Wednesday 15 April 2020 12:41 PM IST

അതെന്റെ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു, കാടിന്റെ ഉള്ളകം തൊട്ടറിഞ്ഞ ഒരു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുടെ അനുഭവം

Akhila Sreedhar

Sub Editor

main-1

ലക്ഷക്കണക്കിന് വൈൽഡ് ബീറ്റ്സ് പുൽമേടുകളെ ചവിട്ടിെമതിച്ച് ചുറ്റും പൊടിപറത്തി മാരാനദി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാട്ടാടുകളുടെ ഈ മഹാപ്രയാണം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കെനിയയിലെ മസായ് മാരയിലെത്തിയിട്ടുണ്ട്. മൈഗ്രേഷൻ അടിസ്ഥാനമാക്കി മനസ്സിലുറപ്പിച്ച് വച്ചൊരു ഫ്രെയിം അത് തേടിയായിരുന്നു ഇത്തവണത്തെ കെനിയൻ യാത്ര. ടാൻസാനിയയിൽ നിന്ന് മാരാനദി മുറിച്ച് കടന്നാണ് കാട്ടുമാടുകൾ മസായ്മാരയിലേക്കെത്തുന്നത്. ജൂലൈ/ ഓഗസ്റ്റ് മുതൽ നവംബർ/ ഡിസംബർ വരെയാണ് ഈ മഹാകുടിയേറ്റത്തിന്റെ സീസൺ. വൈൽഡ് ബീറ്റ്സ് കരയിൽ നിന്ന് മാരാനദിയിലേക്ക് എടുത്തുചാടും മുമ്പുള്ള ഒരു ഷോട്ട് സ്വപ്നസമാനമായിരുന്നു. നദി നിറയെ മുതലകളാണ്. ഈ കാട്ടുമാടുകൾ കൂട്ടത്തോടെ നദിയിലേക്കെടുത്ത് ചാടുമ്പോൾ നദിയാകെ കലങ്ങിമറിയും. മൈഗ്രഷൻ കാണാൻ വന്ന ആളുകളെ കൊണ്ട് സഫാരി വാനുകൾ നിറഞ്ഞിരിക്കുന്നു. സഫാരി വാനിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയില്ല. പക്ഷേ, കാത്തിരുന്ന് ഒരു കൈ അകലെ എത്തിയ എന്റെ സ്വപ്നം അത് യാഥാർത്ഥ്യമാക്കിയേ പറ്റൂ...വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ശ്യാം പി.കെ തന്റെ ചിത്രങ്ങൾക്കു പിറകിലെ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്.

shyam-1

മനസ്സ് നിറയ്ക്കും, കാടിന്റെ കാഴ്ചകൾ

Untitled-1

അഞ്ചുവർഷമായി വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി രംഗത്ത്. പ്രൊഫഷൻ സിവിൽ എൻജിനീയറിങ് ആണ്. കാടും ക്യാമറയും ഒരേ പോലെ മോഹിപ്പിക്കുന്നതാണ്. തുടക്കകാലത്തൊക്കെ സഫാരിയ്ക്ക് പോയാൽ മാനുകളെ അല്ലാതെ മറ്റൊരു ജീവിയെയും കാണാറില്ലായിരുന്നു. കാടിനെ അടുത്തറിയാൻ തുടങ്ങിയതോടെ പതിയെ പതിയെ കാട് അതിന്റെ സൗന്ദര്യം മുന്നിൽ തുറന്നു തന്നു. പക്ഷികളുടെ ചിത്രങ്ങളെടുക്കാനാണ് കൂടുതൽ ഇഷ്ടം. ക്ഷമ എന്തെന്ന് പഠിപ്പിക്കുന്നത് ബേർഡ് ഫൊട്ടോഗ്രഫിയാണ്. ഒരു ആന അല്ലെങ്കിൽ കടുവ, മാൻ, കാട്ടുപോത്ത് അങ്ങനെ എന്തിനെ മുന്നിൽ കണ്ടാലും ക്യാമറ അത്യാവശ്യം കൈകാര്യം ചെയ്യുന്ന ആൾക്ക് സുഗമമായി ചിത്രം പകർത്താം. പക്ഷേ, പക്ഷികളുടെ ചിത്രം അങ്ങനെ എടുക്കാൻ കഴിയില്ല. ഒരൊറ്റ നിമിഷത്തെ അശ്രദ്ധ മതി ചിത്രം കിട്ടാതെ പോകാം. സൂക്ഷ്മമായ നിരന്തര നിരീക്ഷണത്തിലൂടെ പക്ഷികളുടെ നല്ല ആക്‌ഷൻ ചിത്രങ്ങൾ കിട്ടും.തട്ടേക്കാട് സ്ഥിരമായ പോകുന്ന പക്ഷിസങ്കേതമാണ്. ഓരോ തവണയും എന്തെങ്കിലും പുതിയ ഇനം പക്ഷികളെ അവിടെവച്ച് പകർത്താറുണ്ട്. അങ്ങനെ ഒരു യാത്രയിലാണ് തട്ടേക്കാടുള്ള കുട്ടിത്തേവാങ്ങിനെ കുറിച്ച് ഒരു സുഹൃത്ത് പറയുന്നത്. കുട്ടിത്തേവാങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കണ്ടിട്ടില്ലായിരുന്നു. അതിന്റെ ചിത്രം പകർത്തുക എന്ന ലക്ഷ്യവുമായി നാല് തവണ തട്ടേക്കാട് പോയി. കാണാൻ പോലും കിട്ടിയില്ല, അഞ്ചാമത്തെ തവണ കൃത്യമായി എന്റെ ക്യാമറയ്ക്ക് പോസ് ചെയ്തു തന്നു കുട്ടിത്തേവാങ്.

Untitled-2

കോർബറ്റിൽ വച്ചാണ് ആദ്യത്തെ കടുവയുടെ ചിത്രം പകർത്തുന്നത്. കടുവയുടെ ഒരു ചിത്രം പകർത്താൻ പല തവണ യാത്ര നടത്തിയെങ്കിലും കണ്ടില്ല. അവസാനം കോർബറ്റിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി. നാല് സഫാരി വാൻ നിർത്തിയിട്ടിരിക്കുന്നു. ഗൈഡിന്റെ വാക്ക് വിശ്വസിച്ച് എല്ലാവരും അക്ഷമരായി കടുവയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ്. പെട്ടെന്ന് കിളികളുടെ കലപില ശബ്ദം. എന്തൊക്കെയോ മൃഗങ്ങളുടെ അലാം കാൾ. ക്യാമറ റെഡിയാക്കി ചുറ്റും നിരീക്ഷിച്ചു. ഏതുവഴി വരും എന്ന ആശങ്കയിലാണ് എല്ലാവരും. കടുവ വന്നു, കൃത്യമായി എന്റെ ക്യാമറയ്ക്ക് മുന്നിൽ റോഡിന്റെ മറുഭാഗത്തേക്ക് പോകും വഴി നല്ലൊരു പോസ്. അദ്ഭുതം കൊണ്ടും സന്തോഷം കൊണ്ടും മനസ്സ് നിറഞ്ഞ നിമിഷമായിരുന്നു അത്.

സ്വപ്നചിത്രം തേടി മസായ്മാരയിൽ

മസായ്മാര പ്രകൃതിയുെട എല്ലാ നിയമങ്ങളും നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്ന വലിയൊരു പാഠ പുസ്തകമാണ്. ലക്ഷകണക്കിന് വരുന്ന കാട്ടുമാടുകളുടെ മാരാനദി കടന്നുള്ള പാലായനം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒന്നാണ്. മാരാനദിയെ ചുറ്റിപറ്റിയാണ് മസായ്മാരയിലെ ജൈവ വൈവിധ്യം നിലകൊള്ളുന്നത്. പുള്ളിപ്പുലി, കടുവ, സിംഹം, കാട്ടുനായ, ഹിപ്പോകൾ, ജിറാഫ്, സീബ്ര, ആന തുടങ്ങി ക്യാമറയ്ക്ക് മുന്നിൽ വിരുന്നൊരുക്കാൻ വേണ്ടതെല്ലാം അവിടെയുണ്ട്. മൃഗങ്ങളുടെ നല്ല ആക്ഷൻ ചിത്രങ്ങൾ പകർത്താമെന്നതാണ് മറ്റൊരു പ്രത്യേകത. ചീറ്റ ഒരു മാനിനെ വേട്ടയാടി പിടിക്കുന്ന കാഴ്ച ശരിക്കും അദ്ഭുതത്തോടെയാണ് ക്യാമറയിൽ പകർത്തിയത്. വിശക്കുമ്പോൾ മാത്രം വേട്ടയാടി ഭക്ഷിക്കുക എന്നത് കാടിന്റെ നിയമമാണ്. വയറുനിറഞ്ഞിരിക്കുമ്പോൾ ഒരു ജീവിയും വേട്ടയാടലിന് മുതിരില്ല. വലിയമരമുകളിൽ കൂട്ടമായി നിൽക്കുന്ന കഴുകന്മാരുണ്ട്. വേട്ടയാടി പിടിച്ച ജീവിയുടെ ബാക്കി വരുന്ന ശരീരഭാഗം കൊത്തിപറിച്ചെടുക്കാൻ കാത്തുനിൽക്കുന്നവർ. പരന്നുകിടക്കുന്ന പുൽമേട്ടിൽ ഏറ്റവും അപകടകാരി വൈൽഡ് ഡോഗ് അഥവാ കാട്ടുനായയാണ്. ഒരു സഫാരിയ്ക്കിടെ കാട്ടുനായയുടെ കൂട്ടം ഒരു മാനിനെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കുന്ന കാഴ്ച കണ്ടു. 12 വർഷത്തിനു ശേഷമായിരുന്നു അങ്ങനെയൊരു ദൃശ്യം അവിടെ കാണുന്നതെന്നും അത് പകർത്താൻ നിങ്ങൾക്കാണ് ഭാഗ്യമുണ്ടായതെന്നും കൂടെ വന്ന ഗൈഡ് പറഞ്ഞു. സഫാരി വാനിൽ അന്ന് കൂടെ മൂന്ന് പേരു കൂടിയുണ്ടായിരുന്നു. ഞങ്ങൾ നാലുപേർക്കും ആ ‘കിൽ’ ചിത്രം കിട്ടി.

മസായ്മാരയിൽ നിന്നെടുത്ത ചിത്രത്തിൽ കാത്തിരുന്ന് കിട്ടിയ ചിത്രം എന്ന് പറയാവുന്നത് ഒരു കാട്ടുമാട് മാരാനദിയിലേക്ക് എടുത്ത് ചാടുന്ന ചിത്രമാണ്. മൈഗ്രേഷൻ കാണാൻ തന്നെ ആളുകളുടെ തിരക്കാണ്, ചുറ്റിലും സഫാരിവാനുകൾ. ഇതിനിടയിൽ നിന്ന് ആഗ്രഹിക്കും പോലെ ഒരു ചിത്രം പകർത്താൻ സാധിക്കുമോ എന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് ഗൈഡ് സഹായവുമായി എത്തിയത്. ആഗ്രഹം പറഞ്ഞപ്പോൾ അയാൾ മാരാ നദിയ്ക്ക് സമീപം ഒരു സുരക്ഷിത സ്ഥലത്ത് വാഹനം നിർത്തി, എന്നോട് വാനിൽ നിന്ന് ഇറങ്ങിനിന്ന് ചിത്രം പകർത്തിക്കൊള്ളാൻ പറഞ്ഞു. വാനിൽ നിന്ന് ഇറങ്ങി ചിത്രമെടുക്കുന്നത് നിയമ വിരുദ്ധമാണ്. എങ്കിലും ഈ അവസരം ഉപയോഗിച്ചില്ലെങ്കിൽ തൊട്ടുമുന്നിൽ എത്തിയ വലിയൊരു സ്വപ്നത്തെ തട്ടിത്തെറിപ്പിക്കും പോലെ ആകുമത്. വരുന്നത് വരട്ടെ എന്നു കരുതി വാനിൽ നിന്ന് പുറത്തിറങ്ങി. ഗൈഡ് അനുവദിച്ചു തന്ന ഏതാനും മിനിറ്റുകൾക്കുള്ളിൽ ഏതാണ്ട് 120 ക്ലിക്കുകൾ എടുത്തു. അതിൽ ഒരെണ്ണം എന്റെ സ്വപ്നചിത്രമായിരുന്നു.

ഒറ്റ ഉടൽ രണ്ട് തല...

shyam-3

തടോബയിൽ നിന്ന് പകർത്തിയ കടുവയും കുഞ്ഞുങ്ങളും പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയവയാണ്. കുഞ്ഞുങ്ങളുടെ ചിത്രം പകർത്തുക എന്നത് തന്നെ വളരെ കൗതുകകരമായ കാര്യങ്ങൾ. ക്യാമറയ്ക്കുള്ളിലൂടെ അവയുടെ കുസൃതിത്തരങ്ങൾ നോക്കുമ്പോൾ പലപ്പോഴും ചിത്രം പകർത്താൻ മറന്ന് കണ്ടിരുന്നുപോകും. മസായ്മാരയിൽ നിന്ന് ആന വരിവരിയായി പോകുന്ന ഒരു ചിത്രം പകർത്താൻ സാധിച്ചു. സാധാരണ കൂട്ടമായാണ് ആന സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായി കിട്ടിയ ക്ലിക്കായിരുന്നു അത്. അതുപോലെ എട്ട് സിംഹങ്ങളെ ഒറ്റ ഫ്രെയിമിൽ മസായ്മാരയിൽ നിന്ന് പകർത്തി. ഒറ്റ ഉടലിൽ രണ്ട് തല എന്ന പോലെ തോന്നിക്കുന്ന വൈൽഡ് ബീറ്റ്സിന്റെയും സീബ്രയുടെയും ചിത്രം സമ്മാനിക്കുന്നതും മസായ്മാരയാണ്. ചെന്നൈയിലെ പുലിക്കാട്ടിൽ തടാകത്തിൽ ഫ്ലെമിംഗോയുടെ ചിത്രം പകർത്താൻ പോയത് മറക്കാനാവാത്ത അനുഭവമായിരുന്നു. തോണിയിൽ ഏതാണ്ട് നാല് മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. മീൻപിടിക്കാൻ പോകുന്ന മുക്കുവരുടെ ചെറിയ തോണിയിലാണ് യാത്ര. തടാകത്തിനരികെ എത്തിയാൽ ശബ്ദമുണ്ടാക്കാതെ മുട്ടറ്റം വെള്ളത്തിൽ പമ്മിയിരുന്ന് ചിത്രമെടുത്തത് മറക്കാനാവാത്ത നിമിഷമായിരുന്നു. കരിമ്പുലിയുടെ ചിത്രമെടുക്കുക എന്നതാണ് അടുത്ത സ്വപ്നം. പല തവണ കരിമ്പുലിയെ തേടി പോയിട്ടുണ്ടെങ്കിലും ചിത്രം കിട്ടിയില്ല. ശ്രീലങ്കയിലെ യാല നാഷണൽ പാർക്ക് കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന കാടാണ്. പുള്ളിപ്പുലി, വലിയ ഉടുമ്പ് , കരടി, ആന, വിവിധയിനം പക്ഷികൾ , വാട്ടർ ബൊഫെല്ലോ പോലുള്ളവയുടെ ചിത്രങ്ങൾ യാലയിൽ വച്ച് എടുക്കാൻ കഴിഞ്ഞു.

കേരളത്തിലെ കാടുകളില്‍ നിന്ന് എടുത്തതിൽ കൂടുതലും പക്ഷികളാണ്. അതിൽ പ്രിയപ്പെട്ട ചിത്രങ്ങളാണ് ബ്ലാക്ക് ബസ, ശ്രീലങ്കൻ ബേ ഔൾ, ഫ്രോഗ് മോത്ത് തുടങ്ങിയവ. തട്ടേക്കാട് നിന്നാണ് ഇവയെല്ലാം എടുത്തത്. പക്ഷികളുടെ ചിത്രമെടുക്കുമ്പോൾ ഒരു കാറ്റഗറി മുഴുവനായി എടുക്കാൻ ശ്രദ്ധിക്കാറുണ്ട്. കിങ് ഫിഷറിന്റെ ചിത്രം പകർത്തുകയാണെങ്കിൽ അതിന്റെ തന്നെ എല്ലാ ഇനങ്ങളെയും പരമാവധി കണ്ടെത്തി ചിത്രമെടുക്കും. കാട്, എപ്പോഴും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ ആഴങ്ങൾ തേടിയുള്ള യാത്രകൾ ഇനിയും തുടരും.