Friday 10 July 2020 12:04 PM IST : By സ്വന്തം ലേഖകൻ

പുരാണത്തോളം പഴക്കമുള്ള തെസു, ലാമാക്കാരുടെ സ്വർഗഭൂമി

t1

സമ്പന്നമായൊരു ഭൂതകാലത്തിന്റെ എല്ലാ അടയാളങ്ങളും ചേർത്ത് പിടിച്ച്, തങ്ങളുടേതായ സംസ്കാരത്തിൽ സ്വസ്ഥമായി ജീവിക്കുന്നവരാണ് ലാമാവിഭാഗക്കാർ. ഇവരുടെ നാടാണ് തെസു. വടക്കുകിഴക്കൻ ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളെയും പോലെ മനോഹരമായ കാഴ്ചകൾ ഒളിപ്പിക്കുന്ന സ്വർഗഭൂമി. അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലാണ് തെസു സ്ഥിതി ചെയ്യുന്നത്. അരുണാചലിലെ പുരാണ നഗരങ്ങളിലൊന്നാണിത്. ടൈം മെഷീനിൽ കയറി വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ച പ്രതീതി സമ്മാനിക്കും തെസുവിലെ ഓരോ കാഴ്ചകളും. പുറം ലോകത്തിന്റെ ബഹളങ്ങളോ തിരക്കുകളോ വികസനങ്ങളോ തെസുവിന്റെ അതിർത്തി കടന്നിട്ടില്ല. നിരവധി ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലമായിരുന്നു തെസു.അതിൽ എടുത്തുപറയേണ്ട വിഭാഗമാണ് മിഷ്മി. ശ്രീകൃഷ്ണന്റെ പത്നി രുക്മിണി ദേവീ ഈ വിഭാഗത്തിൽപ്പെടുന്ന ആളായിരുന്നു എന്നാണ് വിശ്വാസം. മിഷ്മി വിഭാഗക്കാരുടെ ആചാരങ്ങളും ആഘോഷങ്ങളും ഇന്നത്തെ തലമുറ പിൻതുടരുന്നുണ്ട്. ഇവരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തംലാഡു പൂജ. എല്ലാ വർഷവും ഫെബ്രുവരി 15 നാണ് ഈ ചടങ്ങ് നടക്കുന്നത്.

t2

സൂര്യരശ്മികൾ ആദ്യം തൊട്ടുണർത്തുന്ന ഡോങ് താഴ്‌വരയാണ് തെസുവിലെ പ്രധാന കാഴ്ച. ഇന്ത്യ– ചൈന–മ്യാൻമർ അതിർത്തിയോട് ചേർന്ന് സതിയുടെയും ലോഹിത് നദിയുടെയും സംഗമസ്ഥാനത്തിനരികെയാണ് ഡോങ് താഴ്‌വര സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്ലോ തടാകമാണ് തെസുവിലെ മറ്റൊരു കാഴ്ച. തടാകത്തിന്റെ ഒരു വശത്ത് കാടുകളും മറുവശത്ത് മഞ്ഞുപുതച്ച് നിൽക്കുന്ന മലനിരകളുമാണ്. എട്ടു കിലോമീറ്റർ വിസ്തൃതിയുണ്ട്

t3

t4
t1 Photo- Arunachal Pradesh Tourism page

തെസുവിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് പ്രശസ്ത ഹൈന്ദവ തീർഥാടന കേന്ദ്രമായ പരശുരാം കുണ്ഡ്. ഇന്ത്യയുടെ പലഭാഗത്തു നിന്നുള്ള ഹൈന്ദവ വിശ്വാസികൾ ഇവിടെ എത്താറുണ്ട്. പരശുരാം കുണ്ഡിൽ കുളിച്ചാൽ ഈ ജന്മത്തിലെ സകല പാപങ്ങളിൽ നിന്നും മോക്ഷം കിട്ടും എന്നാണ് വിശ്വാസം. ജനുവരിയിലാണ് ഇവിടുത്തെ പ്രധാന ഉത്സവമായ പരശുരാം മേള നടക്കുന്നത്. തെസുവിലെ പ്രധാന താമസക്കാരാണ് ലാമാ വിഭാഗക്കാർ. 1960 ൽ ചൈനക്കാർ ടിബറ്റ് ആക്രമിച്ചപ്പോൾ തെസുവിലേക്ക് കുടിയേറിയവരാണ് ലാമാവിഭാഗം. ഇവരുടെ കേന്ദ്രമാണ് ലാമാ ക്യാംപ്.