Friday 17 July 2020 12:30 PM IST : By സ്വന്തം ലേഖകൻ

മണ്ണിൽ വിരിയുന്ന മാരിവില്ല്

7 col e1

എന്നും കൗതുകമുണർത്തുന്ന കാഴ്ചയാണ് ഏഴുനിറങ്ങളിൽ മാനത്തു വിരിയുന്ന മാരിവില്ല്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമായ മൗറിഷ്യസിലെ ചമറേൽ എന്ന ഗ്രാമം ശ്രദ്ധയാകർഷിക്കുന്നത് അവിടുത്തെ മണ്ണിൽ സപ്തവർണങ്ങൾ വിടരുന്നതിലൂടെയാണ്. സങ്കീർണമായ രാസ–ഭൗതികമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രം ഈ അദ്ഭുതത്തെ വിശദീകരിക്കുന്നത്. ലോകമെമ്പാടുനിന്നുമുള്ള സഞ്ചാരികൾ മറ്റെങ്ങും കാണാനാകാത്ത മണ്ണു കാണാൻ ഇവിടേക്കെത്തുന്നുണ്ട്.

കാട്ടിലെ കാഴ്ച

മൗറിഷ്യസിന്റെ പടിഞ്ഞാറൻ തീരപ്രദേശത്ത് റിവിയർ നോയ്ർ ജില്ലയിലാണ് 7500 ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്തൃതിയുള്ള ചമറേൽ എന്ന ഗ്രാമം. ഉദ്ദേശം ആയിരം ആളുകൾ മാത്രം സ്ഥിരതമാസമുള്ള ഈ ഗ്രാമവും പരിസരവും പ്രകൃതിഭംഗിനിറഞ്ഞ കാഴ്ചകൾക്ക് പ്രശസ്തമാണ്. അക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന കാഴ്ചയാണ് മണ്ണിന് ഏഴു നിറമുള്ള ഭൂഭാഗം.

7 col e2

ഗ്രാമത്തിനോടു ചേർന്ന് വൻമരങ്ങൾ ഇടതിങ്ങിയ കൊടുംകാടിനു നടുവിലാണ് നിറങ്ങളാൽ തിളങ്ങുന്ന ഈ ഭൂമിയുള്ളത്. യഥാർഥത്തിൽ ഇവിടം മരുഭൂമികളിലെപ്പോലെ മണൽക്കുന്നുകൾ അടങ്ങുന്ന ഒരു പ്രദേശമാണ്. ചുമല, തവിട്ട്, വയലറ്റ്, പച്ച, നീല, പർപ്പിൾ, മഞ്ഞ നിറങ്ങളിലുള്ള മണ്ണ് ഈ പ്രത്യേകഭാഗത്ത് കാണാം. അറിഞ്ഞിടത്തോളം ഭൂമിയിൽ മറ്റൊരിടത്തും ഇത്തരമൊരു സവിശേഷത ഇല്ല. മരക്കൂട്ടം പകരുന്ന ഹരിതാഭയുടെ പശ്ചാത്തലത്തിൽ ഈ പലനിറക്കാഴ്ചയുടെ മാറ്റ് കൂടുന്നു.

ചമറേലിലെ നിറമുള്ള മണ്ണിന് മറ്റൊരു പ്രത്യേകതകൂടി ഉണ്ട്. പല നിറങ്ങളിലുള്ള മണ്ണു കൂട്ടിക്കലർത്തി എടുത്താൽ അൽപസമയം കൊണ്ട് അവ നിറത്തിന്റെ അടിസ്ഥാനത്തിൽ‍ പല തട്ടുകളായി തിരിഞ്ഞ് സ്വയം ക്രമീകരിക്കും. ഇതിന്റെ ശാസ്ത്രീയവശം എന്താണെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല.

യുഗങ്ങൾ സാക്ഷി

ചമറേലിലെ മാജിക് മണ്ണിന് 600 ദശലക്ഷം വർഷം പഴക്കമുണ്ട് എന്നാണ് കണക്കാക്കുന്നത്. അഗ്നിപർവത സ്ഫോടനത്തിലൂടെ ഭൂമിയുടെ മുകൾതട്ടിലെത്തുന്ന ബസാൾട്ട് ശിലയുടെ വിഘടനമാണ് സപ്തവർണ പ്രതിഭാസത്തിന്റെ കാരണം. ഉരുകിയൊലിച്ചു കിടക്കുന്ന മാഗ്മ തണുത്തുറയുന്നതിനിടെ മഴക്കാലത്ത് അതിലൂടെ ശക്തമായ ജലപ്രവാഹമുണ്ടായാൽ ബസാൾട്ട് കളിമണ്ണായി വിഘടിക്കുന്ന പ്രക്രിയയുടെ നിരക്ക് വലിയരീതിയിൽ വ്യത്യാസപ്പെടും. രാസമാറ്റങ്ങളുടെ ഫലമായി ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും ഓക്സൈഡുകൾ ഈ ഘട്ടത്തിൽ രൂപപ്പെടുന്നു. ഇരുമ്പ് ഓക്സൈഡിനു ചുവപ്പുനിറവും അലുമിനിയം ഓക്സൈഡിനു നീല നിറവുമാണ്. രാസമാറ്റത്തിന്റെ നിരക്കിലോ ഘടകങ്ങളിലോ ഉള്ള വ്യത്യാസമാകാം ബാക്കി അഞ്ചു നിറങ്ങൾ രൂപപ്പെടാൻ കാരണം.

7 col e3

സന്ദർശകരുടെ എണ്ണം വർധിച്ചതോടെ സപ്തവർണങ്ങളിൽ മണ്ണുള്ള പ്രദേശം പ്രത്യേക ഭൗമ പാർക്കാക്കി മാറ്റിയിട്ടുണ്ട്. സന്ദർശകർക്ക് മണ്ണിനുള്ളിലേക്കു കടക്കാതെ തന്നെ ആ കാഴ്ച ആസ്വദിക്കാൻ സഹായിക്കുംവിധം ഗാലറികളും ഒരുക്കിയിട്ടുണ്ട്. മണ്ണു വാരി കൊണ്ടുപോകാൻ സാധിക്കില്ലെങ്കിലും നിറക്കാഴ്ചയുടെ ഓർമ നിലനിർത്താൻ സഹായിക്കും വിധം ഗ്ലാസ് പായ്ക്കുകളിൽ ഒരുക്കിയ മണ്ണ് സുവനീറായി മേടിക്കാനുള്ള അവസരമുണ്ട്.

മൗറിഷ്യസ് ടൂറിസത്തിനൊരു പൊൻതൂവൽ

7 col e4

പ്രകൃതി സൗന്ദര്യംകൊണ്ട് സാംസ്കാരിക വൈവിധ്യം കൊണ്ടും ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് മൗറിഷ്യസ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാനപ്പെട്ട മൂന്നു സ്ഥാനങ്ങളിലൊന്ന് ടൂറിസത്തിനാണ്. ചമറേൽ ഗ്രാമത്തിലെ ഈ അദ്ഭുതപ്രതിഭാസം മൗറിഷ്യസ് ടൂറിസത്തിന് അധികവരുമാനം നൽകുന്ന ആകർഷണമായി മാറിയിട്ടുണ്ട്. സപ്തവർണ മണ്ണ് കാണാൻ പോകുന്ന പാതയിൽതന്നെയാണ് മൗറിഷ്യസിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം. 100 മീറ്റർ താഴ്ചയിലേക്ക് ഒരു ജലസ്തംഭം പോലെ വീഴുന്ന ചമറേൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. ചമറേൽ കാടുകളിലെ പ്രത്യേക ഇനം ആമകളെ സംരക്ഷിക്കുന്ന ടോർടോയിസ് പാർക്കും സന്ദർശിക്കാൻ അവസരമുണ്ട്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations