Tuesday 05 May 2020 02:59 PM IST : By സ്വന്തം ലേഖകൻ

221 ബി, ബേക്കർ സ്ട്രീറ്റ്:വിശ്വവിഖ്യാതമായ മേൽവിലാസത്തിലെ കൗതുക കാഴ്ചകൾ

sherlock1

132 വർഷം മുൻപ് സർ ആർതർ കോനൻ ഡോയലിന്റെ തൂലികയിൽ പിറന്നുവീണ 221 ബി, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ ഇന്നും ഹോംസ് ആരാധകരുടെ ഡ്രീം ഡെസ്റ്റിനേഷനാണ്. ലോകത്തിൽ അറിയപ്പെടുന്ന 10 മേൽ വിലാസങ്ങൾ എടുത്താൽ അതിലൊന്ന് നിശ്ചയമായും ഹോംസിന്റേതായിരിക്കും. കുറച്ചു കാലം മുൻപുവരെ ലോകമെമ്പാടുനിന്നും ഹോംസിനെ തേടി കത്തുകൾ എത്തിയിരുന്ന ഈ സ്ഥലം ഇപ്പോൾ സഞ്ചാരികളും സാഹിത്യ പ്രേമികളും തിരഞ്ഞെത്തുന്ന മ്യൂസിയമാണ്.

കൽപിത മേൽവിലാസം

ബേക്കർ സ്ട്രീറ്റ് സ്റ്റേഷൻ ലണ്ടൻ ട്യൂബ് സർവീസിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും പഴയ സ്റ്റേഷനാണ്. 18-നൂറ്റാണ്ടിൽ നിർമിച്ച ഈ പാത ഇന്ന് തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളുടെ കേന്ദ്രമാണെങ്കിൽ19- നൂറ്റാണ്ടിൽ മാഡം ടസേഡ്സിന്റെ ആദ്യ മെഴുകു മ്യൂസിയത്തിന് ഇടം കൊടുത്ത, എച്ച് ജി വെൽസ്, അർനോൾഡ് ബെന്നറ്റ് തുടങ്ങിയ പ്രമുഖർ വസിച്ച സ്ഥലമായിരുന്നു. പിന്നീട് ബീറ്റിൽസ് ബാൻഡ് ആദ്യ വാണിജ്യ സ്ഥാപനം ആപ്പിൾസ് ബൂട്ടിക് ആരംഭിച്ചതും ഈ തെരുവിലാണ്. എന്നാൽ ഇന്നും ലോകം മുഴുവൻ ഇതിന്റെ ഖ്യാതി "ഷെർലക് ഹോംസിന്റെ ബേക്കർ സ്ട്രീറ്റ് " എന്നാണ്.

sherlock2

കഥാപാത്രത്തെപ്പോലെ സാങ്കൽപ്പികമായിരുന്നു കോനൻ ഡോയൽ എഴുതിയ മേൽ വിലാസവും . 1887 ൽ എ സ്റ്റഡി ഇൻ സ്കാർലറ്റ് എന്ന ആദ്യ ഹോംസ് പുസ്തകം ഇറങ്ങുമ്പോൾ ബേക്കർ സ്ട്രീറ്റിലെ കെട്ടിടങ്ങൾ നൂറു തികഞ്ഞിരുന്നില്ല. 1932 ൽ ബേക്കർ സ്ട്രീറ്റ് വികസിച്ചപ്പോൾ 219 മുതൽ 229 വരെ അബി നാഷനൽ ബിൽഡിങ് സൊസൈറ്റിയുടേതായിരുന്നു. മേൽ വിലാസം യാഥാർഥ്യമായതോടെയാണ് കത്തുകളുടെ പ്രശ്നം ഉണ്ടായത്. ഒടുവിൽ ഒരു ജോലിക്കാരനെ നിയമിച്ച് കത്തുകൾ ശേഖരിക്കാൻ അബി നാഷനൽ തയാറായി.

1990ൽ ആണ് ദി ഷെർലക് ഹോംസ് സൊസൈറ്റി ഓഫ് ലണ്ടൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഈ മ്യൂസിയത്തിന് തുടക്കമിട്ടത്. കെട്ടിടത്തിന്റെ പുറംഭിത്തിയിൽ ബ്രിട്ടിഷ് പൈതൃക പ്രാധാന്യമുള്ള സ്ഥലം എന്നു സൂചിപ്പിക്കുന്ന നീല ഫലകത്തിൽ എഴുതിയിരിക്കുന്ന കെട്ടിട നമ്പർ. വിക്ടോറിയൻ കാലഘട്ടത്തെ പുനരാവിഷ്കരിച്ച് കറുത്ത പെയിന്റടിച്ച വാതിലുകളും മുൻവശത്ത് പച്ച നിറത്തിലുള്ള ഉരുക്കു വേലികളും.

sherlock3

ഹോംസിന്റെ ലോകം

നാലു നിലയുള്ള മ്യൂസിയത്തിന്റെ താഴത്തെ നില സുവനിർ ഷോപ്പാണ്. ഹോംസിന്റെ നീണ്ടു കൂർത്ത പ്രത്യേക തരം തൊപ്പി, പൈപ്പ്, വാക്കിങ് സ്റ്റിക് തുടങ്ങിയവ സ്വന്തമാക്കാം. മ്യൂസിയത്തിലേക്കുള്ള ടിക്കറ്റ് വിതരണം ചെയ്യുന്നതും ഇവിടെ തന്നെ.

മുകളിലത്തെ നില ഒട്ടേറെ നാടകീയ മുഹൂർത്തങ്ങളുടെ തുടക്കമിട്ട, പല നിഗൂഢതകളുടെയും കുരുക്കഴിഞ്ഞ സ്‌റ്റഡി റൂമാണ്. ബേക്കർ സ്ട്രീറ്റിനെ അഭിമുഖീകരിക്കുന്ന വിധം സജ്ജീകരിച്ച ഈ മുറിയിൽ നെരിപ്പോടും സോഫകളും ഹോംസും വാട്ട്സണും ഉപയോഗിച്ചതായി കഥകളിൽ പ്രതിപാദിച്ച മറ്റു വസ്തുക്കളും പ്രദർശിപ്പിക്കുന്നു.

sherlock4

മറ്റു നിലകളിൽ വാട്സൺ, ഹോംസ്, മിസിസ് ഹഡ്സൺ എന്നിവരുടെ മുറികൾ, വിവിധ കഥാസന്ദർഭങ്ങൾ സൂചിപ്പിക്കുന്ന ശിൽപങ്ങൾ, ഹോംസിന്റെ മുഖ്യ എതിരാളിയായ പ്രൊഫസർ മോർട്ടിമറുടെ അടക്കം ഒട്ടേറെ കഥാപാത്രങ്ങളുടെ മെഴുകുപ്രതിമകൾ എന്നിവ കാണാം. കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് പരമ്പരയിൽ പെട്ട പുസ്തകങ്ങളും കാണാം. ഷെർലക് ഹോംസ് എന്ന അമാനുഷ പ്രതിഭയായ വ്യക്തിയും ബേക്കർ സ്ട്രീറ്റ് മേൽവിലാസവും സത്യമാണെന്നു കരുതി ലോകത്തിന്റെ നാനാഭാഗത്തുനിന്നും കിട്ടിയ കത്തുകളിൽ ചിലതും ഇവിടെ പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ട്.

മേൽവിലാസമുള്ള നായകൻ

56 കഥകളും 4 നോവലുകളുമാണ് ഹോംസിനെ കഥാപാത്രമാക്കി കോനൻ ഡോയൽ എഴുതിയതെങ്കിലും പിൽക്കാലത്ത് നാടകവും ചലച്ചിത്രവും ടെലിവിഷൻ സീരീസുമായി കാൽ ലക്ഷത്തോളം പുനരാവിഷകാരങ്ങൾ ഈ കുറ്റാന്വേഷണ ഉപദേഷ്ടാവിന് ഉണ്ടായിട്ടുണ്ട് എന്നു കരുതുന്നു. സ്വന്തമായി ഒരു മേൽ വിലാസവും കെട്ടിടവുമുള്ള ഒരു സാഹിത്യ കഥാപാത്രവും മറ്റാരും കാണില്ല. ലണ്ടനിൽ എത്തുന്ന സഞ്ചാരികളുടെ ട്രാവൽ പ്ലാനിങ്ങിൽ മറക്കാതെ ഉൾപ്പെടുത്തണം ഈ മ്യൂസിയം.