Wednesday 06 January 2021 04:45 PM IST : By Ajith U.

ദിഹിങ്‌ നദിയിലെ ചങ്ങാടങ്ങൾ

dhihang2

അരുണാചൽ പ്രദേശിലെ അപൂർവമായ ചിത്രശലഭങ്ങളെ കാണാൻ അവസരം ഒരുക്കുന്ന സെൻസസും ക്യാംപുമാണ് യാത്രാലക്ഷ്യം. ഐറ്റി പ്രൊഫഷണലുകളായ ബാബുരാജ്, അനീഷ്, ഫോട്ടോഗ്രാഫർ സുജിത് കാരാട്, ചിത്രശലഭ ഗവേഷകൻ സാന്റക്സ് എന്നിവരാണ് സഹയാത്രികർ. ഗുവാഹത്തിയിൽ നിന്ന് ഡോണി-പോളോ എക്സ്പ്രസ്സിൽ അടുത്ത പ്രഭാതത്തിൽ നഹർലഗൂണിൽ എത്തി. തുടർന്ന് ഒരു ടാറ്റാ സുമോയിൽ യസാലിയിലേക്ക്. സെൻസസിന്റെ ആദ്യ ഘട്ടം യസാലി, ലോവർ‍ സുബാൻസിരി, രംഗാനദിയിലെ പിട്ടാപൂൾ ജലവൈദ്യുത പദ്ധതി പ്രദേശം, സിറോ താഴ്‍വര, പങ്കെ-തലേ വാലി വൈൽഡ് ലൈഫ് സാങ്ചുറി എന്നിവിടങ്ങളിൽ പൂർത്തിയാക്കി അസമിലെ ദീബ്രുഗഡ് വഴി മിയോയിലേക്ക് പുറപ്പെട്ടു. വീണ്ടും അരുണാചൽ പ്രദേശിലേക്ക് കയറാനുള്ള അതിർത്തി ഗ്രാമമാണ് നബജ്യോതി.

അവിടെ നിന്ന് മിയോയിലേക്കുള്ള യാത്ര ദിഹിങ്‌ നദിക്ക് സമാന്തരമായിരുന്നു. മിയോയിൽ നിന്ന് വടക്കു കിഴക്കോട്ടു കിഴക്കൻ ഹിമാലയത്തിന്റ ഭാഗമായ പട്കായ് ബം മലനിരകളാണ്. അതി തീവ്രമായ ഉരുൾ പൊട്ടലുകൾ ഉള്ളതിനാൽ മിയോയിൽ നിന്ന് വടക്കു കിഴക്കൻ പ്രദേശങ്ങളിലേക്ക് കാര്യമായ റോഡുകൾ ഇല്ല. ഞങ്ങൾ വന്ന റോഡ് മിയോയിൽ അവസാനിച്ചു എന്നു പറയാം.

dhihang1

നാംദഫ നാഷണൽ പാർക്ക്

മിയോയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ ദൂരെയാണ് നാംദഫ നാഷണൽ പാർക്ക്. 1,985 ചതുരശ്രകിലോമീറ്റർ ചുറ്റളവിൽ ഉള്ള ഈ നാഷണൽപാർക്ക് ചിത്രശലഭങ്ങളുടെ ഒരു പറുദീസയാണ്. കേരളത്തിൽ മൊത്തം 330 ഇനം ചിത്രശലഭങ്ങളെ കാണുമ്പോൾ ഈ നാഷണൽ പാർക്കിൽ മാത്രം നാനൂറിൽ അധികം ഇനം പൂമ്പാറ്റകൾ ഉണ്ട്. കൂടാതെ 425 ഇനം പക്ഷികളും ഇവിടെ കാണാം. നാംദാഫാ പാർക്കിന്റെ പ്രധാന ആകർഷണം നംദഫാ ഫ്ലൈയിങ് സ്ക്വിറൽ എന്ന പറക്കും അണ്ണാൻ ആണ്. തീവ്ര വംശനാശ ഭീഷണി നേരിടുന്ന ഇവ രാത്രികാലങ്ങളിലാണ് ഇരതേടുന്നത്. അതിനെ കൂടാതെ വംശനാശ ഭീഷണി നേരിടുന്ന മലയൻ ബ്ലാക്ക് ജയന്റ് സ്ക്വിറലിനെയും ഇവിടെ കാണാം.

പിറ്റേന്ന് ഒരു ബൊലേറോ പിക്കപ്പ് വാനിൽ ഞങ്ങൾ നാംദഫ നാഷണൽ പാർക്കിലേക്ക് പുറപ്പെട്ടു. ദിഹിങ്‌ നദിക്ക് സമാന്തരമായ ഈ മലമ്പാതയിൽ ഫോർ വീൽ ഡ്രൈവ് മാത്രമേ പറ്റൂ. അൽപദൂരം സഞ്ചരിച്ചപ്പോൾ ഉദ്ദേശം അറുന്നൂറു പേർ താമസിക്കുന്ന എംപെൻ എന്ന ഗ്രാമം എത്തി. ലിസ്യു ഗോത്രജനത ആണ് ഇവിടെ ഭൂരിഭാഗവും. നാഷണൽ പാർക്കിനു അകത്തു ദേബൻ എന്ന സ്ഥലത്താണ് ഞങ്ങൾ വാനിൽ നിന്ന് ഇറങ്ങിയത്. ബ്രഹ്മപുത്രയുടെ പോഷക നദിയായ ദിഹിങ്‌ നദിയുടെ കരയിലാണ് ഗസ്റ്റ് ഹൗസ്. പളുങ്കു പോലെ തെളിഞ്ഞ വെള്ളമുള്ള ഈ നദിയിൽ അടിയൊഴുക്ക് വളരെ ശക്തമാണ്. ഏഴടി ആഴമുള്ള പുഴയുടെ അടിത്തട്ട് നമുക്ക് തോണിയിൽ ഇരുന്ന് കാണാം.

dhihang4

ഞങ്ങൾ ദിഹിങ്‌ നദി കടക്കുമ്പോഴാണ് കുറെ ചങ്ങാടങ്ങൾ വരുന്നത് കണ്ടത്. വിജയനഗർ എന്ന സ്ഥലത്തുനിന്ന് അഞ്ചു ദിവസമായി ചങ്ങാടത്തിൽ സഞ്ചരിച്ച് വരികയാണ് അവ. അവിടെ കൃഷി ചെയ്യുന്ന ഏലം കൊണ്ടുവരികയാണ് ഇപ്പോൾ. മാസത്തിൽ ഒന്നോ രണ്ടോ തവണയുള്ള എമർജൻസി ഹെലികോപ്റ്റർ സർവീസ് മാത്രമാണ് എളുപ്പത്തിൽ വിജയനഗർ എത്താനുള്ള മാർഗം. അല്ലെങ്കിൽ 7 ദിവസം നടക്കണം. ദിഹിങ്‌ നദിയിലൂടെ സഞ്ചരിച്ചെത്തുന്ന ഗാന്ധിഗ്രാം കഴിഞ്ഞ് ബർമ അതിർത്തിയിലാണ് വിജയനഗർ.

ഭൂപടത്തിൽ ഷിദി- ഇന്നത്തെ ഗാന്ധിഗ്രാം, വിജയനഗർ എന്നീ സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നത് രണ്ടാം ലോക മഹായുദ്ധകാലത്തു സഖ്യ സേന ജപ്പാനെ ആക്രമിക്കാൻ ബർമ അതിർത്തി വരെ എത്തിയപ്പോഴാണ്. അവിടെ മനുഷ്യവാസം ഉണ്ടെന്നു കണ്ടെത്തിയത് ആ സൈനികരാണ്. ശതാബ്ദങ്ങൾക്കു മുൻപ് ഇന്നത്തെ ചൈന- തിബത് പ്രദേശങ്ങളിൽ നിന്ന് വന്നവരാണ് ഇന്ന് ഗാന്ധി ഗ്രാമിൽ താമസിക്കുന്ന ലിസ്യു ജനതയുടെ പൂർവികർ. ഇന്ത്യ-ചൈന യുദ്ധ സമയത്ത് ബർമ അതിർത്തിക്ക് സമീപം ദാവോദി എന്ന സ്ഥലത്തു ഒരു എയർ സ്ട്രിപ് നിർമിച്ചു. ആ പ്രദേശം വിജയനഗർ എന്ന് വിളിക്കപ്പെട്ടു. തദ്ദേശീയരായ ലിസ്യു ഗോത്രക്കാരെ കൂടാതെ ഇന്ത്യൻ സൈനികരും ഏതാനും വിമുക്ത സൈനികരും ഇന്ന് അവിടെ താമസിക്കുന്നു. ദുർഘടമായ മലമ്പാതകളും എപ്പോഴും സംഭവിക്കുന്ന മണ്ണിടിച്ചിലും കാരണം ഗാന്ധിഗ്രാം, വിജയ്നഗർ പ്രദേശങ്ങൾ ഒറ്റപ്പെട്ടു കിടക്കുന്നു. ഉപ്പിന് അവിടെ വലിയ ഡിമാൻഡാണെന്ന് ഗൈഡ് പറഞ്ഞു. ഒരു കിലോ ഉപ്പ് കൊടുത്താൽ മൂന്നു കിലോ പുഴമീൻ കിട്ടുമത്രേ... ഭാവിയിൽ മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആയിരിക്കും വിജയ്നഗറും ഗാന്ധി ഗ്രാമും.

dhihang3

നദിയുടെ മറുകരയിൽ ഹൽദിബാരിയിലെ ട്രെക്കിങ്ങിൽ ഞങ്ങൾ ഒട്ടേറെ ശലഭങ്ങളെ കണ്ടു. അപൂർവമായി കണ്ടുവരുന്ന യെല്ലോ ഗോർഗൻ എന്ന പൂമ്പാറ്റ ആയിരുന്നു ഏറ്റവും ആകർഷകം. അതുപോലെ തന്നെ കോഹിനൂർ എന്ന ശലഭവും. അത്യപൂർവമായി മാത്രം കാണാൻ കിട്ടുന്നതു കൊണ്ടാണ് കോഹിനൂർ എന്ന പേര് കിട്ടിയത്. തിരികെ ഞങ്ങൾ ദേബൻ ഗസ്റ്റ് ഹൗസ് എത്തിയപ്പോൾ അവിടെ വലിയ കദംബ മരത്തിൽ മലയണ്ണാനെയും കണ്ടു.

എത്ര സുന്ദരമായ ആചാരങ്ങള്‍

പിറ്റേന്ന് മിയോമിനു സമീപം ഉള്ള ഒരു ഗോത്ര ഗ്രാമമായ യുംചും കാണാൻ പോയി. കേരളത്തിൽ ഒരു കാലത്ത് സുപരിചിതം ആയിരുന്ന ഓലപ്പന (പണ്ട് ഓലക്കുട ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പന) യുടെ ഒരു വകഭേദം പോലെ ഉള്ള ഒരു പന ഇവിടെ ധാരാളം കാണാം. അതിന്റെ ഓല കൊണ്ടാണ് ഇവിടത്തുകാർ വീടിനും, കളപ്പുരയ്ക്കും, തൊഴുത്തിനും മേൽക്കൂര ഉണ്ടാക്കുന്നത്. എല്ലാ കെട്ടിടങ്ങളും തടി തൂണുകൾ ഉണ്ടാക്കി അതിനു മുകളിൽ ആണ് നിർമിച്ചിരിക്കുന്നത്.

dhihang5

ഞങ്ങൾക്കായി ഗ്രാമീണ സദ്യ ഒരുക്കിയിയിരുന്നു. അരുണാചലിലെ മറ്റു ഗോത്രങ്ങളെ പോലെ നനച്ച അരി ഇലയിൽ പൊതിഞ്ഞ്, ആവിയിൽ വേവിച്ചാണ് ഇവരും ചോറുണ്ടാക്കുന്നത്. എല്ലാ ഭക്ഷണങ്ങളും ആവിയിൽ വേവിക്കുകയാണ് പതിവ്. വറുത്തതും പൊരിച്ചതും ഒന്നുമില്ലാത്തതിനാലാകും ഇവർക്ക് ആശുപത്രി അധികം ആവശ്യം വരാറില്ല. മറ്റൊരു പ്രധാന വിഭവം പന്നി ഇറച്ചി മുളക് ചേർത്ത് കല്ലിട്ടു പുഴുങ്ങിയതാണ്. കല്ല് എന്നത് പുഴയിൽ ഒക്കെ കാണുന്ന വെള്ളാരം കല്ലു തന്നെ. മാംസം വേഗത്തിൽ വേവാൻ ആണത്രേ കല്ല് ചേർക്കുന്നത്. കഴിക്കുന്ന സമയത്ത് കല്ല് എടുത്തു കളയാൻ മറക്കരുത്. കാബേജ്, മത്തൻ ഒക്കെ വേവിച്ചു ഉണ്ടാക്കിയ ഒരു ഓലൻ, മുളക് ചതച്ചു ഉണ്ടാക്കിയ അച്ചാർ എന്നിവയാണ് മറ്റു വിഭവങ്ങൾ.

dhihang6

മുക്‌ലോം ഗോത്രക്കാരാണ് ഇവിടുത്തുകാർ. ദുരാത്മാക്കളെ ആരാധിക്കുന്ന കൂട്ടരാണ് ഇവർ. കാട്, മൃഗങ്ങൾ, മനുഷ്യർ തുടങ്ങി സകലത്തിന്റെയും ആത്മാക്കളെ ആരാധിക്കും. പത്തു വർഷം കൂടുമ്പോൾ ആണ് ഇവരുടെ ഉത്സവം. അന്ന് ഗ്രാമത്തലവന്റെ വീട്ടിൽ ഒരു പോത്തിനെ അറക്കും. അതിന്റെ തല പൂജാമുറി ചുമരിൽ തൂക്കി ഇടും. ഞങ്ങൾ മൂപ്പന്റെ പൂജാമുറിയിൽ 17 പോത്തിൻ തല കണ്ടു. അതിനു മുൻപ് ഉള്ള തലകൾ ഒക്കെ പൊടിഞ്ഞു പോയത്രേ. വർഷങ്ങൾക്ക് മുൻപ് ഇവർ ഇങ്ങനെ മനുഷ്യരുടെ തലകളും വെക്കുമായിരുന്നു. ഹെഡ് ഹണ്ടിങ് എന്നാണ് പറയുന്നത്. മിയോയിൽ നിന്നും കാറിൽ ദിബ്രുഗഡ് എത്തി. മനോഹരങ്ങളായ കുറേ ചിത്രശലഭങ്ങളുടെയും വിസ്മയിപ്പിക്കുന്ന കുറേ മനുഷ്യരുടെയും കാഴ്ചകളും അനുഭവങ്ങളും മനസ്സിൽ പേറി ബെംഗളൂരുവിലേക്ക്...

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India