Monday 16 November 2020 03:50 PM IST : By സ്വന്തം ലേഖകൻ

ലോനാർ തടാകത്തിനും സൂർ തടാകത്തിനും റാംസർ തണ്ണീർതട പദവി

lonar lake1

ഇന്ത്യയിലെ ഏക ക്രേറ്റർ തടാകമായ മഹാരാഷ്ട്രയിലെ ലോനാർ തടാകവും ആഗ്രയിലെ സൂർ സരോവറും റാംസർ തണ്ണീർ തടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. രാജ്യാന്തര പരിസ്ഥിതി പ്രാധാന്യമുള്ളതും നീർത്തട പക്ഷികളുടെ ആവാസ കേന്ദ്രവുമായ തണ്ണീർതടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രാജ്യാന്തര പട്ടികയാണ് റാംസർ തണ്ണീർതടങ്ങൾ. ഇപ്പോൾ ഇന്ത്യയിലെ റാംസർ സ്ഥാനങ്ങളുടെ എണ്ണം 41 ആയി. ഭൂഗർഭ ജലനിരപ്പ് കാത്തു സൂക്ഷിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതും ഭൂമിയുടെ വൃക്കകൾ എന്നു വിശേഷിപ്പിക്കുന്നതുമായ തണ്ണീർതടങ്ങളുടെ സംരക്ഷണത്തിനായി 171 ഓളം രാജ്യങ്ങൾ അംഗീകരിച്ച റാംസർ ഉടമ്പടിയുടെ ഭാഗമായിട്ടാണ് റാംസർ തണ്ണീർതടങ്ങളെ തിരഞ്ഞെടുക്കുന്നച്. ലോകമെമ്പാടുമായി രണ്ടായിരത്തിലധികം റാംസർ സൈറ്റുകളുണ്ട്.

ഔറംഗബാദിൽ നിന്ന് 137 കിലോ മീറ്റർ അകലെയുള്ള ലോനാർ ക്രേറ്റർ തടാകത്തെ ദേശീയ ഭൗമ–പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. 52000 ൽ ഏറെ വർഷം മുൻപ് ഭൂമിയിൽ ഉൽക്കയോ ഛിന്ന ഗ്രഹമോ പതിച്ചതിന്റെ ഫലമായി രൂപപ്പെട്ട ഗർത്തമാണ് ലോനാർ തടാകമായത്. ഉപ്പുരസമുള്ളതാണ് ഇതിലെ ജലം. ലോകത്ത് ബസാൾട് കല്ലുകളിൽ രൂപപ്പെട്ട 4 ക്രേറ്റർ തടാകങ്ങളിലൊന്ന് എന്ന വിശേഷതയുമുണ്ട് ലോനാറിന്. തടാകത്തിനു ചുറ്റുമുള്ള 3.8ചതുരശ്ര കിലോ മീറ്റർ പ്രദേശത്തെ ലോനാർ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴുതപ്പുലി, തെൻ കരടി, നീൽഗായ്, ചെന്നായ, ബാർക്കിങ് ഡിയർ തുടങ്ങിയ മൃഗങ്ങളുടെ സങ്കേതമാണ് ഈ കാട്. ഒട്ടേറെ ദേശാടനക്കിളികൾ ശീതകാലത്ത് ഇവിടെ എത്തിച്ചേരും.

lonar lake2

ആഗ്രയിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള മനോഹരമായ തടാകമാണ് സൂർ സരോവർ. കീഥം തടാകം എന്നും അറിയപ്പെടുന്ന സൂർ സരോവർ ഒട്ടേറെ ജീവജാലങ്ങൾക്ക് ആവാസസ്ഥാനം ഒരുക്കുന്നുണ്ട്. യമുനാ നദിയുടെ നദീതടത്തോടു ചേർന്നു കിടക്കുന്ന തടാകത്തെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ദേശാടനപക്ഷികൾ അടക്കം ഒട്ടേറെ പക്ഷികൾ ആശ്രയിക്കുന്നു. 165 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 300 പെരുമ്പാമ്പുകളും 60 ഇനം മീനുകളും സൂർ സരോവറിൽ ഉണ്ട്. താജ് മഹലിനും ആഗ്രാ ഫോർട്ടിനും ഫത്തേപ്പൂർ സിക്രിക്കും ശേഷം ആഗ്ര നഗരത്തിനു രാജ്യാന്തര പ്രശസ്തി നൽകുന്ന നാലാമത്തെ കേന്ദ്രമാകുകയാണ് സൂർ സരോവർ റാംസർ സൈറ്റ്.

lonar lake3

അപൂർവവും സവിശേഷവുമായ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്ന തണ്ണീർതടങ്ങൾക്കാണ് റാംസർ സൈറ്റ് പദവി നൽകുന്നത്. അഷ്ടമുടി കായലും വേമ്പനാട് കായലും ശാസ്താംകോട്ട തടാകവും റാംസർ സൈറ്റുകളായി പ്രഖ്യാപിക്കപ്പെട്ടവയാണ്.

Tags:
  • Manorama Traveller
  • Travel Destinations
  • Travel India