Wednesday 27 January 2021 03:13 PM IST : By സ്വന്തം ലേഖകൻ

വിമാനം കയറാതെ ലോകരാജ്യങ്ങളെല്ലാം സന്ദർശിക്കാൻ പുറപ്പെട്ട മനുഷ്യൻ

01 thor Photos : www.onceuponasaga.dk

വിമാനത്തിൽ കയറാതെ ലോകരാജ്യങ്ങളെല്ലാം സന്ദർശിക്കാൻ സാധിക്കുമോ? ഇല്ല എന്നു പറയാൻ വരട്ടെ. ഡെൻമാർക്കുകാരനായ തോർ പെഡേഴ്സൺ കര, ജലമാർഗങ്ങളിൽക്കൂടി മാത്രം സഞ്ചരിച്ച് 203 ലോകരാജ്യങ്ങളും സന്ദർശിക്കുവാൻ പുറപ്പെട്ടിട്ട് ഏതാനും വർഷമായി. ഇപ്പോഴും അവസാനിക്കാത്ത ആ യാത്രയിൽ ഇനി ബാക്കിയുള്ളത് വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രം. പലാവു, വനുവാറ്റു, ടോങ്ഗ, സമോവ, ടുവാലു, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, മാലദ്വീപ് ഇങ്ങനെ 9 ദ്വീപ് രാഷ്ട്രങ്ങൾ മാത്രം. 2020 ഏപ്രിലിൽ ആണ് തന്റെ യാത്രാപദ്ധതിയിലെ 194ാം രാജ്യമായ മൈക്രോനേഷ്യയിൽ നിന്ന് ഹോങ്കോങ്ങിൽ തോർ പെഡേഴ്സൺ എത്തിയത്. 4 ദിവസം അവിടെ താമസിച്ച ശേഷം ഒരു കണ്ടയിനർ കപ്പലിൽ പലാവുവിലേക്ക് സഞ്ചരിക്കാം എന്ന ലക്ഷ്യത്തോടെ ആയിരുന്നു. എന്നാൽ കോവിഡ് മഹാമാരി വ്യാപിച്ച് ലോകരാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ യാത്ര താൽക്കാലികമായി തടസ്സപ്പെട്ടു. കോവിഡ് സാഹചര്യങ്ങളിൽ മാറ്റമുണ്ടായി അതിർത്തികൾ തുറക്കുകയും സഞ്ചാരം സുഗമമാകുകയും ചെയ്യുന്നതു വരെ ഹോങ്കോങ്ങിൽ തന്നെ തുടരാനാണ് തോർ നിശ്ചയിച്ചിരിക്കുന്നത്.

തോറിന്റെ ലോകപര്യടനം തുടങ്ങിയിട്ട് 7 വർഷവും 3 മാസവും കഴിഞ്ഞു. 2020 ൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2013 ഒക്ടോബർ 10ാം തീയതി 10.10 നാണ് ‘വൺസ് അപോൺ എ സാഗ’ എന്നു പേരിട്ട ഐതിഹാസികമായ യാത്ര ആരംഭിച്ചത്. ഹോങ്കോങ്ങിൽ നിന്ന് ഇനി യാത്ര പുനരാരംഭിക്കുമ്പോൾ ഒരു 10 മാസംകൂടി വേണ്ടിവരും വിജയകരമായി പൂർത്തിയാക്കാൻ എന്നാണ് കണക്കാക്കുന്നത്. ആകാശമാർഗം സഞ്ചരിക്കാതെ ലോകരാജ്യങ്ങളെല്ലാം സന്ദർശിച്ച ആദ്യത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ച ശേഷമേ വൺസ് അപോൺ എ സാഗ അവസാനിപ്പിക്കൂ എന്നാണ് തോറിന്റെ നിശ്ചയം.

02 thor

1978 ൽ ഡെൻമാർക്കിൽ ജനിച്ച തൊർബ്യോൺ സി. പെഡേഴ്സൺ വിദ്യാഭ്യാസവും സൈനികസേവനവും പൂർത്തിയാക്കിയ ശേഷം മർച്ചന്റ് നേവിയിൽ ജോലി ചെയ്തു വരികയായിരുന്നു. അതിന്റെ ഭാഗമായി ലിബിയ, കസാഖിസ്ഥാൻ, ബംഗ്ലദേശ്, അസർബൈജാൻ, അമേരിക്ക തുടങ്ങി പല രാജ്യങ്ങളും സന്ദർശിക്കുകയും ചെയ്തു. 2012 ൽ അച്ഛൻ ഇ–മെയിൽ ചെയ്തു നൽകിയ ഒരു വാർത്താശകലത്തിൽ നിന്നാണ് ലോകരാജ്യങ്ങൾ എല്ലാം സന്ദർശിക്കുക എന്ന സ്വപ്നം ഉടലെടുത്തത്. അത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന അന്വേഷണത്തിലാണ് അതുവരെ ആരും ഉദ്യമിക്കാത്ത ഒരു മാർഗം ഉണ്ടെന്നു കണ്ടത്. മാസങ്ങൾ നീണ്ട ഗവേഷണത്തിന് ഒടുവിലാണ് യാത്രാപദ്ധതി ഉരുത്തിരിഞ്ഞു വന്നത്. 203 ലോകരാജ്യങ്ങളും സന്ദർശിക്കുവാനുള്ള യാത്രയ്ക്ക് ചില നിബന്ധനകളും സ്വയം നിശ്ചയിച്ചു, വിമാനമാർഗം സഞ്ചരിക്കില്ല, ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂർ ചെലവഴിക്കും, അവസാന ലക്ഷ്യമായ മാലദ്വീപ് എത്താതെ വീട്ടിലേക്കു മടങ്ങില്ല, ദിവസം 20യുഎസ് ഡോളർ മാത്രമായിരിക്കും ചെലവാക്കുക...

10/10/2013 10.10 ന് ഡെൻമാർക്കിൽ നിന്നും ജർമനിയിലേക്കു ട്രെയിനിൽ സഞ്ചരിച്ചുകൊണ്ട് യാത്ര ആരംഭിച്ചു. തുടർന്ന് ഒരു ഡസൻ യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിച്ച് നോർത്ത് അമേരിക്കൻ ഭാഗങ്ങളിലേക്കും അവിടെനിന്ന് സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിലൂടെ സൗത്ത് അമേരിക്കൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്തു. കരീബിയൻ രാജ്യങ്ങളിലൂടെ ആഫ്രിക്ക, മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റ്, കാസ്പിയൻ പ്രദേശങ്ങളിലൂടെ ഏഷ്യയിൽ പ്രവേശിച്ചു. അപ്പോഴേക്കും 150 രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയിരുന്നു, 2018 അവസാന നാളുകളിലാണ് തോർ തന്റെ 168ാം രാജ്യമായ ഇന്ത്യയിൽ എത്തിയത്. പാക്കിസ്ഥാനിൽനിന്ന് വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തി. അമൃത്‌സർ, ഡെൽഹി, മുംബയ് സന്ദർശനങ്ങൾക്കൊപ്പം നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ് യാത്രകളും പൂർത്തിയാക്കിയാണ് ഇവിടെനിന്ന് മടങ്ങിയത്.

03 thor

ഡാനിഷ് റെഡ്ക്രോസിന്റെ ഗുഡ്‌വിൽ അംബാസിഡർ ആയി അംഗീകരിച്ചിട്ടുള്ള തോർ യാത്രയിൽ ഉടനീളം റെഡ്ക്രോസ്, റെഡ്ക്രസന്റ് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാറുണ്ട്. വർഷങ്ങൾ നീണ്ട ഈ യാത്രയ്ക്കു സാമ്പത്തികമായ പിന്തുണ സമ്പാദിക്കുന്നത് പലതരത്തിലാണ്. റോസ് ഡികെ എന്ന ഡെൻമാർക്ക് കമ്പനി ഉദ്ദേശം 40 ശതമാനം സഹായം നൽകുന്നുണ്ട്. 30 ശമാനം സ്വന്തം സമ്പാദ്യത്തിൽ നിന്ന് എടുക്കുമ്പോൾ ബാക്കി പണം നൽകുന്നത് യാത്രാവഴികളിലും സമൂഹമാധ്യമങ്ങളിലൂം പരിചയപ്പെടുന്ന സുഹൃത്തുക്കളും ആരാധകരും സഹായികളുമാണ്.

04 thor

ഇതിനകം 194 രാജ്യങ്ങളിലായി 3 ലക്ഷം കിലോ മീറ്റർ സഞ്ചരിച്ചു എന്നറിയുമ്പോൾ ഏറെ കൗതുകം തോന്നാം. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാൾ ഓരോ രാജ്യത്തെയും ജനജീവിതം അടുത്തറിയാൻ സഹായിക്കുന്ന സ്ഥലങ്ങളിലേക്കാണ് തോർ സഞ്ചരിക്കാറു പതിവ്. ചെല്ലുന്ന എല്ലാ നാട്ടിലും ഒട്ടേറെ പരിചയക്കാരെ സമ്പാദിക്കുന്നതും പതിവാണ്. തന്റെ യാത്രാ വിശേഷങ്ങൾ ‘വൺസ് അപോൺ എ സാഗ’ ബ്ലോഗിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ലോകമെമ്പാടുമുള്ള യാത്രാപ്രേമികളെ അറിയിക്കുവാനും തോർ ശ്രദ്ധ പുലർത്തുന്നു. കാൽനടയായി സഞ്ചരിക്കുന്നതിനൊപ്പം ട്രെയിൻ, ബസ്, കാർ, ബൈക്ക്, ബോട്ട്, വഞ്ചി, കണ്ടയിനർ കപ്പലുകൾ എന്നിങ്ങനെ ഒട്ടേറെ യാത്രാമാർഗങ്ങൾ ഇതിനകം തോർ ഉപയോഗിച്ചു. ‍ ആഫ്രിക്കയിലെ സംഘർഷബാധിത രാജ്യങ്ങളുടെ അതിർത്തി കടക്കാൻ ശ്രമിക്കവേ, സിറിയയിലേക്കുള്ള വീസയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നപ്പോൾ, യാത്രാ പദ്ധതിക്കനുസരിച്ച് ചില വീസ തീയതികൾ ഒത്തു വരാതിരുന്നപ്പോൾ തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിലൊന്നും തോറിന്റെ ആവേശം അണഞ്ഞില്ല. കോവിഡ് മഹാമാരി ഹോങ്കോങ്ങിൽ തളച്ചിട്ടിരിക്കുമ്പോഴും തോർ ശുഭാപ്തി വിശ്വാസത്തോടെ യാത്ര പൂർത്തിയാക്കാൻ കാത്തിരിക്കുകയാണ്.

Tags:
  • Travel Stories
  • Manorama Traveller