Monday 02 December 2019 02:12 PM IST : By Text: Brijin Blessen

വലിയ പണച്ചിലവില്ല, മനസ്സ് കൂൾ ആക്കാം; സെന്റ് മേരീസ് ദ്വീപ്, ഗോകർണ, യാന എന്നിവിടങ്ങളിലേക്ക് ഒരു യാത്ര!

04-St-mary_s-island
Photos: Brijin Blessen

കൂട്ടുകാരുമൊത്ത് ഒരു ബാച്ചിലർ യാത്ര. പ്ലാൻ മനസ്സിൽ മൊട്ടിട്ടപ്പോഴേ എവിടേയ്ക്ക് വേണം എന്നതായി ചർച്ച. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളായും യാത്രാവിവരണങ്ങളായും നിറയുന്ന സെന്റ് മേരീസ് ദ്വീപ്, ഗോകർണ, യാന എന്നീ സ്ഥലങ്ങൾ ലക്ഷ്യങ്ങളായി ഉറപ്പിച്ചു. പക്കാ ബാച്ചിലർ ട്രിപ്പ്. എറണാകുളത്തു നിന്ന് രാത്രി 8.30 നുള്ള കൊച്ചുവേളി - ഭാവ്നഗർ എക്സ്പ്രസ്സ് ട്രെയിനിൽ നാല് സ്ലീപ്പർ ടിക്കറ്റ് എടുത്തു. കാര്യമായ പാക്കിങ് ഒന്നുമില്ല, ടെന്റും സ്ലീപ്പിങ് ബാഗും മൂന്ന് ജോഡി ഡ്രസ്സും മാത്രം. ഞാൻ (ബ്രിജിൻ), സ്കിബി, ഹരി, അൽതാഫ് ഞങ്ങളുടെ വീക്കൻഡ് ബാച്ചിലർ വെക്കേഷൻ ടൂർ പതിവുപോലെ ഇന്ത്യൻ റെയിൽവേയിൽ ലേറ്റായി പുറപ്പെട്ടു. 

രാവിലെ 6 .18 നാണു ഉഡുപ്പി സ്റ്റേഷൻ അറൈവൽ ടൈം, അതുകൊണ്ടു 5 .30 നു അലാറം വച്ച് എഴുന്നേറ്റു ഫ്രഷായി. ലേറ്റായി തുടങ്ങിസെങ്കിലും ഓൺ ടൈമിൽ ഉഡുപ്പി സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷനിൽ നിന്നും ഓരോ കോഫിയും കുടിച്ചു ഉഡുപ്പി ബസ് സ്റ്റാൻഡിലേക്ക് നടന്നു. ബസ് സ്റ്റാൻഡിൽ എത്തിയതും ഒരു കണ്ടക്ടർ മാൽപേയ് പോർട്ടിലേക്കുള്ള ബസ് കാണിച്ചു തന്നു. ധാരാളം ചെറുപ്പക്കാർ അടുത്തിടെയായി കേരളത്തിൽ നിന്നു സെന്റ് മേരീസ് ദ്വീപ് സന്ദർശിക്കുന്നുണ്ട്. ആൾക്ക് 10 രൂപ ടിക്കറ്റ്, ഇരുപതു മിനിറ്റ് കൊണ്ട് പോർട്ട് സ്റ്റാൻഡിൽ ബസ് എത്തി.

സെന്റ് മേരീസ് ദ്വീപിലേക്ക്

05-St-mary_s-island

സെന്റ് മേരീസ് ദ്വീപിലേക്കുള്ള പ്രവേശനം സർക്കാർ ഉടമസ്ഥതയിലുള്ള ബോട്ട് സർവീസ് മുഖേനയാണ്. സ്റ്റാൻഡിൽ നിന്നു 10 മിനിറ്റ് നടന്നാൽ ബോട്ട് സർവീസ് സെന്ററിൽ എത്താം. മാൽപേയ് പോർട്ട് അത്യാവിശം തിരക്കേറിയ തുറമുഖമാണ്. ധാരാളം മൽസ്യബന്ധന ബോട്ടുകൾ ഇവിടെ നങ്കുരം ഇട്ടിട്ടുണ്ട്. ഞങ്ങൾ ബോട്ട് കൗണ്ടറിൽ എത്തിയതും അടുത്ത ബോട്ടിനുള്ള ക്യു തുടങ്ങി, ആൾക്ക് 250 രൂപയാണ് ബോട്ട് ചാർജ്. ടിക്കറ്റ് എടുത്തെങ്കിലും ബോട്ട് ഉടനെ സ്റ്റാർട്ട് ചെയ്യികയില്ല. കുറഞ്ഞ്ത് 50 പേരെങ്കിലും വേണം ബോട്ട് പുറപ്പെടാൻ. കൗണ്ടറിനു മുന്നിലായി ഒരു നടപ്പാത ഉണ്ട്. പാത അവസാനിക്കുന്നിടത്ത് ചെന്നാൽ സെന്റ് മേരീസ് അടക്കം ചില ചെറുദ്വീപുകൾ പൊട്ടുപോലെ കാണാൻ സാധിക്കും.

സഞ്ചാരികൾ ധാരാളം വന്നു തുടങ്ങി, അങ്ങനെ ഏകദേശം അര മണിക്കൂർ ദൈർഘ്യമുള്ള ബോട്ട് യാത്ര ആരംഭിച്ചു. വലിയ ബോട്ട് ആയതുകൊണ്ട് ദ്വീപ് എത്തുന്നതിനു മുമ്പ് ആളുകളെ വോറൊരു ചെറിയ ബോട്ടിൽ കയറ്റിയാണ് അവിടെ എത്തിക്കുക. സമാനതകളില്ലാത്ത സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ദ്വീപ്. അഗ്നിപർവത സ്ഫോടനത്തിൽ പുറന്തള്ളപ്പെട്ട ലാവ തണുത്തുറഞ്ഞുണ്ടായ കൃഷ്ണശിലകൾ (Basaltic Rock) നിറഞ്ഞ ഒരു ദ്വീപ്ാണ് സെന്റ് മേരൂസ് എന്ന് ചരിത്രം. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഇന്ത്യയിലേക്കുള്ള യാത്രയിൽ വാസ്കോഡഗാമ ഇവിടം സന്ദർശിച്ചിരിന്നു എന്നും കരുതപ്പെടുന്നു. 

പച്ചപുതച്ച തെങ്ങിൻത്തോപ്പുകളും, കറുത്ത ചെറുതും വലുതുമായ പാറക്കെട്ടുകളും, നീലാകാശവും, നിറഞ്ഞ നീലനിറത്തിലുള്ള കടൽത്തീരവുമാണ് ദ്വീപിനെ കൂടുതൽ സുന്ദരമാക്കുന്നത്. ദ്വീപിന്റെ ഒരു ഭാഗത്തു മണൽ ഇല്ല, ഷെൽസ് മാത്രമേയുള്ളു. കടലിലെ വെള്ളത്തിന്റെ അടിയിൽ വരെ ഒരുതരി മണൽ ഇല്ല. കത്തുന്ന വെയിലായിരുന്നെങ്കിലും വെള്ളത്തിന് നല്ല തണുപ്പായിരുന്നു, ഒന്ന് കുളിച്ചു കേറിയപ്പോളേക്കും നല്ല ഉന്മേഷം കിട്ടി. അങ്ങനെ ഫോട്ടോഷൂട്ടും ദ്വീപിലെ കുളിയുമായി മൂന്ന് മണിക്കൂറോളം അവിടെ ചിലവഴിച്ചു.

സെന്റ് മേരീസ് ഐലൻഡ് എന്ന സുന്ദരിയെ അടുത്തറിഞ്ഞ ശേഷം 12 മണിയോടെ തിരിച്ചു മാൽപേയിലേക്ക് ബോട്ട് കയറി. പിന്നീട് അവിടുന്നു ഉഡുപ്പി റെയിൽവേ സ്റ്റേഷനിലേക്കും. ശേഷം കാഴ്ചകള്‍ തേടി ഗോകർണയിൽ.

18-Gokarna

ഹിപ്പികളുടെ പറുദീസ

ഗോകർണയിലേക്കുള്ള ട്രെയിൻ ഉച്ചക്ക് 2.20 നാണ്. സ്റ്റേഷനിൽ എത്തിയതും ടിക്കറ്റ് എടുത്തു പിന്നീട് ക്യാന്റീനിൽ നിന്ന് ഉച്ചഭക്ഷണവും. ട്രെയിൻ ഓൺ ടൈം ആയിരുന്നു, ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും മുരുഡേശ്വർ എത്തി. ഞാൻ ഹരിയെ ഒന്ന് നോക്കി ഹരി എന്നെ നോക്കി ഒന്ന് ചിരിച്ചു, മറ്റൊന്നുമല്ല, നാലു കൊല്ലം മുമ്പ് ഞാനും ഹരിയും ഒരു ബൈക്ക് ട്രിപ്പ് നടത്തിരുന്നു. ഞങ്ങളുടെ ആദ്യത്തെ ലോങ്ങ് റൈഡ്, അന്ന് ഞങ്ങൾ കൊച്ചിയിൽ നിന്നു ചിക്മഗളൂർ, ഷിമോഗ, ജോഗ് ഫാൾസ്, മുരുഡേശ്വർ, കുടജാദ്രി കവർ ചെയ്തു. അങ്ങനെ മുരുഡേശ്വറിലെ കാഴ്ചകൾ അൽതുവിനോടും സ്കിബിയോടും പങ്കുവച്ചുകഴിഞ്ഞപ്പോഴേക്കും ഹിപ്പികളുടെ പറുദീസയായ ഗോകർണ എത്തി. 

മുൻകൂട്ടി നിശ്ചയിച്ചതുപോലെ കുടല് ബീച്ചിൽ സ്റ്റേ ചെയ്യുന്നതിന് വേണ്ടി സ്റ്റേഷനിൽ നിന്ന് ബീച്ചിലേക്ക് ഓട്ടോ എടുത്തു.  സമയം വൈകുന്നേരം 6.30 കഴിഞ്ഞു. ബീച്ച് ലൈവ് ആയി തുടങ്ങുന്നതേയുള്ളു ചുറ്റും ധാരാളം ഷാക്കുകൾ (ബീച്ചിനോട് ചേർന്നുള്ള റസ്റ്ററന്റും സ്റ്റേയുമുള്ള ഷോപ്പുകളാണ് ഷാക്ക്) കാണാം. ആദ്യം ഒരു മുറി തരപ്പെടുത്തണം, അതിനായ് ഓരോ ഷാക്കുകളും ഞങ്ങൾ കേറിയിറങ്ങി. ലോങ്ങ് വീക്കെൻഡ് ആയതുകൊണ്ട് മുറി കിട്ടാൻ സാധ്യത കുറവാണെന്നു ഓട്ടോ ഡ്രൈവർ സൂചിപ്പിച്ചിരുന്നു. ഒടുവിൽ ഒരു ഡബിൾ റൂം കിട്ടി, ഞാനും സ്കിബിയും ബീച്ചിൽ ടെന്റ് കെട്ടി കിടക്കാൻ തീരുമാനിച്ചു. മുറിയിൽ കാര്യമായ് ഒന്നും തന്നെയില്ല ഒരു ബെഡ് ഫാൻ പ്ലഗ്പോയ്ന്റ്റ് പിന്നെ കോമണ്‍ ടോയ്‌ലറ്റ്. സാധാരണ 300 രൂപയ്ക്കു കിട്ടുന്ന മുറിയാണ് 600 രൂപയ്ക്കു എടുത്തത്. റൂമിൽ എത്തിയ ഉടനെ തന്നെ കുളിച്ചു ഫ്രഷായി, ഇനി ബൈക്ക് വാടകയ്ക്ക് എടുക്കണം. എങ്കിൽ മാത്രമേ അടുത്ത ദിവസത്തെ പ്ലാനിങ്  നടക്കൂ. സ്റ്റേഷനിൽ നിന്ന് വരുന്നവഴിക്കു രണ്ടുമൂന്ന് റെന്റ് എ ബൈക്ക് ഷോപ്പിൽ കയറി. പക്ഷേ, വണ്ടികൾ എല്ലാം ഓട്ടത്തിലായതുകൊണ്ടു ആരും ഉറപ്പു പറഞ്ഞില്ല. ഗോവ പോലെ റെന്റ് എ ബൈക്ക് ഇവിടെയത്രയില്ല. അങ്ങനെ ഞങ്ങൾ ടൗണിൽ എത്തി ബൈക്കിനു വേണ്ടി അലഞ്ഞു. ഒടുവിൽ ഒരു ചേച്ചി പിറ്റേദിവസം രാവിലെ രണ്ടു ആക്ടിവ തരപ്പെടുത്തി തരാമെന്നു സമ്മതിച്ചു. ഇവിടെ പലരുടേയും ഉപജീവനമാണ് ഹോം സ്റ്റേ, റെന്റ എ ബൈക്ക്, നൈറ്റ് ഷാക്ക് തുടങ്ങിയവ.

16-Gokarna

ഭക്തിയും പാർട്ടിയും 

നല്ല വിശപ്പ് എന്തെങ്കിലും കഴിക്കാനായി റെസ്റ്റോറന്റ് തപ്പിയപ്പോഴാണ് മനസിലായത് ഒന്നുരണ്ടു ബാർ അറ്റാച്ചിട് ഹോട്ടലിൽ അല്ലാതെ എങ്ങും നോൺ വെജ് കിട്ടില്ല. ശ്രീ മഹാഗണപതി ക്ഷേത്രവും ശ്രീ മഹാബലേശ്വര ക്ഷേത്രവും ഗോകർണ ടൗണിലെ പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളാണ്. ഇവയെ ചുറ്റിപ്പറ്റിയാണ് അവിടുത്തെ ജനജീവിതവും കടകമ്പോളങ്ങളും. പരമ്പരാഗത ശൈലിയിലുള്ള ഇല്ലം പോലത്തെ വീടുകളും കൂട്ടുകുടുംബങ്ങളും ആണ് ഉള്ളത്. മിക്ക വീടുകളിലും അമ്പലനട പോലെയുള്ള വലിയ പൂജാമുറികളും കാണാം.

ഗോകർണ ടൗൺ തികച്ചും ഭക്തിസാന്ദ്രമാണ്, എന്നാൽ ഇതിനു പുറകിൽ സ്ഥിതി ചെയ്യുന്ന ബീച്ചുകളിലെ കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ്. രാത്രി ഭക്ഷണത്തിനു ശേഷം ഞങ്ങൾ ബീച്ചിൽ എത്തി. ഗോകർണ ടൗണിൽ നിന്നു ഏഴു കിലോമീറ്റർ ദൂരമുണ്ട്   കുടല് ബീച്ചിലേക്ക്. സമയം രാത്രി 9 .30 ബീച്ച് ലൈവായി, ഒട്ടുമിക്ക ഷാക്കുകളും ഫുൾ ആണ്. ബീച്ചിന്റെ പല ഭാഗത്തായി വിദേശികളും സ്വദേശികളും കൂട്ടംകൂടി പാട്ടും നൃത്തവുമായി മതിമറന്നു ആഘോഷിക്കുന്നു. എങ്ങും ഒരേ പുകയുടെ മണം, ആൺപെൺ ഭേദമില്ലാതെ അവർ ജീവിതം ആസ്വദിക്കുന്നു. മിക്കവരും ഗ്ലോ സ്റ്റിക് ബാൻഡുകൾ ധരിച്ചിട്ടുണ്ട്. അങ്ങനെ ബീച്ച് കൂടുതൽ കളർഫുൾ ആയികൊണ്ടിരുന്നു. 12 മണിയോടെ ഷാക്കിലെ കിച്ചൻ ക്ലോസ് ചെയ്തുതുടങ്ങും, അതിനു മുമ്പ് ഞങ്ങൾ ഓരോ ഓം സ്പെഷൽ പീറ്റ്സ ഓഡർ ചെയ്തു. സമയം 1 .30 കഴിഞ്ഞു അപ്പോഴും കടൽ തിരകൾക്കൊപ്പം കളിക്കുന്ന യുവതികളെക്കാണാം, എല്ലാവരുടെയും മുഖത്തു സ്വാതന്ത്ര്യത്തിന്റെ സന്തോഷം മാത്രം.

അൽത്താഫും ഹരിയും റൂമിലേക്കുപോയപ്പോൾ ഞാനും സ്കിബിയും ബീച്ചിൽ തന്നെ ടെന്റ് അടിച്ചു ഉറങ്ങാനുള്ള വട്ടം കൂട്ടി. കടൽത്തിരമാലകളുടെ താരാട്ടുപാട്ടിൽ മണൽ മെത്തയിൽ നക്ഷത്ര പുതപ്പിനുള്ളിൽ സുഖനിദ്ര.

സ്ലീപ്പിങ്ബാഗില്നിന്നു പുറത്തുവന്നപ്പോൾ സമയം 6.30 കഴിഞ്ഞു. ഗോകർണ എന്നപേരിനെ അനുസ്മരിപ്പിക്കും വിധം പുലർച്ചെ ബീച്ചിൽ ധാരാളം ഗോക്കളെ കാണാൻ സാധിച്ചു. ഒരു കട്ടൻചായ കുടിച്ചപ്പോഴേക്കും ഹരിയും അൽതുവും വന്നു. പിന്നീട് ഒരുമിച്ച് ബീച്ച് വോളീബോൾ കളിച്ചു, വിദേശികൾ പലരും യോഗ, ജോഗിങ്, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നുണ്ട്.

07-Yana-caves

ബൈക്ക് എടുത്തു കറങ്ങാം

സമയം ഒട്ടുംകളയാതെ ടൗണിലേക്ക് പോയി. ആദ്യം ബൈക്ക് റെന്റിനെടുത്തു, ഒരു ബൈക്കിനു 600 രൂപ വീതം. പിറ്റേന്ന് രാവിലെ തിരിച്ചുകൊടുക്കണം. ഗോകർണയിൽ എത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും അറിയാതെപോകുന്ന കുറച്ചു കാഴ്ചകളുണ്ട്. ഗോകർണ ടൗണിൽ നിന്നു ഏകന്ദേശം 60 കിലോമീറ്റർ ദൂരെയുള്ള യാന ഗുഹകളും അതിനടുത്തുള്ള വിഭൂതി വെള്ളച്ചാട്ടവും തികച്ചും വ്യത്യസ്തമായ രണ്ടു കാഴ്ചകളാണ്.

ബ്രേക്ഫാസ്റിന് ശേഷം നേരെ യാനയ്ക് വച്ചുപിടിച്ചു. പോകും വഴി തിരിച്ചു നാട്ടിലേക്കു പോകാനുള്ള പൂർണ എക്സ്പ്രസ്സ്ന് ടിക്കറ്റും എടുത്തു. റെയിൽവേ സ്റ്റേഷനിൽ നിന്നു ഇറങ്ങുമ്പോൾ സമയം 10 .30 കഴിഞ്ഞു, റോഡ്മാർഗം വനത്തിലൂടെ യാത്ര ചെയ്തു വേണം യാനയിലെത്താൻ. കന്നഡയിൽ ഒരു ചോല്ലുണ്ട്, ''ശൊക്കിധവനു യനക്കെ ഹോഗുടാനെ, രോക്കിദ്ധവനു ഗോകര്ന കെ ഹൊഗുതനെ''– നിങ്ങളുടെ കയ്യിൽ പണമുണ്ടെങ്കിൽ ഗോകർണയിലേക്ക് പോകു, നിങ്ങൾക്ക് ധൈര്യമുണങ്കിൽ യാനയിലേക്ക് പോകൂ. വർഷങ്ങൾക്കു മുമ്പ് യാന ഗുഹകൾ ഒരു കൊടും കാടിനുള്ളിലായിരുന്നു. ഇപ്പോൾ ടൂറിസം വികസനം ഇവിടെയും എത്തി, ഇന്നിപ്പോൾ യാനയ്ക് പോകാൻ വലിയ ധൈര്യമൊന്നും ആവശ്യമില്ല. കാട്ടിലൂടെയുള്ള ഓഫ്റോഡ് റൈഡിനു ശേഷം യാന ഗുഹകളുടെ കവാടത്തിൽ എത്തി. അവിടെ നിന്ന് അര കിലോ മീറ്റർ കാട്ടിലൂടെ  നടന്നു വേണം  യാന കേവ്സിൽ എത്താൻ.

നടന്നെത്തിയ ഞങ്ങളെ കാത്തിരുന്നത് രാക്ഷസഭാവം പൂണ്ട് നിൽക്കുന്ന രണ്ടു പടുകൂറ്റൻ പാറകളാണ്. 90 മീറ്റർ ഉയരത്തിൽ പൊങ്ങി നിൽക്കുന്ന മോഹിനിശിഖരയും 120 മീ ഉയരത്തിൽ പൊങ്ങി നിൽക്കുന്ന ഭൈരവശിഖരയും. കറുത്ത സ്ഫടിക ചുണ്ണാമ്പു കല്ലുകളാണ് അവയുടെ ഖരഘടന. പാറക്കെട്ടുകളുടെ മറവിൽ കാട്ടുതേനീച്ച കൂടുകളുടെ സാമ്രാജ്യമാണ്. മൂന്നു മീറ്ററോളം വലുപ്പമുള്ള ഗുഹയും അതിന്റെ കവാടത്തിൽ ഒരു ശിവലിംഗവും ഉണ്ട്. നീണ്ടു നിൽക്കുന്ന പാറകളിൽ നിന്നും ശിവലിംഗത്തിന്റെ മുകളിലേക്ക് വെള്ളം ഇറ്റിറ്റു വീഴും. ഇതിനെ ഭക്തർ ഗംഗോദ്ഭവ എന്ന് വിളിക്കുന്നു. ഗുഹയിൽ ദുർഗ ദേവിയുടെ അവതാരമായ ചണ്ഡികാ വെങ്കല വിഗ്രഹവും കാണാൻ സാധിക്കും.

ഒരു കഥയെ ശൊല്ലാട്ടുമ

ചുണ്ണാമ്പു പാറകൾ കറത്തു പോയതിനു പിന്നിൽ ഒരു കഥയുണ്ട്, ഭസ്മാസുരന്റെ കഥ. അസുര രാജാവായ ഭസ്മാസുരൻ കഠിന തപസ്സ് ചെയ്തു പരമശിവനിൽ നിന്നു വരം നേടി. തന്റെ കൈ കൊണ്ടു തൊടുന്നതെന്തും തൽക്ഷണം ഭസ്മമായ് പോകണം എന്നതായിരുന്നു ഭസ്മാസുരൻ നേടിയ വരം. തനിക്കു കിട്ടിയ വരം സത്യമാണോ എന്നു പരമശിവനിൽ തന്നെ പരീക്ഷിക്കാൻ ഭസ്മാസുരൻ തീരുമാനിച്ചു. ഇത് മനസിലാക്കിയ ഭഗവാൻ ജീവനും കൊണ്ടോടി മഹാവിഷ്ണുവിൻറെ അടുത്തെത്തി സഹായം തേടി. അങ്ങനെ മഹാവിഷ്ണു മോഹിനിയായി അവതരിച്ചു. മോഹിനിയുടെ സൗന്ദര്യം കണ്ടു അവളിൽ അനുരക്തനായ ഭസ്മാസുരൻ അവളുമായുള്ള നൃത്ത മത്സരത്തിനു തയാറായി. നൃത്തത്തിനിടയിൽ മോഹിനി കൈയെടുത്തു സ്വന്തം തലയിൽ വച്ചു. പാവം ഭസ്മാസുരൻ വരമെല്ലാം മറന്നു കൈയെടുത്തു സ്വന്തം തലയിൽ വച്ചു, ഭസ്മമായി പോയി. ഈ തീയുടെ ചൂടേറ്റാണ് യാനയിലെ ചുണ്ണാമ്പു കല്ലുകൾ കറുത്തു പോവാൻ കാരണമെന്നു ഭക്തർ വിശ്വസിച്ചു പോരുന്നു.

13-Vibhuti-waterfalls

വിഭൂതി വെള്ളച്ചാട്ടം 

ഏകദേശം രണ്ടു മണിക്കൂറോളം ട്രെക്കിങ്ങും കാഴ്ചകളും ആയി അവിടെ ചെലവഴിച്ച ശേഷം അവിടെനിന്നു 10 കിലോമീറ്റർ അകലെയുള്ള വിഭൂതി ഫാൽസിലേക്ക് യാത്ര തിരിച്ചു. വിഭൂതി വെള്ളച്ചാട്ടം ഗോകർണയിലേക്കുള്ള യാത്ര മധ്യേയാണ്. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് തിരിയുന്നിടതിതു ചെറിയ ഹോട്ടൽ ഉണ്ട്. മിക്ക സഞ്ചാരികളും അവിടെനിന്നാണ് ഉച്ചഭക്ഷണം. ഞങ്ങളും അവിടെനിന്ന് താലി മീൽസ് കഴിച്ച ശേഷം വിഭൂതി വെള്ളച്ചാട്ടത്തിൽ എത്തി. മെയിൻ ഗേറ്റിൽ നിന്നു ഏകദേശം അര കിലോമീറ്റർ നടന്നു വേണം അവിടെയെത്താൻ. 

മല മുകളിൽ നിന്നും പാറക്കെട്ടിലൂടെ ഒഴുകി താഴെ ഉള്ള ഒരു പൂൾ മോഡൽ കുഴിയിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ആരുടെയും മനം കവരും. പിന്നീട് ഒന്നും നോക്കിയില്ല വെള്ളത്തിലേക്ക് ചാടി, നല്ല തണുത്ത തെളിഞ്ഞ വെള്ളം വീണ്ടും വീണ്ടും മുങ്ങി. ശരീരവും മനസും തണുത്തു എല്ലാ ക്ഷീണവും മാറി ഫ്രഷായി. പ്രകൃതിയൊരുക്കിയ ആ മനോഹാരിത വേണ്ടുവോളം ആസ്വദിച്ചശേഷം ഞങ്ങൾ ഷാക്കിലേക്കു മടങ്ങി.

ബീച്ച് ടു ബീച്ച്

ഷാക്കിൽ ഇരുന്നു ഓരോ ചിൽഡ് നാരങ്ങാവെള്ളം കാച്ചിക്കൊണ്ടിരിക്കുമ്പോഴാണ് ബീച്ച് ടു ബീച്ച് നൈറ്റ് റൈഡ് പ്ലാൻ ചെയ്തത്. ഗോഡ്സ് ഓൺ ബീച്ച്, പാരഡൈസ് ബീച്ച് വഴി ഓം ബീച്ചിലേക്ക് ഒരു റൈഡ്. കുടല് ബീച്ചിൽ നിന്നും ഒൻപതു മണിയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഗോഡ്സ് ഓൺ ബീച്ചിൽ ആരും തന്നെ ഉണ്ടായിരുന്നില്ല, പാരഡൈസ് ബീച്ചിലും കാര്യമായ നൈറ്റ് ലൈഫ് ഒന്നുമില്ല.  കുറച്ചു വിദേശികൾ കാൻഡിൽ ലൈറ്റ് ഡിന്നറിനായി ഇരിക്കുന്നുണ്ട്. എന്നാൽ, ഓം ബീച്ചിൽ അത്യാവശ്യം നല്ല ജനമുണ്ട്. അവർ പാട്ടും നൃത്തവും ക്യാംപ്ഫയറുമായി ആഘോഷിക്കുന്നു. ആഴമില്ലാത്ത തീരം, ഓളങ്ങളിലൂടെ മെല്ലെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഞങ്ങൾ നടന്നു. പിന്നീട് അവിടുന്നു ഡിന്നറും കഴിച്ചു മടങ്ങി. തിരിച്ചു കുടല് ബീച്ചിൽ എത്തിയപ്പോൾ സമയം ഒന്നര കഴിഞ്ഞു, ബീച്ച് ഉറക്കം പിടിച്ചു തുടങ്ങിരുന്നു, ഞങ്ങളും.

പിറ്റേന്ന് പ്ലാൻ അനുസരിച്ച് ബീച്ച് ടു ബീച്ച് ട്രെക്കിങ്ങാണ്. കാടും കുന്നും താണ്ടി ഒരു ബീച്ചിൽ നിന്നു മറ്റൊരു ബീച്ചിലേക്കുള്ള പ്രയാണം. രാവിലെ 10 മണിയോടെ ട്രെക്കിങ്ങ് സ്റ്റാർട്ട് ചെയ്തു, നേരെ ഓം ബീച്ച്. കുടല് ബീച്ചിൽ നിന്നും ഒരു മല കയറി ഇറങ്ങിയാൽ ഓം ബീച്ചിൽ എത്താം. മല കയറി റോഡ് മുറിച്ചു കടന്നാൽ മാഞ്ചിയം തിങ്ങിനിറഞ്ഞ ഒരു കാട്ടിൽ എത്തും. വഴിയിലെ പാറയിൽ വെളുത്ത അടയാളങ്ങൾ ഓം ബീച്ചിലേക്കുള്ള വഴി കാട്ടിത്തരുന്നു. അങ്ങനെ മൂന്നു കിലോ മീറ്റർ ട്രെക്ക് ചെയ്ത് ഓം ബീച്ചിൽ എത്തി.

ഗോകർണയിലെ ഏറ്റവും ജനപ്രീതിയുള്ള ബീച്ചാണ് ഓം ബീച്ച്. ഓം ആകൃതിയാൽ കാണപ്പെടുന്ന ബീച്ചായതിനാൽ ആണ് ഈ പേരു വരാൻ കാരണം. ഓമിന്റെ നടുഭാഗം പോലെ ബീച്ചിലേക്ക് കയറി നിൽക്കുന്ന പാറ. രണ്ടു പാറക്കൂട്ടങ്ങളിൽ ഒന്ന് പാർവതി പാറയും മറ്റേതു ശിവൻ പാറയും ആണ്. ഇരിക്കാൻ സൗകര്യമുണ്ട്. കൂടാതെ വിവിധതരം വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസും ഉണ്ട്. വേണമെങ്കിൽ ഇവിടെനിന്നു മറ്റു ബീച്ചിലേക്ക് ബോട്ട് സർവീസുണ്ട് പക്ഷേ, കുറഞ്ഞത് 10 പേരെങ്കിലും വേണം. 

അവിടുന്ന് ഹാഫ്-മൂൺ ബീച്ചിലേക്ക്. ഓം ബീച്ചിൽ നിന്ന് അരമണിക്കൂറോളം അപകടം നിറഞ്ഞ വഴിയിലൂടെ നടന്നാൽ അവിടെ എത്താം. അങ്ങനെ കാട്ടുച്ചെടികൾ ഒക്കെ വകഞ്ഞു മാറ്റി ക്ലിഫ് ബീച്ച് വ്യൂ ആസ്വദിച്ച് ഞങ്ങൾ ഹാഫ് മൂൺ ബീച്ചിൽ എത്തി. വളരെ ചെറിയ ഒരു ബീച്ച് അതിനോട് ചേർന്നു ഒരു ചെറിയ റെസ്റ്റോറന്റും ഉണ്ട്. കുറച്ചൊന്നു വിശ്രമിച്ച ശേഷം പാരഡൈസ് ബീച്ച് ലക്ഷ്യമാക്കി നടന്നു. അങ്ങോട്ടേക്ക് ഫുൾ പാറക്കെട്ടുകളാണ്. തെന്നി വീഴാൻ നല്ല ചാൻസ് ഉണ്ട്. സൂക്ഷിച്ചു വേണം നടക്കാൻ, സൂര്യന്റെ ചൂട് തളർത്താൻ തുടങ്ങി. വഴി അറിയാതെ നിൽക്കുമ്പോഴാണ് ആ വഴി ഒരു വിദേശി വന്നത്. അദേഹം ഇറ്റലിൽ നിന്നാണ്, കഴിഞ്ഞ 6 വർഷമായിട്ടു എല്ലാ സീസണിലും വരാറുണ്ടത്രേ. ഇറ്റലിലെ ഒരു ഷാക്ക് ഉടമയാണ്. അങ്ങനെ ഞങ്ങൾ ഹിപ്പികളുടെ സ്വർഗ്ഗഭൂമിയായ പാരഡൈസ് ബീച്ചിൽ എത്തി.

തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ ബീച്ച്. കുറച്ചു വിദേശികൾ തമ്പടിച്ചിട്ടുണ്ട്, മിക്കവരും ഇവിടെ എല്ലാ കൊല്ലവും വിസിറ്റ് ചെയാറുള്ളവരാണ്. അവർ ഇവിടെ എത്തിയാൽ ഇവിടുത്തെ സംസ്കാരവുമായി ഇഴുകിച്ചേർന്നാണ് ജീവിക്കുക. ഒക്ടോബർ ടു ഫെബ്രുവരി ആണ് ഇവിടുത്തെ സീസൻ. കുറച്ചു വിശ്രമിച്ച ശേഷം ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. അങ്ങനെ ഏകദേശം 4 മണിക്കൂർ നീണ്ട നടത്തം ലക്ഷ്യസ്ഥാനത്ത് എത്തിയ സന്തോഷത്തിൽ പാരഡൈസ് ബീച്ചിനോട് വിടപറഞ്ഞു. അടുത്തുള്ള ചെറിയ ഗ്രാമത്തിൽ നിന്ന് ബസ്സ് കിട്ടും. തിരികെ കുടലി ബീച്ചിലെ ഷാക്കയിലെത്തി ഒന്ന് ഫ്രഷ് ആയി നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. വീണ്ടും കാണാം എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ച് ഗോകർണയോട് വിടപറഞ്ഞു. ജീവിതത്തിൽ ഓർത്തിരിക്കാൻ പറ്റിയ ഒരു നല്ല യാത്ര കൂടി!

Travel Info

സീസൺ : ഒക്ടോബർ– മാർച്ച്

എല്ലാ ദിവസവും രാത്രി 8.25നു എറണാകുളത്തുനിന്നു ഉഡുപ്പിലേക്ക് ട്രെയിൻ സർവീസുണ്ട്. കാലത്തു 6.30 ഓടെ ട്രെയിൻ ഉഡുപ്പി സ്റ്റേഷനിൽ എത്തിയാൽ പകൽ  മുഴുവനും സെന്റ്  മേരിസ് ഐലൻഡ് എക്‌സ്‌പ്ലോർ ചെയ്യാം. പിന്നീട് വൈകിട്ട് ഗോകർണയിലേക്ക് ഉഡുപ്പി സ്റ്റേഷനിൽ നിന്നു ട്രെയിൻ കിട്ടും.  

നേരിട്ട് ഗോകർണയ്ക്ക് പോകാനാണെങ്കിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ നിന്നും നേരിട്ടു ട്രെയിൻ സർവീസുണ്ട്. മറ്റു ദിവസങ്ങളിൽ ഗോകർണയ്ക്കടുത്തുള്ള മറ്റൊരു പ്രധാന സ്റ്റേഷനായ കാർവാർലേക്ക് (KAWR) ധാരാളം സർവീസുകളുണ്ട്, അവിടെനിന്നു ട്രെയിൻ അല്ലെങ്കിൽ ബസ് മാർഗ്ഗം ഗോകർണയിൽ എത്തിച്ചേരാവുന്നതാണ്.  

ഗോകർണ റോഡ് (GKK) റെയിൽവേ സ്റ്റേഷനിൽ നിന്നു ഏകദേശം 8 km ഉണ്ട് ഗോകർണ ടൗണിലേക്ക് . ട്രെയിൻ ഇറങ്ങി 1km നടന്നാൽ മെയിൻ റോഡ് എത്താം, അവിടെനിന്നു ടൗണിലേക്ക്  ബസ് കിട്ടും. ഇതുകൂടാതെ സ്റ്റേഷനുപുറത്തു തന്നെ ഷെയർ ഓട്ടോ/റാസ് കിട്ടും.

ബസ് മാർഗ്ഗവും  ഗോകർണയിൽ എത്താം, പക്ഷെ  കേരളത്തിൽ നിന്ന് ഡയറക്റ്റ് ബസ് ഇല്ല. കേരളത്തിൽ നിന്നും ഉഡുപ്പി അല്ലെങ്കിൽ മൽപായിൽ ബസ് ഇറങ്ങിയ ശേഷം (480km) അവിടെനിന്നു ഗോകർണയിലേക്കുള്ള  ബസുകൾ ധാരാളമായി ലഭിക്കും (180kms). 

ഗോകർണയിലെ താമസ സൗകര്യങ്ങൾ:

ഗോകർണയിൽ ഒരു രാത്രി അന്തിയുറങ്ങാൻ 300 രൂപയുടെ ഷാക്ക് മുതൽ 10000 രൂപയുടെ റിസോർട്ട് വരെ ഉണ്ട്. കുടല് ബീച്ചിലും ഓം ബീച്ചിലും ധാരാളം ബജറ്റ് ഹോം സ്റ്റേ അല്ലെങ്കിൽ ഷാക്കുകൾ ലഭ്യമാണ്. ഗോകർണ ടൗണിലും  ധാരാളം ഹോട്ടൽ റൂംസ് ലഭ്യമാണ്.

ബീച്ച് ഷാക്ക് ഓപ്ഷൻസ്: 

Sunset Cafe / Sea view Resort: At Kudle beach, price: INR 300-600/night 

Om Shakti Café: At Paradise beach, price: INR 300/night

Namaste café: OM Beach, Price: INR 400-1000/night.

ഇതിനുപുറമെ  ബീച്ചിൽ ടെന്റ് കെട്ടി താമസിക്കാവുന്നതാണ്. ചില റിസോർട്ടുകൾ ടെന്റടിക്കാനുള്ള സ്ഥലം റെന്റിനു കൊടുക്കാറുണ്ട്..

Tags:
  • Manorama Traveller
  • Travel India