Wednesday 03 March 2021 03:41 PM IST : By സ്വന്തം ലേഖകൻ

കുങ്കുമപ്പൂവ് കഴിച്ചാൽ വെളുത്ത കുഞ്ഞുണ്ടാകും ? കുങ്കുമപ്പാടം സന്ദർശിച്ചയാൾ വിശദീകരിക്കുന്നു

safron1

ഗർഭിണികൾ പാലിൽ കുങ്കുമപ്പൂവ് കലക്കി കുടിച്ചാൽ വെളുത്ത കുഞ്ഞുണ്ടാകുമെന്നു ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. കുങ്കുമപ്പൂവിന്റെ ഔഷധഗുണം ആരോഗ്യ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. പാശ്ചാത്യ സുന്ദരി ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം കുങ്കുമപ്പൂവായിരുന്നത്രേ! കുങ്കുമപ്പൂവ് കഴിച്ചാൽ വാർധക്യത്തിലും യൗവനം നിലനിർത്താൻ കഴിയുമെന്നു പറയപ്പെടുന്നു. അതേസമയം, നവജാതശിശുവിന്റെ നിറവും കുങ്കുമപ്പൂവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ സംശയത്തിനു കശ്മീർ യാത്രയിൽ മറുപടി കിട്ടിയെന്നു പറയുന്നു ചരിത്ര ഗവേഷകൻ രാജൻ ചുങ്കത്ത്.

കശ്മീരിലെ കുങ്കുമപ്പാടങ്ങളിലൂടെ സഞ്ചരിച്ചതിന്റെ വിശേഷങ്ങൾ അദ്ദേഹം മനോരമ ട്രാവലറിലൂടെ പങ്കുവച്ചു.

ശ്രീനഗറിൽ എത്തിയതിന്റെ രണ്ടാം ദിവസമാണ് ലിദ്ദർ താഴ്‌വരയിൽ പോയത്. കുങ്കുമം കൃഷി ചെയ്യുന്ന പാമ്പൂർ, അനന്ത് നാഗ് പ്രദേശങ്ങൾ ഈ താഴ്‌വരയിലാണ്. ഹഷി എന്നാണു മികച്ച ഇനം കുങ്കമത്തിന്റെ പേര്. മെഗ്രയാണു രണ്ടാം നിര. ലച്ചയാണ് മൂന്നാം തരം. കൈകൊണ്ടു വേർപെടുത്തിയും വടികൊണ്ടു തല്ലിയും അരിപ്പയിൽ ചോർത്തിയും ഇവ തയാറാക്കുന്നു. നിറമാണ് ഗുണം നിർണയിക്കുന്നത്. ബിറ്റ്റൂട്ട്, കോൾടാർ എന്നിവ പുരട്ടി കൃത്രിമ നിറത്തിൽ വ്യാജ കുങ്കുമം ഇറങ്ങുന്നുണ്ടെന്ന് കച്ചവടക്കാർ പരാതിപ്പെട്ടു. കുങ്കുമപ്പൂവ് പാലിൽ കലക്കി കുടിച്ചാൽ വെളുത്ത കുഞ്ഞുണ്ടാകുമെന്നൊരു വിശ്വാസമുണ്ട്. ഇന്ത്യയിലെ കശ്മീരിലാണ് ലോകത്ത് ഏറ്റവുമധികം കുങ്കുമപ്പൂ വിരിയുന്നത്. കശ്മീരിൽ നിന്നു ഗൾഫിലേക്ക് കയറ്റുമതി ചെയ്ത് അവിടുത്തെ മാർക്കറ്റിൽ വിൽക്കുന്ന കുങ്കുമപ്പൂവ് മലയാളികൾ തീവില കൊടുത്ത് ഇന്ത്യയിലേക്ക് വാങ്ങിക്കൊണ്ടു വരുന്നു!

safron3

ഐതിഹ്യങ്ങളും കഥകളുമാണ് കുങ്കുമപ്പൂവിനു മൂല്യം വർധിപ്പിക്കുന്നത്. കുങ്കുമ തിലകം ചാർത്തിയാൽ വശീകരണം സാധ്യമെന്നും ഗ്രഹദേഷങ്ങൾ മാറുമെന്നും ജ്യോതിഷം. താന്ത്രിക വിദ്യകളിലും ഔഷധമെന്നു കശ്മീരിലെ പണ്ഡിറ്റുകൾ. സൂഫിവര്യന്മാരുടെ പേരിൽ പ്രചരിച്ച കുങ്കുമ കഥയ്ക്കാണ് കശ്മീരിൽ പ്രചാരമുള്ളത്. ‘‘പണ്ടു കശ്മീരിലെത്തിയ സൂഫിവര്യന്മാർക്കു മലേറിയ പിടിപെട്ടു. ചികിത്സതേടി അവർ ഗ്രാമമുഖ്യന്റെ വീട്ടിലെത്തി. അദ്ദേഹം പാമ്പൂരിലെ ഗോത്രവർഗക്കാരനെ വിളിപ്പിച്ചു. നാട്ടുവൈദ്യന്റെ ചികിത്സയിൽ സൂഫിവര്യന്മാർക്കു രോഗമുക്തി ലഭിച്ചു. ജീവൻ രക്ഷിച്ചതിനു പ്രതിഫലമായി സൂഫി വര്യന്മാർ രണ്ടു കിഴങ്ങുകൾ സമ്മാനിച്ചു. ഇന്ന് കിലോയ്ക്കു ലക്ഷങ്ങൾ വിലയുള്ള കുങ്കമച്ചെടിയുടെ വിത്തായിരുന്നു അത്.’’

എഡി പതിനൊന്നാം നൂറ്റാണ്ടിലാണത്രേ സൂഫിവര്യന്മാർ പാമ്പൂരിലെത്തിയത്. ഇപ്പോഴും കുങ്കുമം പറിക്കുന്നതിനു മുൻപ് കർഷകർ സൂഫിവര്യന്മാർക്ക് നന്ദിചൊല്ലി പ്രാർഥിക്കാറുണ്ട്. ഐതിഹ്യങ്ങളുടെ പിൻബലമാണ് കുങ്കുമപ്പൂവിനെ കുറിച്ചുള്ള വിശ്വാസങ്ങൾക്ക് ആധാരം. കുങ്കുമപ്പൂവ് കഴിക്കുന്ന ഗർഭിണിക്കു വെളുത്തു കുഞ്ഞുണ്ടാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

safron2

സൂര്യോദയത്തിലാണ് കുങ്കുമപ്പൂവ് പറിക്കുക. പൂവിനു ക്ഷതമേൽക്കാതെ ചെടിയിൽ നിന്ന് അടർത്തിയെടുക്കുന്നതു പരിശീലനം ആവശ്യമുള്ള തൊഴിലാണ്. കുങ്കുമച്ചെടിയുടെ ഇലയ്ക്ക് ഇളം പച്ചയാണു നിറം. ഒറ്റയ്ക്കും കുലയായും പൂക്കൾ വിടരുന്നു. പൂവിന് ആറ് ദളങ്ങൾ. ഇതളുകൾ പോലെ നിൽക്കുന്ന ഇലകൾക്കു നടുവിലാണ് പൂവ്. കുങ്കുമപ്പൂവ് വിടർത്തി നോക്കിയാൽ പൂവിനുള്ളിൽ മൂന്നു കേസരങ്ങൾ കാണാം. കേസരങ്ങൾ മൂന്നായി പിരിഞ്ഞു നിൽക്കുന്നു. അതിനു പേര് ‘വർത്തിക’. ആറ് ഇതളോടു കൂടിയ വയലറ്റ് നിറമുള്ള പൂക്കളാണ് കുങ്കുമം ഉൽ‌പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്. ‘‘ഒരു ഗ്രാം കുങ്കുമം നിർമിക്കാൻ പതിനേഴായിരം പൂക്കൾ വേണം’’ – കൃഷിക്കാരൻ വിശദീകരിച്ചു.

safron4

നമ്മുടെ നാട്ടിൽ തേയില നുള്ളുന്നവരെ പോലെ, കശ്മീരിൽ കുങ്കുമപ്പൂ പറിക്കുന്നതു സ്ത്രീകളാണ്. ‘‘നുള്ളിയെടുക്കുന്ന പൂക്കളുടെ ‘വർത്തിക’ വെയിലത്ത് ഉണക്കും. അര കിലോ ഉണങ്ങുമ്പോൾ നൂറ് ഗ്രാമായി തൂക്കം കുറയും. ഒരു കിലോ കുങ്കുമം ഉണ്ടാക്കാൻ ഒന്നര ലക്ഷം പൂക്കൾ വേണം. ഒരു ഹെക്ടർ സ്ഥലത്തു കൃഷി ചെയ്താൽ കിട്ടുന്നതു പന്ത്രണ്ടു കിലോ കുങ്കുമം.’’ സ്ത്രീകളിലൊരാൾ പറഞ്ഞു.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India