Tuesday 22 December 2020 03:20 PM IST : By Pratheesh Jaison

സാന്റയുടെ നാട്ടിലെ സാൽമൺ രുചി

salmon1

ഇതൊരു വിനോദ സഞ്ചാര കേന്ദ്രം കണ്ട കഥയല്ല. ഫിൻലൻഡിലെ ലാപ്പ്ലാൻഡിൽ നിന്ന് മീൻ രുചിച്ച അനുഭവമാണ്. മുളകിട്ടും തേങ്ങയരച്ചും മീനിനെ പല രുചികളിൽ കറിവച്ചും വറത്തും കഴിക്കുന്ന നമ്മൾ മലയാളികളോടോ ബാലാ... എന്ന മനോഭാവത്തിലാണ് അവിടേയ്ക്കു പോയത്. എന്നാൽ, നമ്മുടെ രുചിബോധങ്ങളെ തകിടം മറിക്കുന്ന കിടിലൻ മീൻവിഭവമായിരുന്നു സാന്റാ ക്ലോസ്സിന്റെ നാട് സമ്മാനിച്ചത്.

മഞ്ഞുപെയ്യും നാട്ടിൽ

കൊടും തണുപ്പിൽ മൂടിക്കിടക്കുന്ന ആർട്ടിക് സർക്കിളിന്റെ ഭാഗമായ, സ്കാൻഡിനേവിയയുടെ വടക്കുഭാഗങ്ങളിലൂടെയായിരുന്നു യാത്ര. ജനുവരി അവസാനം ലാപ്പ്ലാൻഡിലെ കൊടും തണുപ്പിലെത്തി. രാത്രി പുറത്തിറങ്ങുമ്പോൾ ഇവിടത്തെ താപനില -27 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എന്നിട്ടും മഞ്ഞിന്റെ ഭംഗി ആസ്വദിക്കാൻ രിവനോമി നദിക്കര വരെ പോയി. അവിടെ കുറച്ചു സമയം നിന്ന്, തണുത്തുറഞ്ഞ് കിടക്കുന്ന നദിയുടെ മുകളിലൂടെ സ്നോ മൊബൈൽ ഓടിച്ചു രസിക്കുന്നതു കണ്ടു നിന്നതിന്റെ ക്ഷീണം തിരിച്ചു റൂമിലെത്തിയിട്ടും ശരീരത്തിൽ ഉണ്ടായിരുന്നു. അതു വകവയ്ക്കാതെ, പിറ്റേന്നു രാവിലെ പത്തുമണിയോടെ ആകാശത്ത് എത്തിനോക്കുന്ന സൂര്യന്റെ കാരുണ്യത്തിൽ മഞ്ഞുമൂടികിടക്കുന്ന റാവണോമി എന്ന ലാപ്പ്ലാൻഡിലെ നഗര ഹൃദയത്തിൽ നിന്നു യാത്ര തുടർന്നു.

salmon2

പോകുന്ന വഴികളിൽ റോഡുകളും വഴിയോരങ്ങളും എല്ലാം മഞ്ഞു കൂന നിറഞ്ഞു കണ്ടു. ലാപ്പ്ലാൻഡ് എന്ന യഥാർഥ വണ്ടർലാൻഡിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഉള്ള ഇൗ ഡ്രൈവിങ് നമ്മളെ ഒരു സ്വപ്ന ലോകത്തെ സഞ്ചാരിയാക്കി മാറ്റും. അങ്ങനെ യാത്ര തുടർന്നു, ഉച്ചയാകുമ്പോഴേക്ക് വിശപ്പിന്റെ വിളി വന്നു. ഭക്ഷണം കഴിക്കാൻ എവിടെ പോകണം എന്ന് കൂടുതലായി ആലോചിക്കേണ്ട കാര്യമുണ്ടായില്ല. റാവണോമിയിലെ സാന്റാ ക്ലോസ്സിന്റെ വീടിന്റെ തൊട്ട് അരികിലുള്ള സാന്റാസ് സാൽമൺ പ്ലേസ്(Santa's Salmon Place). ലാപ്പ്ലാൻഡിലെ നമ്പർ വൺ റസ്റ്ററന്റ്.... ലാപ്പ്‌ലാൻഡിലെ ഏറ്റവും പ്രസിദ്ധമായ റസ്റ്ററന്റ് എന്ന് പലയിടത്തും പറഞ്ഞു കേട്ട ഇൗ സ്ഥലത്ത് തന്നെ ഇന്നത്തെ ഭക്ഷണം എന്ന് തീരുമാനിച്ച് അങ്ങോട്ടു വിട്ടു.

സാന്റാസ് സാൽമൺ പ്ലേസ്

മഞ്ഞ് കുന്ന് കൂടിയ കാർ പാർക്കിങ്ങിൽ വണ്ടി ഇട്ട ശേഷം, റസ്റ്ററന്റിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു അനുഭൂതി. കുട്ടിക്കാലത്തെ ഫെയറി ടെയിൽ കഥകളിൽ കണ്ടുമറഞ്ഞ പോലെ മഞ്ഞു മൂടിയ കൂടാരം. ഒരു വലിയ ടെന്റ് മാതൃകയിൽ മരത്തടികളാൽ നിർമിച്ച കൂടാരത്തിന്റെ വാതിൽ പിടിച്ചു തുറക്കുവാനുള്ള പിടി, റെയിൻ-ഡിയർ മാനിന്റെ വലിയ കൊമ്പാണ്. പുറത്തെ കഠിനമായ തണുപ്പിൽ നിന്നു രക്ഷപ്പെടാൻ പെട്ടന്ന് വാതിൽ തുറന്ന് അകത്തോട്ടു കയറി...

വാതിൽ തള്ളി തുറക്കുമ്പോൾ അറിയാനായി ഒരു മണി കെട്ടി തൂക്കി ഇട്ടിരിക്കുന്നു. ഇൗ ശബ്ദം കേട്ട് പലരും നോക്കുന്നുണ്ട്. ഉള്ളിൽ കൂടാരത്തിനു നടുവിലായി കനൽ കൂട്ടി തീ ഇട്ടിരിക്കുന്നു. ചുറ്റിനുമായി കഷ്ടിച്ച് അരയടി വീതിയിൽ, ഇരിക്കാനുള്ള ബെഞ്ചുകളും ഭക്ഷണം വച്ചുകഴിക്കാനുള്ള ഡെസ്കുകളും. എല്ലാത്തിലും നിറയെ ആളുകളാണ്. അഞ്ചു മിനിറ്റിനുള്ളിൽ ഇരിക്കാൻ സ്ഥലം ലഭിച്ചു. പുറത്തെ അതികഠിനമായ തണുപ്പ് അൽപം പോലും അകത്തേക്കു വരുന്നില്ല. ഒത്ത നടുവിലായി കനൽ കൂട്ടിയിരിക്കുന്നതു കൊണ്ടും നല്ല കട്ടിയുള്ള തുകൽ ഉപയോഗിച്ച് കൂടാരത്തിന്റെ വശങ്ങളെല്ലാം മൂടിയതു കൊണ്ടുമാകണം അൽപം പോലും തണുപ്പ് അകത്തേക്ക് വരാത്തത്. കൂടാതെ ഒരു പഴയ ലുക്ക് കിട്ടാൻ വെളിച്ചം കുറഞ്ഞ മൂന്ന് നാല് ബൾബുകളാണ് ഇട്ടിരിക്കുന്നത്.

salmon3

തടിയിൽ തീർത്ത മെനു കാർഡ്

ഇങ്ങനെ ചുറ്റുപാടും നോക്കി അന്തം വിട്ട് ഇരിക്കുമ്പോൾ മെനു കാർഡ് എത്തി. മര പലകയിൽ കൊത്തിയുണ്ടാക്കിയ മനോഹരമായ രണ്ടു മെനു കാർഡ്. അതിൽ ഒന്ന് ഭക്ഷണത്തിന്റെയും ഒന്ന് കുടിക്കാനുള്ള സാധനങ്ങളുടെയും ആണ്. ഭക്ഷണത്തിന്റെ മെനുവിൽ ആകെ മൂന്നേ മൂന്നു സാധനങ്ങൾ മാത്രം. 1. നല്ല ഫ്രഷ് സാൽമൺ കനലിൽ ചുട്ടെടുത്ത്, ഫിൻലൻഡിന്റെ പരമ്പരാഗത സാലഡും ബ്രെഡും അടക്കം. 2. ലാപ്പ്ലാൻഡിന്റെ പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയെടുത്ത ചീസ്, ക്‌ളൗഡ്‌-ബെറി കൊണ്ട് ഉണ്ടാക്കിയ ജാമും കൂട്ടി ഉള്ളത്. 3. നല്ല ഒന്നാതരം സ്കാന്ഡിനേവിയൻ ചീസ് കേക്ക്.

ഡ്രിങ്ക്സ് മെനുവിൽ, അവരുടെ പരമ്പരാഗത കോഫികളും കോളകളും പിന്നെ അവരുടെ നടൻ ബിയറും. ഞങ്ങൾ ഭക്ഷണ മെനുവിലെ എല്ലാം ഓർഡർ ചെയ്തു, കൂടെ അവരുടെ പരമ്പരാഗത ബിയറും (മെനുവിന്റെ ഫോട്ടോ ഉള്ളതുകൊണ്ട് വില പറഞ്ഞു പേടിപ്പിക്കുന്നില്ല).

വ്യത്യസ്തം മീൻപിടിത്തം

salmon4

ഓർഡർ കിട്ടിയ ഉടനെ സാൽമൺ ഗ്രിൽ ചെയ്യാനുള്ള പരിപാടി തുടങ്ങി. നമ്മുടെ മുന്നിൽ വച്ചാണ് പാചകം. കണ്ടാൽ ജീവൻ ഉണ്ടെന്നു തോന്നുന്ന നല്ല ഫ്രഷ് സാൽമൺ മൽസ്യം ഭംഗിയായി മുറിച്ചു ഗ്രിൽ ചെയ്യുന്ന നെറ്റിനുള്ളിൽ ആക്കി, എന്നിട്ടു യാതൊന്നും ചേർക്കാതെ നേരെ കനലിന്റെ മുകളിൽ വച്ചു. ഇതിനിടയിൽ കുടിക്കാനുള്ള പാനീയങ്ങളും കേക്കും എത്തി. മീൻ വേവാൻ കുറച്ചു സമയം എടുക്കും. അതുകൊണ്ടു ആ മീൻ പിടിക്കുന്ന ഒരു ചെറിയ കഥ പറയാം.

-20 ഡിഗ്രി സെൽഷ്യസിനു താഴെ പോകുന്ന തണുപ്പുകാലത്ത് റിവാണോമി നദിയും ലാപ്പ്ലാൻഡിലെ മറ്റു ജലാശയങ്ങളും തണുത്ത് കട്ടയാകും. ഇതിൽ മീൻ പിടിക്കൽ ബഹുരസമുള്ള കാഴ്ചയാണ് (കാണാൻ മാത്രം). നല്ല കനത്തിൽ ഉറഞ്ഞു കിടക്കുന്ന നദിയുടെ മുകൾ ഭാഗത്തെ ഐസിൽ കട്ടിങ് മെഷീൻ വച്ച് ഒരു അടിയോളം വലുപ്പത്തിൽ ഒരു ദ്വാരം ഉണ്ടാക്കുന്നു. അതിലോട്ടു ചൂണ്ട ഇടും. തണുപ്പുകാലത്തു വിശന്നു വലഞ്ഞ പാവം മീനുകൾ ഇതിൽ പെടും. അതിനെ ഇങ്ങനെ ഗ്രിൽ ചെയ്തു തട്ടും... ഹൊ! പറഞ്ഞോണ്ടിരുന്നപ്പോൾ ദാ ഞങ്ങൾക്കുള്ള സാൽമൺ റെഡിയാകാറായി.

salmon5

രുചി വരുന്ന വഴി

ഇതുവരെ ഒന്നും മീനിലേക്കു ചേർത്തിട്ടില്ല. ഇപ്പോൾ അൽപം ഉപ്പ് വിതറുന്നുണ്ട്. ഇനിയാണ് ഈ പാചകത്തിലെ പ്രധാന പരിപാടി. സ്‌മോക്കിങ്... കനലിന്റെ തൊട്ടു മുകളിലായി വച്ചിരിക്കുന്ന ഒരു ഇരുമ്പു തകിടിലേക്ക് ഏതോ ഒരു ലായനി ഒഴിച്ച് കൊടുക്കുന്നു. ചുട്ടു പഴുത്ത ആ ഇരുമ്പു തകിടിൽ നിന്നും അത് ആവിയായി മുകളിലെ സാൽമണിൽ പിടിക്കുന്നു. ആ പുക സാൽമണിൽ പിടിക്കാനായി ഇടയ്ക്കിടെ തിരിച്ചും മറിച്ചും വയ്ക്കുന്നുണ്ട്. എന്തായാലും ഇപ്പോൾ നല്ല അടിപൊളി ഒരു ഗന്ധം വരുന്നുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ സാധനം റെഡി.. നേരെ മുന്നിലെ പ്ലേറ്റിലേക്ക്...

salmon6

കിട്ടിയ പാടെ, തടികൊണ്ടുള്ള ഫോർക്ക് ഉപയോഗിച്ച്, ഒരു ചെറിയ കഷ്ണം കുത്തി പറിച്ചെടുത്തു രണ്ടു മൂന്നു തവണ ഊതി നേരെ വായിലാക്കി... ജീവിതത്തിൽ ഇത്ര രുചിയുള്ള ഒരു മീൻ ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല. ഓരോ കഷ്ണവും വായിൽ അങ്ങനെ വയ്ക്കുമ്പോൾ, അറിയാതെ കണ്ണുകളടഞ്ഞു പോകും. കൂടെ സാലഡും കേക്കും എല്ലാം ഒന്നിന് ഒന്ന് മെച്ചം. പത്തു മിനിറ്റിനുള്ളിൽ മേശപ്പുറത്തെ സാധനങ്ങളെല്ലാം ഫിനിഷ്. ആകെ ബാക്കിയുള്ളത് “Karhu Tumma” എന്ന ഇവിടത്തെ ലോക്കൽ ഡാർക്ക് ബിയർ. അതും ഫിനിഷ് ചെയ്തപ്പോഴേക്കും വയറു നിറഞ്ഞു. എങ്കിലും, ആ മീൻ രുചിയോടുള്ള കൊതി അടങ്ങിയിട്ടില്ല. കൊതി ബാക്കി നിർത്തി അവിടെ നിന്നു പുറത്തിറങ്ങി. ആരെങ്കിലും എപ്പോഴെങ്കിലും ലാപ്പ്ലാൻഡിൽ പോകുന്നുണ്ടെങ്കിൽ, സാന്റാസ് സാൽമൺ പ്ലേസിൽ നിന്ന് സാൽമൺ നിർബന്ധമായും കഴിക്കണം... ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഭക്ഷണ അനുഭവം ആയിരിക്കും അത്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Travel Stories