Thursday 25 February 2021 03:00 PM IST : By Arun Tom

കാടിനകത്തെ കഥ തേടി ശിരുവാണിയിലേക്ക് ഒരു യാത്ര ...

siru 4

‘1916ലെ കോടമഞ്ഞ് ഇറങ്ങിയ ഒരു പകലില്‍ ശിരുവാണി കാടിനുള്ളില്‍ കുതിരവണ്ടിയുടെ കുളമ്പടി ശബ്ദം മുഴങ്ങിക്കേട്ടു. അപരിചിതമായ ശബ്ദം കേട്ട ജന്തുമൃഗാദികള്‍ അപകടം മണത്തറിഞ്ഞ് ഉള്‍ക്കാട്ടിലേക്കു വലിഞ്ഞു. വാഹനത്തിനു പിന്നാലെ വന്നവര്‍ കുതിരവണ്ടിയില്‍ ഉണ്ടായിരുന്ന സായിപ്പ് ജോണ്‍ ഹണ്ടിന്റെ അജ്ഞാനുസരണം കാടുകള്‍ കീറി വഴിച്ചാലുകള്‍ വെട്ടി. ശിരുവാണിയെന്ന നിബിഡവനത്തില്‍ ആദ്യമായി അങ്ങനെ മനുഷ്യഗന്ധം വീണു.

siru2

കാടു വെട്ടി 3000 ഏക്കറില്‍ റബര്‍ വച്ചുപിടിപ്പിക്കുകയായിരുന്നു സായിപ്പിന്റെ പദ്ധതി. ആദ്യപടിയെന്നോണ്ണം കുതിരയ്ക്കു പോകത്തക്കവിധം വഴികള്‍ തീര്‍ത്തു. കൂടെ ഒരു റബര്‍ നഴ്സറിയും കെട്ടിപ്പടുത്തു. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. 1921ല്‍ മലബാര്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. ലഹളക്കാര്‍ വരുന്നതറിഞ്ഞ് സായിപ്പ് കാട്ടിലൊളിച്ചു. സായിപ്പിനെ തെരഞ്ഞ് കാണാതെ ക്ഷുഭിതരായ ലഹളക്കാര്‍ ബംഗ്ലാവില്‍ ഉണ്ടായിരുന്ന പട്ടികള്‍ക്കു നേരെ തിരിഞ്ഞു. പട്ടികള്‍ പൂട്ട്പൊട്ടിച്ച് നേരെ ഓടിയത് യജമാനന്റെ അടുത്തേക്കും. പട്ടികളെ പിന്തുടര്‍ന്ന് എത്തിയ ലഹളക്കാര്‍ കുഴിയില്‍ ഒളിച്ചിരുന്ന സായിപ്പിനെ കണ്ടെത്തി. ആ കുഴിയില്‍ തന്നെയിട്ട് അയാളുടെ കഥ കഴിച്ചു.’

ചരിത്ര പുസ്തകം അടച്ചുവച്ചിട്ടും ജോണ്‍ ഹണ്ട് മനസിനെ വല്ലാതെ വേട്ടയാടി. അയാളുടെ പ്രേതം പിൻതുടരുന്ന പോലെ, ആരോ ആ കാടുകള്‍ക്കുള്ളിലേക്കു മാടിവിളിക്കുന്നതുപോലെ... ഒരു യാത്ര അനിവാര്യം. നേരം പുലര്‍ന്ന് സൂര്യരശ്മികള്‍ ഭൂമിയില്‍ വീഴും മുൻപ് പാലക്കാട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. ജോൺഹണ്ടിനെ മോഹിപ്പിച്ച കാട് നേരിട്ട് കാണാൻ...


കഥചുരുളുമായി കാടിനുള്ളിലേക്ക്

siru1

പാലക്കാട് നഗരത്തില്‍, പാലക്കാട്- കോഴിക്കോട് ഹൈവേയില്‍ എടക്കുറിച്ചിയില്‍ നിന്ന് വലത്തോട്ട് 22 കിലോമീറ്റര്‍ ദൂരമുണ്ട് ശിരുവാണിക്ക്. എടക്കുറിച്ചിയില്‍നിന്ന് വളഞ്ഞ് പുളഞ്ഞുകിടക്കുന്ന മലയോരഗ്രാമങ്ങള്‍ താണ്ടി മലകള്‍ കയറി കാര്‍ എത്തിയത് ഇഞ്ചിക്കുന്ന് ചെക്ക് പോസ്റ്റിനു മുന്നിലാണ്. ഇവിടെ വാഹനം നിര്‍ത്തി വേണം ശിരുവാണിക്കുള്ള പ്രവേശനപാസ് എടുക്കാൻ. ആന, കടുവ, പുലി, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനമായതുകൊണ്ട് വനംവകുപ്പിന്റെ വാഹനത്തിലെ അകത്തേക്കു വിടൂ. ആ വാഹനം ‘കട്ടപ്പുറത്തായതു’കൊണ്ട് കാറുമായി വനത്തില്‍ കടക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നൽകി. ഇഞ്ചിക്കുന്നില്‍ നിന്ന് ഒമ്പത് കിലോമീറ്ററാണ് ശിരുവാണി അണക്കെട്ടിലേക്ക്. കേരള-തമിഴ്നാട് അതിര്‍ത്തിയായ കേരളമേടിലാണ് യാത്ര അവസാനിപ്പിക്കേണ്ടത്. രണ്ടാമത്തെ ചെക്ക്പോസ്റ്റായ ശിങ്കപ്പാറയില്‍ എത്തിയപ്പോള്‍ തദ്ദേശവാസിയായ ഒരു ഗൈഡും ഞങ്ങള്‍ക്കൊപ്പം കൂടി. ശിങ്കപ്പാറയില്‍നിന്ന് ആനക്കാട്ടിലൂടെയാണ് കാര്‍ പോകുന്നത്. ചിലഭാഗങ്ങളിലെത്തുമ്പോൾ ആനപ്പിണ്ടത്തിന്റെ മണം മൂക്കില്‍ ഇരച്ചു കയറി. കൂടെ ഭയമെന്ന വികാരവും. വീതി കുറഞ്ഞതും പൊട്ടിപൊളിഞ്ഞതുമായ ടാറിട്ട റോഡിലൂടെ അണക്കെട്ടിനു മുന്നിലെത്തി.


സായിപ്പിന്റെ സ്വപ്ന ഭൂവില്‍

siru 5

സായിപ്പുമാര്‍ക്ക് എന്നും ശിരുവാണി കൊതിപ്പിക്കുന്ന പറുദീസയായിരുന്നു. ജോണ്‍ ഹണ്ടിന്റെ കൊലയ്ക്കു ശേഷവും കാട്ടിലെ മരങ്ങൾ ലക്ഷ്യമിട്ട് ബ്രീട്ടിഷുകാര്‍ ശിരുവാണിയില്‍ എത്തിയിരുന്നു. കാടിനുള്ളില്‍ മൂന്നടിയെന്ന് അറിയപ്പെടുന്ന വഴിത്താരകള്‍ അവരാണ് നിര്‍മിച്ചത്. കൂടാതെ റെയില്‍പ്പാത നിര്‍മാണത്തിനാവശ്യമായ സ്ലീപ്പര്‍ മരങ്ങള്‍ വെട്ടിക്കൊണ്ടു പോകുന്നതിന് കുതിരയ്ക്കും ആളുകള്‍ക്കും ആനകള്‍ക്കും മരങ്ങള്‍ വലിച്ചുകൊണ്ടുപോകാന്‍ പാകത്തിനുള്ള വഴികളും (ഈ വഴികള്‍ ഏലുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്) ഉണ്ടാക്കി. അണക്കെട്ടിന്റെ സമീപത്തായുള്ള കുന്നില്‍ മൈലോണ്‍ എന്ന സായിപ്പ് നിര്‍മിച്ച പട്ടിയാര്‍ ബംഗ്ലാവ് എന്ന കെട്ടിടം ഉണ്ട്. അണക്കെട്ട് പണിയുന്നതിനു വര്‍ഷങ്ങള്‍ക്കു മുൻപേ നിര്‍മിച്ചതാണ് ഈ ബംഗ്ലാവ്. ഇവിടെനിന്ന് നോക്കിയാല്‍ മലയുടെ മുകളില്‍നിന്ന് ചെറുവെള്ളച്ചാട്ടങ്ങളുടെ അകമ്പടിയോടെ രാജകീയമായി പതിക്കുന്ന ശിരുവാണി വെള്ളച്ചാട്ടം കാണാം. അണക്കെട്ടിന്റെ കിഴക്കുഭാഗത്തുള്ള മുത്തികുളം കുന്നിലാണ് വെള്ളച്ചാട്ടം. കോടമഞ്ഞും മഴയും തണുത്തകാറ്റുമേറ്റ് ആനയും പുലിയും കാട്ടുപോത്തും കരടിയുമുള്ള കാട്ടില്‍ ഒരു രാത്രി താമസിക്കുകയെന്നത് ഏതോരു സഞ്ചാരിയുടെയും സ്വപ്നമാണ്. അത് പൂവണിയും വിധമാണ് സായിപ്പ് ഈ ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്.

ആ കല്ലറ തേടി

മുത്തികുളം കുന്നിൻ മുകളിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ആയുധവിമാനം തകര്‍ന്നുവീണിരുന്നത്രേ. അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമവിടെ ഉണ്ടെന്നാണ് ആദിവാസികള്‍ പറയുന്നത്. വിമാനം കിടക്കുന്നിടത്ത് എത്താന്‍ കൊടുംകാട്ടിലൂടെ 21 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കണം. ഏതായാലും ആ റിസ്‌ക് ഏറ്റെടുത്തില്ല. ശിരുവാണി വനത്തിലെ ഉറവകളില്‍നിന്നും ഉദ്ഭവിക്കുന്ന ജലം ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും രുചിയുള്ള വെള്ളമാണെന്നാണു പറയപ്പെടുന്നത്. അങ്ങനെയാണോ എന്നറിയാൻ വെള്ളം രുചിച്ച് നോക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ജോണ്‍ ഹണ്ട് കൊല്ലപ്പെട്ട കഥകള്‍ സത്യമാണോയെന്ന് പലയിടത്തും അന്വേഷിച്ചു. ആര്‍ക്കും കൃത്യമായ ഒരു ഉത്തരം നൽകാൻ കഴിഞ്ഞില്ല.

siru3

യഥാർത്ഥ കഥയുടെ ചുരുളഴിയുന്നു

അണക്കെട്ടിന്റെ താഴ്‌വാരത്തുകൂടി പോകുന്ന റോഡിലൂടെ കേരള-തമിഴ്നാട് അതിര്‍ത്തിയായ കേരളമേട്ടിലേക്കു യാത്ര തുടര്‍ന്നു. ശക്തമായ മഴയ്ക്കു മുന്നോടിയായെന്നോണം ചെറുതായി ചാറ്റലുണ്ട്, കൂടെ കാറ്റും. കാട് ശാന്തത വെടിഞ്ഞുതുടങ്ങിയിരുന്നു. കൊടുംകാട്ടിലൂടെയാണ് യാത്ര. രാത്രിനേരങ്ങളിലെ അപകടകാരികളായ മൃഗങ്ങള്‍ നിരത്തിലിറങ്ങാറുള്ളൂ. അതുകൊണ്ട് തന്നെ രാത്രി ഇതുവഴിയുള്ള സഞ്ചാരം വിലക്കിയിട്ടുമുണ്ട്. കേരളമേട്ടില്‍നിന്ന് 30 കിലോമീറ്റര്‍ യാത്രയേയുള്ളൂ കോയമ്പത്തൂരിലേക്ക്. പക്ഷേ, കേരളമേട് ചെക്ക്പോസ്റ്റ്് വരെ മാത്രമേ വാഹനം അനുവദിക്കൂ. ഏഴുമലകള്‍ താണ്ടി ശിവനെ കാണാന്‍ തമിഴര്‍ എത്തുന്ന വെള്ളിക്കിരി ക്ഷേത്രവും കോയമ്പത്തൂര്‍ നഗരവും കാണാന്‍ ചെക്ക്പോസ്റ്റ് കടന്ന് അതിര്‍ത്തിയിലുള്ള കുന്നിന്‍മുകളിലേക്കു നടന്നു. ആനത്താരയാണ് ഈ കുന്ന്. ആനയെ പിടിക്കാന്‍ നിരോധനം വരുന്നതിന് മുമ്പുള്ള വാരിക്കുഴികളും ഇവിടെയുണ്ട്. വനം കൊള്ളക്കാരന്‍ വീരപ്പന്‍ കുറേക്കാലം ഒളിവില്‍ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. കുന്നുകള്‍ കയറിയിറങ്ങി നടക്കുന്നതിനിടെ ഒരു വൃദ്ധനെ കാണാനിടയായി. അയാളോട് ജോണ്‍ ഹണ്ടിനെക്കുറിച്ച് തിരക്കിയപ്പോള്‍ യഥാര്‍ഥ കഥ പറഞ്ഞു തന്നു. സായിപ്പ് നല്ലവനായിരുന്നുവെന്നാണ് അയാളുടെ പക്ഷം.

siru 6

''സായിപ്പിനെ കൊന്ന് വെട്ടിമൂടിയ സ്ഥലത്തിന് കല്ലറയെന്നാണ് പേര്. കൊടുംകാട്ടിനുള്ളിലുള്ള ഈ സ്ഥലത്തേക്ക് പണ്ട് ആളുകള്‍ പോകാറുണ്ടായിരുന്നു. പോയ പലര്‍ക്കും അപകടങ്ങള്‍ സംഭവിച്ചതില്‍ പിന്നെ ആരും അങ്ങോട്ടു പോകാതായി. സായിപ്പിന്റെ പ്രേതമുണ്ടെന്നാണ് പറയുന്നത്. പുതിയ തലമുറയില്‍പ്പെട്ടവരില്‍ അങ്ങോട്ടുള്ള വഴി അറിയാവുന്നവര്‍ ചുരുക്കമാണ്.'' ആ കഥ പറഞ്ഞ ശേഷം അയാൾക്ക് ഒരു സംശയം, ''പട്ടണത്തില്‍ താമസിക്കുന്ന നിങ്ങള്‍ എങ്ങനെയാണ് ഇതോക്കെ അറിഞ്ഞത്? ''സായിപ്പ് വിളിച്ചിട്ട് വന്നതാ അപ്പൂപ്പാ... എന്നും പറഞ്ഞ് അദ്ദേഹത്തിനായൊരു ചെറു പുഞ്ചിരി സമ്മാനിച്ച് ആ കുന്നിറങ്ങി. അപ്പോഴും അയാള്‍ ഒന്നും മനസിലാവാതെ അവിടെ തന്നെ ഞങ്ങളെ നോക്കി നില്‍പ്പുണ്ടായിരുന്നു.