Thursday 23 January 2020 04:27 PM IST : By Text : Nobin

വിമാനത്താവളം കാണാൻ മാത്രമായി ഒരു യാത്ര; സിംഗപ്പൂർ ജുവൽ ഷാംഗിയിലെ വിശേഷങ്ങൾ!

singa3348

സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനും വിമാനം കയറാറുണ്ട്. എന്നാൽ ഒരു വിമാനത്താവളം കാണാൻ തന്നെ യാത്ര പോകേണ്ടി വന്നാലോ! ലോകത്തിലെ തന്നെ നമ്പർ വൺ എയർപോർട്ട് ആയ സിംഗപ്പൂർ ജുവൽ ഷാംഗിയിലെ കാഴ്ചകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈ വിമാനത്താവളത്തിലെ കാഴ്ചകൾ കണ്ടുതീർക്കാൻ  ഒരു ദിവസം തികയാതെ വരും. 951 മില്യൻ ഡോളർ ചെലവിൽ പത്തുനിലകളിലായി ഒരുക്കിയിരിക്കുന്ന കാഴ്ചകൾ ലോകം അദ്ഭുതത്തോടെ കാണുന്നു. സിംഗപ്പൂർ സന്ദർശിക്കാൻ വന്ന അമ്മ, ഇതുവരെ കാണാത്ത സിംഗപ്പൂരിലെ വിസ്മയമെന്താണെന്ന് ചോദിച്ചപ്പോൾ ആദ്യം ഓർത്തത് ജുവൽ ഷാംഗി വിമാനത്താവളമാണ്. അടുത്തകാലത്തായി സുഹൃത്തുക്കളുടെ എല്ലാം വാട്സ്ആപ്പ് സ്റ്റാറ്റസിൽ മിന്നിമറഞ്ഞ വിസ്മയം.

ഈ കുഞ്ഞൻ രാജ്യത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും കാണാൻ ദിവസങ്ങൾ മാത്രം മതി. അതെല്ലാം ഏറെക്കുറെ കണ്ടുകഴിഞ്ഞ അമ്മയെ "ഞെട്ടിക്കാൻ" പാകത്തിൽ ഒരു സ്ഥലം ജുവൽ തന്നെയാകും. ഞങ്ങൾ അഞ്ചര മണിയോടെ ജുവലിൽ എത്തി. പകൽ രാത്രിക്കു വഴിമാറി കൊടുക്കാറായി. സിംഗപ്പൂർ എയർപോർട്ടിലെ ടെർമിനൽ ഒന്നിനോട് ചേർന്നാണ് ജുവൽ സമുച്ചയം സ്ഥിതി ചെയ്യുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ നിറഞ്ഞ ദ്വീപാണ് സിംഗപ്പൂർ. ഏതൊരു സഞ്ചാരിയുടെയും സ്വപ്നഭൂമി !തുടർച്ചയായി ഏഴാം തവണയും ലോകത്തിലെ മികച്ച എയർപോർട്ട് ആയി തിരഞ്ഞെടുക്കപ്പെട്ട സിംഗപ്പൂറിന്റെ നെറുകയിലെ മാണിക്യകല്ലാണ് ജുവൽ. എയർപോർട്ട് കാഴ്ചകളിലേക്ക്...

singa33400

ജുവൽ എന്ന വിസ്മയ ലോകം

വിമാനം വരുന്നതും കാത്ത് അക്ഷമരായി ഇരിക്കുന്ന സഞ്ചാരികളെ ഷാംഗി എയർപോർട്ടിൽ എവിടെയും കാണാനില്ല. എല്ലാവരുടെയും കണ്ണുകളിൽ ജുവൽ ഷാംഗിയുടെ ഭംഗി പ്രതിഫലിക്കുന്നു.

എൻട്രൻസിൽ കാറ്റലോഗുമായി പുഞ്ചിരിയോടെ ചെറുപ്പക്കാർ സഞ്ചാരികളെ സ്വീകരിക്കുന്നുണ്ട്. ഷാംഗി എയർപോർട്ടിന്റെ ലൈഫ് ൈസ്റ്റൽ ഹബ് എന്ന പേരിൽ പ്രസിദ്ധിയാർജിച്ച ജുവൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സന്ദർശകർക്കായി വാതിൽ തുറന്നത്. ഒരു ഡോണറ്റ്(Donut) ആകൃതിയിലുള്ള ഉള്ള ഭീമാകാരമായ ജുവൽ, ഷാംഗി എയർപോർട്ടിന്റെ ടെർമിനൽ ഒന്നിനും കൺട്രോൾ ടവറിനു ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. 1.7 ബില്യൺ മുടക്കി നാലുവർഷം കൊണ്ട് കൊണ്ട് കെട്ടിപ്പൊക്കിയതാണ് ഈ അത്ഭുത സമുച്ചയം. പത്ത് നിലകളുള്ള ഉള്ള ജുവലിന്റെ അഞ്ച് നിലകൾ ഭൂമിയുടെ അടിയിലാണ്.

IMG_20190415_113913

ഞങ്ങൾ ആദ്യം സന്ദർശിച്ചത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ നിർമിതമായ  ഇൻഡോർ വെള്ളച്ചാട്ടമായ  എച്ച് എസ് ബി സി ഇ റെയിൻ വോർടെക്സ് (Hsbc rain vortex) ആയിരുന്നു. 40 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടത്തെ എൽ ഇ ഡി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നിമിഷങ്ങൾ കൊണ്ട്  വിവിധ വർണ്ണങ്ങൾ മിന്നിമറയുന്നത് നയനാനന്ദകരമായ കാഴ്ച തന്നെ. രാത്രി 7 30 മുതൽ മുതൽ 12. 30 വരെയുള്ള സമയത്ത് ഓരോ മണിക്കൂർ ഇടവിട്ട് നടക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആസ്വദിക്കുവാൻ അനേകമാളുകൾ നേരത്തെ തന്നെ എത്തി സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. അഞ്ച് ലക്ഷം ലിറ്റർ വെള്ളം കൊണ്ടാണ് ഈ മായാജാലം സൃഷ്ടിച്ചിരിക്കുന്നത്

ബാക്കിയുള്ള പച്ചപ്പ് കൂടി നശിപ്പിച്ച് കോൺക്രീറ്റ് വികസനം നടത്തുന്ന നമ്മുടെ നാട് നോക്കി പഠിക്കേണ്ടതാണ് സിംഗപ്പൂർക്കാരുടെ പ്രകൃതി സ്നേഹം. ജുവൽ എന്ന ആഡംബര സമുച്ചയത്തിനുള്ളിലെ ‘കൊടുങ്കാട്’ ഉത്തമ ഉദാഹരണമാണ്.  എച്ച് എസ് ബി സി ഇ റെയിൻ വോർടെക്സ് വെള്ളച്ചാട്ടത്തിന് ചുറ്റും നാല് നിലകളിലായി കിടക്കുന്ന ഫോറസ്റ്റ് വാലി  ജുവലിനെ ഹരിതാഭമാക്കുന്നു. രണ്ടായിരത്തിലധികം മരങ്ങളും പനകളും ഒരുലക്ഷത്തിലധികം സസ്യങ്ങളും കൊണ്ട് സമ്പന്നമാണ് ജുവലിനുള്ളിലെ കാട്. 120 ലധികം ഇനങ്ങളിൽപ്പെട്ട ചെടികൾ ഓസ്ട്രേലിയ, ചൈന ,മലേഷ്യ, യു എസ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടു വന്നതാണ്. ഉദ്യാനത്തിന് ഉള്ളിലെ നഗരമെന്ന  സിംഗപ്പൂരിന്റെ ഖ്യാതി ജുവലിനുള്ളിലും  പ്രതിഫലിപ്പിക്കുവാൻ ഇവിടുത്തുകാർ നന്നായി യത്നിച്ചിട്ടുണ്ട്. പച്ചപ്പിനോട് ഏറെ സ്നേഹമുള്ള സിംഗപ്പൂരിന്റെ ഓരോ മുക്കിലും മൂലയിലും മരങ്ങളും ചെടികളും പൂന്തോട്ടങ്ങളും കളിസ്ഥലവും ഒരുക്കി പരിപാലിക്കുന്ന ഇവിടുത്തെ അധികാരികളെ സല്യൂട്ട് ചെയ്യാതെ ഒരു സഞ്ചാരിക്കും മടങ്ങാൻ കഴിയില്ല.

IMG_20190415_122321

വിമാനത്താവളം എന്നു വിളിയ്ക്കാമോ?

ഫോറസ്റ്റ് വാലിയുടെ സുന്ദരമായ നടപ്പാതകൾ താണ്ടി മുകളിലെത്തിയപ്പോഴാണ്‌ വർണ്ണശബളമായ വെള്ളച്ചാട്ടത്തിന്റെ വേറിട്ട സൗന്ദര്യം കാണുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പാകത്തിലുള്ള ഉള്ള കിടിലൻ സെൽഫി എടുക്കുന്ന സഞ്ചാരികളുടെ നല്ല തിരക്ക്. ചിലർ വെള്ളച്ചാട്ടത്തിനു ഇടയിലൂടെ നീങ്ങുന്ന സ്കൈ ട്രെയിനിലിരുന്ന് ഈ ദൃശ്യങ്ങൾ ആസ്വദിക്കുന്നു. സഞ്ചാരികൾക്ക് ഏറെ ഇഷ്ടം തരുന്ന വാർത്തയാണ് ജുവലിനുള്ളിലും ഓട്ടോമേറ്റഡ് ഏർളി ചെക്കിങ് കൗണ്ടർ.

24 മണിക്കൂർ മുമ്പ് വരെ ചെക്ക് ഇൻ ചെയ്തു ലഗേജ് നിക്ഷേപിക്കാം. നാലു നിലകളുള്ള എയർപോർട്ടിന്റെ  നിശ്ചിത ടെർമിനലിൽ നിങ്ങളുടെ ലഗേജ് എത്തുമെന്ന് ഉറപ്പുണ്ട്. ലഗേജിന്റെ ഭാരമില്ലാതെ അങ്ങനെ ജുവലിൽ ചുറ്റി സഞ്ചരിക്കുന്ന ധാരാളം സഞ്ചാരികളെ അവിടെ കാണാമായിരുന്നു. 

IMG_20190415_105841

ജുവൽ ഒരു ഷോപ്പിംഗ് പറുദീസ കൂടിയാണ്. 280 കടകളും റസ്റ്ററന്റുകൾ ഇതിനു ചുറ്റുമുണ്ട്‌. ലോകത്തിലെ ഉന്നതനിലവാരം പുലർത്തുന്ന അന്തർദേശീയ ബ്രാൻഡുകൾ മുതൽ സിംഗപ്പൂരിലെ ലോക്കൽ ബ്രാൻഡുകളും ഇവിടെ ലഭ്യമാണ്. വൈവിധ്യമാർന്ന ഭക്ഷണശാലകൾ ജൂവലിന് സ്വന്തം. യുഎസിലെ പ്രസിദ്ധമായ ഷേക്ക് ഷാക് ബർഗർ ഷോപ്പിന്റെ സിംഗപ്പൂരിലെ ആദ്യ ഔട്ട്‌ലെറ്റ് ഇവിടെയാണ്. രുചിയിൽ മുൻപന്തിയിളായ ഇവരുടെ ഷോപ്പിനു മുന്നിൽ നീണ്ട ക്യു ഉണ്ടായിരുന്നു. അങ്ങനെ തങ്ങളുടെ ഇഷ്ട വിഭവങ്ങൾ തേടിപ്പിടിച്ച് കഴിക്കുന്നവർ. അമ്മയോടൊപ്പം ജുവൽ വിസ്മയങ്ങൾ ഓരോന്നായി കണ്ടു നടന്നു. 

ബിസിനസ് യാത്രക്കാരെ ഉദ്ദേശിച്ചിട്ടുള്ള ഉള്ള യോട്ടൽ എയർ (Yotel Air) എന്ന നൂതനമായ ഹോട്ടൽ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുന്നു. ഷാംഗി എക്സ്പീരിയൻസ് സ്റ്റുഡിയോ, കനോപ്പി പാർക്ക് എന്നിങ്ങനെ നീളുന്നു മറ്റ് ആകർഷണങ്ങൾ. ധൈര്യശാലികളെ കാത്തിരിക്കുന്ന കനോപ്പി ബ്രിഡ്ജ് 23 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഗ്ലാസ് ബോട്ടം ബ്രിഡ്ജ് ആണ്. എന്നെങ്കിലും സിംഗപ്പൂർ സന്ദർശിക്കുകയോ സിംഗപ്പൂർ വഴി ഏതെങ്കിലും രാജ്യത്തേക്ക് ട്രാൻസിറ്റ് ചെയ്യുകയാണെങ്കിൽ തീർച്ചയായും ജുവൽ സന്ദർശിക്കാനുള്ള അവസരം നഷ്ടമാക്കരുത്. മനുഷ്യന്റെ ക്രിയാത്മകതയും ഇച്ഛാശക്തിയും ശാസ്ത്രസാങ്കേതിക മികവുകളും ഒന്നിക്കുമ്പോൾ ഇതുപോലെ അത്ഭുതങ്ങൾ ഇനിയും ഭൂമിയിൽ ഉണ്ടായിക്കൊണ്ടിരിക്കും ജുവലിൽ എത്താൻ, ഷാംഗി ടെർമിനൽ ഒന്നിന്റെ അറൈവൽ ഹാളിനോട് തൊട്ടു ചേർന്നാണ് ജുവൽ സ്ഥിതി ചെയ്യുന്നത്.

singa44fvnj

ടെർമിനൽ രണ്ടിന്റെ രണ്ടാം നിലയിൽ ഉള്ള ഡിപാർചർ ഹാളിൽ നിന്ന് ലിങ്ക് ബ്രിഡ്ജ് വഴി 10 മിനിറ്റു നടന്നാൽ ജുവലിൽ  എത്താം. ടെർമിനൽ മൂന്നിന്റെ  രണ്ടാം നിലയിൽ ഉള്ള ഡിപാർചർ ഹാളിൽ നിന്ന് ലിങ്ക് ബ്രിഡ്ജ് വഴി 10 മിനിറ്റു നടന്നാൽ ജുവലിൽ എത്താം. ടെർമിനൽ നാലിൽ നിന്ന് ഷട്ടിൽ ബസിൽ ടെർമിനൽ രണ്ടിൽ എത്തിയാൽ അവിടെ നിന്ന് ലിങ്ക് ബ്രിഡ്ജ് വഴി ജുവലിൽ എത്തിച്ചേരാം.

ജുവലിലെ താമസ സൗകര്യം.

150 സിങ്കപ്പൂർ ഡോളർ (ഏകദേശം 7500 രൂപ ) കൊടുത്താൽ ജുവലിൽ ഉള്ള Yotelair എന്ന ഹോട്ടലിൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ ഒരു രാത്രി സുഖമായി താമസിക്കാം.

അനുയോജ്യമായ സന്ദർശന സമയം.

വൈകുന്നേരം നാലുമണിയോടെ എത്തിയാൽ ജുവലിന്റെ പകൽ സൗന്ദര്യം ആസ്വദിക്കാം. അൽപം മണിക്കൂർ ശേഷം നിറങ്ങളും വർണങ്ങളും നിറഞ്ഞ  രാതി സൗന്ദര്യവും ആസ്വദിക്കാം.

ഭക്ഷണം

രണ്ടാം നിലയിലുള്ള Shake Shack ൽ കയറിയാൽ പ്രശസ്തമായ അവരുടെ Burger കഴിക്കാം. അതുമല്ലെങ്കിൽ Basement 2 ലെ A & W റെസ്റോറന്റിൽ പോവുക, അവരുടെ റൂട്ട് ബിയറും വ്യത്യസ്തമായ ബർഗറുകളും ഏവർക്കും ഇഷ്ടപ്പെടും.

singa332
Tags:
  • World Escapes
  • Manorama Traveller