ്കെടുപ്പിക്കാറില്ല.

ഡോ. മിത്ര സതീഷ് എന്ന മലയാളി ഡോക്ടർ കോത്തഗിരിയിലേക്കു നടത്തിയ യാത്രയുടെ ഭാഗമായി തോടരുടെ ഗ്രാമം സന്ദർശിച്ചു. ഈ സമയത്ത് തോടരുടെ ഗോത്രത്തിൽ ഒരു വിവാഹം നടക്കുകയായിരുന്നു. സഞ്ചാര പ്രിയയായ ഡോ. മിത്രയ്ക്ക് അന്നു തോടരുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. വധു ഗർഭിണിയായ ശേഷം വിളക്കു കൊളുത്തി ഭാര്യയായി സ്വീകരിക്കുന്നതാണ് തോടരുടെ രീതി! ഗർഭിണിയായി ഏഴാം മാസം യുവതി യുവാവിനു സ്വന്തമാകുന്ന അപൂർവ രംഗങ്ങൾ ഡോ. മിത്ര ക്യാമറയിൽ പകർത്തി. മനോരമ ട്രാവലറിൽ ഫോട്ടോ സഹിതം ആ യാത്രാനുഭവങ്ങൾ ഡോ. മിത്ര പങ്കുവച്ചു.

IMG_20201113_143113

മനോരമ ട്രാവലറിൽ’ തോടരുടെ വിവാഹത്തെ കുറിച്ചു ഡോ. മിത്ര സതീഷ് എഴുതിയ ലേഖനത്തിൽ നിന്ന്:

‘‘കല്യാണ പെണ്ണിന്റെ അടുത്തെത്തിയപ്പോൾ ഞാൻ ഒന്ന് പകച്ചു പോയി. കാരണം ഒരു ഗർഭിണിയെയാണ് കല്യാണ പെണ്ണെന്നു പറഞ്ഞു പരിചയപ്പെടുത്തിയത്. എന്റെയ ആശ്ചര്യം കൊണ്ടാകണം ദേവികിളി അവരുടെ ആചാരം എനിക്ക് വിശദീകരിച്ചു തന്നത്. പെണ്ണിനെ ചെറുക്കന്റെയ് വീട്ടിൽ കൊണ്ടുപോകുന്ന ചടങ്ങിന് സാധാരണ വീട്ടുക്കാർ മാത്രമേ കാണുകയുള്ളു. ആഘോഷമൊന്നുമില്ല. പെണ്ണ് ചെറുക്കന്റെയ് വീട്ടിൽ പോയി വിളക്ക് കത്തിച്ചു വെക്കുന്നതാണ് കല്യാണം. അതിനു ശേഷം അവർക്ക് ഒന്നിച്ചു ജീവിക്കാം. ഗർഭിണിയായ ശേഷം ഏഴാം മാസത്തിലാണ് ബന്ധുക്കളെ എല്ലാം വിളിച്ചു കല്യാണം നടത്തുക!!!

അങ്ങിനെ ഏഴാം മാസത്തിലെ ഗർഭിണി കല്യാണം ആയിരുന്നു അന്നവിടെ നടക്കാൻ പോകുന്നത്. ഞാൻ വെറുതെ അവിടെ ചുറ്റി കറങ്ങാൻ തീരുമാനിച്ചു. അപ്പോൾ ദേവിക്കിളി എന്നേ നിർബന്ധിച്ചു അവരുടെ ബന്ധു വീട്ടിൽ കൊണ്ട് പോയി അവരുടെ ഭക്ഷണം വിളമ്പി തന്നു. പ്രത്ത്യേക ലോഹം കൊണ്ടുണ്ടാക്കിയ കോസ്‌തേർക് എന്ന പ്ലേറ്റിൽ ആയിരുന്നു ആഹാരം കൊണ്ടുവന്നത്. ഒറ്റവൈതെർ എന്നതായിരുന്നു പ്രധാന വിഭവം. നല്ലതു പോലെ അരി വേവിച്ചു, എരുമത്തൈര് അടുപ്പിൽ വെച്ച് തന്നെ ചോറിൽ ചേർത്ത് കുഴച്ചെടുക്കുന്നതാണ് ഒറ്റവൈതെർ. ഇതു മണ്ണപ്പം പോലെ പ്ലേറ്റിൽ വെച്ച് , നടുക്ക് ഒന്ന് കുഴിച്ചു , പെന്ന് എന്ന് വിളിക്കുന്ന എരുമ വെണ്ണയും, തസ്കവേർ എന്ന ചമ്മതിയും അതിൽ വെച്ച് തന്നു. മുളകും മല്ലിയും, വെളുത്തുള്ളിയും, പുളിയും ഉപ്പും ചേർത്തരച്ചുണ്ടാക്കുന്നതാണ് തസ്കവേർ. വളരെ രുചികരമായ ഭക്ഷണം ഞാൻ ആസ്വദിച്ചു കഴിച്ചു. അതിനു ശേഷം ദേവികിളിയോട് കല്യാണത്തിന്റെയ് മുഹൂർത്തം ചോദിച്ചപ്പോഴാണ് പറയുന്നത് നാട്ടുകാർ എല്ലാം എത്തിയാൽ മാത്രമേ കല്യാണം തുടങ്ങു പോലും. തോടകൾക്കു കല്യാണം എന്ന് പറയുന്നത് അവർക്ക് ഒത്തുകൂടാൻ കിട്ടുന്ന ഒരു വലിയ അവസരമാണ്. അത് കൊണ്ട് എണ്ണൂറോളം പേരാണ് കല്യാണത്തിന് വരിക.

IMG_20201113_152319

ഏകദേശം ഒരു മണി ആയപ്പോൾ ആറാട്ടുകുട്ടൻ വന്നു ഞങ്ങളെ വിളിച്ചു ഒരു വലിയ പുൽമേടിന്റെ താഴ്‌വരയിലേക്കു കൂട്ടികൊണ്ടു പോയി. നോക്കുമ്പോൾ ഒരു ഞാവൽ മരം ബലൂണും , വർണ്ണക്കടലാസും എല്ലാം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവിടെ കുറച്ചാണുങ്ങൾ കൂടി നിന്ന് മരത്തിൽ ഒരു പൊത്തുണ്ടാക്കുന്നു. ഈ പൊത്തിൽ വിളക്ക് കത്തിച്ചു വെച്ചാണ് പോലും വിവാഹ ചടങ്ങു ആരംഭിക്കുക. ആണുങ്ങൾ പൊത്തുണ്ടാക്കുന്ന സമയത്തു ചെറിയ ചെറിയ കൂട്ടങ്ങളായി തോട സ്ത്രീകളും പുരുഷന്മാരും വന്നു പുൽമേട്ടിൽ നിരന്നിരുന്നു. ചെറുക്കന്റെ 'അമ്മ വിളക്ക് കത്തിച്ചു പൊത്തിൽ വച്ചു. കല്യാണ ചടങ്ങു കഴിയുന്നത് വരെ ഈ വിളക്ക് അണയരുത്. അത് കൊണ്ട് കാറ്റ് പിടിക്കാതിരിക്കാൻ പൊത്തിനു ചുറ്റും ഇലയോടു കൂടിയുള്ള കമ്പുകൾ വെച്ചിരുന്നു.

കല്യാണ പെണ്ണായ നിരോഷ സിന്നും, കല്യാണ ചെറുക്കനായ കാശ്മുടി കുട്ടനും ഒരുമിച്ചു കുന്നിറങ്ങി വന്നു. അതിനു ശേഷം അവിടെ കൂടിയിരുന്ന നൂറോളം പ്രായം ചെന്നവരെ ഓരോരുത്തരായി നമസ്‌ക്കരിച്ചു. നൂറു പ്രാവിശ്യം കുമ്പിടേണ്ടി വന്ന ഗർഭിണിയുടെ അവസ്ഥ കണ്ടു നൊമ്പരം തോന്നി. തോടകൾ അനുഗ്രഹിക്കുന്നതും പ്രത്ത്യേക രീതിയിലാണ് . നമ്മൾ കൈകൊണ്ടു അനുഗ്രഹിക്കുമ്പോൾ അവർ കാൽപ്പാദം നെറുകയിൽ തൊട്ടാണ് അനുഗ്രഹിക്കുന്നത്! ഈ സമയത്താണ് കല്യാണ സമ്മാനം കൊടുക്കുക. അടുത്ത ബന്ധുക്കൾ മോതിരം നൽകുകയും, അകന്ന ബന്ധുക്കൾ പൈസ നൽകുകയും ചെയ്യും.

IMG_20201113_151335

പിന്നീട് നിരോഷയെ മരത്തിന്റെയ് വിളക്കിനു മുന്നിൽ ഇരുത്തിയിട്ടു കാശ്മുടി കുട്ടൻ കുറച്ചു ബന്ധുക്കളുമായി അവിടെയുള്ള കാട്ടിൽ പോയി. ഈ കാട്ടിലെ ഏതോ പ്രത്ത്യേക മരത്തിന്റെയ് കമ്പ് വെച്ച് അമ്പും വില്ലും ഉണ്ടാക്കി ഗർഭിണിക്ക് സമ്മാനിക്കണം പോലും.

കാശ്മുടി കുട്ടൻ പോയതോടെ, പുരുഷന്മാർ ചേർന്ന് വട്ടത്തിൽ പ്രത്ത്യേക താളത്തിൽ നൃത്തം വെച്ച് തുടങ്ങി. ചെറുപ്പക്കാരും വൃദ്ധരും എല്ലാം ഈ നൃത്തത്തിൽ പങ്കാളികൾ ആയി. മുതിർന്നവരുടെ കൈയ്യിൽ ഒരു ചൂരൽ വടിയും ഉണ്ടായിരുന്നു. പ്രത്ത്യേക ട്യൂണിൽ ആൺ വീട്ടുക്കാർ പെണ്ണിനെ ഈ ഗ്രാമത്തിലേക്ക് തന്നതിന് നന്ദി പറയുമ്പോൾ, പെൺവീട്ടുകാർ അതേ ട്യൂണിൽ നന്ദി ഏറ്റു വാങ്ങുന്നതായും പാടി. രസകരമായ അനുഭവമായിരുന്നു ഇത്. കുറച്ചു കഴിഞ്ഞപ്പോൾ സ്ത്രീകളും ഇതു പോലെ വട്ടമായി ചുവടു വെക്കാൻ തോന്നി. വിശാലമായ പുൽമേട്ടിൽ, പുരുഷൻമാരുടെയും സ്ട്രീകളുടെയും പാട്ടും നൃത്തവുമൊക്കെ കാണാൻ നല്ല അഴകായിരുന്നു.

മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കാശ്മുടി കുട്ടൻ അമ്പും വില്ലുമായി കാട്ടിൽ നിന്നും തിരികെ എത്തി. തന്റെയ പ്രിയതമക്ക് അമ്പും വില്ലും സമ്മാനിച്ച്. പണ്ട് കാലത്തു തോടരുടെ ഇടയിൽ ബഹുഭർതൃത്വം നിലനിന്നിരുന്നു. ആ കാലത്തു ഗർഭിണി ഭർത്താക്കന്മാരിൽ ഒരാളെ കുഞ്ഞിന്റെ പിതൃത്വത്തിനു തിരഞ്ഞെടുക്കും. ആ ഉത്തരവാദിത്വം ഏറ്റെടുത്ത , കുഞ്ഞിനെ സംരക്ഷിക്കാം എന്നുള്ള ഉറപ്പായിരുന്നു പോലും ഈ അമ്പുവിലും നൽകുന്നതിന് പിന്നിൽ.

IMG_20201113_142458

നിരോഷ അമ്പും വില്ലും വിളക്കിനു മുന്നിൽ വെച്ചു. കാശ്മുടി കുട്ടന്റെയ് കൈയിൽ നിരോഷയുടെ സഹോദരൻ തേനൊഴിച്ചു കൊടുത്തു. കാശ്മുടി അത് നിരോഷയുടെ വായിൽ ഒഴിച്ച് കൊടുത്തു. തിരിച്ചു നിരോഷയും കാശ്മുടിയുടെ വായിൽ തേൻ വച്ച് കൊടുത്തു. ശേഷം ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും മുല്ലമാല അണിയിച്ചതോടെ കല്യാണം കഴിഞ്ഞു. ചടങ്ങു തീർന്നതും പെരു മഴ പെയ്തു. പുൽമേട് തിരിച്ചു കയറി വണ്ടിയുടെ അടുത്തെത്തിയപ്പോഴേക്കും നനഞ്ഞു കുതിർന്നു പോയി. എങ്ങനെയെങ്കിലും തിരിച്ചു ഹോട്ടലിൽ എത്താൻ തിടുക്കമായി. പക്ഷേ കുട്ടനും ദേവികിളിയും നിർബന്ധിച്ചു ഞങ്ങളെ സദ്യ കഴിപ്പിച്ചു. പച്ചരി ചോറും, സാമ്പാറും, മോര് കറിയും, രസവും, ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടിയും, കാബ്ബജ് തോരനും , പപ്പടവും, ബോണ്ടയും, പഴവും, പേടയുമായിരുന്നു സദ്യയുടെ വിഭവങ്ങൾ. നനഞ്ഞ വേഷത്തിൽ വല്ലവിധേനെയും കഴിച്ചെന്നു വരുത്തിത്തീർത്ത ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

IMG_20201113_150432
Tags:
  • Manorama Traveller