Friday 26 February 2021 11:34 AM IST : By ഗൗതം

അർധരാത്രിയിൽ അപകടത്തിൽ പെട്ടവരോട് ജാതി ചോദിക്കുന്ന മഹാനഗരം, കണ്ടില്ലെന്നു നടിച്ച മലയാളി, ജയ്സൽമേറിൽ സ്ഥിരതാമസമാക്കിയ അമേരിക്കക്കാരി... ഇന്ത്യ–നേപ്പാൾ പര്യടനത്തിൽ കണ്ട ചില മനുഷ്യർ

Gou 3

മൂന്നരമാസം കൊണ്ട് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളും നേപ്പാളിലെ പോക്ര, മുക്തിനാഥ്, കാഠ്മണ്ഡു പ്രദേശങ്ങളും ബൈക്കിൽ സഞ്ചരിച്ചെത്തിയ ഗൗതത്തിനു പ്രചോദനമായത് റൈഡിങ്ങിന്റെ രസമല്ല, മറിച്ച് ദേശാന്തരങ്ങളിൽ കണ്ടുമുട്ടുന്ന പലതരം മനുഷ്യരും അവരുടെ ജീവിതവുമായിരുന്നു. ട്രെയിൻ യാത്രകളിൽ ഡസ്റ്റിനേഷനുകൾക്കിടയിൽ നഷ്ടമാകുന്ന ഒരുപാട് ഗ്രാമങ്ങളും ഗ്രാമീണ ജീവിതങ്ങളും ഉണ്ടെന്നുള്ള തിരിച്ചറിവാണ് ബൈക്ക് പര്യടനത്തിലേക്കു വഴി തെളിച്ചത്. ഭാഷാപരമായ കടമ്പകൾ മറികടക്കാൻ ഏറ്റവും വലിയൊരു ആയുധം ഗൗതം തന്നെ കണ്ടെത്തി, പുഞ്ചിരി... നിർമലമായ ചിരി മാത്രം മതി ഏതൊരു അപരിചിതനെയും നമുക്കു സ്വന്തക്കാരനാക്കാം എന്ന് ‍ ബോധ്യമായി. അങ്ങോട്ടു യാതൊരു പരിധിയുമില്ലാതെ, നല്ല ചിന്തകളോടെ മാത്രം ഇടപെടുക... തിരിച്ചും അതേ പെരുമാറ്റം ലഭിക്കും. യാത്രയിൽ കണ്ടുമുട്ടിയ പല തരം ആളുകളെപ്പറ്റിയുള്ള അനുഭവങ്ങൾ ഗൗതം പങ്കു വയ്ക്കുന്നു.

ഒപ്പം പുറപ്പെട്ട മഴ

Gou 2

2019 ജൂലൈ 29 ന് യാത്ര തുടങ്ങുമ്പോൾ മനസ്സിൽ വലിയ പ്ലാനിങ്ങൊന്നും ഇല്ല. ഏകദേശം ഈ സ്ഥലങ്ങളൊക്കെ സന്ദർശിക്കണം, ഈ വഴിയാകണം യാത്ര എന്നൊരു ധാരണമാത്രം. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് അതിരപ്പിള്ളി, വാൽപാറ, കൂനൂർ, ഊട്ടി, ജോഗ് ഫാൾസ്, ഷിമോഗ വഴി ഗോവയിലേക്ക്... ഊട്ടി എത്തുമ്പോൾ സഹയാത്രികനായി എത്തിയ മഴ ഗോവയിൽ പെരുമഴയായി.

ഗോവ–മുംബൈ ദേശീയപാത പകുതി ഭാഗം വെള്ളത്തിലാണ്. ബൈക്കിൽ മുന്നോട്ടു പോകാവുന്നിടത്തോളം ചെന്നു, ദേശീയപാതയിൽ വെള്ളമിറങ്ങി ഗതാഗതം പുനസ്ഥാപിക്കാൻ കാത്തുകിടക്കുന്ന ട്രക്കുകളുടെ നീണ്ട നിര... അന്നത്തേക്ക് അവിടെ ഒരു ഹോംസ്‌റ്റേയിൽ മുറി സംഘടിപ്പിച്ചു. പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് നിങ്ങളുടെയാണോ കേരള റജിസ്ട്രേഷൻ വണ്ടി? എവിടെ പോകുന്നു എന്നൊക്കെ അന്വേഷിച്ചു. ഒരു മലയാളിയെ കണ്ടുമുട്ടിയല്ലോ. കാര്യം പറഞ്ഞപ്പോൾ നമുക്ക് ട്രക്ക് ഡ്രൈവർമാരോട് അന്വേഷിക്കാം, സ്ഥിതിഗതികൾ ആദ്യം അറിയുന്നത് അവരായിരിക്കും എന്നു പറഞ്ഞു. അദ്ദേഹം ഇവിടെയൊരു ബാങ്കിൽ ജോലിക്കാരനാണ്. ഞങ്ങൾ കുറേ ദൂരം സഞ്ചരിച്ച് പല ട്രക്ക് ഡ്രൈവർമാരോടും തിരക്കി. വെള്ളം ഇറങ്ങി, വഴിയിൽ കാര്യമായ തടസങ്ങളില്ല, പക്ഷേ റോഡ് മുഴുവൻ തകർന്നു കിടക്കുകയാണ് എന്നറിഞ്ഞു.

‘നിങ്ങളേതു ജാതിക്കാരാ?’

Gou 5

രാവിലെ7–8 മണിക്ക് ആ ഗ്രാമത്തിൽ നിന്നു യാത്ര പുറപ്പെട്ടതാണ്. വഴിയിലുടനീളം തോരാതെ പെയ്യുന്ന മഴ, തകർന്നു തരിപ്പണമായ റോഡ്. മുംബൈയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മഹാനഗരത്തിലേക്ക് അടുക്കുമ്പോൾ നേരം പാതിര ആയി. രാത്രി യാത്ര ചെയ്യില്ല എന്നായിരുന്നു പര്യടനം തുടങ്ങുന്നതിനു മുൻപു നിശ്ചയിച്ചിരുന്നത്. എങ്കിലും ആ സാഹചര്യത്തിൽ മുന്നോട്ടു പോകാതിരിക്കാനാകില്ല. വഴിയിലെങ്ങും താമസസൗകര്യം ഇല്ല. എങ്ങനെയും സുഹൃത്തിന്റെ വീട്ടിൽ എത്തിയേ പറ്റു. നഗരാതിർത്തിയിൽവച്ച് സുഹൃത്തിനെ വിളിച്ചപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ അവൻ എത്തി.

രാത്രി ഒരു മണി അടുക്കുമ്പോഴും ആ വഴിയിൽ ട്രാഫിക് ഉണ്ട്. പതിനാറു മണിക്കൂറോളമായി വണ്ടി ഓടിക്കുന്നതിന്റെ തളർച്ചയുണ്ടെങ്കിലും സുഹൃത്തിനെ കണ്ടതിന്റെ സമാധാനത്തിൽ അൽപം റിലാക്സ് ചെയ്താണ് വണ്ടി ഓടിക്കുന്നത്. സുഹൃത്തിനെ പിന്തുടരുന്നതിനിടയിൽ ഒരു സ്ഥലത്തു പെട്ടന്നു സഡൻ ബ്രേക്ക് ചെയ്തപ്പോൾ വണ്ടി സ്കിഡായി, മറിഞ്ഞു. ആ തെരുവിൽ നിന്നിരുന്ന രണ്ടുപേർ ഓടി വന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു. അവരുടെ ആദ്യ ചോദ്യം ഇന്നും എന്നെ അന്ധാളിപ്പിക്കുന്നു... ‘‘നിങ്ങൾ ഏതു ജാതിക്കാരാ?’’ എന്നായിരുന്നു അവരുടെ കുശലപ്രശ്നം!

മലയാളിയുടെ പ‍ഞ്ചർഷോപ്പ്

സൂറത്തിൽ നിന്ന് അഹമ്മദബാദിലേക്കുള്ള യാത്ര.... വഴിമധ്യേ ബൈക്കിന്റെ ടയർ പൊട്ടി. റ്റ്യൂബ് ലെസ് ടയർ ആയിരുന്നു. 80 കിമീ വേഗതയിൽ സഞ്ചരിക്കുന്ന വണ്ടിയുടെ നിയന്ത്രണം വിട്ടു. ഉടനെ ഒരു ചളിക്കുണ്ടിലേക്ക് ബൈക്ക് ഓടിച്ചിറക്കി. പിന്നാലെ വന്ന ആൾക്കാർ ഓടിവന്ന് ബൈക്ക് വലിച്ചു കയറ്റി. ഒരാൾ ബൈക്കിലെ ബാഗെടുത്ത് തന്റെ ആക്ടിവയിൽ വച്ച് കൂടെ വരാൻ പറഞ്ഞു. വേറെ രണ്ടുപേർ വണ്ടി ഉന്തി സഹായിച്ചു. സമീപത്തുള്ള പഞ്ചർകടയിൽ എത്തി, അവർ കൈ മലർത്തി, ട്യൂബ് ലെസ് ടയർ പഞ്ചറൊട്ടിക്കാനുള്ള സംവിധാനങ്ങളൊന്നും അവർക്കില്ലത്രേ... കടയിലെ പ്രധാനിയുടെ മറുപടി കേട്ട് വിഷമിച്ച് നിൽക്കെ അയാൾ അകത്തേക്ക് നോക്കി സഹായിയോടു പറയുന്നു, ‘‘ ഇതു നമ്മടെ ചെക്കനാ. അവിടെ നിന്ന് വണ്ടി ഓടിച്ച് വരികയായിരിക്കും.’’ ഹോ! ഇതിൽപരം എന്തു സന്തോഷം. അന്യനാട്ടിൽ ഒരു വിഷമഘട്ടത്തിൽ നമ്മുടെ സ്വന്തം നാട്ടുകാരെ കാണുന്നതിനെക്കാൾ എന്താണ് വേണ്ടത്... പക്ഷേ, അവിടെനിന്ന് സഹായമൊന്നും കിട്ടിയില്ലെന്നു മാത്രമല്ല മലയാളി എന്ന പരിഗണനപോലും അവർ നൽകിയില്ല.

Gou 1

പഞ്ചർ കട തേടി സഞ്ചാരം തുടർന്നു. മുൻപിൽ ഹിന്ദിക്കാരൻ ഭയ്യ എന്റെ ബാഗുമായി ആക്ടിവയിൽ. പിന്നാലെ വണ്ടിയുമുന്തി ‍ഞാൻ. ആ ബാഗിലാണ് എന്റെ ഫോണും പേഴ്സും പണവും എടിഎം കാർഡും എല്ലാം. അതെങ്ങാനും നഷ്ടമാകുമോ എന്നൊരു ഭയം മനസ്സിലുണ്ട്. നിമിഷങ്ങൾക്കുള്ളിൽ ആ ആക്ടിവ എന്റെ മുന്നിൽനിന്ന് അപ്രത്യക്ഷമായി. ഭയന്നതുപോലെ ബാഗ് നഷ്ടമായോ... മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ വണ്ടിയുമുന്തി മുന്നോട്ടു നീങ്ങിയപ്പോൾ കുറച്ചപ്പുറം ഒരു പഞ്ചർ കടയിൽ ഇങ്ങോട്ടു വാ എന്നു കൈവീശി വിളിച്ചുകൊണ്ട് അയാൾ നിൽപ്പുണ്ട്. എന്റെ നല്ല ജീവൻ തിരികെ കിട്ടി. ടയർ ശരിയാക്കി വണ്ടിയും ഞാനും ഒ കെ ആണെന്ന് ഉറപ്പാക്കിയ ശേഷമേ അയാൾ തിരിച്ചു പോയുള്ളു.

ജയ്സൽമേറിൽ സ്ഥിരതാമസമാക്കിയ അമേരിക്കക്കാരി

അഹമ്മദാബാദും കച്ചും മൗണ്ട് അബുവും കണ്ട ശേഷമാണ് ജയ്സൽമേറിൽ എത്തിയത്. ജയ്പുർ, ഉദയ്പുർ, ബിക്കനിർ ഒക്കെ മുൻപ് പലപ്പോഴായി പോയ സ്ഥലങ്ങളാണ്. എന്നാൽ ഥാർ മരുഭൂമി കുട്ടിക്കാലം മുതലേ കേട്ടിട്ടുണ്ടെങ്കിലും കാണാൻ ഒരവസരം ഉണ്ടായിട്ടില്ല. ഏറ്റവും തണുപ്പിൽനിന്ന് ചൂടിലേക്കുള്ള യാത്ര തന്നെ ഒരു അനുഭവമായിരുന്നു. അൽപദൂരം സഞ്ചരിച്ചപ്പോഴേക്ക് ഡൽഹിയിൽനിന്ന് പഴയ ഓട്ടോകൾ സംഘടിപ്പിച്ച് സ്വയം ഡ്രൈവ് ചെയ്തുവരുന്ന വെള്ളക്കാരുടെ സംഘങ്ങളെ കാണാൻ തുടങ്ങി. ദക്ഷിണാഫ്രിക്കയിൽനിന്നും ഓസ്ട്രേലിയയിൽനിന്നും ഉള്ളവരായിരുന്നു അവർ. ക്രമേണ ചൂടു കൂടി, പച്ചപ്പു മാഞ്ഞു തുടങ്ങി, ഒട്ടകങ്ങളെ കാണാനായി, മണ്ണിന്റെ സ്വഭാവം മാറി... മരുഭൂമിയിലേക്ക് അടുത്തു.

Gou 4

ജയ്സൽമേർ എന്നത് മരുഭൂമിയുടെ നടുവിൽ ഒരു കോട്ടയും അതിനു ചുറ്റും ഒരു ചെറു നഗരവുമാണ്. ഗാഡിസർ തടാകതീരത്ത് നടക്കുമ്പോഴാണ് ഒരു വിദേശവനിതയെ കണ്ടുമുട്ടിയത്. അമേരിക്കക്കാരിയായ അവർ മകൻ റോബർട്ടുമൊത്ത് ജയ്സൽമേറിൽ സ്ഥിരതാമസമാണ്. മാസത്തിൽ ഒരിക്കലോ മറ്റോ അവർ യുഎസ്സിലേക്കോ ഗോവയിലേക്കോ ഒരു ചെറിയ യാത്ര, ബാക്കി സമയം മുഴുവൻ ഇവിടെയുണ്ടാകും. ‘‘ജീവിതച്ചെലവ് മറ്റേതു സ്ഥലത്തേക്കാളും കുറവാണ് ഇവിടെ, മാത്രമല്ല ജനങ്ങൾ അങ്ങേയറ്റം നല്ലവർ. സുരക്ഷിതത്വ ഭീഷണിയേ ഇല്ല’’; എന്റെ ആകാംക്ഷ കണ്ടിട്ട് അവർ കൂട്ടിച്ചേർത്തു. അവർ പറഞ്ഞകാര്യങ്ങളെല്ലാം ശരിയായിരുന്നു എന്ന് അടുത്ത ദിവസങ്ങളിൽ മനസ്സിലായി. തിരക്കുപിടിച്ച തടാകതീരത്തോ മറ്റു സ്ഥലങ്ങളിലോ ബൈക്ക് വച്ചിട്ട് പോയാൽ ആരും അതൊന്നു തൊട്ടുനോക്കുക പോലും ചെയ്യില്ല എന്ന് അനുഭവത്തിൽ ബോധ്യമായതാണ്. ജയ്സൽമേറിൽനിന്ന് ഉദയ്പുർ, ഡൽഹി, ചണ്ഡിഗഡ് വഴി ഹിമാചൽ പ്രദേശിലെ മാണ്ഡിയിലേക്ക് ബൈക്ക് കുതിച്ചു. പിന്നീട് ഹിമാലയത്തിന്റെ തണുപ്പിൽ നിന്ന് നേപ്പാളും തുടർന്ന് ബീഹാറിലൂടെ ഇന്ത്യയിലെത്തി നോർത്തി ഈസ്‌റ്റ് സംസ്ഥാനങ്ങളിലേക്കും.