Thursday 28 May 2020 03:55 PM IST : By Bijoy Karottu

അലിയും മൈക്കൽ ജാക്സണും; മരുഭൂമിയിലെ സിനിമാതാരങ്ങൾ

thar1

യാത്ര മുഴുമിപ്പിച്ച് ജീവിതത്തിന്റെ ചതുരക്കള്ളികളിൽ ഒതുങ്ങിയാലും നമ്മെ വിട്ടു പോകുന്നവയല്ല അതിന്റെ ഓർമകളും അനുഭവങ്ങളും. സ്ഥലങ്ങളെക്കാളും കാഴ്ചകളെക്കാളും മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്നതാകാം ചില കൂടിക്കാഴ്ചകൾ, ചിലർക്കൊപ്പം ചെലവിട്ട നിമിഷങ്ങൾ... ഭാരത്ദർശൻ യാത്രാ പ്രോഗ്രാമുകളിലൂടെ ഇന്ത്യയുടെ പല ഭാഗങ്ങളും സന്ദർശിച്ചിട്ടുള്ള കോഴിക്കോട് സ്വദേശി ബിജോയ് കരോട്ടിന്റെ ഒരു രാജസ്ഥാൻ യാത്രാനുഭവം...

thar6

ഥാർ മരുഭൂമിയിൽ
രാജസ്ഥാനിലെ സുവർണ്ണ നഗരമെന്ന് അറിയപ്പെടുന്ന ജയ്‌സാൽമീർ. ഗോൾഡൻ ഫോർട്ട്‌, ജൈൻ ടെംപിൾ, ഗഢി സാഗർ തടാകം ഇവ കണ്ടതിനു ശേഷം ഥാർ മരുഭൂമിയിൽ സൂര്യാസ്തമയം കാണുക, ഒട്ടക സവാരി നടത്തുക ഇതായിരുന്നു ഞങ്ങളുടെ പ്രധാന കാര്യപരിപാടികൾ. ജയ്‌സാൽമീർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് സാം സാൻഡ്‌ ഡ്യൂൺസിലേക്ക് ഏതാണ്ട് 35 കിലോമീറ്റർ ബസ് യാത്ര. ചുറ്റും മുള്ളുചെടികളും മണൽ പരപ്പുമായി ഥാർ മരുഭൂമി.
പതിവ് പോലെ ടൂർ മാനേജർ വക നിർദേശങ്ങൾ. ഒട്ടക സവാരിക്ക് റേറ്റ് ആദ്യം പറഞ്ഞുറപ്പിക്കുക. തട്ടിപ്പുകളിൽ പെടാതെ ജാഗ്രത പാലിക്കുക. ഒറ്റപ്പെട്ടു പോകാതെ സൂക്ഷിക്കുക… സാം സാൻഡ്യൂൺസിൽ എത്തുമ്പോൾ ഉച്ചതിരിഞ്ഞ് മൂന്ന് മണി. വെയിലും മണൽ കാറ്റും. കാറ്റിനു തണുപ്പുണ്ട്.
ബസ് ഇറങ്ങിയപ്പോഴേക്കും ഒട്ടക വാഹനം, ഒട്ടക സവാരി ഇവയ്ക്കൊക്കെ ആളുകൾ വിലപേശലുകൾ ആരംഭിച്ചു. ഒട്ടകപ്പുറത്ത് കയറി സൺ സെറ്റ് പോയിന്റിൽ എത്താൻ ആളൊന്നിന് 50 രൂപ. കാളവണ്ടി പോലുള്ള ഒട്ടക വാഹനത്തിൽ ചുറ്റാൻ 100 രൂപ. മരുഭൂമിയിൽ കൂടി ദാരു(മദ്യം) ഷോപ്പ് ചുറ്റി ജീപ്പ് സവാരി ആളൊന്നിന് നൂറു രൂപ. ഞാനും യാത്രയിൽ സുഹൃത്തായ നാദാപുരംകാരൻ ജാബിറും അൽപ്പം മാറി നിന്നു. ആദ്യം മനുഷ്യരെ നിരീക്ഷിക്കണം.
സിനിമതാരം മൈക്കൽ ജാക്സൺ

thar2


ജാബിർ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ട് ബാക്കി ലഭിച്ച പ്രാണനും മുഖത്തും ശരീരത്തിലും ഏറ്റ ക്ഷതങ്ങളും അടയാളങ്ങളും ഒരൽപ്പം കാൽ വലിവുമായി ഒറ്റയ്ക്ക് യാത്രകൾ ആസ്വദിക്കുകയാണ്. അധികം വർത്തമാനം ഇല്ലെങ്കിലും നർമം നിറയെയുള്ള സംസാരം. ചിലപ്പോൾ നല്ല മാപ്പിളപ്പാട്ടുകൾ ഈണത്തിൽ പാടും. ജീവിതം വളരെ ലാഘവത്തോടെ ജീവിക്കണം എന്നതാണ് ജാബിറിന്റെ കാഴ്ചപ്പാട്. 'ജീവിയ്ക്കാൻ അത്ര ഗൗരവം ഒന്നും ആവശ്യമില്ല' എന്ന് ഉറക്കെ ചിരിച്ചു കൊണ്ട് പറയും. തനിക്കു നേരിട്ട അപകടത്തെ കുറിച്ച് "പടച്ചോൻ ഇട്ട സഡൻ ബ്രേക്ക്‌, എന്റെ വേഗം അല്പം കുറച്ചു " എന്നു പറഞ്ഞു ചിരിക്കും.
ആളുകൾ തിരക്കിട്ടു സൺ സെറ്റ് പോയിന്റിലേക്ക് പോവുകയാണ്.
അൽപ്പം അകലെയായി മുഖത്തു വിഷാദ ഭാവത്തോടെ മെറൂൺ നിറത്തിലുള്ള കുർത്ത ധരിച്ച, പതിനഞ്ചോ പതിനാറോ വയസ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ, നല്ല ഉയരവും ആരോഗ്യവുമുള്ള ഒരു ഒട്ടകത്തിന്റെ സമീപത്തു നിന്നിരുന്നു. ആളുകൾ അവന്റെ അടുത്തു പോയി എന്തോ ചോദിക്കുകയും അതേ പോലെ മടങ്ങുകയും ചെയ്യുന്നു. മറ്റുള്ള ഒട്ടകക്കാർ സഞ്ചാരികളെ വലവീശുമ്പോൾ അവനും ഒട്ടകവും മാറി നിൽക്കുകയാണ്.
ജാബിർ എന്നെയും കൂട്ടി ആ പയ്യന്റെ അടുത്തേക്ക് ചെന്നു. ജാബിർ ഹിന്ദി സംസാരിക്കും. പേരെന്താണെന്ന് ചോദിച്ചപ്പോൾ അവൻ മൈക്കൽ ജാക്സൺ എന്ന് പറഞ്ഞു. എന്നിട്ട് തന്റെ ഒട്ടകത്തെ സ്നേഹത്തോടെ തലോടിക്കൊണ്ട് പറഞ്ഞു 'ഇവൻ ആരെയും കടിക്കില്ല. ഒരുപാട് സിനിമകളിൽ ഇവൻ അഭിനയിച്ചിട്ടുണ്ട്. ഏപ്രിൽ മെയ് മാസങ്ങളിൽ ചൂട് വളരെ കൂടുമ്പോൾ ടൂറിസ്റ്റുകൾ വരില്ല. അപ്പോൾ സിനിമ ഷൂട്ടിങ്ങുകൾ ഉണ്ടാകും. എന്റെ മൈക്കൽ ജാക്സണ് റോളുകൾ കിട്ടും'.
എത്ര രൂപ കിട്ടും നിനക്ക്? ജാബിർ ചോദിച്ചു. ആ കുട്ടിയുടെ മറുപടി പെട്ടന്നായിരുന്നു. എനിക്ക് ദിവസം മുന്നൂറ്. മൈക്കൽ ജാക്സണ് ഷൂട്ടിംഗ് ഉണ്ടെങ്കിൽ അഞ്ഞൂറ്.
അപ്പോൾ നിന്റെ പേര് എന്താ? അവൻ ചിരിച്ചു കൊണ്ട് 'അലി' എന്ന് പറഞ്ഞു. അവന്റെ വീട് ദൂരെ ഒരു ഗ്രാമത്തിൽ ആണെന്നും ഉമ്മയും ഇളയ പെങ്ങന്മാരും അവിടെ ഉണ്ടെന്നും ബാപ്പയെ കുറിച്ച് അറിയില്ല എന്നും അവൻ ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. അവന്റെ നാട്ടിൽ പത്തു വർഷത്തിൽ അധികമായി മഴ പെയ്തിട്ട് എന്നും അവൻ പറഞ്ഞു. വരൾച്ച ദാരിദ്ര്യം എന്നിവ രാജസ്ഥാൻ മരുപ്രദേശങ്ങളിലെ സ്ഥിരം നോവാണ്.
എല്ലാവർക്കും അൻപത്, എനിക്ക് മുന്നൂറ്...
ഞങ്ങളെ സവാരിക്ക് കൊണ്ടുപോകാൻ അവൻ മുന്നൂറ് രൂപ ചോദിച്ചു. എല്ലാവരും അൻപതു രൂപയ്ക്ക് ആണല്ലോ പോകുന്നത് എന്ന് സൂചിപ്പിച്ചപ്പോൾ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "റോഡ് ക്രോസ് ചെയ്ത് രണ്ട് മണൽകൂന കഴിയുന്നിടത്തേക്ക് ആണ് അൻപതു രൂപ. പക്ഷേ ഞാൻ നിങ്ങളെ 1965 ൽ ഇന്ത്യ പാക് യുദ്ധത്തിൽ തകർക്കപ്പെട്ട അന്നത്തെ അതിർത്തി കാണിച്ചു തരാം. ഡെസേർട് നാഷനൽ പാർക്കിന്റെ അതിരു വരെ പോകാം. മരുഭൂമിയിൽ കാറ്റിൽ മാറി മാറി വരുന്ന മണൽ കൂനകൾ കാണാം. നിങ്ങൾക്ക് എന്റെ മൈക്കൽ ജാക്സന്റെ പുറത്തു കയറി റൈഡ് ചെയ്യാൻ തരാം. അത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ മറക്കില്ല. കുതിര സവാരിയെക്കാൾ ഗംഭീരമാണത്. പക്ഷേ ഒരാൾ മുന്നൂറ് രൂപ തരണം".
വെറുതെയല്ല ഇവനെ ഉപേക്ഷിച്ചു സഞ്ചാരികൾ പോകുന്നത് അൻപതിന്റെ സ്ഥാനത്ത് മുന്നൂറ്...ഞാൻ മനസ്സിൽ പറഞ്ഞു.
സ്വതവേ പിശുക്കനായ ജാബിർ ഹബീബി…. ഹബീബി…. എന്നു പറഞ്ഞു കൊണ്ട് മുന്നൂറ് രൂപ അഡ്വാൻസ് അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു ‘‘മുന്നൂറ് അല്ലേയുള്ളൂ…. നമ്മൾ ഇനി ഇവിടെ വരുമോ എന്നുപോലും അറിയില്ല. ഇവൻ ഒരു പാവമാണെന്നു തോന്നുന്നു.’’
പണം വാങ്ങിയ അലിയുടെ മുഖം വിടർന്നു അവൻ നിഷ്കളങ്കമായി ചിരിച്ചു. എന്നിട്ട് പറഞ്ഞു, 'എല്ലാവരും അൻപതു രൂപ വാങ്ങി യാത്രക്കാരെ അവിടെ ഇറക്കി പോരും. തിരിച്ചു നടന്നു വരണം. പക്ഷേ ഞാൻ നിങ്ങളെ തിരിച്ചു കൂട്ടി കൊണ്ടു വരും'.

thar4


മാറ്റി വരച്ച അതിർത്തി
ഞങ്ങൾ ഒട്ടകപ്പുറത്ത് കയറി. സാമാന്യം നല്ല വലിപ്പവും ആരോഗ്യവും ഉള്ള മൈക്കൽ ജാക്സൺ മരുഭൂമിയിലേക്ക് നടന്നു. അലി അവനെ ശബ്ദങ്ങൾ കൊണ്ടു നിയന്ത്രിച്ചു കൂടെ നടന്നു. മറ്റ് സഞ്ചാരികൾ ഇരിക്കുന്ന മണൽ കൂനകൾ കടന്ന് ഞങ്ങൾ ഒരുപാട് ഉള്ളിലേക്ക് പോയി. അകലെ ഞങ്ങൾ വന്ന വഴിയും മറ്റ് യാത്രികരും പൊട്ടു പോലെ അപ്രത്യക്ഷമായി.
ശക്തിയായി കാറ്റ് അടിച്ചു. ദേഹത്തു വീഴുന്ന മണൽ തരികൾ കാറ്റിൽ പാറി പോയി. മരുഭൂമിയിലെ മണൽ ദേഹത്തു പറ്റി പിടിക്കില്ല എന്ന് അലി പറഞ്ഞു. ഥാർ മരുഭൂമിയിൽ കാറ്റിൽ രൂപപ്പെടുന്ന മണൽ കൂനകളിൽ ഒരു ചിത്രകാരന്റെ വൈദഗ്ധ്യത്തോടെ കാറ്റ് വരയ്ക്കുന്ന തിരകൾ പോലുള്ള വരകൾ അലി ഞങ്ങളെ കാണിച്ചു തന്നു. മണലിൽ കൈ താഴ്ത്തിയാൽ തണുപ്പ് അനുഭവപ്പെടുന്നു എന്നതും അവൻ പരിചയപ്പെടുത്തി.

thar3


തുടർന്ന് പണ്ടെങ്ങോ തകർന്നുപോയ ചില അതിർ വേലികളുടെ അവശിഷ്ടങ്ങൾക്കടുത്ത് അവൻ ഞങ്ങളെ ഇറക്കി. ഇവിടെ നിന്നും നൂറു കിലോമീറ്റർ മാറി ലോങേവാല കഴിഞ്ഞുള്ള ഇപ്പോഴത്തെ അതിർത്തിയിലേക്ക് ഇന്ത്യൻ പട്ടാളം പാക്കിസ്ഥാൻ പട്ടാളത്തെ തുരത്തിയ യുദ്ധ ചരിത്രം അവൻ ആവേശത്തോടെ പറഞ്ഞു. അവിടെ കണ്ട ഒരു കോൺക്രീറ്റ് കഷണത്തിൽ 1950 എന്ന എഴുത്ത് അവൻ കാണിച്ചു തന്നു. വീണ്ടും ഞങ്ങൾ ഒട്ടകപ്പുറത്ത് കയറി കുറേ ദൂരം പോയി മുള്ളുവേലി കൊണ്ടു തിരിച്ച ഭാഗത്ത്‌ എത്തി. അത് ഡെസേർട് നാഷനൽ പാർക്കിന്റെ അതിർത്തി ആണത്രേ. അവിടെ വന്യജീവികൾ ഉണ്ടെന്ന് അലി പറഞ്ഞു.
ഒട്ടകപ്പുറത്ത് സ്വയം ഓടിച്ചു പോകുന്ന സുൽത്താൻമാർ
തുടർന്ന് അലി പിന്നിൽ ഇരുന്ന് ഞങ്ങളെ ഓരോരുത്തരെയും മുൻപിൽ മാറ്റി മാറ്റി ഇരുത്തി ക്യാമൽ റൈഡ് നടത്തി. കുതിരയേക്കാൾ വേഗത്തിൽ മണൽക്കൂനകൾ കടന്ന് മൈക്കൽ ജാക്സൺ കുതിച്ചു പാഞ്ഞു. അതൊരു അപൂർവ അനുഭവം ആയിരുന്നു. റൈഡ് ചെയ്യുമ്പോൾ ഇരിക്കേണ്ട വിധവും, ഒട്ടകത്തെ ഓട്ടത്തിനിടയിൽ തിരിക്കേണ്ട രീതിയും, ഒട്ടകപ്പുറത്ത് തനിയെ കയറുകയും ഇറങ്ങുകയും ചെയ്യേണ്ട വിധവും അലി ഞങ്ങൾക്ക് പറഞ്ഞു തന്നു. തുടർന്ന് അലി എനിക്കും ജാബിറിനും തനിച്ച് ഒട്ടകപ്പുറത്ത് കയറി ഓടിക്കാൻ അനുവാദവും ധൈര്യവും തന്നു. ഞങ്ങൾ കയറുമ്പോൾ അലി ഒട്ടകത്തിന്റെ ചെവിയിൽ എന്തോ പറഞ്ഞു കൊണ്ട് അതിന്റെ കഴുത്തിൽ തടവും.
തുടർന്ന് മൈക്കൽ ജാക്സൺ ഞങ്ങൾ ഓരോരുത്തരെയും വഹിച്ചു കൊണ്ട് കുതിച്ചു പാഞ്ഞു. മണൽ കൂനകളും താഴ്‌വരകളും കടന്ന് മണൽത്താരകളിൽ കാറ്റിൽ കുതിക്കുന്ന ഒട്ടകപ്പുറത്ത് അൽപ്പ നേരത്തേക്ക് ഞങ്ങൾ യോദ്ധാക്കളോ രാജാക്കന്മാരോ ആയി ഇരുന്നു. ഒരു പക്ഷേ ഇനിയൊരിക്കലും ജീവിതത്തിൽ ഉണ്ടാകാൻ ഇടയില്ലാത്ത അനുഭവം.

thar5


ഞങ്ങളെ സൺസെറ്റ് പോയന്റിൽ ഏറ്റവും നന്നായി അസ്തമയം കാണുന്ന ഒരിടത്ത് ഇറക്കി, തിരികെ വരാമെന്നു പറഞ്ഞ് തന്റെ മൊബൈൽ നമ്പർ ഞങ്ങൾക്ക് തന്നിട്ട് അലി ഒട്ടകപ്പുറത്ത് കയറിപ്പോയി. ഞങ്ങളും മണൽക്കൂനകളും തണുത്തു ചീറിയടിക്കുന്ന മണൽക്കാറ്റും അവിടെ ബാക്കിയായി. മരുഭൂമിയിൽ സഞ്ചാരികൾക്ക് മുൻപിൽ പാട്ടുപാടി ജീവിക്കുന്ന കലാകാരന്മാർ പരമ്പരാഗത രാജസ്ഥാനി വേഷത്തിൽ നാടൻ വാദ്യോപകരണങ്ങളുമായി കുടുംബ സമേതം അതിലെ കടന്നുപോയി.
"അപകടശേഷം ആശുപത്രിയിൽ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ഓർക്കാൻ പോലുമാകാതെ കിടന്നപ്പോൾ, എന്നെങ്കിലും ഒരിക്കൽ ഒട്ടകത്തിന്റെ പുറത്ത് കയറി സ്വയം ഓടിച്ചുപോകുന്ന സുൽത്താൻ ആകുമെന്ന് ഞാൻ കരുതിയതേയില്ല….. സുൽത്താൻ…. അലിക്ക് നന്ദി… മൈക്കൽ ജാക്സണും…" ജാബിർ ഉറക്കെ പറഞ്ഞു.
മരുക്കാറ്റിനു വേഗം കൂടി വന്നു. സൂര്യൻ അനേകം ചായങ്ങൾ ആകാശത്തു വാരി വിതറി പടിഞ്ഞാറ് മറഞ്ഞു.
സവാരി കഴിഞ്ഞ് ചമയങ്ങളോടെ ഒരു ഒട്ടകം അവിടെ വിശ്രമിക്കാൻ കിടന്നിരുന്നു. എല്ലാവരും മടക്കയാത്രക്ക് ഒരുക്കം കൂട്ടി. കാറ്റിനും തണുപ്പിനും ശക്‌തി കൂടി വന്നു. വെളിച്ചം മറഞ്ഞു തുടങ്ങി.

അകലെ മണൽക്കൂനകളിൽ കൂടി അലി തന്റെ മൈക്കൽ ജാക്സന്റെ പുറത്തു പറന്ന് വരുന്നത് കണ്ട് ഞങ്ങൾ എഴുന്നേറ്റു. ഷൂട്ടിങ്ങിന് കിട്ടുന്നതിലും അധികം തുക അലിക്ക് കൊടുത്തുകൊണ്ട് അലിയോടും മൈക്കൽ ജാക്സനോടും യാത്ര പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

thar7

ബസിനടുത്തേക്ക് നടക്കുമ്പോൾ ജാബിർ ഉറക്കെ പാടി…. " മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്…. മനസിനകത്തൊരു പള്ളിയുണ്ടാക്ക്… അതിലേതു ജാതിക്കും കേറാമെന്നാക്ക്…" തണുത്ത മരുക്കാറ്റിൽ ആ പാട്ടും അലിഞ്ഞു ചേർന്നു.
ഷൂട്ടിങ്ങുകൾ ഇല്ലാത്ത, സഞ്ചാരികൾ ഇല്ലാത്ത, കോവിഡ് വാഴ്ചയുടെ ഈ അടച്ചിട്ട കാലത്ത് പാവം അലിയും അവന്റെ മൈക്കൽ ജാക്സണും, മഴ പെയ്യാത്ത, പേരറിയാത്ത നാട്ടിലെ അലിയുടെ ഉമ്മയും പെങ്ങന്മാരും എങ്ങനെ കഴിയുന്നുവോ… ആവോ?

Tags:
  • Manorama Traveller
  • Travel India