Tuesday 18 December 2018 09:18 AM IST : By സ്വന്തം ലേഖകൻ

കടൽക്കാറ്റിന്റെ കുളിരേറ്റ്, പ്രൗഢിയിൽ ഒരു സുഖവാസം; കോവളത്തേക്ക് മാടി വിളിക്കുന്നു ‘സമുദ്ര’

samudra

കടൽക്കാറ്റേറ്റ്, തിരമാലകൾ കഥപറയുന്ന തീരത്തു ചിപ്പികൾ പെറുക്കി മണലിൽ പാദങ്ങൾ പതിയുന്നതുനോക്കി നോക്കി മെല്ലെ ഒരു സായാഹ്നം. പടിഞ്ഞാറ് ദൂരെ കടലിലേക്കു താഴ്ന്ന സൂര്യനെ നോക്കി, വിദൂരതയിൽ നിന്ന് ഉള്ളിലേക്ക് വന്നു തൊടുന്ന ആ സൂര്യ രശ്മികളെ ആവാഹിച്ച് അങ്ങനെ നിൽക്കണം. ആ സായാഹ്നം മാത്രം മതി ജീവിതത്തിൽ എഴുതിത്തിരുത്തിയിട്ടും ആവർത്തിക്കുന്ന ചില വിരസത നിമിഷങ്ങളിൽ നിന്നു രക്ഷപ്പെടാൻ. കോവളം തീരത്ത് നിന്നപ്പോൾ ആദ്യം ഓർമ വന്നത് സീസൺ എന്ന പഴയ സിനിമയാണ്. കോവളത്തെ ഇത്ര മനോഹരമായി പകർത്തിയ മറ്റൊരു ചിത്രമില്ല.

കോവളം ഒരു കവിതയാണ്. വായിക്കുന്നയാളുടെ ആസ്വാദ്യത പോലെ ഓരോ തവണയും എത്തുന്ന ഓരോ സഞ്ചാരിക്കും വ്യത്യസ്തത പകരുന്ന അനുഭവം. കോവളത്തിന്റെ കാറ്റിനു പോലും ഈ വ്യത്യസ്തതയുണ്ട്. കോവളത്തെ ആവാഹിക്കാനൊരുങ്ങിയാണ് കടൽത്തീരത്തിലൂടെ നടത്തം തുടങ്ങിയത്. ഒപ്പം ഏറെക്കാലമായി ആഗ്രഹിക്കുന്ന ‘സമുദ്ര’യിലെ താമസവും. കാഴ്ച കണ്ട് കോവളം തീരത്തു നടക്കുമ്പോൾ ചിത്രം പകർത്തി തരാമോ എന്നു ചോദിച്ച് ഒരു ദമ്പതികൾ നേരെ വന്നു. സെൽഫി എടുത്തു മതിവരാതെ കോവളം കടൽത്തീരം പശ്ചാത്തലത്തിൽ അവരുടെ സായാഹ്ന ചിത്രം പകർത്താനായിരുന്നു അവരെന്നെ ചുമതലപ്പെടുത്തിയത്. അവരുടെ ചിത്രം പകർത്തി നൽകി മുന്നോട്ട് നടന്നു. ഗോവ പോലെ ബിക്കിനി ധരിച്ച് അങ്ങിങ്ങ് കിടക്കുകയും ഇരിക്കുകയും ചെയ്യുന്ന വിദേശവനിതകളെയും മുഖത്ത് യാതൊരു ഭാവഭേദവും വരുത്താതെ അവർക്കൊപ്പം ഇരിക്കുന്ന സായിപ്പന്മാരെയും കടന്ന് ബീച്ച ് റിസോർട്ടിലേക്ക്. സേതുലക്ഷ്മി ഭായി തമ്പുരാട്ടിയാണ് 1920 കളിൽ ആദ്യമായി ഇവിടൊരു ബീച്ച് റിസോർട്ട് പണിയുന്നത്. 30 കളോടെ കോവളം വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലേക്കു ലോകശ്രദ്ധ പിടിച്ചുപറ്റി തുടങ്ങിയിരുന്നു.

samudra-5

കടൽക്കാറ്റിൽ മയങ്ങി

വീക്കെൻഡ് ഗെറ്റ് എവേ എന്ന നിലയിൽ കോവളത്തെ കെടിഡിസി യുടെ ബീച്ച് റിസോർട്ട് നേരത്തേ തന്നെ എന്റെ ട്രിപ്പ് ലിസ്റ്റിൽ ചേർത്തു കഴിഞ്ഞതാണ്. പല തിരക്കും കൊണ്ടു മാറ്റിവച്ച ആ ആഗ്രഹം ഇന്നാണ് യാഥാർഥ്യമാകുന്നത്. സമുദ്ര! പേര് പോലെ തന്നെ! കടൽത്തീരത്ത് നങ്കൂരമിട്ട ഒരു കപ്പലിലെന്ന പോലെ കടലിന്റെ കാറ്റിൽ മയങ്ങി തിരമാലകളെ തൊട്ടു തൊട്ട് സമയം ചെലവഴിക്കും പോലെയാണ് ഈ ബീച്ച് റിസോർട്ട് പകരുന്ന അനുഭവം. കടൽത്തീരത്തിന് തൊട്ടരികിലാണ് റിസോർട്ടിന്റെ കവാടം. 1981 ൽ വക്കം പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകമാണ് ആദ്യം ശ്രദ്ധിച്ചത്. പ്രധാന വാതിലിന്റെ വലതു ഭാഗത്താണിത്. ലോണിന്റെ ചുമരുകളിൽ കടലിൽ പോകുന്ന മുക്കുവരുടെ കൈക്കരുത്തറിഞ്ഞ പങ്കായങ്ങൾ നിരത്തി വച്ചിരിക്കുന്നു. കടലിന്റെ സ്പന്ദനമറിഞ്ഞാണ് ഓരോ അലങ്കാരങ്ങളുമെന്ന് തോന്നിപ്പോകും ലിഫ്റ്റിനടുത്തുള്ള മരം (മീൻപിടിക്കാൻ കടലിൽ പോകുന്ന ചെറുവള്ളം)

samudra-3

പ്രൗഢിയിൽ ഒരു സുഖവാസം

സമുദ്ര ബീച്ച് റിസോർട്ട് അഞ്ചേക്കർ 44 സെന്റ് ഭൂമിയിലാണ് നില കൊള്ളുന്നത്. തുടക്കത്തിൽ 50 മുറികളാണുണ്ടായിരുന്നതെങ്കിലും രണ്ട് പ്രീമിയം സ്വീറ്റും 52 ഡീലക്സും ഉൾപ്പെടെ 64 മുറികളാണിപ്പോൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബജറ്റ് മുറികൾ ആയ അവന്യു റൂമുകളും ഉണ്ട്. റിസോർട്ടിലേക്ക് കടന്നുവരുന്ന ഭാഗത്ത് തന്നെയാണ് അവന്യു റൂമുകളുമുള്ളത്. ആദ്യകാലത്ത് വലിയ അലങ്കാരമായിരുന്നെങ്കിലും പിന്നീട് 96-97 കാലഘട്ടത്തിൽ റിസോർട്ട് പുതുക്കിയപ്പോഴാണ് ലാൻഡ്സ്കേപ്പ് വയ്ക്കുന്നത്. പുതിയ മുറികൾ കൂട്ടിച്ചേർത്തതും അന്നാണെന്ന് റിസോർട്ട് ഞങ്ങൾക്കു പരിചയപ്പെടുത്തിക്കൊണ്ട് മാനേജർ അജിത്ത് പറഞ്ഞു. ഒപ്പം ഞങ്ങൾക്ക് താമസമൊരുക്കിയ ഡീലക്സ് മുറി തുറന്നു തന്നു. കയറുന്ന വാതിലിന് എതിർ വശത്ത് വൃത്തിയുള്ള കർട്ടൻ കൊണ്ട് മറച്ച ഒരു സ്പേസുണ്ട്. അവിടേക്കാണ് കണ്ണ് ആദ്യമെത്തിയത്. അവിടേക്കു ചെന്ന് മെല്ലെ കർട്ടൻ മാറ്റി നോക്കി. ആ കാഴ്ച ഒന്നുമാത്രം കൊണ്ട് മനസ്സ് നിറഞ്ഞു. കടലിന്റെ വേലിയേറ്റം പോലെ മനസ്സിൽ പോസിറ്റീവ് എനർജി വന്ന് തിങ്ങി നിറയും പോലെ. അത്ര മനോഹരമാണ് ആ പുറംകാഴ്ച. മുറിയുടെ ആ ഭാഗത്തെ വാതിൽ തുറന്നാൽ കോവളം കടപ്പുറം കാണാം. പിന്നീട് ആ വാതിൽ നമുക്ക് അടയ്ക്കാനേ തോന്നില്ല. കടലിന്റെ ഉപ്പ് രുചിക്കുന്ന കാറ്റും അലയൊടുങ്ങാത്ത ഇരമ്പവും മുറിക്കുള്ളിൽ വരെ എത്തും. മുറിയുടെ പുറകിലേക്ക് ലാൻഡ് സ്കേപ്പിങ്ങാണ്. അവിടവിടെയായി ഉരുളൻ കല്ലുകളും വിശ്രമിക്കാൻ വലിയ ആട്ടു തൊട്ടിലുകളും കടലിനെ മനോഹരമായ ഫ്രെയിമാക്കുന്ന തെങ്ങുകളുമുണ്ട്.

samudra-2

ലാൻഡ് സ്കേപ്പിങ്ങിൽ നടക്കാനുള്ള വഴിതെളിച്ച് ഇരുവശങ്ങളിലുമായി ഗാർഡൻ ഒരുക്കിയിട്ടുണ്ട്. ആ ലാൻഡ്സ്കേപ്പിലൂടെ താഴേക്കു നടന്നാൽ ഇടതു ഭാഗത്തു മനോഹരമായ സ്വിമ്മിങ് പൂൾ കാണാം. അതിനടുത്തായി കൃത്യമായ മാർഗനിർദേശങ്ങൾ എഴുതിവച്ചിരിക്കുന്നു. കുളിച്ചശേഷം വേണം പൂളിലേക്കിറങ്ങാൻ. അതിനായി ഒരു ഓപ്പൺ ഷവർ സംവിധാനം അടുത്തുതന്നെയുണ്ട്. സ്വിമ്മിങ് പൂളിന് താഴെയായി ഹോം സ്റ്റേ പോലെ രണ്ട് കെട്ടിടങ്ങൾ ഉണ്ട്. അതാണ് പ്രീമിയം മുറിയെന്ന് കാണുമ്പോഴേ മനസ്സിലാകും. ആൾതാമസമില്ലാത്തതിനാൽ മാനേജരുടെ അനുവാദത്തോടെ മുറി കാണാനായി അകത്തു കയറി. ഇരിപ്പിടങ്ങളും കിടക്കയും മനോഹരമായി അലങ്കരിച്ചിരിക്കുന്നു. മറ്റു മുറികളെക്കാൾ അടുത്തായി കടൽ കാണാം. പ്രീമിയം മുറിയുടെ അരികിൽ തൊട്ടുമുകളിലാണ് സ്വിമ്മിങ് പൂൾ. പേര് പോലെ തന്നെ പ്രീമിയം ബാത്ത് റൂം ആണുള്ളത്. പ്രീമിയം മികച്ചതെങ്കിലും ‍ഞങ്ങൾക്ക് കിട്ടിയ ഡീലക്സ് മുറിയും ഒട്ടും പിന്നിലല്ലല്ലോ എന്നപ്പോൾ തോന്നി.

സന്ധ്യ വന്നു തുടങ്ങിയിരിക്കുന്നു. വഴിനീളെ കല്ലുകളിൽ തീർത്ത ചെറിയ വൈദ്യുതിവിളക്കുകൾ, വഴിയിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ ചെറിയൊരു ഓലപ്പുര. സെക്യുരിറ്റിയുടെ വിശ്രമസ്ഥലം. ഏറ്റവും താഴേക്ക് എത്തുമ്പോൾ ഒരു ഇരുമ്പ് ഗേറ്റാണ്. സമുദ്ര ബീച്ചെന്നറിയപ്പെടുന്ന ബീച്ച് റിസോർട്ടിന്റെ പരിധിയിലുള്ള ബീച്ചിലേക്ക് ഇതുവഴി നേരിട്ട് ഇറങ്ങാം. കോവളത്ത് പ്രധാനമായും മൂന്ന് ബീച്ചുകളാണുള്ളത്. സമുദ്ര ബീച്ച്,ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച്. ഇതിൽ ഏറ്റവും തിരക്ക് കുറഞ്ഞ ബീച്ചാണ് സമുദ്ര ബീച്ച്. ഹണിമൂണേഴ്സ് പാരഡൈസ് എന്നാണ് സമുദ്ര ബീച്ചും റിസോർട്ടും അറിയപ്പെടുന്നത്.

samudra-4

ഗേറ്റിലൂടെ പുറത്തിറങ്ങി, കടൽ അത്രശാന്തമല്ല. കുളി വിലക്കിയുള്ള അപകട മുന്നറിയിപ്പ് ബോർഡും റെഡ് സിഗ്നലും കാണാം. കടൽക്കാറ്റ് കൊണ്ട് സായാഹ്ന സീമയിൽ കണ്ണുനട്ട് നിന്ന് കടലിൽ ചെറുതായി കാൽ നനച്ച് മടങ്ങി. തിരികെ അകത്തേക്കു കടന്ന് ഇടതു ഭാഗത്ത് കൂടി മുകളിലേക്കു നടന്നപ്പോഴാണ്. ടൈറ്റാനിക് കപ്പലിന്റെ മോഡലിൽ ലാൻഡ്സ്കേപ്പ് കണ്ടത്. നേരത്തെ ഇവിടെ വന്നിട്ടുള്ള സുഹൃത്തുക്കൾ പറഞ്ഞത് പോലെ തന്നെ അതിന്റെ അറ്റത്ത് പോയി നിന്നാൽ കടൽക്കാറ്റ് കുറച്ച് കൂടി ശക്തമായി കൊള്ളാം. നല്ല കിടു ഫീൽ. കടലിലെ തിരമാലകൾ ആസ്വദിക്കാൻ ഏറ്റവും പറ്റിയ സ്ഥലം.

വെഡ്ഡിങ് ഷോർ

ലാൻഡ് സ്കേപ്പിങ്ങിലൂടെ കടലിന്റെ ഉപ്പുകാറ്റിൽ ആലസ്യപ്പെട്ടങ്ങനെ നടക്കുമ്പോഴാണ് ഭീമൻപാറകൾ. അവയ്ക്കിടയിലൂടെ നടന്ന് മുകളിലേക്ക് കയറുമ്പോൾ ഒരു സ്റ്റേജ് കാണാം. കലാപരിപാടികൾ നടക്കുന്നതാവുമല്ലേ എന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഹോട്ടലിലെ സ്റ്റാഫിനോട് ചോദിച്ചപ്പോഴാണ് വിദേശികൾക്കായി സീസൺ സമയത്ത് കഥകളിയും ബാൻഡ് മ്യൂസിക്കുമുൾപ്പെടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്ന് അറിയുന്നത്. അത് മാത്രമല്ല ഈ ഹണിമൂൺ പാരഡൈസിൽ ബീച്ച് വെഡ്ഡിങ്ങുകളും റിസപ്ഷനുകളുമൊക്കെ നടക്കാറുണ്ടത്രേ. അടുത്തിടെ നടന്ന സ്വപ്നതുല്യമായ ചില ബീച്ച് വെഡ്ഡിങ്ങിന്റെ ചിത്രങ്ങൾ അയാൾ മൊബൈലിൽ കാണിച്ചു തന്നു. ഗോവയൊക്കെ എന്ത്, ഇതാണ് കേരളത്തിലെ ആ റൊമാന്റിക് ഷോർ എന്നു മനസ്സിലാക്കി തരുന്നതായിരുന്നു ഇവിടെ തെളിഞ്ഞ വിളക്കുകളാൽ മനോഹരമാക്കിയ സ്റ്റേജിന്റെയും വധൂവരന്മാരുടെയും ചിത്രങ്ങൾ.

samudra-7

ഉഗ്രൻ ആംബിയൻസിൽ ഡിന്നർ

കാഴ്ചകൾ കണ്ട് തിരികെ റൂമിലെത്തി ഒരു കുളി പാസാക്കി. ഡീലക്സ് ബാത്ത് റൂമിലും മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു. കെടിഡിസിയുടെ മഞ്ഞൾ-ചന്ദന സോപ്പ്, ടൂത്ത് കിറ്റ്, ചീപ്പ്, ഷേവിങ് കിറ്റ്, ഷാംപൂ, ഷവർ ക്യാപ്പ് എന്നിവയെല്ലാം ലഭ്യം. ഞങ്ങളുടെ റൂമിന് മുന്നിൽ തന്നെയാണ് റസ്റ്ററന്റ്. മാത്രമല്ല 24 മണിക്കൂർ റൂം സർവീസാണ് സമുദ്രയുടെ പ്രത്യേകത. മികച്ച ഒരു ഹോളിഡേ ആഘോഷിക്കാനെത്തുന്നവരെ ഒരുതരത്തിലും നിരാശരാക്കാതെ ബിയർ ആൻഡ് വൈൻ പാർലറും റസ്റ്ററന്റിന് എതിർവശത്തായുണ്ട്. റസ്റ്ററന്റിൽ ഇരുന്നു കഴിക്കാതെ റൂമിൽ സെർവ് ചെയ്യാനാവശ്യപ്പെടാം അതുമല്ലെങ്കിൽ മനോഹരമായ ആ പുൽത്തകിടിയിൽ രാത്രി വെളിച്ചത്തിൽ കടൽക്കാറ്റും കൊണ്ട് ഡിന്നർ കഴിക്കാം. ഇഡ്ഡലിയും സാമ്പാറും പുട്ടും മുതൽ ചൈനീസ്, അറേബ്യൻ വിഭവങ്ങൾ വരെ രുചികരമായി എത്തിക്കും. ഇവിടെ എത്തിയാൽ കടലിലെ ഡെലിഷ്യസ് കിങ്സ് ആയ നെയ്മീനിന്റെയും ചെമ്മീനിന്റെയും വ്യത്യസ്ത വിഭവങ്ങളാണ് പലർക്കും പ്രിയം.

സീസൺ ട്രെൻഡ്

ലോണിലിരുന്നാണ് ഭക്ഷണം കഴിച്ചത്. അപ്പോഴേക്കും നേരത്തേ കാര്യങ്ങൾ വിവരിച്ചു തന്നെ റിസോർട്ട് സ്റ്റാഫ് വീണ്ടുമെത്തി. കടലിലേക്ക് നല്ല വ്യൂ ഉള്ളതുകൊണ്ടുതന്നെ സീസൺ സമയത്ത് വിദേശികളുടെ തിരക്കാണ് ഇപ്പോൾ ഇത്തിരി കുറവാണെന്ന് അയാൾ വിവരം നൽകി. പിന്നാലെ ഇവിടെ സ്ഥിരമായി വരുന്ന ചില യൂറോപ്യൻ ഫാമിലികളുടെ വിശേഷങ്ങളും. എന്നിട്ട് അഞ്ച് മിനിറ്റേ എന്നും പറഞ്ഞ് അയാൾ റിസോർട്ടിലെ ഓഫിസിലേക്കു പോയി. തിരികെയെത്തിയത് ഒരു ബുക്കുമായിട്ടാണ്. ബുക്കിൽ നിറയെ വിദേശ ദമ്പതികളുടെ ചിത്രങ്ങളും വിവരങ്ങളും. അവരുടെ സന്തോഷ നിമിഷങ്ങളുടെ കാൻഡിഡ് ക്ലിക്കുകളുമെല്ലാം. കഴിഞ്ഞ ഇരുപതു വർഷമായി സ്ഥിരമായി സമുദ്രയിലെത്തി താമസിക്കുന്നവരാണ് ഇവരിലധികവും. പലരും വർഷങ്ങളായി തങ്ങൾക്ക് സ്ഥിരം മുറി വേണമെന്ന് പറഞ്ഞ് അവധിയാഘോഷിക്കാൻ നേരത്തേ ബുക്ക് ചെയ്ത് എത്തുമത്രേ. ഇവിടെ നിന്നുപോയിട്ട് തിരികെ മെയിൽ ചെയ്ത് നൽകിയ ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുകയാണിവിടെ. കെടിഡിസി സമുദ്ര പലർക്കും ഒരു സെക്കൻഡ് ഹോമാണ്. ഡെറക് ജൂൺ കോക്സ്, ആൻഡി, ഹിൽഡ സ്മാൾ, ഇയാൻ, റോവ് എന്നിങ്ങനെ നീളുന്നു പേരുകൾ. അവരുടെ പ്രതികരണങ്ങൾ കൈപ്പടയിൽ എഴുതിയിട്ടുമുണ്ട്.

samudra-6

ആഘോഷവും ആയുർവേദവും

പല റിസോർട്ടുകളിലും കൺവൻഷൻ സെന്ററുകളും ആയുർവേദ തെറപ്പിയും ഇന്നു ലഭ്യമാണെങ്കിലും ശാന്തി ഗിരി നേരിട്ട് നടത്തുന്ന ആയുർവേദ സെന്ററും ആയിരം പേരെ ഉൾക്കൊള്ളുന്ന ഒരു കൺവൻഷൻ/ ഇവന്റ് ഹാളും സമുദ്രയുടെ മാത്രം പ്രത്യേകതയാണ്. മനോഹരമായി ലൈറ്റിങ് ചെയ്ത കൺവൻഷൻ സെന്ററിന് ‘ജിവി രാജ സെന്റർ’ എന്നാണ് പേര്. ജിവി രാജയുടെ വലിയൊരു ഛായാചിത്രവും പ്രധാന കവാടത്തിൽ വച്ചിട്ടുണ്ട്. 200 പേർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനാകുന്ന ഒരു ഭക്ഷണപ്പുരയും കൺവൻഷൻ സെന്ററിന് താഴെയുണ്ട്. ആയുർവേദ സെന്ററിൽ തിരുമ്മലിനുൾപ്പെടെ സജീകരണങ്ങളും ആളും സുസജ്ജം.

സഞ്ചാരികളേ ഇതിലേ...

samudra1

കോവളം ലൈറ്റ് ഹൗസ് ബീച്ചിലേക്ക് നടന്ന് ലൈറ്റ് ഹൗസിന് മുകളിൽ കയറാൻ പോകാറുണ്ട് ഇവിടെയെത്തുന്നവർ. നടന്നു പോകാവുന്ന ദൂരം മാത്രം. അവിടെ എത്തിയാലോ, തിരുവനന്തപുരത്തിന്റെ ഭംഗി മുഴുവൻ പകർത്തി കടലിന്റെ വിദൂരതയും ആസ്വദിക്കാം ഓരോ കാഴ്ചക്കാരനും. താഴെ ബീച്ച് ബാത്തും ആവാം. വിഴിഞ്ഞം ഗുഹാ ക്ഷേത്രം, വെള്ളായണി തടാകം എന്നിവ വളരെ അടുത്തായാണ്. 14 കിലോ മീറ്റർ ചുറ്റളവിൽ വ്യത്യസ്ത അനുഭവങ്ങളുമായി നിലകൊള്ളുന്ന തിരുവനന്തപുരത്തിന്റെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിലേക്കൊക്കെ പോയിവരാം. ശംഖുമുഖം ബീച്ച്, വേളികായൽ, മ്യൂസിയം, പത്മനാഭസ്വാമി ക്ഷേത്രം, പാലസ്, പാളയം പള്ളി, ബീമാ പള്ളി, ആറ്റുകാൽ ക്ഷേത്രം അങ്ങനെ സമുദ്രയിൽ താമസിച്ച് പകലൊക്കെ നാടുകാണാൻ ഒട്ടേറെ ഓപ്ഷനുണ്ട്. സീസൺ അല്ലാത്ത സമയത്ത് ബജറ്റ് ഹോട്ടൽ പോലെ ഒട്ടേറെപ്പേർ തിരഞ്ഞെടുക്കുന്ന റിസോർട്ടാണ് സമുദ്ര. ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും.

Booking Details : 9400008570, samudra@ktdc.com