Wednesday 25 September 2019 03:46 PM IST : By Dr. Abbas Panayekal

‘സലാല ഞമ്മന്റെ നാടു പോലാണ് ബായ്’; ഒമാനിലെ പച്ചപുതച്ച, മൺസൂൺ പെയ്യുന്ന സ്വർഗ്ഗത്തിലേക്ക്...

salala001 Photo: Ajeeb Komachi

ആദ്യമായി സലാലയിൽ വിമാനമിറങ്ങുന്നവർ സ്വപ്നലോകത്ത് എത്തിയപോലെ അന്തംവിട്ടു നിൽക്കും. അതിനു കാരണമുണ്ട്. കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ. കുന്നിൻ ചെരുവുകളിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ. കള്ളിമുണ്ടുമുടുത്ത് തലയിൽ തോർത്തു ചുറ്റിയ കർഷകർ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി കേരളംപോലെ വേറൊരു നാട്. അതും മരുഭൂമിയുടെ നടുവിൽ..! ‘സലാല ഞമ്മന്റെ നാടു പോലേണ് ബായി ’ എന്നു പരിചയപ്പെടുത്തിയ കാസർകോടുകാരൻ  കോയയെ  ഇന്നും ഓർക്കുന്നു. സലാലയുടെ ഗ്രാമഭംഗിക്ക് ഓരോ കൊല്ലം കഴിയുന്തോറും സൗന്ദര്യം കൂടുകയാണ്. അതുകൊണ്ടാണല്ലോ, അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും മാസങ്ങളോളം ലീവെടുത്ത് ആളുകൾ സലാലയിൽ താമസിക്കാനെത്തുന്നത്. പൊക്കിപ്പറയുകയല്ല, ഇപ്പോൾ മലയാളികളും മൂന്നാഴ്ചത്തെ വീസയെടുത്ത് അവധിയാഘോഷിക്കാൻ സലാലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയ്ക്കു മുംബൈ നഗരം പോലെയാണ് ‘ഒമാനികൾ’ക്കു മസ്കറ്റ്. പരിഷ്കാരികളുടെ നഗരമെന്നു നാട്ടിൻപുറത്തുകാരായ ഒമാനികൾ പറയും. മസ്കറ്റിൽ തെങ്ങും വാഴത്തോട്ടങ്ങളുമില്ല, പുഴയും കാട്ടരുവികളും പുൽമേടുകളുമില്ല... അങ്ങനെ മസ്കറ്റിനെ താഴ്ത്തിക്കെട്ടി നൂറുകൂട്ടം മേന്മകൾ സലാലയെക്കുറിച്ച് ഇവിടത്തുകാർക്കു പറയാനുണ്ട്. അതൊരു വാസ്തവമാണെന്നു തിരിച്ചറിയണമെങ്കിൽ സലാലയിൽ നേരിട്ടു പോകണം. അക്ഷരാർഥത്തിൽ കേരളത്തിന്റെ ഫോട്ടോസ്റ്റാറ്റാണ് സലാല.

salala009

മരുഭൂമിയിൽ ചൂട് 42 ഡിഗ്രി കടക്കുന്ന കാലത്ത് സലാലയിൽ പെരുമഴക്കാലമാണ്. ഗൾഫ് മേഖല മുഴുവൻ പൊരിവെയിലിൽ ഉരുകുമ്പോൾപോലും സലാലയിൽ ചൂട് 30 ഡിഗ്രി കടക്കാറില്ല. ഒമാന്റെ തലസ്ഥാന നഗരമായ മസ്കറ്റ് ചുട്ടുപൊള്ളുന്ന ജൂൺ – ജൂലൈ മാസങ്ങളിൽ‌ സലാല മൺസൂൺ മഴയിൽ തണുത്തുറയും. ‘ഖരീഫ് ’ എന്നാണ് ഈ കാലത്തിന് സലാലയിലെ അറബികൾ നൽകിയ വിശേഷണം. ശരത്കാലമെന്നു മലയാളം. ഈ കാലാവസ്ഥയാണ് സലാലയെ സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാക്കുന്നത്.

കൊച്ചി നഗരത്തിന്റെ പകുതി വലുപ്പമില്ല സലാല സിറ്റി. ഒരു ടവറിനെ ചുറ്റി നിലനിൽ ക്കുന്ന പട്ടണം. വൃത്തിയും വെടിപ്പുമുള്ള റോഡുകൾ. ഇരുവശത്തും പൂന്തോട്ടങ്ങൾ അലങ്കരിച്ച് മനോഹരമാക്കിയ വീഥികൾ. വലിയൊരു പള്ളി. നിരയായി വ്യാപാര സ്ഥാപനങ്ങളും കാപ്പിക്കടകളും ഷോപ്പിങ് മാളുകളും... നാട്ടുകാരും വിദേശികളും പരക്കം പായുന്ന ടാക്സികളുമായി ഒതുങ്ങിയ ഒരു പട്ടണം.

യാത്രയ്ക്ക് ബസുകളുണ്ട്. ടാക്സി കാറുകൾ ആളുകളെ വിളിച്ചു കയറ്റി സർവീസ് നടത്തുന്നു. ഒമാനിലെ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ ജന്മദേശമാണ് സലാല. ഭരണതലസ്ഥാനം മസ്കറ്റിലേക്കു മാറ്റിയപ്പോൾ രാജ്യത്തെ നഗരങ്ങളുടെ വലുപ്പത്തിൽ സ ലാല രണ്ടാം സ്ഥാനത്തായി. അ തേസമയം, ഗ്രാമഭംഗിയിൽ ഗൾഫ് മേഖലയിലെ ഏറ്റവും വ്യത്യസ്തമായ നാടെന്നു പേരുകേട്ടു.

salala007

സലാലയിലെ മലയാളീസ്

മസ്കറ്റിലെ ഒരു ഗവർണറേറ്റായ ദൊഫാറിലാണ് സലാല. നാടു കാണാനെത്തുന്നവരെ ആതിഥ്യമര്യാദയോടെ വരവേൽക്കുന്ന ഒമാനികളാണ് ‘ദോഫാർ’ പ്രവിശ്യയുടെ ജീവൻ. എവിടെച്ചെന്നാലും ഒരു മലയാളിയെങ്കിലും ഉണ്ടാകും എന്നതാണു ഈ പ്രവിശ്യയുടെ പ്രത്യേകത. ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഗ്രാമങ്ങൾപോലെ കാർഷിക സമൃദ്ധിയാണു സലാലയുടെ പ്രത്യേകത.

കുലച്ചു നിൽക്കുന്ന വാഴകളും വിളഞ്ഞു നിൽക്കുന്ന ചെന്തെങ്ങുകളും മലയാളികളുടെ അധ്വാനമാണെന്നു പ്രത്യേകം പറയേണ്ടല്ലോ. പച്ച പുതച്ച വെറ്റിലത്തോട്ടങ്ങൾ, കുല തൂങ്ങിയ കമുക് മരങ്ങൾ, തെങ്ങിൻ കൂട്ടം, പടവലങ്ങ, പാവൽ, വെണ്ടയ്ക്ക, പച്ചമുളക്... പാലക്കാട്ടെ പാടങ്ങളെ തോൽപ്പിക്കുന്നത്രയും വിളകൾ വളമിടാതെ ഇവിടെ വളരുന്നു.

ഷർട്ടും കള്ളിമുണ്ടുമുടുത്ത് വഴിയരികിൽ വട്ടം കൂടി നിന്നു വർത്തമാനം പറയുന്നവരെല്ലാം മലയാളികൾ. പാടത്തും പറമ്പിലും പണിയെടുക്കുന്നവരും മലയാളികൾ. പശുക്കളെ മേയ്ക്കുന്നതും പാൽ കറന്നു വിൽക്കുന്നതും തെങ്ങിൽ കയറുന്നതും മലയാളിക ൾ... എന്തിനേറെപ്പറയുന്നു, ഇവിടെയുള്ള വീടുകളിൽ കല്യാണത്തലേന്ന് മൈലാഞ്ചിയിടലും ബിരിയാണി വിളമ്പുന്ന സദ്യയുമുണ്ട്. ഇവിടെ കൃഷി നടത്തുന്ന ശ്രീകുമാറിനെ സലാലയിൽ എല്ലാ മലയാളികൾക്കും അറിയാം. വലിയൊരു തോട്ടം നട്ടു നനച്ചു കൃഷി ചെയ്യുന്നയാളാണ് ശ്രീകുമാർ.

salala004

സലാലയുടെ കേരള കണക്‌ഷന് ചരിത്രത്തിന്റെ പിന്തുണയുണ്ട്. പുരാതന സഞ്ചാരിയായ ഇബ്നുബത്തൂത്തയും മാർക്കോപോളോയും സലാലയിൽ പോയതിനു ശേഷമാണു കോഴിക്കോട്ടേക്കു യാത്ര ചെയ്തത്. മൺസൂൺ കാറ്റിന്റെ ദിശയെ കൂട്ടുപിടിച്ച് അപകടങ്ങളില്ലാതെ സഞ്ചരിക്കാവുന്ന പായ് കപ്പൽച്ചാലായിരുന്നു സലാലയ്ക്കും കേരളത്തിനുമിടയിലുണ്ടായിരുന്നത്. ചരിത്രകാലത്തു കിഴക്കൻ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള സാധനങ്ങൾ കടത്തിയത് സലാല തുറമുഖത്തിലൂടെയായിരുന്നു. ഇവിടെ എത്തുന്നവർ നിർബന്ധമായും കാണേണ്ട സ്ഥലമാണു സലാല തുറമുഖം.

എന്തൊക്കെയാണ് സലാലയിൽ കാണാനുള്ളതെന്നു ചോദിച്ചാൽ ഒറ്റ ശ്വാസത്തിൽ പറയാൻ കുറച്ച് സംഗതികളുണ്ട്. സുൽത്താൻ ഖാബൂസ് പാലസ്, അൽ–ഹിസ്ൻ സൂക്ക്, ഹഫ്ഫ സൂക്ക്, അൽ–ബലീദ് ആർക്കിയോളജിക്കൽ സൈറ്റ്, സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയം, അൽ ഹഫ്ഫ ബീച്ച്.

നഗരത്തിൽ നിന്ന് അൽപ്പദൂരം യാത്ര ചെയ്താണ് സഞ്ചാരികൾ സലാല യാത്രയ്ക്കു രസം കൂട്ടുന്നത്. തീരങ്ങളുടെ ശാന്തതയിൽ മുന്നിൽ നിൽക്കുന്ന മുഗാസെയ്ൽ ബീച്ച്, നീലക്കടലിനെ ദൂരെ നിന്നു കാണാൻ പ്രകൃതിയൊരുക്കിയ ഗുഹകളുള്ള മർനീഫ് കേവ്, പച്ച നിറത്തിൽ നിശ്ശബ്ദമായൊഴുകുന്ന വാദി ദർബാത് എന്ന അരുവി. സലാലയുടെ 100 കിലോമീറ്റർ ചുറ്റളവിൽ യാത്ര ചെയ്ത് കാണാവുന്ന ദൃശ്യങ്ങളാണിതെല്ലാം.

salala003

ഷെബ രാജ്ഞിയുടെ കോട്ട

ഖോറൂരി എന്ന പ്രദേശം ചരിത്രപ്രധാന കേന്ദ്രമാണ്. ബൈബിളിലെ ഷെബ രാജ്ഞിയുടെ കോട്ടയുടെ അവശിഷ്ടമാണിതെന്നു ചരിത്രം. കേരളത്തിലെ ചേരമാൻ പെരുമാൾ സലാലയിലാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്നും വിശ്വാസമുണ്ട്. തെങ്ങും വാഴയും വെറ്റിലയും നിറഞ്ഞ തോട്ടത്തിനു നടുവിലുള്ള ഖബറിടം രാജാവിന്റേതാണെന്നു വിശ്വാസം.

സലാലയിലെ റോഡ് യാത്രയിൽ കേരളം പുനരാവിഷ്കരിക്കപ്പെടുന്നു. കിലോമീറ്ററുകളോളം തെങ്ങിൻ തോട്ടങ്ങൾക്കു നടുവിലൂടെയാണ് റോഡ്. അതു കഴിഞ്ഞാൽ വഴിയുടെ ഇരുവശത്തും പച്ചക്കറിത്തോട്ടങ്ങൾ. മരുഭൂമിയിൽ ഈശ്വരനും മനുഷ്യരും ചേർന്നു വരച്ച പച്ചപെയിന്റിങ് പോലെ സലാല. വലിയ നഗരമല്ലെങ്കിലും ഇവിടെ ആഡംബരങ്ങൾക്കു കുറവില്ല. ഹംദാൻ പ്ലാസ ഹോട്ടൽ ഉൾപ്പെടെ ലക്ഷ്വറി താമസ സൗകര്യങ്ങളും ഷോപ്പിങ് മാളുകളും ഫുഡ് കോർട്ടും സലാലയിലുണ്ട്.

salala8

ഭക്ഷണത്തിൽ എടുത്തു പറയാൻ തക്ക പാരമ്പര്യ വിഭവങ്ങൾ സലാലയ്ക്കു സ്വന്തമായില്ല. ഷവർമ, സാൻഡ് വിച്ചസ്, ചപ്പാത്തി – കറി, മീൽസ് എന്നിവയാണ് റസ്റ്ററന്റ് മെനു. വെജിറ്റേറിയൻ ഭക്ഷണം മാത്രം കിട്ടുന്ന ഉഡുപ്പി ഹോട്ടൽ നഗരത്തിലുണ്ട്. ഖാബൂസ് മോസ്കിനു സമീപത്താണിത്. ഗ്രാമങ്ങളിലേക്കു പുറപ്പെടുന്നതിനു മുൻപ് ഭക്ഷണം വാങ്ങിവയ്ക്കണം, ഉൾനാടുകളിൽ റസ്റ്ററൻറുകളില്ല.

രണ്ടാഴ്ച യാത്ര ചെയ്ത് ആസ്വദിക്കാവുന്ന നാടാണ് സലാല. കടൽത്തീരവും ഗ്രാമഭംഗിയും നഗരവും കാടും തോട്ടങ്ങളും നിറഞ്ഞ ഗ്രാമീണതയാണ് ഈ യാത്രയ്ക്കു സുഖം പകരുന്നത്. ഒരുകാര്യം, സലാല യാത്ര അടിച്ചുപൊളിച്ചുള്ള ആർഭാടമല്ല, ഫാമിലി ട്രിപ്പാണ്. സന്ദർശനത്തിനെത്തുന്നവർക്ക് എല്ലാ സംരക്ഷണവും നൽകാനാണ് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് നിർദേശം നൽകിയിട്ടുള്ളത്. 

GETTING THERE

salala002

പ്രമുഖ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നെല്ലാം ഒമാനിലെ സലാലയിലേക്കും മസ്‌കറ്റിലേക്കും വിമാന സർവീസുകളുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നു സലാലയിലേക്കു നേരിട്ടു പറക്കാം. തലസ്ഥാന നഗരമായ മസ്‌കറ്റിൽ നിന്നും ഒമാനിലെ മറ്റു നഗരങ്ങളിൽ നിന്നും സലാലയിലേക്ക് ബസ് സർവീസുമുണ്ട്. സലാലയിലെ യാത്രകൾക്ക് ടാക്‌സികളാണ് ആശ്രയം.

കുടുംബങ്ങൾക്കു പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ സലാലയിൽ എല്ലാ സഞ്ചാരികൾക്കും അനുയോജ്യമായ താമസ സൗകര്യങ്ങളുണ്ട്. ഇടത്തരം ഹോട്ടലുകളിൽ 30 മുതൽ 40 ഒമാനി റിയാല്‍ വരെയാണ് ദിവസനിരക്കുകൾ. 60 ഒമാനി റിയാലിനു മുകളിൽ വാടക വരുന്ന ആഡംബര താമസ സൗകര്യങ്ങളും ഇവിടെയുണ്ട്. പ്രധാന വിനോദസഞ്ചാര സീസണായ ജൂലൈ –സെപ്റ്റംബർ മാസങ്ങളിൽ സലാലയിലെ താമസ സൗകര്യങ്ങൾക്കു നിരക്കു വർധിക്കും.

പ്രകൃതിരമണീയമാണ് സലാലയിലെ കാഴ്ചകൾ. കേരളത്തിനു സമാനമായ പച്ചപ്പും മഴയും ഈ നാടിനെ കൂടുതൽ സുന്ദരമാക്കുന്നു. വൃത്തിയോടെ പരിപാലിക്കപ്പെടുന്ന ബീച്ചുകൾ, ചരിത്ര സ്മാരകങ്ങൾ, മ്യൂസിയം, പർവതനിരകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി കാഴ്ചകളൊരുപാടുണ്ട്. 

ഒമാനി കോഫിയോടൊപ്പം ഏലക്കായ ചേർത്ത ‘കാവ’യാണ് പരമ്പരാഗത രുചികളിലെ ഹൈലൈറ്റ്. അറേബ്യൻ, ചൈനീസ്, കോണ്ടിനെന്റൽ, ഇന്ത്യൻ തുടങ്ങി ചെന്നെത്തുന്ന സഞ്ചാരികളുടെ രുചി സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ വിഭവങ്ങൾ സലാലയിലെ ഒട്ടുമിക്ക റസ്‍റ്ററന്റുകളിലും ലഭ്യമാണ്. വെജിറ്റേറിയൻ വിഭവങ്ങൾആഗ്രഹിക്കുന്നവർക്ക് ‘ഉഡുപ്പി’ ഹോട്ടലുണ്ട്.

General Information

salala005

Visa : സന്ദർശക വീസയ്ക്ക് അപേക്ഷിച്ചാൽ നാലു ദിവസത്തിനകം ഒമാൻ വീസ അനുവദിച്ചു കിട്ടും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നു സലാലയിലേക്കുസർവീസുണ്ട്. അഞ്ച് മണിക്കൂർ യാത്ര. മസ്കറ്റിൽ നിന്നു സലാലയിലേക്കു വിമാനമുണ്ട്. അൽ സീബിൽ നിന്നു ടാക്സിയിൽ കയറി റുവിയിലിറങ്ങിയാൽ ഇവിടെ നിന്നു സലാലയിലേക്ക് ബസ് കിട്ടും. എട്ടു മണിക്കൂർ യാത്ര.

Hold your papers : എന്താവശ്യത്തിനു പുറത്തിറങ്ങുമ്പോഴും വീസ, പാസ്പോർട്ട്, ഫോട്ടോ എന്നിവ കയ്യിൽ കരുതുക. റോഡുകൾ സദാസമയം റഡാർ നിരീക്ഷണത്തിലാണ്, ജാഗ്രത. ഒട്ടകങ്ങളും കന്നുകാലികളും റോഡിനു കുറുകെ നടക്കുമ്പോൾ വാഹനം ഒതുക്കി അവയ്ക്കു വഴിയൊരുക്കുക. സുൽത്താനേറ്റ് അധികൃതരുടെ സമ്മതപത്രം വാങ്ങാതെ വീട്ടുമുറ്റത്തുപോലും വാഹനം ഓടിക്കരുത്.

Travel:ഗ്രാമപ്രദേശങ്ങളിലേക്കു വളരെ കുറച്ചു ബസുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ടാക്സി കാറുകൾ നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. സ്ഥലപ്പേരു പറഞ്ഞു വാടക ചോദിച്ച ശേഷം ടാക്സിയിൽ കയറുക. ഒമാൻ റിയാലാണ് കറൻസി. ബൈസ (പൈസ) നിരക്കിലാണ് ടാക്സി ചാർജ്.

Keep in Mind :സുൽത്താൻ ഖാബൂസ് ബിൻ സെയ്ദാണ് ഒമാനിലെ ഭരണാധികാരി. ‘ഹിസ് മജസ്റ്റി’ക്കു പൂർണ ബഹുമാനം നൽകിക്കൊണ്ടു സംസാരിക്കുക. സുൽത്താനോടുള്ള ആദരവു പ്രകടമാക്കി എല്ലാവരോടും പെരുമാറുക.

salala008
Tags:
  • World Escapes
  • Manorama Traveller