Friday 15 November 2019 03:23 PM IST : By റിനു രാജ്

നല്ല ചുവന്ന സുന്ദരൻ മരുഭൂമി; തിരുവനന്തപുരത്ത് നിന്ന് നാലര മണിക്കൂർ മതി ഇവിടെയെത്താൻ!

therikkad7788

നമ്മൾ മലയാളികൾക്ക് ഒരു മരുഭൂമി കാണണമെങ്കിൽ എത്ര ദൂരം സഞ്ചരിക്കണം? ഈ ചോദ്യം കേൾക്കുമ്പോഴേ ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറത്തുള്ള രാജസ്ഥാൻ മരുഭൂമിയുടെ ചിത്രമല്ലേ മനസ്സിൽ തെളിഞ്ഞത്. എന്നാൽ നമ്മുടെ തൊട്ടടുത്ത് തന്നെ ഒരു മരുഭൂമിയുണ്ട്. നല്ല ചുവന്ന സുന്ദര മരുഭൂമി, തേറിക്കാട്. തമിഴ്നാട്ടിലെ തൂത്തുകുടി ജില്ലയിൽ തിരുച്ചെന്തൂറിനടുത്താണ് തേറിക്കാട്. ഏകദേശം 15 കിലോമീറ്റർ അകലെ. 12000 ഏക്കറിൽ വ്യാപിച്ചു കിടക്കുകയാണ് തേറിക്കാട്. തിരുവനന്തപുരത്ത് നിന്ന് നാലര മണിക്കൂർ സഞ്ചരിച്ചാൽ ഇവിടെയെത്താം. തേറികുടിയിറുപ്പ്, കുതിരൈമൊഴിതേറി എന്നീ പേരുകളും ഈ സ്ഥലത്തിനുണ്ട്. 

കാർക്കുവേൽ അയ്യനാർ ക്ഷേത്രം, അരും ചുനൈ കാത്ത അയ്യനാർ ക്ഷേത്രം എന്നിങ്ങനെ രണ്ട് പ്രസിദ്ധമായ ക്ഷേത്രങ്ങൾ തേറിക്കാടിനടുത്തുണ്ട്. ഇതിൽ കാർക്കുവേൽ അയ്യനാർ ക്ഷേത്രത്തിനടുത്താണ് തേറിക്കാട് ഏറ്റവും സുന്ദരം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുവന്ന മണൽപരപ്പിൽ ഇടയ്ക്കിടെ അതിരിടുന്ന പച്ചപ്പ്. അരും ചുനൈ കാത്ത അയ്യനാർ ക്ഷേത്രത്തിന് ഇരുവശവുമായി ഒരിക്കലും വറ്റാത്ത രണ്ട് കുളങ്ങളുണ്ട്.  ഈ മരുഭൂമിയിലെ അദ്ഭുതമാണ് ആ കുളങ്ങൾ. 

therikkad88

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ രൂപപ്പെട്ട ഈ തീരദേശ ഭൂപ്രകൃതിയെ കാത്തുസൂക്ഷിക്കാൻ തേറിക്കാട്ടിൽ നിറയെ മരങ്ങളും കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കാറ്റടിക്കുമ്പോൾ ചുവന്ന മൺകൂനകൾ അപ്രത്യക്ഷമാക്കുന്ന പ്രതിഭാസം തടഞ്ഞ് തേറിക്കാടിനെ സംരക്ഷിക്കാനാണ് മരങ്ങൾ വച്ചു പിടിപ്പിക്കുന്നത്. 

കാണുമ്പോൾ വഴിതെറ്റില്ല എന്നു തോന്നും പക്ഷേ ഈ മരുഭൂമിയ്ക്കുള്ളിലേക്ക് അധികം കയറിപ്പോകരുത്. കാരണം കാറ്റിൽ മൺകൂനകൾ നീങ്ങികൊണ്ടേയിരിക്കും. ഇത് നിങ്ങളെ വഴിതെറ്റിക്കും. ഇവിടെയെത്തിയ സഞ്ചാരികളിൽ പലരും വഴിതെറ്റി മരുഭൂമിയ്ക്കുള്ളിൽ അകപ്പെട്ട നിരവധി കഥകൾ തദ്ദേശീയരിൽ നിന്ന് അറിയാൻ കഴിഞ്ഞു.

therikkadu886

പ്രഭാതവും സായാഹ്നവുമാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ബാക്കിയുള്ള സമയം കഠിനമായ ചൂടായിരിക്കും. രണ്ടോ മൂന്നോ മണിക്കൂർ ചെലവിടാൻ മാത്രമുള്ള തേറിക്കാട് വേറിട്ട അനുഭവം സമ്മാനിക്കുമെന്നത് ഉറപ്പാണ്. കന്യാകുമാരി, തിരുചെന്തൂർ, തിരുനെൽവേലി, തൂത്തുകുടി എന്നിവിടങ്ങളിലേക്കുള്ള യാത്രാ പ്ലാനിൽ ഇനി തേറിക്കാടിനെയും ഉൾപ്പെടുത്തിക്കൊള്ളൂ. 

പ്രമുഖ ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണ് തേറിക്കാട്. അസുരൻ, അയ്യ, താമരഭരണി തുടങ്ങിയ സിനിമകൾ ഉദാഹരണം. Trip is life by Rinu Raj

വിഡിയോ കാണാം;

Tags:
  • Manorama Traveller
  • Travel India