Wednesday 23 September 2020 04:04 PM IST : By സ്വന്തം ലേഖകൻ

തടാകത്തിൽ ദ്വീപ്, ദ്വീപിൽ തടാകം; വിസ്മയക്കാഴ്ചയായി താൽ വോൾകാനോ ലെയ്ക്ക്

taal1

‘പച്ചക്കാട്ടിൽ തവിട്ടു കൊട്ടാരം, അതിനുള്ളിൽ വെള്ളക്കൊട്ടാരം, അതിനുള്ളിൽ കൊച്ചു തടാകം’ എന്ന കടങ്കഥപോലെയാണ് താൽ വോൾകാനോയുടെ കാര്യം. കടലിനുള്ളിലെ ദ്വീപ്, അതിനുള്ളിൽ തടാകം, അതിനുള്ളിലൊരു ദ്വീപിൽ അഗ്നിപർവതം, തീർന്നില്ല അഗ്നിപർവത മുഖത്ത് ഒരു ജലാശയം കൂടിയുണ്ട് കൗതുക കാഴ്ചയായി. ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലുള്ള ഒരു ശുദ്ധജല തടാകമാണ് താൽ ലെയ്ക്ക്. തടാകത്തിനു നടുവിൽ വോൾകാനിക് ഐലൻഡ് എന്ന ദ്വീപ്. ദ്വീപിൽ വോൾകനോ തടാകം. വോൾകാനോ തടാകത്തിൽ ഒരു ചെറിയ ദ്വീപ്... ലോകത്ത് അപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ചയാണ് ഇത്. 234 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ള താൽ തടാകം ഫിലിപ്പീൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ തടാകമാണ്. ലക്ഷക്കണക്കിനു വർഷം മുൻപ് സംഭവിച്ച ഒരു വലിയ അഗ്നിപർവത സ്ഫോടനത്തിൽ മാഗ്മ പുറത്തേക്ക് ഒലിച്ചിറങ്ങിയ ഗർത്തത്തിൽ ജലം നിറഞ്ഞ രൂപംകൊണ്ടതാണ് വോൾകാനോ ഐലൻഡിലെ ക്രേറ്റർ തടാകം . ഇന്നും സജീവമായ താൽ അഗ്നിപർവതവും താൽ തടാകവും ഉൾപെടുന്ന പ്രദേശം താൽ വോൾക്കാനോ നാച്ചുറൽ പാർക്ക് എന്ന പേരിൽ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. താൽ തടാകത്തിനുള്ളിലെ വോൾക്കാനോ ദ്വീപിലാണ് ഇപ്പോഴും സജീവമാണ് അഗ്നിപർവതമുഖം. അതിനു നടുവിലാണ് ക്രേറ്റർ തടാകം.

taal2

ഇന്നും സജീവം

കാലങ്ങൾക്കു മുൻപ് സമുദ്രത്തിലേക്ക് ഒഴുകിച്ചേരുന്ന ഒരു നദിയുടെ ഭാഗമായിരുന്നു ഈ തടാകം. മുന്നൂറു വർഷം മുൻപ് സംഭവിച്ച ഒരു വലിയ അഗ്നിപർവതസ്ഫോടനത്തോടെ സമുദ്രത്തിലേക്കുള്ള പ്രവാഹം നിലച്ചു. ക്രമേണ തടാകത്തിലെ ഉപ്പുരസം കുറഞ്ഞ് ശുദ്ധജലതടാകമായി മാറി. തടാകത്തിലെ ജൈവസമ്പത്ത് ഇത്തരത്തിൽ അനുകൂലനം നേടിയ സവിശേഷ ജീവജാലങ്ങളുടെ സമൂഹമാണ്. വംശനാശ ഭീഷണി നേരിടുന്ന ടവിസ് എന്ന ഇനം മത്സ്യങ്ങളുടെ ആവാസപ്രദേശവുമാണ് ഇത്.

1572 നു ശേഷം 33 തവണ ഈ അഗ്നിപർവതത്തിൽ സ്ഫോടനം സംഭവിച്ചിട്ടുണ്ട്. ഏറ്റവും അവസാനം സംഭവിച്ചത് 2020 ജനുവരിയിൽ ആയിരുന്നു. ക്രേറ്റർ തടാകത്തിനു നടുവിൽ വുൾകാൻ പോയിന്റ് എന്നൊരു ചെറു ദ്വീപ് ഉണ്ടായിരുന്നു. ഈ വർഷം ആദ്യം സംഭവിച്ച അഗ്നിപർവതസ്ഫോടനത്തിൽ ഈ ദ്വീപ് ഇല്ലാതായി. തടാകത്തിലെ ജലം വറ്റിപ്പോയിരുന്നു എങ്കിലും തൊട്ടടുത്ത മഴക്കാലത്ത് ജലം നിറഞ്ഞു.

taal3

നാഷനൽ പാർക്കിനുള്ളിൽ ജനവാസം അനുവദിച്ചിട്ടില്ലാത്തതിനാൽ ജനങ്ങളുടെ ജീവന് ഈ അഗ്നിപർവതം നേരിട്ട് ഭീഷണിയാകുന്നില്ല. എന്നാൽ സ്ഫോടനത്തെതുടർന്നുള്ള സുനാമി തിരമാലകളും അന്തരീക്ഷത്തിലേക്കുയരുന്ന ചാരവും എന്നും നിലനിൽക്കുന്ന അപകട സാധ്യതയാണ്. ഏറ്റവും സമീപനഗരമായ ലുസോണിലെ അന്തരീക്ഷത്തിൽ മൂന്നു നാലു ദിവസം വരെ ഈ ചാരം തങ്ങി നിൽക്കും.

ട്രെക്കിങ്, ബോട്ടിങ് ഡെസ്‌റ്റിനേഷൻ

ലുസോൺ ദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് താൽ തടാകം. തഗാതേയ് നഗരത്തിൽനിന്ന് പാക്കേജ് ടൂർവഴി ഇവിടെ എത്തിച്ചേരാം. തടാകതീരത്ത് എത്തിയാൽ ബോട്ടിൽ ദ്വീപിൽ അഗ്നിപർവത ദ്വീപിലേക്കു പോകാം. അവിടെ നിന്ന് കുതിരപ്പുറത്ത് മലയുടെ മുകളിലേക്കും സഞ്ചരിക്കാം. ഈ യാത്രയിൽ ഉടനീളം തടാകത്തിന്റെയും പരിസരത്തിന്റെയും മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാം.

taal4

ട്രെക്കിങ് താൽപര്യമുള്ളവർക്ക് കുതിരപ്പുറത്തു കയറാതെ നടന്നു കയറുകയും ചെയ്യാം. മുകളിലേക്കു കയറാൻ മാത്രം 90 മിനിറ്റ് എങ്കിലും ആവശ്യമായി വരും. തടാകത്തിനുള്ളിൽ അഗ്നിപർവതത്തെ വലംവെച്ച് ബോട്ടിൽ സഞ്ചരിക്കുന്നതിനും സൗകര്യമുണ്ട്.തഗാതേയ് നഗരത്തിൽനിന്ന് തടാകത്തിന്റെ പനോരമിക് ദൃശ്യം ആസ്വദിക്കാം.

ഫിലിപീൻസിലെ സജീവമായ അഗ്നിപർവതങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളതാണ് താൽ വോൾകാനോ. 2020 ജനുവരിയിലും ഇവിടെ വലിയ സ്ഫോടനം സംഭവിച്ചിരുന്നു. ഈ പൊട്ടിത്തെറിയിൽ വുൾകൻ പോയിന്റിലെ ക്രേറ്റർ തടാകം ഇല്ലാതായി. ഫിലിപീൻസിൽ ഇന്ത്യൻ പൗരൻമാർക്ക് ഓൺ അറൈവൽ വീസ സൗകര്യം ലഭ്യമല്ല. യാത്രയ്ക്കു മുൻപുതന്നെ ന്യൂഡൽഹിയിലെ ഫിലിപീൻസ് എംബസിയിൽ അപേക്ഷിച്ച് വീസ നേടേണ്ടതാണ്.

Tags:
  • World Escapes
  • Manorama Traveller