Thursday 05 December 2019 04:46 PM IST : By Ajith Unnikrishnan

ഗ്രിഫോൺ കഴുകൻമാർ ചിറകുവിരിക്കുന്ന സിംഗലീല! ‘കിളിപറക്കുന്ന’ ഈ കാഴ്ച കാണാൻ പോരുന്നോ?

sl Photo :Ajith Unnikrishnan, Abhilash Raveendran

ചിറകടി ശബ്ദത്തിനു പിന്നാലെ ക്യാമറയുമായി പോകുന്ന നാലു കൂട്ടുകാർ, അജിത് ഉണ്ണികൃഷ്ണൻ, അഭിലാഷ് രവീന്ദ്രൻ, റിബീഷ് തോമസ്, അനീഷ് സി.പി. ഇന്ത്യാ–നേപ്പാൾ അതിർത്തിയിലെ സിംഗലീല നാഷനൽപാർക്കിലേക്ക് അവർക്കൊപ്പം നമുക്കും പോകാം...

ചിറകു വിരിച്ചാൽ പത്തടിയിലധികം വലുപ്പമുള്ള ഗ്രിഫോ ൺ കഴുകനെ കാണാൻ പോയാലോ? സിംഗലീല നാഷനൽ പാർക്ക് എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് നാലു കൂട്ടുകാർ ഫോക്കസ് ചെയ്തതിനു പിന്നിലുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണത്. പിന്നെ യാത്രയോടുള്ള അടങ്ങാത്ത ആവേശവും. ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പറന്നുയർന്ന അവരുടെ ഒപ്പം നമുക്കും കൂടാം.

ഹൗറയിലെ പ്രഭാതം

കൊൽക്കത്തയിൽ വിമാനമിറങ്ങുമ്പോൾ പുലർച്ചെ നാലു മണി. കണക്റ്റിങ് ഫ്ലൈറ്റ് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. അതു വരെ കൊൽക്കത്ത നഗരം ഒന്നു കറങ്ങി വരാം. യൂബർ ടാക്സി ബുക്ക് ചെയ്ത് അഞ്ചരയോടെ ഹൗറയിൽ എത്തി. പുലർച്ചെ കോടമഞ്ഞു പുതച്ച് കിടക്കുന്ന ഹൗറാ പാലത്തിനു മുന്നിൽ.

ഹൂഗ്ലി നദിക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഹൗറാ നഗരം കൊൽക്കത്തയുടെ ഇരട്ട നഗരമായാണ് അറിയപ്പെടുന്നത്. കൊൽക്കത്തയെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസിദ്ധമായ ഹൗറാ പാലം. ലോകത്തിലെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്ന്. ഇന്ന് രബീന്ദ്ര സേതു എന്ന് അറിയപ്പെടുന്ന ഈ പാലത്തിലൂടെ ദിവസവും ഒരു ലക്ഷം വാഹനങ്ങളും ഒ ന്നര ലക്ഷം ജനങ്ങളും യാത്ര ചെയ്യുന്നു. 1943 ലാണ് ഈ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത്.

പഴമയുടെ പ്രൗഢിയിൽ ഇന്നും അഭിരമി ക്കുന്ന കൊൽക്കത്താ നഗരത്തിന്റെ കൊളോ ണിയൽ മുഖമാണ് വിക്ടോറിയാ മെമ്മോറിയൽ. അവിടുത്തെ കാഴ്ചകൾ കണ്ട് എയർപോർട്ടിൽ തിരിച്ചെത്തിയപ്പോൾ ബാഗ് ദോഗ്രയിലേക്കുള്ള ഫ്ലൈറ്റ് ടൈം ആയി. ഞങ്ങൾ വിമാനം കയറി. ബാഗ് ദോഗ്ര എത്തുമ്പോൾ മൂന്നര കഴിഞ്ഞു. ബാഗ് ദോഗ്ര വിമാനത്താവളം സിലിഗുഡി, ജൽ പായ് ഗുഡി, തുടങ്ങിയ വടക്കൻ ബംഗാൾ നഗരങ്ങളിലേക്കും വടക്കു കിഴക്കൻ ഭാരതത്തിലേക്കുമുള്ള പ്രധാന കവാടമാണ്. അവിടെ നിന്നു ടാക്സിയിൽ സിലിഗുഡി എത്തി.

sl-5

മഹാനന്ദയിലേക്ക്

ഞങ്ങളുടെ ഗൈഡ്, ലാബാ പോൾ സിലിഗുഡി സ്വദേശിയാണ്. പിറ്റേന്ന് അതിരാവിലെ നാലു മണിയോടെ ലാബാ പോൾ ഡ്രൈവറെയും കൂട്ടി ഹോട്ടലിൽ എത്തി. ആൾ ഒരു മികച്ച പക്ഷി നിരീക്ഷകനും കൂടിയാണെന്നു പിന്നീടു മനസ്സിലായി. അതിരാവിലെ തന്നെ സിൽഗുഡിയിൽ നിന്നും മാനേഭാങ് ജാങ്ങിലേക്ക് പുറപ്പെട്ടു. മഹാനന്ദ വന്യജീവി സങ്കേതം വഴിയായിരുന്നു യാത്ര. സിലിഗുഡിയിൽ നിന്നു മഹാനന്ദ വന്യ ജീവി സങ്കേതത്തിലേക്ക് അര മണിക്കൂർ യാത്രയുണ്ട്.

സിലിഗുഡിയിൽ നിന്നും ഡാ ർജീലിങ് വരെയുള്ള പൈതൃക തീവണ്ടിയുടെ പാളങ്ങൾ റോഡിനു അരികിലായി കാണാം. തീസ്ത, മഹാനന്ദ എന്നീ നദികൾക്ക് മധ്യേയാണ് മഹാനന്ദ വന്യജീവി സങ്കേതം. സങ്കേതത്തിനു സമീപത്തായി പട്ടാള ക്യാംപുകളും കാണാമായിരുന്നു. Hoary Bellied Squirrel എന്ന അപൂർവയിനം അണ്ണാനെയും Chestnut Bellied Nuthatch, Thick Bellied Green pigeon,Black crested bulbul, Hill Mynah തുടങ്ങിയ പക്ഷികളെയും കണ്ടു യാത്ര തുടര്‍ന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മനേഭാങ്ങ്ജാങ്ങില്‍ എത്തി.

sl-2

പെയ്ന്റിങ് പോലെ മനേഭാങ്ങ്ജാങ്

സിംഗലീല നാഷനൽ പാർക്കിന്റെ കവാടം, മനേഭാങ്ങ്ജാങ്. ഇ ന്ത്യ–നേപ്പാള്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമം. നേപ്പാളിന്റെ കിഴക്ക് ഭാഗത്തോട് ചേർന്ന്, സമുദ്ര നിരപ്പിൽ നിന്നും 6600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കാഴ്ചയിൽ ഒരു പെയിന്റിങ് പോലെ തോന്നും. അവിടെ വച്ച് ഞങ്ങൾ സഞ്ചരിച്ചിരുന്ന ഇന്നോവയിൽ നിന്നും ഇറങ്ങി. ഇനിയുള്ള യാത്രയ്ക്ക് ലാൻഡ് റോവർ വരും എന്നും അതുവരെ തന്റെ വീട്ടിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കാം എന്നും ലാബാ അറിയിച്ചു. ഭക്ഷണം കഴിക്കാനായി ഞങ്ങൾ ഒരു വീട്ടിലേക്ക് കയറി.

ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടനെ ലാൻഡ് റോവർ വന്നു എന്നു കേട്ടു പുറത്ത് ഇറങ്ങി. മ നസ്സിൽ റേഞ്ച് റോവർ വാഹനത്തിന്റെ രൂപം ആയിരുന്നു, പക്ഷെ വന്നത് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഒരു ജീപ്പ്. ബ്രിട്ടീഷുകാർ ഇന്ത്യവിട്ട് പോയപ്പോൾ ഇവിടെ കളഞ്ഞിട്ട് പോയ സാധങ്ങങ്ങളിൽ ഒന്ന്. പിന്നീടുള്ള യാത്ര അതികഠിനമായിരുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തി വഴി മുകളിലേക്ക് പോകുമ്പോഴേക്കും ശക്തമായ മഴയും കാറ്റും തുടങ്ങി. അങ്ങിങ്ങായി മഞ്ഞു വീഴാനും ആരംഭിച്ചു. അതിർത്തി ചെക്പോസ്റ്റിൽ തിരിച്ചറിയൽ കാർഡുകൾ കാണിച്ച് വീണ്ടും യാത്ര തുടർന്നു. കുലുങ്ങി കുലുങ്ങി തണുത്ത് വിറച്ച് ടുംലിങ് എത്തുമ്പോൾ നാലു മണി കഴിഞ്ഞു.

ഇന്ത്യയിലും നേപ്പാളിലും ആയി സ്ഥിതിചെയ്യുന്ന ടുംലിങ് ഗ്രാമത്തിന്റെ നേപ്പാളിൽ ഉള്ള ഭാഗത്താണ് ഞങ്ങൾ താമസിച്ച ശിഖർ ലോഡ്ജ്. ഏതാനും കുടുംബങ്ങൾ മാത്രമേ ഇവിടെ സ്ഥിരതാമസം ഉള്ളൂ. നേപ്പാളിൽ ഉള്ള റോഡുകൾ കോൺക്രീറ്റ് ചെയ്തതും ഇന്ത്യയിലെ റോഡുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞതും ആണ് എന്നതും ഈ അതിർത്തി ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ പ്രദേശത്ത് ഏതാനും തൊഴുത്തുകൾ മാത്രമേ കാണാനുള്ളൂ. സമുദ്രനിരപ്പി ൽ നിന്നും 9600 അടി ഉയരത്തിലാണ് ഈ ഗ്രാമം. ഇവിടെ നിന്നും കാഞ്ചൻ ജംഗയുടെ ശിഖരങ്ങൾ കാണാൻ കഴിയും.

sl-3

ടുംലിങ്ങിലെ പ്രഭാതം

നാലു മണിയോടെ മലമുകളിൽ വെളിച്ചമായി. രാവിലെ തന്നെ ഒരു മലമുകളിലേക്ക് നടക്കാൻ ഇറങ്ങി. ഇന്ത്യയിലെ മലമുകളിൽ നിന്നും സൂര്യൻ ഉദിച്ച് വരുന്നത്, നേപ്പാളിൽ നിന്നും കണ്ടു. അവിടെ നിന്നു അതിർത്തി കടന്നു സിംഗലീല നാഷനൽ പാർക്കിലേക്ക് ഞങ്ങൾ നടന്നു. മഹാനന്ദയിലെ മരങ്ങൾ വളരെ ഉയരമുള്ളതാണെങ്കിൽ ഇവിടെ ഉയരം കുറഞ്ഞ മരങ്ങളാണ് കൂടുതലും. ഉയരം കൂടിയ സ്ഥലമായതിനാൽ മരങ്ങളുടെ എണ്ണവും കുറവ്. ഇന്ത്യൻ അതിർത്തി ചെക്പോസ്റ് കഴിഞ്ഞാണ് ഈ നാഷനൽ പാർക്ക്. അതി സുന്ദരന്മാരായ നിരവധി പക്ഷികളുടെ താവളമാണ് ഇവിടം.

ഗ്രീൻ റ്റയിൽഡ് സൺ ബേർഡ്, റെഡ് റ്റയി ൽഡ് മിൻലാ, ഒലീവ് ബാക്ക്ഡ് പിപിറ്റ് തുടങ്ങിയ പക്ഷികളാണ് ഇവിടത്തെ പ്രധാന സുന്ദരന്മാർ. കേരളത്തിൽ കാണുന്ന ഓലേഞ്ഞാലിയുടെ കുടുംബക്കാരനായ മഞ്ഞകൊക്കുള്ള നീ ല ഓലഞ്ഞാലിയെയും ഇവിടെ കണ്ടു. തിരിച്ചു ലോഡ്ജിൽ എത്തിയപ്പോഴേക്കും ഉച്ചയായിരുന്നു. ഉച്ചയ്ക്ക് ശേഷം ടുംലിങ് കാണാൻ ഇറങ്ങി. മലമുകളിൽ കോടമഞ്ഞു മൂടാൻ തുടങ്ങിയിരുന്നു. നേപ്പാളിലെ ഈ അതിർത്തി ഗ്രാമത്തിൽ ആകെ പത്തോ പന്ത്രണ്ടോ കുടുംബങ്ങളേ ഉള്ളൂ. ഒരു വീടിനു മൂന്നു തൊഴുത്ത് എന്ന കണക്കിന് ധാരാളം പശുക്കളും ആടുകളും ഉണ്ട്.

Campsite

മൂടല്‍ മഞ്ഞിലെ കഴുകന്മാര്‍

വീണ്ടും മലമുകളിലേക്ക് നടന്നു. തണുത്ത കാറ്റ് ശക്തമായി ചൂളം വിളിച്ചുകൊണ്ട് ഞങ്ങളെ വരവേറ്റു. മൂടല്‍മഞ്ഞ് ശക്തമായതോടെ ഒന്നും കാണാന്‍ പറ്റാതെയായി. എങ്ങനെയോ തപ്പിപ്പിടിച്ച് ഒരു പാറമുകളില്‍ ഞങ്ങള്‍ കുറച്ച് നേരം ഇരുന്നു. മൂക്കിലേക്ക് ഇരച്ചു കയറുന്ന തീവ്ര ദുര്‍ഗന്ധം കഴുകന്‍ കാഷ്ഠത്തിന്റേതാണെന്നു കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലായി. അല്‍പനേരം കൂടി കഴിഞ്ഞ് മൂടല്‍മഞ്ഞ് നീങ്ങിയപ്പോള്‍ ഞങ്ങളുടെ സമീപത്തായി നാലു ഹിമാലയന്‍ ഗ്രിഫോണ്‍ കഴുകന്മാർ. ഹിമാലയത്തിലും ടിബറ്റന്‍ പ്രദേശങ്ങളിലും മാത്രമാണു ഇവയെ കാണാന്‍ സാധിക്കുക. ചിറകുകള്‍ വിരിച്ചാല്‍ 10.2 അടി വരെ വലുപ്പമുണ്ടാകും. ഇവയുടെ ആമാശയത്തിലെ ബാക്ടീരിയകള്‍ കന്നുകാലികളുടെ മാംസവും അസ്ഥികളും ദഹിപ്പിക്കുന്നതിനു സഹായിക്കുന്നു. ഇവയുടെ കാഷ്ഠത്തിലും ഈ ബാക്ടീരിയകള്‍ ഉണ്ടാകുന്നതിനാല്‍ അത് മനുഷ്യര്‍ക്ക് മാരകമായ അണുബാധ ഉണ്ടാക്കും. ഒരു കാലത്ത് ഗുരുതരമായ വംശനാശഭീഷണി നേരിട്ടിരുന്ന ഇവ, കന്നുകാലികള്‍ക്കുള്ള വേദനസംഹാരിയായ ഡൈക്ലോഫിനാക് നിരോധിച്ചതോടെ തിരിച്ചുവരവിന്റെ പാതയിലാണ്. ഡൈക്ലോഫിനാക് കഴിച്ച കന്നുകാലികളെ ഭക്ഷിക്കുന്ന കഴുകന്മാര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമായിരുന്നു.

തിരിച്ച് ലോഡ്ജിൽ എത്തുമ്പോൾ മഴ ക നത്തു. പിറ്റേന്ന് ടോംഗ്ലുവിലേക്ക് പുറപ്പെട്ടു. അതിർത്തിൽ ഇന്ത്യയുടെ ഭാഗത്തായി സ്ഥിതി ചെയുന്ന സ്ഥലമാണ് ടോംഗ്ലു. ടുംലിങ്ങിനേക്കാൾ ജനസംഖ്യ കുറഞ്ഞ ഗ്രാമം. സഞ്ചാരികൾ വരുന്നതുകാരണം ഏതാനും ടൂറിസ്റ്റു കുടിലുകൾ ഉയർന്നു വന്നിട്ടുണ്ട്. 3050 മീറ്റർ ഉയരത്തിലുള്ള ഇവിടം ഒരു മികച്ച ട്രക്കിങ് ലൊക്കേഷനാണ്. മഞ്ഞും മേഘങ്ങളും ഒരുമിച്ച് ചേരുന്ന മലമുകളിൽ തണുത്ത കാറ്റു കൊണ്ട് എത്ര ദൂരം വേണമെങ്കിലും ന ടക്കാം. ടോംഗ്ലുവിൽ വച്ച് അത്യപൂർവമായ ക്വീൻ ഓഫ് സ്‌പെയിൻ ഫ്രിറ്റലറി എന്ന ചിത്രശ ലഭത്തെയും കാണാൻ കഴിഞ്ഞു.

sl-6

അവിടെ നിന്നു ഗരിഭൈസിലേക്ക് പുറപ്പെട്ടു. ടുംലിങ്ങിൽ നിന്നു സിക്കിമിലേക്ക് പോ കുന്ന വഴിയാണ് ഗരിഭൈസ്. പോകുന്ന വഴിയിൽ കാഞ്ചൻ ജംഗ കൊടുമുടി വ്യക്തമായി കാണാം. സിലിഗുഡി, മനേ ബാങ് ജാങ്, ടും ലിങ് വഴി കാഞ്ചൻ ജംഗ വരെയുള്ള ട്രക്കിങ് വഴിയിലെ ഒരു ഇടത്താവളമാണ് ഗാരെ ഭൈസ്. ടുംലിങ് മുതൽ ഗാരെ ഭൈസ് വരെയുള്ള വഴി മലമടക്കുകളും മലഞ്ചെരിവുകളും ഉ ള്ളതാണെങ്കിലും മുഴുവനും കോൺക്രീറ്റ് ചെയ്തതാണ്. വഴിയിൽ ധാരാളം മുളങ്കാടുകളും കാണാം. ഈ മുളങ്കാടുകളിൽ ചുവന്ന പാണ്ടയുടെ സ്വാഭാവിക ആവാസ സ്ഥലമാണ്. നിർഭാഗ്യം, ഒന്നിനെയും കാണാൻ കഴിഞ്ഞുമില്ല.

ഇമ്പമാര്‍ന്ന തൊങ്മ്പ

ഗരിഭൈസിലെ പ്രധാന ആകര്‍ഷണം തൊ ങ്മ്പ (Tongba) എന്ന മദ്യമാണ്. തിനയും ധാന്യങ്ങളും കൂടാതെ ചില പ്രാദേശിക സാമഗ്രികളും ചേര്‍ത്ത് നിർമിക്കുന്ന ഒരിനം ഡികോക്‌ഷൻ ബിയര്‍. ലിംബു ഗോത്രജനതയുടെ പ്രധാന ഭക്ഷ്യവിഭവമാണിത്. അതിഥികള്‍ക്ക് തൊങ്മ്പ വിളമ്പുന്നത് ഇവരുടെ ആതിഥ്യമര്യാദയുടെ ഭാഗമാണു. തിനയുടെ കൂടെ മോര്‍ച്ക എന്നുവിളിക്കുന്ന ഈസ്റ്റ് അടങ്ങിയ മിശ്രിതം ഇവര്‍ ഇതില്‍ ചേര്‍ക്കുന്നു. വലിയ ജഗ്ഗിലാണു ഡികോക്‌ഷന്‍ തയ്യാറാക്കുക. രണ്ടു അറകളുള്ള ജഗ്ഗില്‍ ചൂടുവെള്ളം ഒഴിച്ച് മുള കൊണ്ടുള്ള സ്ട്രോ കൊണ്ട് ഇളക്കി,ചൂടോടെ കുടിക്കണം. ഈ ഡികോക്‌ഷൻ ആറു മാസംവരെ കേടുകൂടാതെ നില്‍ക്കും. ഇതില്‍ എത്രവെള്ളം ഒഴിച്ചാലും “കിക്ക്”നു കുറവ് ഉണ്ടാവില്ല. കൊടികെട്ടിയ കുടിയന്മാര്‍ക്ക് വരെ തൊങ്മ്പ ഒരു കോപ്പയില്‍ കൂടുതല്‍ കഴിക്കാനുള്ള കപ്പാസിറ്റി ഉണ്ടാവില്ലത്രേ!!

ഗാരെ ഭൈസിൽ നിന്നും സന്ദേഖ് ഫു വഴി കാഞ്ചൻ ജംഗയിലേക്ക് ഉണ്ടായിരുന്ന ഒരു പഴയ കാട്ടുവഴിയിലൂടെ പിറ്റേന്ന് ഒരു ചെറിയ ട്രെക്കിങ് നടത്തി. അങ്ങിങ്ങ് വെള്ളച്ചാട്ടങ്ങളും ചെങ്കുത്തായ മലമടക്കുകമുള്ള പഴയ മലമ്പാത. പേര് അറിയാത്ത വലിയ മലയണ്ണാനെ അവിടുന്നു കണ്ടു. ബ്ലൂ ലാഫിങ് ത്രഷ്, ഈ സ്റ്റേൺ ജംഗിൾ ക്രോ, റൂഫസ് സിബിയ, ചെസ്റ് നട്ട് ക്രൗണ്ട് ലാഫിങ് ത്രഷ് തുടങ്ങിയ പക്ഷികളെയും. അവിടെ നിന്നു നേരെ ലാട് പഞ്ചാറിലേക്ക്.

sl-1

വേഴാമ്പൽ ടൂറിസം

ഡാർജീലിങ്, സിക്കിം, കിഴക്കൻ നേപ്പാൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ആദിവാസി ജനതയാണ് "ലെപ്ച". ലെപ്ച എന്ന വാക്കിന്റെ അർഥം ദൈവത്തിന്റെ മക്കൾ. ലാട് പഞ്ചാറിലും ഇവരുണ്ട്. മുളങ്കാടുകളുള്ള സ്ഥലം എന്നാണു ലാട് പഞ്ചാർ എന്നതിനർഥം. എന്നാൽ, ഇവിടത്തെ മുളങ്കാടുകൾ മിക്കതും സിങ്കോണ തോട്ടങ്ങളായിക്കഴിഞ്ഞു. സിങ്കോണ തോട്ടങ്ങളുടെ നടുവിൽ തകര കൊണ്ടുള്ള കുടിലുകളിലാണ് ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത്. മലമ്പനിക്കുള്ള ഔഷധമായ ക്വിനൈന്‍ നിര്‍മിക്കാനാണു സിങ്കോണ മരങ്ങള്‍ നട്ടുവളര്‍ത്തുന്നത്.

ലാട് പഞ്ചാറിന്റെ സവിശേഷത ഇവിടത്തെ ചെമ്പൻ കഴുത്തുള്ള വേഴാമ്പലുകളാണ്. നമ്മുടെ മലമുഴക്കി വേഴാമ്പലിനേക്കാൾ കുറച്ച് കൂടി വലുപ്പം ഉള്ളതാണ് റൂഫസ് നെക്ക്ഡ് ഹോൺ ബിൽ. ഇവയിലെ പെൺ വേഴാമ്പലുകൾക്ക് കറുപ്പ് നിറമാണ്. വേഴാമ്പലുകളെ കൂടാതെ ലോങ് റെയിൽഡ് ബ്രോഡ് ബിൽ, ഏഷ്യൻ ബാർഡ് മൂങ്ങ തുടങ്ങിയ മറ്റു പക്ഷികളും ഇവിടുണ്ട്.

പക്ഷികളെ കാണാനും ട്രെക്കിങ്ങിനും മറ്റുമായി സഞ്ചാരികൾ വരാൻ തുടങ്ങിയതോടെ ഇവിടെ കൂടുതൽ കെട്ടിടങ്ങൾ ഉയരുന്നു. ഈ പ്രദേശങ്ങളിൽ ഗൂർഖ ലാൻഡ് പ്രക്ഷോഭങ്ങളുമുണ്ട്. ഒരു ദിവസം ലാട് പഞ്ചാറില്‍ താമസിച്ച ശേഷം സിലിഗുഡിയിലേക്ക് തിരിച്ചു. അവിടെ നിന്നു കൊൽക്കത്ത വഴി ബെംഗളൂരുവിലേക്ക്... കാഴ്ചകൾ അവസാനിക്കുന്നില്ല....

general informations: singalila

സീസൺ: മാർച്ച് മുതൽ മേയ് വരെയുള്ള വസന്തകാലം, ഒക്ടോബർ മുതൽ ഡിസംബർ ആദ്യവാരം വരെ എന്നിങ്ങനെ രണ്ടു സീസണുകളാണ് സിംഗലീല സന്ദർശിക്കാൻ അനുയോജ്യം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ സമയത്തു പാർക്ക് അടച്ചിടും.

വഴി: ഡാർജിലിങ്ങിൽ നിന്ന് 96 കിലോമീറ്റർ ദൂരത്തുള്ള സിലിഗുരിയാണ് അടുത്തുള്ള വിമാനത്താവളം. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് സർവീസുണ്ട്. ട്രെയിനിൽ ന്യൂ ജൽപാഗുരി സ്റ്റേഷനിലിറങ്ങണം.

ട്രെക്ക് ചെയ്യാൻ: ഡാർജിലിങ്ങിലെ ടൂർ എജൻസികൾ വഴി സിംഗലീല സന്ദർശിക്കാം. യാത്ര, ഗൈഡ്, താമസം, അനുമതി എന്നിവയെല്ലാം അവരൊരുക്കും. സ്വയം ട്രെക്ക് ചെയ്യാനാ ണെങ്കിൽ മനോഭാങ്ജാങ് ഗ്രാമം വഴി സിംഗലീലയിലെത്താം. ഡാർജിലിങ്ങിൽ നിന്ന് 26 കിലോമീറ്റർ ദൂരത്തിലുള്ള ഈ ഗ്രാമത്തിലേക്ക് ടാക്സിയെടുക്കാം. സഫാരിക്ക് ഫോർവീൽ വാഹനങ്ങൾ ലഭ്യമാണ്. കാട്ടിൽ പ്രവേശിക്കുന്നതിന് ഒരാൾക്ക് ` 100.

കൂടുതൽ വിവരങ്ങൾ:

www.tourismdarjeeling.com www.gtatourism.com