Thursday 06 August 2020 03:15 PM IST : By സ്വന്തം ലേഖകൻ

ചൈനയുടെ സ്വന്തം ആലപ്പുഴ

s5

കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് ചൈനക്കാരുടെ വെനീസ് എന്നോ ആലപ്പുഴ എന്നോ വിശേഷിപ്പിക്കാവുന്ന സുഴൗ (സുഷൗ) നഗരം സ്ഥിതി ചെയ്യുന്നത്. ഉദ്ദേശം 2500 വർഷത്തിലധികം പഴക്കമുള്ള സുഴൗ, ചൈനയിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള നഗരങ്ങളിലൊന്നാണ്. കനാലുകളിലൂടെയുള്ള ബോട്ട് യാത്രയും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും അറുപതിലധികം വരുന്ന ക്ലാസിക്കൽ പൂന്തോട്ടങ്ങളും ഒളിപ്പിച്ചുവച്ചിരിക്കുന്ന മാസ്മരിക സൗന്ദര്യമാണ് സുഴൗ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കുന്നത്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഇടം നേടിയ ലിൻങ്കറിങ് ഗാർഡനാണ് (lingering garden) സുഴൗവിലെ പ്രധാന ആകർഷണം.

s2
s1

സുഴൗ നഗരത്തെ ചൈനയുടെ ആലപ്പുഴ എന്ന വിശേഷണത്തിന് അർഹമാക്കുന്ന വാട്ടർ വില്ലേജാണ് സ്യൂസയാങ് (zhouzhuang). നമ്മുടെ ആലപ്പുഴയിലേതു പോലെ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുതും വലുതുമായ നിരവധി പാലങ്ങൾ ഇവിടെയുണ്ട്.

s6
s3

വെള്ളത്താൽ ചുറ്റപ്പെട്ട സ്യൂസയാങ്ങിന് തനതായ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. സ്യൂസയാങ്ങിന്റെ ചിഹ്നം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇരട്ടപാലങ്ങൾ (shide bridge and yongan bridge). മറ്റൊന്ന് സിംഗിൾ ആർച്ച് ബ്രിജ് എന്ന് അറിയപ്പെടുന്ന ഫുആൻ (fuan). 1355 കാലഘട്ടത്തിലാണ് ഈ പാലം നിർമിച്ചത്.

s4

ഹംബിൾ അഡ്മിനിസ്ട്രേഴ്സ് ഗാർഡനാണ് സുഴൗ ആകർഷണങ്ങളിലെ മറ്റൊന്ന്. ഈ പൂന്തോട്ടവും യുനെസ്കോ പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സുഴൗവിലെ ഏറ്റവും വലിയ പൂന്തോട്ടവും ഇതാണ്.

s7

കടുവയുടെ രൂപസാദൃശ്യമുള്ള മല, അതാണ് സുഴൗവിൽ സ്ഥിതി ചെയ്യുന്ന ടൈഗർ ഹിൽ. പ്രകൃതി സൗന്ദര്യവും ചരിത്രപ്രാധാന്യവും ഒന്നുചേരുന്ന ഇടമാണ് ടൈഗർ ഹിൽ. സുഴൗവിലെ പുരാതനമായ തെരുവാണ് പിങ്ജിയാങ് റോഡ് (pingjiang road). ചൈനയുടെ ‘നാഷനൽ ഹിസ്റ്റോറിക് ആൻഡ് കൾച്ചറൽ സ്ട്രീറ്റു’കളിൽ പിങ്ജിയാങ് റോഡ് ഉൾപ്പെട്ടിട്ടുണ്ട്. ഷാങ്ഹായിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സുഴൗ. അതിവേഗ ട്രെയിൻ പാത സുഴൗ ബന്ധപ്പെട്ടു പോകുന്നതിനാൽ ഉദ്ദേശം അരമണിക്കൂർ മതിയാകും യാത്രാസമയം.