Monday 03 August 2020 11:52 AM IST : By Surjith Nalukettil

ദുരിതമകറ്റാൻ ആടി – വേടന്മാർ ചുവടു വച്ച ദിനങ്ങൾ വരവായി..

kT1 Photos Sajeesh Alluparambil

കർക്കിടകത്തിലെ മാരിയും പീഡകളും ദൂരീകരിക്കാൻ ആടിയും വേടനും ഉത്തരമലബാറിന്റെ നാട്ടുവഴികളിൽ ചുവടുവയ്ക്കുന്ന ദിനങ്ങളാണ് കടന്നു വരുന്നത്. വേടൻ കർക്കടകം ഏഴു മുതൽ ഗ്രാമത്തിലെ വീടുകളിൽ സന്ദർശനം നടത്തിയിരുന്നപ്പോൾ, ആടി കർക്കടകം പതിനേഴ് മുതലാണ് നാട്ടുവഴികളിൽ സജീവമായിരുന്നത്... ഓരോ ദേശത്തിന്റെയും അധികാരം ചാർത്തി കിട്ടിയിട്ടുള്ള ജന്മാരിമാരാണ് കോലം ധരിക്കുന്നവരെ നിശ്ചയിക്കുന്നത്. മനുഷ്യജീവിതം തന്നെ കോവിഡ് 19 മഹാമാരിയിൽ നിശ്ചലമായപ്പോൾ ഇത്തരം ഗോത്രാനുഷ്ഠാനങ്ങളും നിശ്ചലങ്ങളായി...

kT2

കർക്കടക തെയ്യങ്ങൾ

ആടിവേടൻമാരെ കൂടാതെ കോതാമൂരി, ഉച്ചാർ പൊട്ടൻ, മാരിത്തെയ്യങ്ങൾ തുടങ്ങിയ രൂപങ്ങളും കർക്കടകത്തിലെ വറുതി അകറ്റാൻ എഴുന്നള്ളും. പക്ഷേ കൂടുതലായും ആടിയും വേടനും ആണ് ഉത്തര മലബാറിലെ ഗ്രാമങ്ങളിൽ കെട്ടിയാടുന്നത്. ആടി പാർവതീ ദേവിയും വേടൻ പരമശിവനും ആണെന്നാണ് വിശ്വാസം.

kT4

വനവാസകാലത്ത് തപസ്സ് അനുഷ്ഠിച്ച അർജുനന്റെ തപസിനെ പരീക്ഷിക്കാൻ പരമേശ്വരനും പാർവതി ദേവിയും വേടനും വേടത്തിയുമായി ഭൂതഗണങ്ങളോടൊത്ത് വേഷം മാറി കാട്ടിലെത്തി. ഈ സമയത്താണ് മൂകൻ എന്ന അസുരൻ കാട്ടുപന്നിയുടെ രൂപം ധരിച്ച് അർജുനനെ ആക്രമിക്കാൻ ശ്രമിക്കുന്നത്. പരമശിവനും അർജ്ജുനനും ഒരേ സമയം അമ്പെയ്തു. ബാണമേറ്റ കാട്ടുപന്നി വീണു. ഇതേ തുടർന്ന് അർജുനനും ശിവനും അവകാശ തർക്കമാവുകയും പോരടിക്കുകയും ചെയ്തു. എന്നാൽ എത്ര ശ്രമിച്ചിട്ടും അർജുനന് വേടനെ തോൽപ്പിക്കാൻ ആയില്ല. അവസാനം അർജുനൻ അവിടെയുണ്ടായിരുന്ന ശിവലിംഗത്തിൽ പുഷ്പാർച്ചന നടത്തി പ്രാർഥിക്കാൻ തുടങ്ങി. അദ്ഭുതമെന്നു പറയട്ടേ അർപ്പിക്കുന്ന പുഷ്പങ്ങൾ മുഴുവൻ വേടന്റെ കാൽക്കൽ വന്ന് വീണുകൊണ്ടിരുന്നു. അർജുനന് തന്റെ മുന്നിൽ വന്നു നിൽക്കുന്നത് സാക്ഷാൽ പരമേശ്വരൻ ആണെന്ന് മനസ്സിലാവുകയും അദ്ധേഹത്തോട് ക്ഷമയാചിച്ച് സ്തുതിക്കുകയും ചെയ്യുന്നു. അർജുനനിൽ പ്രസീതനാ യ ഭഗവാൻ പാശുപാസ്ത്രം നൽകി അർജുനനെ അനുഗ്രഹിക്കുന്നു... ഇങ്ങനെ അവതരിച്ച ശിവനും പാർവ്വതിയുമാണ് ആടിയും വേടനുമായി ദുരിതമകറ്റാൻ എഴുന്നള്ളുന്നത്. രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരാണ് കോലം ധരിക്കുന്നത്. ആടിയായി വണ്ണാൻ സമുദായത്തിലെ കൊച്ചു കുട്ടികളും വേടനായി മലയ സമുദായത്തിലെ കൊച്ചു കുട്ടികളും.

ആടിവേടൻമാർ വരുമ്പോൾ

kT6

അകലെ നിന്നും വേടൻ വരുന്നതിന്റെ അകമ്പടിയായി ചെണ്ടയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ചാണകം മെഴുകിയ മുറ്റം അടിച്ച് തെളിച്ച് വൃത്തിയാക്കി ഉമ്മറത്ത് നിലവിളക്ക് കൊളുത്തി വിശ്വാസികൾ കാത്തിരിക്കും. മുറത്തിൽ അരിയും പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയ സാധനങ്ങൾ തയ്യാറാക്കി വച്ചിട്ടുണ്ടാവും. ഒറ്റ ചെണ്ട കൊട്ടി വേടന്റെ ഐതിഹ്യം കൂടെ വരുന്നവർ പാടുമ്പോൾ ചെണ്ടയുടെ താളത്തിനൊത്ത് വേടൻ മുന്നോട്ടും പിന്നോട്ടും കലാശം വയ്ക്കും... പിന്നെ പിച്ചള കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസി തെക്ക് ദിശയിലേക്ക് ഉഴിഞ്ഞ് മറിക്കുന്നു. കറുത്ത ഗുരുസി എന്നു പറയുന്നത് വെള്ളത്തിൽ കരിക്കട്ട ചാലിച്ചതും ചുവന്ന ഗുരുസി എന്ന് പറയുന്നത് മഞ്ഞളും നൂറും യോജിപ്പിച്ച് വെള്ളത്തിൽ ചാലിച്ചതും ആണ്.. ഈ ഗുരുസി മറിക്കുന്നതോടു കൂടി വീടും പരിസരവും "ചേട്ട "യെ അകറ്റി പരിശുദ്ധമായി മാറുന്നു എന്നാണ് വടക്കന്റെ വിശ്വാസം...

അവിടുന്നു കിട്ടുന്ന ദക്ഷിണയും നെല്ലും അരിയുമൊക്കെ തോൾ ഭാണ്ഡത്തിൽ നിറച്ച് വേടൻ യാത്രയാകും. പന്നമാസത്തിന്റെ വറുതിയിൽ പലപ്പോഴും എരിയാത്ത അടുപ്പുകൾ ഉള്ള അവരുടെ കുടികളിലെ അടുപ്പു കലങ്ങളിൽ വെന്തു വരുന്ന അരിമണികൾക്ക് ഉഴിഞ്ഞ് മറിച്ച ഗുരുസിയിലെ മഞ്ഞളിൻ ഗന്ധമുണ്ടാവും....